
ലോകം മുഴുവന്‍ വിറപ്പിച്ച ആളാണ് പെലെ.. എന്നാല്‍ ഇതേ പെലെയെ വിറപ്പിച്ചൊരു ചരിത്രമുണ്ട് ഇന്ത്യക്ക്. അന്ന് ആ യുദ്ധം നയിച്ച ഇന്ത്യക്കാരനെ ചേര്‍ത്തുപിടിച്ച് പെലെ പറഞ്ഞു: 'നിങ്ങള്‍ക്കൊപ്പം കളിക്കാനായത്തില്‍ എനിക്ക് അഭിമാനമുണ്ട്.' അയാളെ പിന്നെ ഫുട്‌ബോള്‍ ലോകം ഇന്ത്യന്‍ പെലെ എന്ന് വിളിച്ചു. പില്‍കാലത്ത് വിസ്മൃതിയിലേക്ക് നടന്നിറങ്ങിയ അയാളുടെ പേരാണ് മുഹമ്മദ് ഹബീബ്. ഹബീബിന്റെയും കൂട്ടരുടെയും അര നൂറ്റാണ്ട് മുന്‍പത്തെ ആ അത്ഭുതത്തിന്റെ ബലത്തില്‍ ജീവന്‍ നീട്ടിക്കിട്ടിയവരാണ് കൊല്‍ക്കത്ത മോഹന്‍ ബഗാന്‍.
പെലെ എന്ന ഇതിഹാസം ഉദിച്ചുയരുമ്പൊഴേക്കും ഇന്ത്യന്‍ ഫുട്ബോള്‍ അസ്തമയം കണ്ടുതുടങ്ങിയിരുന്നു. ലോക ഫുട്ബോളിന്റെ ഭൂപടത്തില്‍ നിന്ന് ഇന്ത്യ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അക്കാലത്താണ് ആ അത്ഭുതം സംഭവിക്കുന്നത്. പെലെ ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്നു. ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിലല്ല. അപ്പൊഴേക്കും ബ്രസീലിയന്‍ ക്ലബ് സാന്റോസിലെ രണ്ട് പതിറ്റാണ്ട് കാലത്തെ സേവനം അവസാനിപ്പിച്ച് റെക്കോഡ് തുകക്ക് ന്യൂയോര്‍ക്ക് കോസ്മോസില്‍ ചേര്‍ന്നുകഴിഞ്ഞിരുന്നു പെലെ. 1977 സെപ്റ്റംബറിലാണ് മോഹന്‍ ബഗാന്‍ പെലെയുടെ കോസ്മോസിനെ കൊല്‍ക്കത്തയിലേയ്ക്ക് ക്ഷണിക്കുന്നത്. സെപ്റ്റംബര്‍ ഇരുപത്തിയഞ്ചിന് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം.
തലേദിവസം രാത്രി ഡംഡം വിമാനത്താവളത്തില്‍ വന്നിറങ്ങിയ പെലെയ്ക്ക് അത്ഭുതകരമായ സ്വീകരണമാണ് കൊല്‍ക്കത്തക്കാര്‍ നല്‍കിയത്. വിമാനത്താവളത്തിന്റെ പുറത്തു മാത്രം അന്ന് ഇരുപതിനായിരത്തോളം പേര്‍ തടിച്ചുകൂടി. പാതിരാത്രിയായിട്ടും ഹോട്ടലിലേക്കുള്ള വഴിയരികിലും സ്ത്രീകള്‍ അടക്കം പതിനായിരങ്ങളാണ് ഫുട്ബോള്‍ രാജാവിനെ ഒരുനോക്കുകാണാന്‍ കാത്തുനിന്നത്. ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി മുന്നേറാന്‍ അന്ന് പെലെയുടെ വാഹനവ്യൂഹത്തിന് നന്നായി തന്നെ കഷ്ടപ്പെടേണ്ടിവന്നു. മറ്റൊരു വിദേശിക്കും അന്നേവരെ ഇത്തരത്തിലൊരു സ്വീകരണം കൊല്‍ക്കത്തയില്‍ ലഭിച്ചിട്ടില്ലെന്നാണ് അന്ന് പത്രങ്ങള്‍ എഴുതിയത്.
പെലെ മാത്രമായിരുന്നില്ല ടീമിലെ സൂപ്പര്‍സ്റ്റാര്‍. പെലെയ്ക്കൊപ്പം എഴുപതിലെ ലോകകപ്പ് ബ്രസീലിന് നേടിക്കൊടുത്ത ക്യാപ്റ്റന്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോയും ഇറ്റാലിയന്‍ താരം ജിയോര്‍ജിയോ ചിനാഗ്ലിയയും അടക്കം വലിയൊരു താരനിര ഉണ്ടായിരുന്നു. സ്ത്രീകള്‍ അടക്കം എണ്‍പതിനായിരത്തോളം പേരാണ് അന്ന് മത്സരം കാണാന്‍ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ എത്തിയത്. തലേദിവസം പെയ്ത മഴ കാരണം ഗ്രൗണ്ട് ആകെ ചളിക്കുളമായിരുന്നു. മത്സരം നടക്കുമോ എന്നു പോലും ഉറപ്പില്ല. അഥവാ നടന്നാല്‍ തന്നെ ചളിയില്‍ കളിച്ച് ആരോഗ്യം അപടത്തിലാക്കാന്‍ പെലെ തയ്യാറായേക്കില്ല എന്നൊരു ശ്രുതിയും അന്ന് പരന്നു. പക്ഷേ, പെലെയും കൂട്ടരും എണ്‍പതിനായിരത്തിലേറെ വരുന്ന ആ ജനാവലിയെ നിരാശരാക്കിയില്ല. ഒരു വലിയ പ്രകൃതിദുരന്തത്തിന് മാത്രമേ എന്നെ തടയാനാവൂ എന്ന് പറഞ്ഞാണ് പെലെ അന്ന് ഫുട്ബോള്‍ ആരാധകരുടെ മനസിലേയ്ക്ക് ഗോളടിച്ചത്.
സ്റ്റാര്‍ട്ടിങ് ഇലവനില്‍ തന്നെ പെലെ ഇറങ്ങി. ഹര്‍ഷാരവത്തോടെയായിരുന്നു ഗ്രൗണ്ടിലേയ്ക്കുള്ള പെലെയുടെ വരവ്. ഒപ്പം ആക്രമണത്തിന് ജിയോര്‍ജിയോയും ടോണി ഫീല്‍ഡ്സും. സ്വീപ്പര്‍ പൊസിഷനിലായിരുന്നു കാര്‍ലോസ് ആല്‍ബര്‍ട്ടോ. പിന്നെ യൂഗോസ്ലാവ് താരം ദിമിത്രിജേവിച്ച്, മൈക്ക് ദില്ലണ്‍, കിത്ത് എഡി, നെല്‍സി മോറെസ്, ദിതിമോര്‍ ദിമിത്രി, ടോണി ഡോണ്‍ലിച്ച്, ടെറിഗാര്‍ബെറ്റ് അങ്ങനെ പോകുന്നു കരുത്തരുടെ നിര. ഫോര്‍മേഷനും പൊസിഷനുമെല്ലാം മാറ്റിമറിച്ച് തന്ത്രങ്ങളുടെ കെട്ടഴിച്ചാണ് കോസ്മോസ് കളിച്ചത്. പക്ഷേ, കണ്ണുകളെല്ലാം ഒരൊറ്റ വിഗ്രഹത്തിലായിരുന്നു പെലെയില്‍. മണ്ണിലിറങ്ങിയ ദൈവത്തെ കണ്‍മുന്നില്‍ കണ്ട് അവര്‍ ആര്‍ത്തുവിളിച്ചു.
ഗ്രൗണ്ടിലെ ചളിയും വെള്ളക്കെട്ടും കാരണം സാള്‍ട്ട് ലേക്ക് കാത്തിരുന്ന ആ ഡ്രിബിളിങ് മാജിക്കോ ഡ്രീം ഷോട്ടുകളോ അധികമൊന്നും പുറത്തെടുക്കാന്‍ പെലെക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും മനുഷ്യമഹാസാഗരമായ സാള്‍ട്ട് ലേക്കിനെ തീ പിടിപ്പിക്കാന്‍ ആ പ്രതിഭയുടെ ഒറ്റക്കും തെറ്റക്കുമുള്ള മിന്നലാട്ടം തന്നെ ധാരാളമായിരുന്നു. ഓരോ ടച്ചിനെയും ഓരോ നീക്കത്തെയും ഓരോ കിക്കിനെയും വെടിക്കെട്ടിനെ വെല്ലുന്ന ഹര്‍ഷാരവമാണ് അകമ്പടി സേവിച്ചത്. ഗ്രൗണ്ടിലെ തടസ്സങ്ങള്‍ മാത്രമല്ല, ഗൗതം സര്‍ക്കാരിന്റെ മാര്‍ക്കിങ്ങും പെലെയുടെ കാലുകളെ പൂട്ടിയതില്‍ വലിയ പങ്ക് വഹിച്ചു. ഒരിക്കല്‍ സര്‍ക്കാരിനെ വെട്ടിച്ച് ഒന്നാന്തരമൊരു ഡ്രിബിളിങ് നടത്തിയെങ്കിലും ബഗാന്‍ ഗോളി ശിവാജി ബാനര്‍ജി പെലെയുടെ കാലില്‍ നിന്നാണ് ഡൈവ് ചെയ്ത് പന്ത് റാഞ്ചിയത്. ബാനര്‍ജിയുടെ ഈ സേവ് ഇല്ലായിരുന്നെങ്കില്‍ താന്‍ ഉറപ്പായും സ്‌കോര്‍ ചെയ്യുമായിരുന്നുവെന്നാണ് പെലെ പിന്നീട് പറഞ്ഞത്. അന്നത്തെ പ്രകടനത്തിന് ഗൗതം സര്‍ക്കാരിനെ ഇന്ത്യയുടെ ബെക്കന്‍ബോവര്‍ എന്നാണ് ആനന്ദ് ബസാര്‍ പത്രിക വിശേഷിപ്പിച്ചത്. അത്രയ്ക്ക് ഗംഭീരമായാണ് സര്‍ക്കാര്‍ പെലെയെ മാര്‍ക്ക് ചെയ്തത്. ഒരിക്കല്‍ സര്‍ക്കാരിനെ മറികടന്ന് പെലെ മുപ്പത് വാര അകലെ നിന്നൊരു ബുള്ളറ്റ് തൊടുത്തെങ്കിലും അത് ബാറിലിടിച്ച് മടങ്ങി.
പെലെയുടെ അന്നത്തെ കളിയെ കുറിച്ച് പില്‍ക്കാലത്ത് പല കഥകളും പ്രചരിച്ചിരുന്നു. അര മണിക്കൂറാണ് അന്ന് പെലെ കളിച്ചത്. എന്നാല്‍, പെലെയുടെ ഡ്യൂപ്പാണ് അന്ന് കളിക്കാനിറങ്ങിയത് എന്നായിരുന്നു പ്രചരിച്ച ഒരു കഥ. പെലെ കളിക്കുകയല്ല, പകുതി സമയത്ത് ചില ഫുട്ബോള്‍ ട്രിക്കുകള്‍ കാണിക്കുക മാത്രമാണ് ചെയ്തത് എന്നായിരുന്നു മറ്റൊരു കഥ. എന്തായാലും പെലെയുടെ ഒന്നാന്തരമൊരു ത്രൂബോളില്‍ നിന്നാണ് പതിനേഴാം മിനിറ്റില്‍ കോസ്മോസ് ആദ്യഗോള്‍ നേടിയത്. ഓവര്‍ലാപ്പ് ചെയ്തുവന്ന കാര്‍ലോസ് ആല്‍ബര്‍ട്ടോയായിരുന്നു സ്‌കോറര്‍. പക്ഷേ, കോസ്മോസ് ഞെട്ടാന്‍ ഇരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ.
മുന്‍ ഇന്ത്യന്‍ നായകന്‍ പി.കെ.ബാനര്‍ജിയായിരുന്നു ബഗാന്റെ പരിശീലകന്‍. ഒരുങ്ങിത്തന്നെയിരുന്നു പി.കെ.ബാനര്‍ജിയുടെ ടീമും. ഗൗതം സര്‍ക്കാരിനും മുഹമ്മദ് ഹബീബിനും പുറമെ സുഭാഷ് ഭൗമിക്ക്, ശിബാജി ബാനര്‍ജി, ബിശ്വജിത്ത് ദാസ്. പ്രദീപ് ചൗധരി, സുബ്രത ബാനര്‍ജി, കംപ്ടണ്‍ ദത്ത, ദിലീപ് പാലിത്, ദിലീപ് സര്‍ക്കാര്‍, പ്രസൂണ്‍ ബാനര്‍ജി, ഗൗതം സര്‍ക്കാര്‍, ശുഭാങ്കര്‍ സന്യാര്‍, ശ്യാം ഥാപ്പ, സുരജിത്ത് സെന്‍ഗുപ്ത, ബിദേശ് ബോസ്, അക്ബര്‍ നല്ല ഒന്നാന്തരം നിര.
ലീഡ് വഴങ്ങിയ അടുത്ത മിനിറ്റില്‍ ബഗാന്‍ കോസ്മോസിനെ ഞെട്ടിച്ചുകൊണ്ട് തിരിച്ചടിച്ചു. ഹബീബായിരുന്നു ഗോളിനുള്ള വഴിയൊരുക്കിയത്. ഒന്നാന്തരം ഡ്രിബിളിങ്ങിന് ശേഷം ഹബീബ് കൊടുത്ത പന്ത് അക്ബര്‍ ശ്യാം ഥാപ്പയ്ക്ക് കൈമാറി. ഥാപ്പ ഒരു സുന്ദരന്‍ ഷോട്ടിലൂടെ വല ചലിപ്പിച്ചപ്പോള്‍ ഗ്യാലറി അക്ഷരാര്‍ഥത്തില്‍ തന്നെ പൊട്ടിത്തെറിച്ചു. ഇരുപത്തിമൂന്നാം മിനിറ്റില്‍ പെലെയ്ക്ക് മുന്നില്‍ അടുത്ത അത്ഭുതവും സംഭവിച്ചു. മുപ്പത് വാര അകലെ നിന്ന് അക്ബര്‍ തൊടുത്ത ഷോട്ട് കോസ്മോസ് ഗോളി യെസന്‍ കുത്തിയകറ്റി. പന്ത് കിട്ടിയ ഹബീബിന് പിഴച്ചില്ല. ബഗാന്‍ മുന്നില്‍. അന്ന് ആ കളിക്ക് ഹബീബിനെ ആദ്യം അഭിനന്ദിച്ചത് പെലെ തന്നെയാണ്. 'ഇത്രയും അനുഗൃഹീതനായ ഒരു കളിക്കാരന്റെയൊപ്പം കളിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്' പില്‍ക്കാലത്ത് ഇന്ത്യന്‍ പെലെ എന്ന വിശേഷണം ചാര്‍ത്തിക്കിട്ടിയ ഹബീബിനെ ചേര്‍ത്തുപിടിച്ച് യഥാര്‍ഥ പെലെ പറഞ്ഞു.
എന്നാല്‍, ഈ മത്സരത്തിന് മുന്‍പ് മറ്റൊരു നാടകീയ സംഭവം അരങ്ങേറിയിരുന്നു ഇന്ത്യന്‍ ടീമിന്റെ ഡ്രെസ്സിങ് റൂമില്‍. പെലെയെ എങ്ങനെ നേരിടണമെന്ന് കളിക്കാര്‍ക്ക് ഉപദേശം കൊടുക്കുകയായിരുന്നു കോച്ച് പി.കെ.ബാനര്‍ജി. അപ്പോള്‍ ഹബീബ് എഴുന്നേറ്റ് നിന്ന് പറഞ്ഞു. 'സര്‍, ആരാണ് ഈ പെലെ. അയാള്‍ ദൈവമൊന്നുമല്ലല്ലോ. മനുഷ്യനാണ്. മറ്റ് കളിക്കാരെ നേരിട്ട പോലെ അയാളെയും നേരിടും. പിന്നെ ഹബീബ് പെലെയ്ക്കൊപ്പം ഫോട്ടോ എടുക്കാന്‍ മത്സരിച്ച കളിക്കാര്‍ക്ക് നേരെ തിരിഞ്ഞു. 'ദയവു ചെയ്ത് നിങ്ങള്‍ കളിയില്‍ ശ്രദ്ധിക്കൂ. പെലെ ഒരു മഹാനായ കളിക്കാരനാണ്. പക്ഷേ, അയാളും നമ്മളെ പോലെ കളിക്കുന്ന ആളാണ്. നമുക്കെതിരേ കളിക്കാനാണ് വന്നിരിക്കുന്നത്.'
പെലെക്കെതിരേയാണ് ഹബീബിന്റെ ഗോള്‍ എന്ന് ഓര്‍ക്കണം. അതുണ്ടാക്കിയ ഒരു മാജിക്ക് ചെറുതായിരുന്നില്ല. അധികം കഴിഞ്ഞില്ല. ഗ്യാലറിയെ ആവേശക്കടലാക്കി ഒന്നാം പകുതിയില്‍ തന്നെ കോസ്മോസിന്റെ വല കുലുങ്ങി. പെലെയെ ഞെട്ടിച്ചകൊണ്ടു തന്നെ. ഹബീബിന്റെ തന്നെ പാസില്‍ നിന്ന് ഗൂര്‍ഖ ശ്യാം ഥാപ്പയുടെ വകയായിരുന്നു ഗോള്‍. പിന്നീട് അഞ്ച് സബസ്റ്റിറ്റിയൂഷന്‍ വരുത്തി ബഗാന്‍ ഡിഫന്‍സീവ് ഗെയിമിലേയ്ക്ക് മാറി. പെലെ കൂടി കരയ്ക്കു കയറിയതോടെ ഈ പ്രതിരോധപ്പൂട്ട് പൊളിക്കാന്‍ കോസ്മോസ് നന്നായി വിയര്‍ത്തു. ഗ്രൗണ്ടില്‍ അവര്‍ ശരിക്കും വിറച്ചു. ഒരുവേള ബഗാന്‍ വിജയിക്കുമെന്ന അവസ്ഥ പോലും വന്നു. അങ്ങനെയിരിക്കെ എഴുപതാം മിനിറ്റില്‍ സുധീര്‍ കര്‍മാകര്‍ നടത്തിയ ഒരു സൈഡ് ടാക്ലിങ്ങാണ് കഥ മാറ്റിയത്. കോസ്മോസിന് ഒരു പെനാല്‍റ്റി. കിക്കെടുത്ത ചിനാഗ്ലിക്ക് പിഴച്ചതുമില്ല. ബഗാന്റെ സന്തോഷം കെടുത്തിക്കൊണ്ട് കോസ്മോസ് ഒപ്പമെത്തി. പിന്നീടുള്ള ഇരുപത് മിനിറ്റ് ഈ സമനില പൊളിയാതെ കാത്ത ബഗാന്‍ ഒരു വലിയ ചരിത്രമാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ കുറിച്ചത്. ഇന്ത്യന്‍ ഫുട്ബോളിന് സമ്മാനിച്ചത്. കൊല്‍ക്കത്ത സമ്മാനിച്ച നിമിഷങ്ങള്‍ എന്നെന്നും ഹൃദയത്തിലുണ്ടാകുമെന്നാണ് മടങ്ങുമ്പോള്‍ പെലെ പറഞ്ഞത്. കൊല്‍ക്കത്തയില്‍ നിന്ന് മടങ്ങിയശേഷം ഒരു മാസം മാത്രമാണ് പെലെ കളിച്ചത്. തൊട്ടടുത്ത മാസം പഴയ ക്ലബ് സാന്റോസുമായി ഒരു സൗഹൃദമത്സരം കളിച്ച് മുഹമ്മദാലിയെയും ബോബി മൂറിനെയുമെല്ലാം സാക്ഷിയാക്കി എന്നേന്നേക്കുമായി ബൂട്ടഴിച്ചു.
പിന്നീട് പലരും വന്നുപോയെങ്കിലും ഇന്ത്യയില്‍ വന്നു കളിച്ച ഏറ്റവും വലിയ താരം പെലെ തന്നെയാണ്. അന്നത് സാധ്യമാക്കിയത് ഒരൊറ്റൊയാളുടെ നിശ്ചയദാര്‍ഢ്യമാണ്. ബഗാന്റെ അന്നത്തെ അധ്യക്ഷന്‍ ധീരന്‍ ഡേയുടെ. കരിയറിന്റെ അവസാനകാലത്തായിരുന്നെങ്കിലും പെലെയെ കൊണ്ടുവരിക അത്ര എളുപ്പമായിരുന്നില്ല. നാലു കോടി രൂപയാണ് പെലെ പ്രതിഫലമായി ആവശ്യപ്പെട്ടത്. ഒടുവില്‍ ഡേ കോസ്മോസിനെയും പെലെയുടെ ഏജന്റിനെയുമൊക്കെ സമീപിച്ചു. ഗാന്ധിജിയുടെ നാട് സന്ദര്‍ശിക്കുന്നതിന്റെ രാഷ്ട്രീയ പ്രാധാന്യവും ഇന്ത്യയില്‍ ജനങ്ങള്‍ക്കുള്ള ആരാധനയെക്കുറിച്ചുമെല്ലാം പറഞ്ഞ് അവരെ ബോധ്യപ്പെടുത്തി. ഒടുവില്‍ പെലെ നേരിട്ട് ഇടപെട്ടാണ് ഏഷ്യാ പര്യടനത്തില്‍ അവര്‍ കൊല്‍ക്കത്തയെ കൂടി ഉള്‍പ്പെടുത്തിയത്.
എന്നാല്‍, ഡേ ഇത്രയും വലിയ റിസ്‌ക്കെടുത്തതിന് പിന്നില്‍ ഒരു അരമനരഹസ്യമുണ്ട്. അധികമൊന്നും അറിയാത്തൊരു കഥ. സത്യത്തില്‍ ബഗാനിലെ ആഭ്യന്തരപ്രശ്നങ്ങളാണ് ഇങ്ങനെയൊരു കടുങ്കൈയ്ക്ക് ഡേയെ പ്രേരിപ്പിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ഐ.എഫ്.എ. ഷീല്‍ഡ് ഫൈനലില്‍ ബദ്ധവൈരികളായ ഈസ്റ്റ് ബംഗാളിനോടേറ്റ 5-0ന്റെ തോല്‍വിയുടെ ഞെട്ടല്‍ വിട്ടൊഴിയാത്ത കാലമായിരുന്നു അത്. കൊല്‍ക്കത്തയിലും ദേശീയ തലത്തിലും ടീം തുടര്‍ച്ചയായി ഈസ്റ്റ്ബംഗാളിന് പിറകേ പോകുന്നു. പ്രതാപം തിരിച്ചുപിടിക്കാന്‍ ടീമിന് മേല്‍ സമ്മര്‍ദം കൂടിക്കൂടി വന്നുകൊണ്ടിരുന്നു. അങ്ങനെയാണ് ആദ്യം സുഭാഷ് ഭൗമിക്കിനെയും ശ്യാം ഥാപ്പയെയും അക്ബറിനെയും സുധീര്‍ കര്‍മാകറെയും ഗൗതം സര്‍ക്കാരിനെയും ഈസ്റ്റ് ബംഗാളില്‍ നിന്ന് റാഞ്ചിയത്. പിറ്റേ വര്‍ഷം ഈസ്റ്റ്ബംഗാളിന്റെ അപരാജിത കുതിപ്പ് തടഞ്ഞ് കൊല്‍ക്കത്ത ലീഗ് ചാമ്പ്യന്മാരുമായി. പക്ഷേ, ഈ കുതിപ്പ് തുടരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഫെഡറേഷന്‍ കപ്പ് ഫൈലില്‍ ഐ.ടി.ഐ.യോട് തോറ്റു. മിഹിര്‍ ബോസിന്റെയും സമരേഷ് ചൗധരിയുടെയും ബലത്തില്‍ ഈസ്റ്റ്ബംഗാള്‍ തിരിച്ചടിച്ചു. ബഗാന്റെ ആരാധകര്‍ വീണ്ടും നിരാശയിലായി. രോഷാകുലരായ ആരാധകര്‍ ടീമിന്റെ ക്യാമ്പ് ആക്രമിക്കുക വരെ ചെയ്തു. തങ്ങളും കുടുംബാംഗങ്ങളും ആരാധകരുടെ ഭീഷണി നേരിടുന്നുണ്ടെന്ന് പറഞ്ഞ് കളിക്കാര്‍ ഡേയെ ചെന്നു കണ്ട് അഭയം തേടി. ക്ലബും ഡേയും ഒരുപോലെ പ്രതിസന്ധിയിലായി. അങ്ങനെ ധര്‍മസങ്കടത്തിലായ കാലത്താണ് കോസ്മോസ് ഏഷ്യയില്‍ പര്യടനം നടത്തുന്ന കാര്യമറിഞ്ഞത്. ഡേ സമയം പാഴാക്കിയില്ല, അന്നത്തെ ഐ.എഫ്.എ സെക്രട്ടറി അശോക് ഘോഷിന്റെ സഹായത്തോടെ കരുക്കള്‍ നീക്കി. ആ സ്വപ്നം യാഥാര്‍ഥ്യമാവുകയും ചെയ്തു.
പെലെയുടെ വരവ് ബഗാന് മൃതസഞ്ജീവനിയായി. പെലെ സാന്റോസിനെതിരേ തന്റെ അവസാന മത്സരം കളിച്ചതിന് തൊട്ടുപിറകേ ബഗാന്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഐ.എഫ്.എ. ഷീല്‍ഡ് സ്വന്തമാക്കി. അതും ശ്യാം ഥാപ്പയുടെ ഗോളില്‍. ഒരു മാസത്തിനുള്ളില്‍ ഇതേ ഈസ്റ്റ് ബംഗാളിനെ തന്നെ തോല്‍പിച്ച് റോവേഴ്സ് കപ്പും തുടര്‍ന്ന് ഡ്യൂറണ്ട് കപ്പും സ്വന്തമാക്കി ബഗാന്‍. അതും ഥാപ്പയുടെ ഗോളില്‍ തന്നെ. ഇന്നും നൂറ്റാണ്ട് തികച്ച ബഗാന്റെ ചരിത്രത്തില്‍ സ്വന്തമാക്കിയ കപ്പുകളേക്കാള്‍ വില പിടിച്ച ഒരു സ്മരണയാണ് പൊരുതി നേടിയ ഈ സമനില.
Content Highlights: pele. muhammed habib footballer, mohun bagan habib, muhammed habib mohun bagan, sports
Published: 30 Dec 2022, 12:43 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented