
ലോക ഫുട്‌ബോളെന്നല്ല, ഒരു കായികവിനോദത്തെക്കുറിച്ചും കേട്ടിട്ടുപോലുമില്ലാത്ത കാലത്താണ് പെലെ ഞങ്ങള്‍ക്കുമുന്നില്‍ അവതരിച്ചത്. മൂന്നാം ക്ലാസിലോ നാലാം ക്ലാസിലോ ഉള്ള മലയാളം പാഠപുസ്തകത്തിലെ ഒരു പാഠം പെലെയുടെ ആയിരം ഗോള്‍ നേട്ടത്തെക്കുറിച്ചായിരുന്നു. സത്യത്തില്‍ ആ പാഠം പാഞ്ഞത് ക്രോസ് ബാറിനു മുകളിലൂടെയായിരുന്നു. ഒന്നും മനസ്സിലായില്ല! പക്ഷേ, അദ്ദേഹത്തിന്റെ പേരുണ്ടല്ലോ, എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ എന്ന ഘടാഘടിയന്‍ നാമം, അത് ഓര്‍മയില്‍ മായാതെ നിന്നു.
ഇന്നാലോചിക്കുമ്പോഴാണ് ആ പാഠത്തിന്റെ മഹാദ്ഭുതം മനസ്സിലാവുന്നത്. ഇവിടെ കേരളത്തിലെ കുട്ടികള്‍ അദ്ദേഹത്തെക്കുറിച്ചുള്ള പാഠം പഠിക്കുമ്പോള്‍ പെലെയ്ക്ക് വയസ്സ് മുപ്പത്തഞ്ചായിട്ടില്ല, ബൂട്ടഴിച്ചിട്ടുമില്ല. ലോകത്ത് വേറെ ഏതെങ്കിലും കായികതാരം ഇത്തരത്തില്‍ പേരും പ്രശസ്തിയും ജനങ്ങളുടെ സ്‌നേഹവും പിടിച്ചു പറ്റിയിട്ടുണ്ടാവില്ല, തീര്‍ച്ച.
ഒരിക്കല്‍ പെലെയോട് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു, അങ്ങയുടെ പ്രശസ്തി യേശു ക്രിസ്തുവിനോളമുണ്ടോ എന്ന്. തറതൊടുംമുന്‍പ് തൊടുത്ത വോളിപോലെ മറുപടി വന്നു, ''യേശുക്രിസ്തുവിനെ കേട്ടിട്ടില്ലാത്ത വിദൂരമേഖലകള്‍ ലോകത്തുണ്ട്.'' വീരവാദം മാറ്റിവെക്കാം. 1969-ല്‍ നൈജീരിയയില്‍ ആഭ്യന്തരയുദ്ധം രക്തരൂഷിതമായിരിക്കുന്ന കാലം. ലാഗോസില്‍ പെലെയുടെ ടീം സാന്റോസ് പങ്കെടുക്കുന്ന പ്രദര്‍ശനഫുട്‌ബോള്‍ നടന്നു. 48 മണിക്കൂര്‍ യുദ്ധം നിര്‍ത്തിവെക്കാന്‍ ഇരുവിഭാഗങ്ങളും തീരുമാനിക്കുന്നു! അതിനുശേഷം പുനരാരംഭിച്ച യുദ്ധം തീരാന്‍ പിന്നെയും ഒരുവര്‍ഷമെടുത്തു. അതായിരുന്നു അന്ന് ഈ ബ്രസീലിയന്‍ ഫുട്‌ബോളര്‍.
ഔദ്ധത്യമെന്നോ ധിക്കാരമെന്നോ പറയാവുന്ന ഇത്തരം അഭിപ്രായങ്ങളും ശൈലികളും പെലെയെ സംബന്ധിച്ച് പതിവാണ്. പ്രത്യേകിച്ച് ലോകംകണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍ ആരെന്ന ചോദ്യമുയരുമ്പോള്‍. ഇക്കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തോട് ചോദിച്ചു, ലോകത്തെ ഏറ്റവും മികച്ച പന്തുകളിക്കാരന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ അതോ ലയണല്‍ മെസ്സിയോ എന്ന്. പ്രകടനസ്ഥിരതയെ മുന്‍നിര്‍ത്തി പോര്‍ച്ചുഗീസ് താരത്തിന് മുന്‍തൂക്കം കല്‍പ്പിച്ചു അദ്ദേഹം. പക്ഷേ, എക്കാലത്തെയും മികച്ച കളിക്കാരന്‍ താന്‍ തന്നെയാണെന്നതില്‍ പെലെയ്ക്ക് ഇപ്പോഴും സംശയമില്ല. സത്യത്തില്‍ ലോകത്താര്‍ക്കും സംശയംവേണ്ടാത്ത കാര്യം തന്നെ അത്.
പെലെയോ മാറഡോണയോ
പന്തുകളി മികവിന്റെ ഏത് അളവുകോല്‍ വെച്ചു നോക്കിയാലും അദ്ദേഹത്തിന്റെ അടുത്തെങ്ങും വരുന്ന ആരും പന്തുതട്ടിയിട്ടില്ലെന്ന് വേണം പറയാന്‍. 1986-ലെ മെക്‌സിക്കോ ലോകകപ്പില്‍ ഡീഗോ മാറഡോണയുടെ മാസ്മരിക പ്രകടനം കണ്ട് കുറച്ചുകാലം അദ്ദേഹമാണ് എക്കാലത്തെയും കേമനെന്നു തെറ്റിദ്ധരിച്ചിരുന്നു. പക്ഷേ, പില്‍ക്കാലത്ത് പെലെയെക്കുറിച്ച് കൂടുതല്‍ വായിക്കാനും കൂടുതല്‍ വീഡിയോകള്‍ കാണാനും സാധിച്ചപ്പോഴാണ് ആ ധാരണ തെറ്റായിരുന്നുവെന്ന് മനസ്സിലായത്.
ഏതു പൊസിഷനിലും കളിക്കാന്‍ കഴിയുന്ന പ്രതിഭാശാലിയായിരുന്നു അദ്ദേഹം. ഗോള്‍ കീപ്പിങ്ങിലും അസാമാന്യമികവുണ്ടായിരുന്ന പെലെ ഏഴു കളികളില്‍ ഗോള്‍ വലയം കാത്തിട്ടുണ്ട്. സാന്റോസ്, ബ്രസീല്‍ ടീമുകളുടെ റിസര്‍വ് കീപ്പറുമായിരുന്നു. ഒരിക്കല്‍ ബ്രസീല്‍ കോച്ച് സല്‍ദാനോയോട് ചോദിച്ചു, ടീമിലെ മികച്ച ഗോളിയാരാണെന്ന്. അദ്ദേഹം പറഞ്ഞു, പെലെ! പന്തു ട്രാപ്പു ചെയ്യുന്നതുമുതല്‍ പാസിങ് വരെ, ഡ്രിബ്ലിങ് മുതല്‍ കബളിപ്പിക്കല്‍വരെ, ഹെഡിങ് മുതല്‍ ഷൂട്ടിങ് വരെ പെലെയ്‌ക്കൊപ്പം നില്‍ക്കുന്നവര്‍ വളരെ കുറവ്. കരുത്തും കൃത്യതയും മാത്രമല്ല, അസാമാന്യവേഗത്തില്‍ പന്തിനു പിന്നാലെ പായാനുള്ള കായികമികവും പന്തുവരുന്ന വഴി മുന്‍കൂട്ടിക്കണ്ട് പൊസിഷനിലെത്താനുള്ള സഹജമായ സിദ്ധിയും ശൂന്യതയില്‍നിന്നും ഗോള്‍ കണ്ടെത്താനുള്ള മായാജാലവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇതിനെല്ലാം ഉപരിയായി, സ്വന്തം കഴിവുകളിലുള്ള അചഞ്ചലമായ ആത്മവിശ്വാസവും പ്രസാദാത്മകമായ ജീവിതവീക്ഷണവും. പല്ലുകളെല്ലാം പുറത്തുകാണുന്ന നിഷ്‌കളങ്കമായ ആ ട്രേഡ്മാര്‍ക്ക് ചിരിയുണ്ടല്ലോ, അത് കളിക്കളത്തിനകത്തും പുറത്തും എപ്പോഴും പെലെയുടെ മുഖത്തുണ്ടായിരുന്നു.
മാറഡോണയും മെസ്സിയുമൊക്കെ സ്വന്തം ഹാഫില്‍നിന്നും പന്തുകയറ്റിക്കൊണ്ടുവന്ന് ഗോളടിക്കുന്നതു കണ്ട് നമ്മള്‍ സ്വയം മറന്നിട്ടുണ്ട്. സ്വന്തം പെനാല്‍ട്ടി ബോക്‌സില്‍ നിന്നും പന്തുമായെത്തി എതിരാളികളെ ഓരോരുത്തരെയായി കബളിപ്പിച്ച് ഗോളിയെയും വെട്ടിച്ച് സ്‌കോര്‍ ചെയ്തിട്ടുണ്ട് പെലെ! 1961 മാര്‍ച്ചില്‍ മാരക്കാന സ്റ്റേഡിയത്തില്‍ സാന്റോസിനുവേണ്ടി ഫല്‍മിനീസിനെതിരായിരുന്നു ആ ഗോള്‍. (അതിന്റെ ഓര്‍മയ്ക്ക് ഒരു ഫലകം സ്ഥാപിച്ചിട്ടുണ്ടവിടെ.)
സ്‌ട്രൈക്കറും പ്ലേമേക്കറും
ഡ്രിബ്ലിങ് മികവില്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവര്‍ വളരെ കുറവാണ്. രണ്ടുകാലു കൊണ്ടും ഒരേ മികവോടെ പന്തുതട്ടുന്ന പെലെ സ്‌ട്രൈക്കറായി മാത്രമല്ല, പിന്നിലേക്കു വലിഞ്ഞ് പ്ലേമേക്കറായും കളിക്കും. എണ്ണം പറഞ്ഞ പാസുകള്‍ ആ ബൂട്ടുകളില്‍നിന്ന് പിറക്കും. കാലുകൊണ്ടു മാത്രമല്ല, തലകൊണ്ടും പന്തു തട്ടുന്നതില്‍ അതുല്യമികവ്. അദ്ദേഹത്തോളം നന്നായി ഹെഡ് ചെയ്ത് ഗോളുകള്‍ നേടുന്നവര്‍ കുറയും. ക്രിസ്റ്റ്യാനോയെക്കാള്‍ നാലിഞ്ച് ഉയരം കുറവുണ്ടെങ്കിലും ഉയര്‍ന്നുചാട്ടത്തില്‍ പെലെ ഒപ്പം നില്‍ക്കും. ചാടിയുയരാനുള്ള അസാമാന്യമായ ഈ ശേഷിയും മെയ്‌വഴക്കവുമാണ് ഗോള്‍കീപ്പറായി ശോഭിക്കാനും അദ്ദേഹത്തിന് തുണയായത്.
നീണ്ട ഇരുപതുവര്‍ഷം ഫുട്‌ബോളില്‍ നിറഞ്ഞുനിന്ന പെലെ പ്രതിഭകൊണ്ടുമാത്രമല്ല ലോകഫുട്‌ബോളിനെ വരുതിയിലാക്കിയത്. ''സംഗീതത്തിനുവേണ്ടി ബീഥോവനും ചിത്രകലയ്ക്കു വേണ്ടി മൈക്കലാഞ്ജലോയുമെന്നപോലെ കാല്‍പ്പന്തുകളിക്കായാണ് ഞാന്‍ ജനിച്ചത്'' എന്ന് പെലെ പറയുമെങ്കിലും ചിട്ടയായ പരിശീലനവും കഠിനാധ്വാനവും പന്തുകളിയോടുള്ള ആത്മസമര്‍പ്പണവുംകൂടിയായിരുന്നു അദ്ദേഹത്തിന്റെ അദ്ഭുതനേട്ടങ്ങള്‍ക്കടിസ്ഥാനം.
ചായക്കടയില്‍ ജോലി ചെയ്ത് കുടുംബത്തിന് അധികവരുമാനമുണ്ടാക്കുന്ന കാലത്ത്, ദാരിദ്ര്യവും വംശീയതയും അപകര്‍ഷവുമൊക്കെ നിത്യജീവിതം നരകമാക്കുന്ന കുട്ടിക്കാലത്ത് പെലെ സ്വപ്നംകണ്ടത് കാല്‍പ്പന്തുകളിയിലെ മനോഹരനിമിഷങ്ങളായിരുന്നു. ഫുട്‌ബോള്‍ വാങ്ങാന്‍ പണമില്ലാതെ സോക്‌സില്‍ പത്രക്കടലാസു ചുരുട്ടിക്കയറ്റി പന്തുണ്ടാക്കി തെരുവു ഫുട്‌ബോള്‍ കളിക്കുന്ന ആ കാലത്ത് കൊച്ചുപെലെയ്ക്ക് പന്തുകളി പ്രാണനായിരുന്നു. ആ പ്രണയംതന്നെയാണ് സാവോ പോളോയിലെ തെരുവുകളില്‍നിന്ന് സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് അദ്ദേഹത്തെ കൈപിടിച്ചു കയറ്റിയതും.
ലോകകപ്പിലെ പെലെ
മഹാരഥന്‍മാര്‍ നിറഞ്ഞ ബ്രസീല്‍ ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിക്കുമ്പോള്‍ പെലെയ്ക്ക് പ്രായം 17 മാത്രം. ആതിഥേയരായ സ്വീഡനെതിരേ ഫൈനല്‍ കളിക്കുമ്പോള്‍ വിടര്‍ന്ന കണ്ണുകളുള്ള പയ്യന് പ്രായം 17 വയസ്സും 249 ദിവസവും. ഫൈനലില്‍ പെലെ രണ്ടു ഗോളടിച്ചു. രണ്ടാമത്തെ ഗോളും മത്സരത്തിലെ അഞ്ചാമത്തെ ഗോളും അദ്ദേഹം സ്‌കോര്‍ ചെയ്യുമ്പോള്‍ നാട്ടുകാരും അറിയാതെ കൈയടിച്ചുപോയി. നാലു മത്സരം മാത്രം കളിച്ച പെലെ ആറുഗോള്‍ നേടി. ഇതിഹാസതാരമായ ജസ്റ്റ് ഫൊണ്ടെയ്‌നായിരുന്നു ടോപ്‌സ്‌കോറര്‍.
ഒറ്റമാസംകൊണ്ട് ബ്രസീലിയന്‍ ഫുട്‌ബോളിന്റെ ജാതകം തിരുത്തിയെഴുതുകയായിരുന്നു പെലെ. അത് അവരുടെ ആദ്യത്തെ ലോകകപ്പായിരുന്നു. ദാരിദ്ര്യത്തില്‍ ആണ്ടുകിടന്ന ജനകോടികള്‍ക്ക് ജീവിതവിജയത്തിലേക്കുള്ള ജാലകം തുറന്നുകൊടുത്തു പെലെയുടെ വീരഗാഥ. ബ്രസീലില്‍ മാത്രമല്ല, ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലുമൊക്കെ കുട്ടികള്‍ കാല്‍പ്പന്തുമായി തെരുവുകളിലേക്കിറങ്ങി. ലോകകപ്പില്‍ അവിചാരിതമായി പെലെയ്ക്ക് ഫിഫ അധികൃതര്‍ നല്‍കിയ പത്താം നമ്പര്‍ ജേഴ്‌സി പന്തുകളിയിലെ മാഹാത്മ്യത്തിന്റെ പ്രതീകമായി.
1962-ലെ ലോകകപ്പില്‍ ബ്രസീലിനുവേണ്ടി കാര്യമായി സംഭാവന നല്‍കാന്‍ പെലെയ്ക്കായില്ല. കളിക്കിടെ പരിക്കേറ്റതായിരുന്നു കാരണം. പക്ഷേ, ഗാരിഞ്ച മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ബ്രസീല്‍ കിരീടം നിലനിര്‍ത്തി. 1966-ല്‍ ബ്രസീല്‍ ഒന്നാം റൗണ്ടില്‍ പുറത്തായി. പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പെലെ അതിക്രൂരമായ ഫൗളിനിരയായി; കുറ്റക്കാരനെതിരേ റഫറി നടപടിയെടുത്തില്ല. കളി മുടന്തിത്തീര്‍ത്ത (അന്ന് പകരക്കാരെ അനുവദിച്ചിരുന്നില്ല) പെലെ മേലില്‍ ലോകകപ്പ് കളിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു. പക്ഷേ, 1970-ല്‍ അദ്ദേഹം തിരിച്ചെത്തി, ഒരിക്കല്‍ക്കൂടി ടീമിനെ വിശ്വവിജയിയാക്കാനും മൂന്നാമത്തെ ലോകകപ്പോടെ യൂള്‍ റിമേ കപ്പ് റിയോ ഡി ജനീറോയിലേക്ക് കൊണ്ടു പോകാനും. ഈ ടൂര്‍ണമെന്റില്‍ ബ്രസീലിന്റെ 53 ശതമാനം ഗോളുകളിലും പെലെയുടെ സ്പര്‍ശമുണ്ടായിരുന്നു. മികച്ച താരത്തിനുള്ള സ്വര്‍ണപ്പന്തും പെലെയ്ക്ക് ലഭിച്ചു.
1974-ല്‍ ബ്രസീലിയന്‍ ടീമില്‍നിന്നും വിരമിച്ച പെലെ രണ്ടുവര്‍ഷത്തിനുശേഷം ന്യൂയോര്‍ക്ക് കോസ്‌മോസിനു വേണ്ടി കളിക്കാന്‍ അമേരിക്കയിലെത്തി. ഫുട്‌ബോളിന് പ്രചാരം നന്നേ കുറവായിരുന്ന അമേരിക്കയില്‍ രണ്ടുവര്‍ഷത്തെ കളിക്കുശേഷം പെലെ ബൂട്ടഴിക്കുമ്പോള്‍ അവസാനമത്സരം കാണാന്‍ വന്നത് എഴുപത്തിയയ്യായിരത്തിലധികം പേരായിരുന്നു. കാണികളുടെ കൂട്ടത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറും എല്‍ട്ടണ്‍ ജോണും ബോബി മൂറും പിന്നെ, മഹാനായ മുഹമ്മദലിയും. അതിനെ വെല്ലുന്ന ഒരു വിടവാങ്ങല്‍മത്സരം അതിനു മുന്‍പുണ്ടായിട്ടില്ല, ഇനിയുണ്ടാവുകയുമില്ല.
കളിക്കളത്തിനു പുറത്ത് പെലെ തന്റെ ''ദി ബ്യൂട്ടിഫുള്‍ ഗെയിമി'ന്റെ ഏറ്റവും നല്ല അംബാസഡറും പ്രചാരകനുമായിരുന്നു. കുറച്ചുകാലം ബ്രസീലില്‍ മന്ത്രിയുമായി. സമകാലീനനായിരുന്ന ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയെപ്പോലെ കടുത്ത രാഷ്ട്രീയ നിലപാടുകളെടുക്കാതെ, കറുത്തവര്‍ക്കുവേണ്ടി യുദ്ധത്തിനിറങ്ങാതെ നിലകൊണ്ട്, എല്ലാവരുടെയും നല്ലപിള്ളയാകാന്‍ ശ്രമിക്കുന്നുവെന്ന ചീത്തപ്പേരു കേട്ടു. കളിക്കളത്തില്‍ ഗോളുകളടിച്ചുകൂട്ടുന്ന തിരക്കില്‍ പ്രദര്‍ശനമത്സരങ്ങള്‍ കൂടി കണക്കിലെടുത്താല്‍ 1363 കളികളില്‍ നിന്ന് 1282 ഗോള്‍ അദ്ദേഹത്തിന് മറ്റൊന്നിനും സമയമില്ലാതിരുന്നതാകാം! അദ്ദേഹം അടിച്ചുകൂട്ടിയ നിരവധി റെക്കോഡുകളുണ്ട്. ഏഴു ബാലന്‍ ദ്യോര്‍ പുരസ്‌കാരങ്ങളടക്കം. പെലെയുടെ കാലത്ത് ഈ പുരസ്‌കാരം യൂറോപ്പിനു പുറത്തുള്ള കളിക്കാര്‍ക്ക് നല്‍കില്ലായിരുന്നു. പക്ഷേ, പുരസ്‌കാരത്തിന്റെ അറുപതാം വാര്‍ഷികത്തില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ അധികൃതര്‍ യൂറോപ്പിനു പുറത്തുള്ള കളിക്കാരെക്കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ആരായിരുന്നേനേ മുന്‍വര്‍ഷങ്ങളിലെന്നുനോക്കി. പെലെ തന്നെ!
Content Highlights: pele, pele death
Published: 30 Dec 2022, 03:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented