പീലെ, പീലെ...
കഥകളിലൂടെയാണ് ഇതിഹാസങ്ങള്‍ മനസ്സില്‍ വേരുറപ്പിക്കുന്നത്. സാങ്കേതികമുന്നേറ്റവും സാമൂഹികമാധ്യമങ്ങളും കഥകളെ കൈവിരല്‍ത്തുമ്പിലെത്തിച്ചതിനു മുമ്പുള്ള കാലത്ത്, വാമൊഴിയും വരമൊഴിയുമായെത്തിയ കഥകള്‍ ഇതിഹാസങ്ങളെ മനസ്സില്‍ കുടിയിരുത്തി. മലയാളി മനസ്സിലേക്ക് ആ ഇതിഹാസവും കടന്നുവന്നത് കഥപോലെ മനോഹരമായി എഴുതിച്ചേര്‍ത്ത വാക്കുകളിലൂടെയായിരുന്നു. അഞ്ചാം ക്ലാസ്സിലെ കേരളപാഠാവലിയെന്ന പുസ്തകത്തിലൂടെയാണ് പഴയ തലമുറയിലെ പലരും പെലെയെ ആദ്യമടുത്തറിഞ്ഞത്. അന്നയാള്‍ പെലെ ആയിരുന്നില്ല. പീലെ എന്നു ഞങ്ങള്‍ പഠിച്ചു.
'കഷ്ടിച്ചു മുപ്പതു വയസ്സുമാത്രം പ്രായമുള്ളപ്പോള്‍ ആയിരാമത്തെ ഗോളടിച്ചു ചരിത്രം സൃഷ്ടിച്ച പീലേ എന്ന ലോകപ്രസിദ്ധനായ ഫുട്‌ബോള്‍ കളിക്കാരനെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ലോകഫുട്‌ബോള്‍ രംഗത്തെ മഹാദ്ഭുതമാണ് അഞ്ചടി എട്ടിഞ്ച് ഉയരവും 140 പൗണ്ട് തൂക്കവുമുള്ള ഈ ലത്തീന്‍ നീഗ്രോ യുവാവ്. പീലേ എന്ന കൊച്ചുപേരില്‍ അറിയപ്പെടുന്ന ഈ അഖിലലോക പ്രശസ്തന്റെ പൂര്‍ണനാമധേയം അരാന്റസ് ഡോ നാസിമെന്റോ എന്നാണ്. തെക്കേ അമേരിക്കയിലെ ബ്രസീല്‍ ആണ് പീലേയുടെ ജന്മംകൊണ്ടു ധന്യമായ രാജ്യം.
ദേശീയ യശഃസ്തംഭം എന്ന സ്ഥാനം നല്‍കി ആ രാജ്യക്കാര്‍ അഭിമാനഭാജനമായ പീലേയെ ബഹുമാനിച്ചിരിക്കുന്നു'.
പാഠപുസ്തകത്തിലെ പീലേപുരാണം തുടങ്ങുന്നതിങ്ങനെയാണ്. പിന്നീടത് വര്‍ണനകളുടെ പലരൂപങ്ങളിലൂടെ ആ കളിക്കാരനെ അടുത്തറിയിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഫുട്‌ബോളിനെക്കുറിച്ച് അധികമൊന്നും പറയുന്നില്ലെങ്കിലും പീലേയെന്ന ഇതിഹാസത്തെ മനസ്സില്‍ ഇരുപ്പുറപ്പിക്കാന്‍ പഠിപ്പിച്ച വാക്കുകളായിരുന്നു അതില്‍ നിറയെ. 'കളിക്കളത്തില്‍ അജയ്യനായ പീലേ, വിശ്വസിക്കാനാവാത്ത വിധത്തില്‍ അദ്ഭുതങ്ങള്‍ കാണിക്കുന്ന ഒരു മാന്ത്രികനാണെന്നു പ്രേക്ഷകര്‍ക്കു തോന്നിപ്പോകും. വായുവേഗത്തിലാണ് ആ കാലുകള്‍ ചലിക്കുന്നത്. കാന്തശക്തിയാലെന്നപോലെ പന്ത് ഒട്ടിപ്പിടിച്ചിരിക്കുകയാണ് ആ കാലുകളില്‍. ഗോള്‍വലയത്തിലേക്ക് ആഞ്ഞടിക്കുമ്പോഴും കൂട്ടുകളിക്കാര്‍ക്ക് പന്ത് എത്തിച്ചുകൊടുക്കുമ്പോഴുമെല്ലാം അളന്നുകുറിച്ചു തിട്ടപ്പെടുത്തിയതുപോലെയായിരിക്കും കൃത്യം നിര്‍വഹിക്കുക. എതിരാളികള്‍ക്ക് പീലേയുടെ ചില നീക്കങ്ങളെ മുന്‍കൂട്ടിക്കണ്ടു പെരുമാറാനാവില്ല'. പീലേയുടെ അപദാനങ്ങള്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു ആ പാഠഭാഗമാകെ.
പെലെയുടെ ബ്രസീലില്‍ ഫുട്‌ബോള്‍ എത്തിയതിനു സമാനമായ കാലത്താണ് ഇന്ത്യയുടെ ഭൂപടത്തിലൂടെയും പന്തുരുണ്ടു തുടങ്ങിയത്. പക്ഷേ, ബ്രസീലില്‍ പെലെയും ഗാരിഞ്ചയും റൊണാള്‍ഡോയും നെയ്മറുമൊക്കെ വന്നു. ഇന്ത്യയിലാകട്ടെ, ഭൂതകാലക്കുളിര്‍ മാത്രമേയുള്ളൂ. അവര്‍ മുന്നോട്ടുമാത്രം പന്തുതട്ടിയപ്പോള്‍ നമ്മുടെ നേട്ടങ്ങള്‍ പിന്നിലേക്കുരുണ്ടു. അതുകൊണ്ടുതന്നെ, ഇന്ത്യക്കാര്‍ക്ക് ഫുട്‌ബോള്‍ ഇതിഹാസങ്ങളെല്ലാവരും വിദേശികളാണ്. അവരോളമോ അതിനുമേലെയോ പ്രതിഭകളിവിടെയുണ്ടായിരുന്നു. സാക്ഷാല്‍ പെലെയെപ്പോലും അതിശയിപ്പിച്ച താരങ്ങള്‍. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ഒരുവട്ടം പന്തുതട്ടിയിട്ടുമുണ്ട് പെലെ. 1977ല്‍. പിന്നീട് ഒരുവട്ടംകൂടി അദ്ദേഹം കൊല്‍ക്കത്തയിലെത്തി. സാള്‍ട്ട്‌ലേക്കില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള ഐ.എസ്.എല്‍ മത്സരം വീക്ഷിക്കുകയും ചെയ്തു.
കൊല്‍ക്കത്തയെ ഉണര്‍ത്തിയ പെലെ
മൂന്നു ലോകകപ്പുകള്‍ നേടി ലോകഫുട്‌ബോളിലെ 'ഒരേയൊരു രാജാവാ'യി പെലെ അവരോധിക്കപ്പെട്ട കാലമായിരുന്നു അത്. ലോകത്തേറ്റവും സുപരിചിതനായ വ്യക്തി. ബ്രസീലിലെയും സാന്റോസിലെയും സുവര്‍ണകാലത്തിനുശേഷം വിരമിക്കല്‍ കാലയളവിലേക്കു കടന്ന പെലെയെ സ്വീകരിച്ചത് അമേരിക്കയാണ്. അന്നു സൂപ്പര്‍താരങ്ങള്‍ക്ക് വിരമിക്കല്‍ ലാവണമായിരുന്നു യു.എസ്. സോക്കര്‍ ടീമുകള്‍. പെലെയും കാര്‍ലോസ് ആല്‍ബര്‍ട്ടോയുമടക്കമുള്ള പ്രമുഖര്‍ ന്യുയോര്‍ക്കിലെ കോസ്‌മോസ് ടീമിലാണ് ചേര്‍ന്നത്. ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രന്‍സ് ബെക്കന്‍ബോവറും ഇതേ ക്ലബ്ബിലാണ് കളിച്ചത്. വിഖ്യാതമായ കരിയറിനു വിടപറയാന്‍ പെലെ തീരുമാനിച്ചപ്പോള്‍, അദ്ദേഹത്തിനു ലോകമറിയുന്ന യാത്രയയപ്പു നല്‍കാന്‍ കോസ്‌മോസ് 1977ല്‍ ആഗോള പര്യടനം സംഘടിപ്പിച്ചു.
വാര്‍ത്തകളിലും ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാഴ്ചകളിലും വിശേഷങ്ങളിലും മാത്രമൊതുങ്ങിനിന്ന പെലെ ഇന്ത്യന്‍ കളിയാരാധകര്‍ക്കുമുന്നിലേക്ക് അവതരിക്കാന്‍ വാതില്‍ തുറന്നത് അങ്ങനെയാണ്. 1977 സെപ്റ്റംബര്‍ 22ന് പെലെയും കാര്‍ലോസ് ആല്‍ബര്‍ട്ടോയുമൊക്കെ ഉള്‍പ്പെടുന്ന കോസ്‌മോസിന്റെ വിഖ്യാത ടീം കൊല്‍ക്കത്തയില്‍ വിമാനമിറങ്ങി. മോഹന്‍ ബഗാന്‍ ക്ലബ്ബിന്റെ അതിഥികളായാണ് കോസ്‌മോസ് ഇന്ത്യയിലെത്തുന്നത്. അന്നുതന്നെ നടന്ന പ്രദര്‍ശന മത്സരത്തില്‍ പെലെ ഉള്‍പ്പെടുന്ന കോസ്‌മോസിനെ 2-2ന് സമനിലയില്‍ പിടിച്ച് ബഗാന്‍ നാട്ടുകാര്‍ക്കുമുന്നില്‍ തലയുയര്‍ത്തി. പെലെയുടെ രണ്ടു ഫ്രീക്കിക്കുകള്‍ ബഗാന്‍ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തുകയും ചെയ്തു.
ബഗാനെ രക്ഷിച്ച പെലെ
കൊല്‍ക്കത്തയിലേക്കുള്ള പെലെയുടെ വരവിനുപിന്നില്‍, മോഹന്‍ ബഗാന്‍ ക്ലബ്ബിന്റെ അതിജീവനകഥകൂടിയുണ്ട്. എഴുപതുകളില്‍ കൊല്‍ക്കത്ത ലീഗിലടക്കം ഈസ്റ്റ് ബംഗാളിന്റെ തേരോട്ടമായിരുന്നു. 1970 മുതല്‍ 1975 വരെ തുടരെ ആറു സീസണുകളില്‍ ഈസ്റ്റ് ബംഗാള്‍ കൊല്‍ക്കത്ത ലീഗ് ജേതാക്കളായി. ഇതേ കാലയളവില്‍ അഞ്ചുതവണ ഐ.എഫ്.എ ഷീല്‍ഡും. 1975ലെ ഐ.എഫ്.എ. ഷീല്‍ഡ് ഫൈനലില്‍ ബഗാനെ അവര്‍ മറുപടിയില്ലാത്ത അഞ്ചുഗോളുകള്‍ക്കാണു തോല്‍പിച്ചത്. ട്രോഫിയില്ലാതെ ആറുവര്‍ഷങ്ങള്‍ പിന്നിട്ടതോടെ ആരാധകര്‍ കടുത്ത നിരാശയിലായി. ഈ ഘട്ടത്തില്‍ ധിരന്‍ ദേയായിരുന്നു ബഗാന്റെ ജനറല്‍ സെക്രട്ടറി. എതിരാളികളെ അതിശയിപ്പിക്കുന്ന ചടുലനീക്കങ്ങളായിരുന്നു ഇദ്ദേഹത്തിന്റെ പ്രത്യേകത. ഈസ്റ്റ് ബംഗാളിനു തുടരെ കിരീടങ്ങള്‍ സമ്മാനിച്ചുകൊണ്ടിരുന്ന താരനിരയെ ബഗാനിലെത്തിക്കുകയാണ് ധിരന്‍ ദേ ചെയ്തത്. സുഭാഷ് ഭൗമിക്കും ശ്യാം ഥാപ്പയും സുരജിത് സെന്‍ഗുപ്തയുമൊക്കെ ബഗാനിലെത്തി. അതു ഫലം കണ്ടു. 1976ല്‍ കൊല്‍ക്കത്ത ലീഗ് ബഗാന്‍ സ്വന്തമാക്കി.
സന്തോഷം നീണ്ടുനിന്നില്ല. പിറ്റേക്കൊല്ലം ഫെഡറേഷന്‍ കപ്പില്‍ ഐ.ടി.ഐ.യോടു ബഗാന്‍ തോറ്റു. കൊല്‍ക്കത്ത ലീഗിലും ഈസ്റ്റ് ബംഗാളിനോടു തോല്‍വി. ഇതോടെ ആരാധകര്‍ കുപിതരായി. താരങ്ങളെയും അവരുടെ വീട്ടുകാരെയും പോലും വഴിനടക്കാന്‍ അനുവദിക്കാത്ത അവസ്ഥ. ആരാധകരോഷം തണുപ്പിക്കാന്‍ എന്തെങ്കിലും ചെയ്‌തേ പറ്റൂവെന്ന നിലയായി. അശോക് ഘോഷായിരുന്നു അന്നു പശ്ചിമബംഗാള്‍ സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്റെ (ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍) സെക്രട്ടറി ജനറല്‍. ദീര്‍ഘവീക്ഷണമുള്ള അശോക് ഘോഷ് പിന്നീട് അഖിലേന്ത്യാ ഫെഡറേഷന്റെയും സെക്രട്ടറിയായി.
ബഗാന്റെ ദൈന്യാവസ്ഥ നേരിട്ടറിയാവുന്ന അശോക് ഘോഷ് തനിക്കറിയാവുന്ന ഒരു രഹസ്യം ധിരന്‍ ദേയോടു പങ്കുവെച്ചു. ആരാധകരെ തണുപ്പിക്കാന്‍ ഒരുമാര്‍ഗമുണ്ട്. പെലെയുടെ വിരമിക്കലിനായി കോസ്‌മോസ് ടീം ആഗോള പര്യടനം നടത്തുന്നു. സെപ്റ്റംബറില്‍ അവര്‍ ഏഷ്യയിലും വരുന്നുണ്ട്. ശ്രമിച്ചാല്‍ അവരെ കൊല്‍ക്കത്തയിലെത്തിക്കാം. പെലെയുടെ കളി കാണാന്‍ പറ്റിയാല്‍ തല്‍ക്കാലത്തേക്ക് ആരാധകര്‍ അടങ്ങും. മറ്റൊരാള്‍ ഈ രഹസ്യമറിയുന്നതിനുമുന്നെ ധിരന്‍ ദേ അമേരിക്കയിലേക്ക് കത്തയച്ചു. കൊല്‍ക്കത്തയിലേക്കു കോസ്‌മോസിനെ ക്ഷണിച്ചുകൊണ്ട്. ക്ഷണം സ്വീകരിച്ചുകൊണ്ട് കോസ്‌മോസിന്റെ മറുപടിയും വന്നു. പക്ഷേ, ഒരുപാധി. പെലെയും കാര്‍ലോസ് ആല്‍ബര്‍ട്ടോയുമൊക്കെയുള്ള ടീം വന്നു കളിക്കണമെങ്കില്‍ അതിനൊത്ത പ്രതിഫലം തരണം. തകര്‍ന്നുനിനിന്ന ബഗാന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു കോസ്‌മോസ് ചോദിച്ച തുക. ബുദ്ധിമാനായ ധിരന്‍ പക്ഷേ, പിന്മാറാന്‍ തയ്യാറായില്ല. രണ്ടാമതൊരു കത്തുകൂടി അമേരിക്കയിലേക്കു പറന്നു.
ഇക്കുറി വിശദമായിരുന്നു എഴുത്ത്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരേ ഫുട്‌ബോള്‍ കൊണ്ട് ബഗാന്‍ നടത്തിയ പ്രതിരോധത്തിന്റെ ചരിത്രം അതിലുണ്ടായിരുന്നു. 1911ലെ ഐ.എഫ്.എ. ഷീല്‍ഡ് ബ്രിട്ടീഷ് ടീമിനെ തോല്‍പിച്ച് ബഗാന്‍ സ്വന്തമാക്കിയതുമുതല്‍ക്കുള്ള ചരിത്രം. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വിജയചരിത്രം സ്വാതന്ത്ര്യ സമരവുമായി കൂട്ടിയിണക്കിയാണ് ധിരന്‍ കത്തിലുള്‍പ്പെടുത്തിയത്. മഹാത്മാ ഗാന്ധിയുടെ ജന്മനാടായ ഇന്ത്യയിലെത്താതെ കോസ്‌മോസിന്റെ ആഗോള പര്യടനം പൂര്‍ത്തിയാകില്ലെന്നും ധിരന്‍ ദേ കത്തിലെഴുതി. ആ കത്തു ഫലിച്ചു. കോസ്‌മോസിന്റെ ഏഷ്യന്‍ പര്യടനത്തില്‍ കൊല്‍ക്കത്തയ്ക്കും ഇടം കിട്ടി. പെലെ വരുന്നുവെന്ന വാര്‍ത്ത കൊല്‍ക്കത്തയെ ആവേശക്കടലിലാക്കി. ഈസ്റ്റ് ബംഗാള്‍ ടെന്റിനുമുന്നില്‍ ബഗാന്‍ ആരാധകര്‍ ആഹ്ലാദനൃത്തം ചവിട്ടി.
പെലെ മത്സരത്തില്‍ തിളങ്ങിയില്ലെങ്കിലും അദ്ദേഹത്തെ അതിശയിപ്പിച്ച ചില ബഗാന്‍ താരങ്ങളുണ്ടായിരുന്നു. ശിവജി ബാനര്‍ജിയെന്ന ഗോള്‍കീപ്പര്‍ അവരിലൊരാളാണ്. രണ്ടുവട്ടം പെലെയുടെ ഫ്രീക്കിക്കുകള്‍ തടുത്തിട്ടു. അന്നുവൈകിട്ടത്തെ വിരുന്നില്‍ പെലെ ശിവജിയെ അഭിനന്ദിച്ചു. പന്ത് കളത്തില്‍നിന്നു പുറത്തുപോയാലും അതില്‍നിന്നു കണ്ണെടുക്കരുതെന്ന ഉപദേശം പെലെ തനിക്കുനല്‍കിയതായി 2005ല്‍ എഴുതിയ ലേഖനത്തില്‍ ശിവജി അനുസ്മരിച്ചു. ശ്യാം ഥാപ്പയും മനാസ് ഭട്ടാചാര്യയും ബിദേഷ് ബോസുമൊക്കെ തിളങ്ങിയ മത്സരം കൂടിയായിരുന്നു അത്.
പെലെയുടെ വരവ് കൊല്‍ക്കത്ത ഫുട്‌ബോളില്‍ ബഗാന്റെ ചരിത്രംതന്നെ മാറ്റി. തുടരെ മൂന്നുകൊല്ലം ബഗാന്‍ ഐ.എഫ്.എ. ഷീല്‍ഡ് നേടി. രണ്ടുവര്‍ഷം കൊല്‍ക്കത്ത ലീഗും. ഡ്യുറന്‍ഡ് കപ്പും റോവേഴ്‌സ് കപ്പുംകൂടി ടെന്റിലെത്തിയതോടെ, പെലെ ബഗാന് ദൈവദൂതനായി മാറി.
Content Highlights: Mohun Bagan nearly beat the Pele-led New York Cosmos
Published: 30 Dec 2022, 02:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented