കായികതാരം എന്ന നിലയ്ക്ക് പെലെയെ മറ്റുള്ള താരങ്ങളില്‍നിന്ന് വേറിട്ടുനിര്‍ത്തുന്ന കാര്യമെന്താണ്? അദ്ദേഹത്തിന്റെ വിജയങ്ങളും പ്രതിഭയുമാണോ? തീര്‍ച്ചയായും വിജയങ്ങളുടെ കണക്കെടുത്താലും പ്രതിഭയുടെ ആഴമറിഞ്ഞാലും അദ്ദേഹം വളരെ മുകളില്‍ത്തന്നെയാണ്. പക്ഷേ, അവിടെ ആ താരനഭസ്സില്‍ പെലെ ഒറ്റയ്ക്കല്ല, വേറെ കുറച്ചു പേര്‍ കൂടിയുണ്ട്. ഉദാഹരണത്തിന് ബാഡ്മിന്റണിലെ ലിന്‍ ഡാന്‍, ബോക്‌സിങ്ങില്‍ റോക്കി മാഴ്‌സ്യാനോയും മുഹമ്മദ് അലിയും, പോള്‍ വോള്‍ട്ടില്‍ സെര്‍ജി ബൂബ്ക, അത്‌ലറ്റിക്‌സില്‍ ഉസൈന്‍ ബോള്‍ട്ട്, ചെസില്‍ ബോബി ഫിഷര്‍... ഇനി ഫുട്‌ബോള്‍ മാത്രമെടുത്താലും പെലെയ്ക്ക് സമശീര്‍ഷരായി കുറച്ച് പേരെങ്കിലും ഉണ്ടെന്ന് ഫുട്‌ബോളിന്റെ ചരിത്രം അറിയാവുന്നവര്‍ വാദിച്ചേക്കാം. അവരുടെ വാദങ്ങള്‍ പൂര്‍ണ്ണമായി തെറ്റെന്ന് പറഞ്ഞ് തള്ളിക്കളയാനും കഴിയില്ല.

To advertise here,

ഉദാഹരണത്തിന് പെലെയുടെ കാലത്തുതന്നെ യൂസേബിയോ എന്ന ആഫ്രിക്കന്‍ വംശജനായ പോര്‍ച്ചുഗല്‍ താരം പെലെയോട് കിടപിടിക്കാന്‍ കഴിവുള്ള കളിക്കാരനായിരുന്നു. ഡിസ്റ്റിഫാനോയെക്കുറിച്ചും ഇങ്ങനെ പറയാം. ലെവ് യാഷിന്‍ എന്ന ഗോള്‍കീപ്പറാണോ പെലെയാണോ മുകളില്‍ എന്ന ചോദ്യം ചോദിച്ചാല്‍ ഉത്തരം പറയാന്‍ കുഴങ്ങും. പെലെയ്ക്ക് ശേഷം വരുന്നു മാറഡോണ. വ്യക്തി പ്രതിഭയില്‍ മാറഡോണ പെലെയെയും അതിശയിച്ചിരുന്നില്ലേ? ഗോളടിക്കാനുള്ള കഴിവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെസ്സി എന്നിവര്‍ പെലെയേക്കാള്‍ ഒട്ടും പിറകിലല്ല. പക്ഷേ, എന്തോ ചില പ്രത്യേകതകള്‍ പെലെയെ ജനപ്രിയനാക്കുന്നു. ഫുട്‌ബോളിന്റെയും മാനുഷികമൂല്യങ്ങളുടെയും പ്രതിപുരുഷനായി ലോകത്തോട് സംസാരിക്കാന്‍ കഴിവുള്ള കായിക താരങ്ങളില്‍ ഒന്നാമനായി അദ്ദേഹം നിലകൊള്ളുന്നു. ഇക്കാര്യം നന്നായി അറിയാവുന്നത് ഐക്യരാഷ്ടസഭയ്ക്കാണ്. അവര്‍ ഗുഡ്‌വില്‍ അംബാസിഡര്‍ എന്ന നിലയിലും മറ്റ് പല അവസരങ്ങളിലും പെലെയുടെ സേവനം ഏറെക്കാലം സ്വീകരിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുമായി പെലെയ്ക്ക് ആഴത്തിലും ദീര്‍ഘവുമായ ബന്ധമുണ്ട്. എന്തുകൊണ്ട് ഐക്യരാഷ്ട്രസഭ പെലെയെ ദീര്‍ഘകാലം കൂടെനിര്‍ത്തി എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോളാണ് മനുഷ്യരാശിയുടെ അംബാസിഡര്‍ എന്ന നിലയില്‍ പെലെയ്ക്ക് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന സവിശേഷ വ്യക്തിത്വം നമുക്ക് മനസ്സിലാവുക.

ഫുട്‌ബോളിനുവേണ്ടിയും കായികരംഗത്തിന് വേണ്ടിയും മാനുഷികമൂല്യങ്ങള്‍ക്ക് വേണ്ടിയും ലോകത്തോട് സംസാരിക്കാന്‍ അങ്ങേയറ്റം ജനസ്വീകാര്യതയുള്ള വ്യക്തിക്കേ കഴിയൂ. പെലെയ്ക്ക് ആ ജനസ്വീകാര്യത ഉണ്ടാവാന്‍ ഒന്നല്ല പല കാരണങ്ങള്‍ ഉണ്ട്. വാസ്തവത്തില്‍ ആ കാരണങ്ങള്‍ എല്ലാം ഒരുമിച്ച് ചേരുമ്പോളാണ് പെലെ ലോകത്തിന്റെ അംബാസിഡറായി ഒറ്റയ്ക്ക് നിലകൊള്ളുന്നത്. പെലെയെ അദ്വിതീയനാക്കുന്ന ആ മഹിമകള്‍ എന്തെന്ന് എണ്ണമിട്ടു തന്നെ ഓര്‍ത്തുനോക്കാം. 

പ്രതിഭയും  വിജയങ്ങളും

ഏറ്റവും പ്രധാനപ്പെട്ട കാര്യം പെലെയില്‍  വ്യക്തിപ്രതിഭയും വിജയങ്ങളും ഒത്തുചേരുന്നു എന്നതാണ്. മൂന്ന് ലോകകപ്പ് വിജയങ്ങള്‍ (1958, 1962, 1970). അത് മറ്റൊരു ഫുട്‌ബോളര്‍ക്കും അവകാശപ്പെടാന്‍ കഴിയില്ല. ബ്രസീലിന്റെ ഈ വിജയങ്ങളില്‍ പെലെ പ്രതിഭയോടെ കളിച്ചും ഗോളടിച്ചും മുന്നില്‍ത്തന്നെ ഉണ്ടായിരുന്നു. 1958-ല്‍ ലോകകപ്പ് നേടിയ പെലെയുടെ ബ്രസീല്‍ 1962 ല്‍ കപ്പ് നിലനിര്‍ത്തി. അതിന് ശേഷം ആറ് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. പിന്നീട് ഒരു ടീമിനും ലോകകപ്പ് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ആയിരത്തിലേറെ ഗോളുകള്‍, ദീര്‍ഘകാലം അപരാജിതരായി ബ്രസീലിന്റെ കുതിപ്പ്. ഈ രണ്ട് കാര്യങ്ങളും ഒരുമിച്ച് വരുമ്പോളാണ് മറ്റ് പല താരങ്ങളും പെലെയ്ക്ക് പിറകിലായി പോവുന്നത്. ഉദാഹരണത്തിന് യുസേബിയോയും ഡിസ്റ്റിഫാനോയും ഫെറങ്ക് പുഷ്‌കാസും പ്രതിഭാശാലികളായിരുന്നെങ്കിലും അവരുടെ ടീമുകള്‍ക്ക് ലോകകപ്പ് നേടാന്‍ കഴിഞ്ഞില്ല. അസാമാന്യ പ്രതിഭാശാലിയും സുന്ദരനുമായ യോഹാന്‍ ക്രൈഫിനെ ലോകം ഓര്‍ക്കുന്നത് ഏറ്റവും വിജയത്തിരമാലകള്‍ക്ക് ഒടുവില്‍ പരാജയപ്പെടുകയും സ്വയം അസ്തമനത്തിലേക്ക് നടന്നകലുകയും ചെയ്ത ട്രാജിക് ഹീറോ ആയിട്ടാണ്. തങ്ങളുടെ തട്ടകങ്ങളില്‍ അഗ്രഗണ്യരായ ലെവ് യാഷിനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസ്സിയും പെലെയ്ക്ക് പിറകിലായിപ്പോകുന്നത് അവര്‍ക്ക് ലോകകപ്പ് വിജയം കാണിക്കാനില്ല എന്നതുകൊണ്ടുതന്നെയാണ്.

ലോകം അറിയുന്ന മാധ്യമമുഖം

ഒരാള്‍ക്ക് മനുഷ്യരാശിയുടെ അമ്പാസിഡറാവാന്‍ വേണ്ടുന്ന മറ്റൊരു ഗുണം ആ വ്യക്തിയുടെ മുഖം ലോകത്തിലെ ഓരോ മുക്കിലും മൂലയിലും സുപരിചിതമാവണം എന്നതാണ്. മാധ്യമങ്ങളിലൂടെയേ ആ പരിചയം സാദ്ധ്യമാകൂ. ഇക്കാര്യത്തില്‍ ഫുട്‌ബോള്‍ താരത്തിന് മറ്റ് പല താരങ്ങളേക്കാള്‍ മുന്‍തൂക്കമുണ്ട്. ഫുട്‌ബോളിനെപ്പോലെ സാര്‍വ്വലൗകികമായ മറ്റൊരു കളി വേറെയില്ല. സ്വാഭാവികമായും ആദ്യം പറഞ്ഞ കാര്യത്തില്‍ (പ്രതിഭയും വിജയങ്ങളും) പെലെയ്ക്ക് തുല്യരായ ചില കായിക താരങ്ങള്‍ ഫുട്‌ബോളിന് പുറത്തുണ്ട്. പക്ഷേ, അവര്‍ക്ക് മുകളില്‍ പെലെ വിരാജിക്കുന്നത് ഫുട്‌ബോളിന്റെ ജനസ്വീകാര്യതകൊണ്ടു തന്നെയാണ്. ക്രിക്കറ്റിലെ ഡോണ്‍ ബ്രാഡ്മാന്‍ വിജയങ്ങളുടെ കാര്യത്തിലും വ്യക്തി പ്രതിഭയുടെ കാര്യത്തിലും പെലെയ്ക്ക് തുല്യനാണ്. പക്ഷേ, ഇംഗ്ലീഷ് കൊളോണിയലിസം നിലനിന്ന എട്ടു പത്ത് രാജ്യങ്ങളിലേ ബ്രാഡ്മാന്‍ എന്ന താരത്തിന് കാഴ്ചക്കാരുള്ളൂ. എന്നാല്‍ ഫുട്‌ബോള്‍ ലോകം മുഴുവനുമുണ്ട്, അതിനാല്‍ പെലെയെ ലോകം മുഴുവന്‍ കാണുന്നു.

ചില സ്‌പോര്‍ട്‌സ് ഇനങ്ങള്‍ ലോകത്തെ എല്ലാ രാജ്യങ്ങളിലും ഉണ്ട്. ആ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ പ്രതിഭയും വിജയങ്ങളും സമ്മേളിച്ച വലിയ താരങ്ങളുമുണ്ട്. പക്ഷേ, ഫുട്‌ബോളിനുള്ള ജനപ്രീതി ആ സ്‌പോര്‍ട്‌സ് ഇനങ്ങള്‍ക്കില്ല. അത്തരം കളികളിലെ താരങ്ങളും മാധ്യമ ചിത്രങ്ങളിലൂടെ ജനങ്ങളില്‍ നിറയുന്ന കാര്യത്തില്‍ പെലെയ്ക്ക് താഴെയായിപ്പോകുന്നു. ചെസില്‍ ബോബി ഫിഷര്‍, ബോക്‌സിങ്ങില്‍ മുഹമ്മദ് അലി, ബാഡ്മിന്റണില്‍ ലിന്‍ ഡാന്‍ എന്നിവര്‍ ഉദാഹരണം. ഫുട്‌ബോളില്‍ത്തന്നെ ബെക്കന്‍ ബോവര്‍ക്ക് കഴിവുകൊണ്ടും വിജയങ്ങള്‍ കൊണ്ടും പെലെയ്ക്ക് സമശീര്‍ഷനായി നില്‍ക്കാന്‍ കഴിഞ്ഞേക്കും. ആദ്യം ക്യാപ്റ്റനെന്ന നിലയിലും പിന്നീട് പരിശീലകന്‍ എന്ന നിലയിലും അദ്ദേഹം ലോകകപ്പ് ജര്‍മനിയില്‍ എത്തിച്ചു. പ്രതിരോധ നിരയില്‍ നിന്ന് ടീമിനെ നയിച്ച ബെക്കന്‍ ബോവര്‍ എന്ന മിലിറ്ററി ജനറലും മുന്നില്‍ നിന്ന് ആക്രമിച്ച് കയറിയ പെലെയും രണ്ട് തരത്തില്‍ തുല്യ പ്രതിഭാശാലികളായിരുന്നു. പക്ഷേ, മാധ്യമങ്ങള്‍ കൂടുതല്‍ കാണുകയും ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുകയും  ചെയ്യുക മുന്നില്‍ നിന്ന് ഗോളടിക്കുന്ന കളിക്കാരനെയാണ്. സ്വാഭാവികമായും ബെക്കന്‍ ബോവറുടെ കേളീമഹിമ ഫുട്‌ബോള്‍ പണ്ഡിതരില്‍ ഒതുങ്ങിപ്പോയി. എന്നാല്‍ പെലെ അക്കാര്യത്തില്‍ മാധ്യമങ്ങളുടെയും അതുവഴി ജനങ്ങളുടെയും കണ്ണിലുണ്ണിയായി.

ഭാവാത്മകമുഖം

ലോകത്തിന്റെ പ്രതിപുരുഷനായിമാറാന്‍ ഒരുങ്ങുന്ന കായികതാരത്തില്‍നിന്ന് ലോക ജനത പ്രതീക്ഷിക്കുന്നത് അകളങ്കിതവും ഭാവാത്മകവുമായ വ്യക്തിത്വമാണ്. സൗമ്യനും സര്‍വാരാധ്യനുമായ പെലെയുടെ വ്യക്തിത്വം അങ്ങേയറ്റം  ഭാവാത്മകമായിരുന്നു. ഫുട്‌ബോളിന് പുറത്ത് വലിയ ലോക വിജയങ്ങള്‍ നേടിയ രണ്ട് അതിപ്രതിഭാശാലികള്‍  ചെസില്‍ ബോബി ഫിഷറും ബോക്‌സിങ്ങില്‍ മുഹമ്മദ് അലിയും  ഫുട്‌ബോളല്ല കളിച്ചത്, ഫുട്‌ബോളിനോളം ജനപ്രീതിയില്ലാത്ത സ്‌പോര്‍ട്‌സ് രംഗങ്ങളിലായിരുന്നു എന്ന് പറഞ്ഞല്ലോ. എന്നിട്ടും ഫിഷറും മുഹമ്മദ് അലിയും തങ്ങളുടെ ധീരമായ നിലപാടുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും  പെലെയ്ക്ക് തുല്യമായ മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. അപരാജിതമെന്ന് കരുതപ്പെട്ട സോവിയറ്റ് ചെസ് സാമ്രാജ്യത്തെ ഒറ്റയ്ക്ക് തകര്‍ത്തു തവിടുപൊടിയാക്കി ബോബി ഫിഷര്‍ (1972). അതും അമേരിക്കയും സോവിയറ്റ് യൂനിയനും തമ്മില്‍ ശീതസമരം രൂക്ഷമായ കാലത്ത്. അക്കാലത്ത് അമേരിക്കന്‍ ഭരണകൂടത്തിന് സാധിക്കാതിരുന്ന കാര്യമാണ് ഫിഷര്‍ എന്ന ഒറ്റയാന് സാധിച്ചത്. പില്‍ക്കാലത്ത് അതേ ബോബി ഫിഷര്‍, ഐക്യരാഷ്ട്രസഭയുടെ വിലക്കുകളെയും സ്വന്തം രാജ്യമായ അമേരിക്കയുടെ യുദ്ധതാല്‍പ്പര്യങ്ങളെയും പരസ്യശാസനകളെയും വെല്ലുവിളിച്ച് യുഗോസ്ലാവിയയിലെ ബല്‍ഗ്രേഡില്‍ വെച്ച് സ്പാസ്‌കിയുമായി ചെസ് കളിക്കുകയും (1992) രാജ്യഭ്രഷ്ടനാവുകയും ചെയ്തു. അങ്ങിനെ ഒരു സാധാരണ ലോകചെസ് ചാമ്പ്യന് കിട്ടുന്നതിന്റെ എത്രയോ മടങ്ങ് ജനശ്രദ്ധ ഫിഷര്‍ക്ക് ലഭിച്ചു. അതുപോലെ തന്റെ ധീരമായ രാഷ്ട്രീയ നിലപാടു കൊണ്ട് മുഹമ്മദ് അലിയും ബോക്‌സിങ് റിങ്ങിനും അപ്പുറത്ത് പ്രശസ്തനായി. അമേരിക്കയുടെ വിയറ്റ്‌നാം ആക്രമണത്തെ പരസ്യമായി എതിര്‍ത്തതിന്റെ പേരില്‍ അദ്ദേഹത്തിന് സ്വന്തം ബോക്‌സിങ് കിരീടം വരെ ഉപേക്ഷിക്കേണ്ടി വന്നു. ജീവിതം മുഴുവന്‍ കറുത്ത വര്‍ഗ്ഗക്കാരന്റെ മോചനത്തിനായി നിലകൊണ്ട അലിയെ രാഷ്ട്രീയ ചരിത്രത്തില്‍ പ്രസക്തനാക്കിയത് ഈ നിലപാടുകളായിരുന്നു. 

അപ്പോള്‍ പ്രശസ്തി, വിജയങ്ങള്‍, വ്യക്തി പ്രതിഭ എന്നീ കാര്യങ്ങളില്‍ പെലെയുടെ സമശീര്‍ഷരായിട്ടും പെലെ തന്നെ ലോക ജനതയുടെ അമ്പാസിഡറായി തെരഞ്ഞെടുക്കപ്പെടുന്നത്. കാരണം ലോകത്തെ സര്‍വരോടും സംസാരിക്കാന്‍ തക്ക സൗമ്യമായ വ്യക്തിത്വം ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്ന, പലപ്പോളും വഴക്കാളിയായി മാറിയ ഫിഷര്‍ക്കും വായാടിയായ അലിക്കും ഉണ്ടായിരുന്നില്ല.

ഒരാളെക്കുറിച്ചുള്ള പരാമര്‍ശം അവസാനത്തേക്ക് വെച്ചു. സാക്ഷാല്‍ ഡീഗോ മാറഡോണയെക്കുറിച്ച്. മൂന്ന് തവണ ലോകകപ്പ് നേടിയ ബ്രസീലിന്റെ പെലെയെക്കാള്‍ ഒരല്‍പ്പം താഴെയായിരിക്കാം ഒരു കിരീടവും ഒരു റണ്ണറപ്പും നേടിയ മാറഡോണയുടെ നേട്ടം. എന്നാല്‍ വ്യക്തിപ്രതിഭയുടെ കാര്യത്തില്‍ മാറഡോണ പെലെയെയും അതിശയിക്കുന്നു. ഇരുവരും ഫുട്‌ബോള്‍ താരങ്ങളായതിനാലും ഗോളടിക്കുന്ന ഫോര്‍വേഡുകളായതിനാലും മാദ്ധ്യമശ്രദ്ധയിലും ജനപ്രിയതയിലും തുല്യര്‍. ഒരു പക്ഷേ, ഇലക്ട്രോണിക് മാധ്യമങ്ങളിലെ പ്രശസ്തി മാറഡോണക്കേ കിട്ടിയിട്ടുള്ളൂ എന്നും പറയേണ്ടി വരും. കാരണം പെലെയുടെ കാലത്ത് പാശ്ചാത്യ ദേശത്തു പോലും ടെലിവിഷന്‍ വിപഌവം തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. മാറഡോണ ടെലിവിഷനിലും വലിയൊരളവോളം ഇന്റര്‍നെറ്റിലും നിറഞ്ഞു നിന്നു. പക്ഷേ, പ്രതിപുരുഷന് വേണ്ടുന്ന കളങ്കരഹിതമായ വ്യക്തിത്വം ഉണ്ടാക്കുന്നതില്‍ മാറഡോണ പരാജയമായിരുന്നു.  മദ്യപാനവും കൊക്കെയ്ന്‍ പോലുള്ള മയക്കു മരുന്നുകളുടെ ദുരുപയോഗവും മൈതാനത്ത് സഹകളിക്കാരുമായുള്ള ശണ്ഠകളും അദ്ദേഹത്തിന്റെ ഇമേജിന് ദോഷംചെയ്തു. രാഷ്ട്രീയ നിലപാടിന്റെ കാര്യത്തില്‍ അലിയും  മാറഡോണയും ഒരു പോലെയാണെന്ന് തോന്നാം. ഇരുവരും അതത് കാലത്തെ അമേരിക്കന്‍ ഭരണകൂടങ്ങളെ എതിര്‍ക്കുകയും അമേരിക്കന്‍ വിരുദ്ധ നിലപാടുകളെ പിന്തുണയ്ക്കുകയും ചെയ്തു. പക്ഷേ,  അലിയുടേതു പോലെ പ്രതിജ്ഞാബദ്ധതയുള്ള രാഷ്ട്രീയ നിലപാടൊന്നും മാറഡോണയില്‍ കാണാന്‍ കഴിയില്ല. ശബ്ദായമാനമായ മാധ്യമപ്രസ്താവനകളായിരുന്നു മാറഡോണയില്‍ കാണാവുന്നത്.

ആരെയും ശത്രുവാക്കാത്ത സൗമ്യനായ പെലെ ഭരണകൂടങ്ങള്‍ക്ക് പ്രിയപ്പെട്ടവനായി മാത്രം ജീവിച്ചില്ലേ എന്നൊരു എതിര്‍ ചോദ്യം ദോഷൈകദൃക്കുകള്‍ക്ക് വേണമെങ്കില്‍ ചോദിക്കാം. പക്ഷേ, അതിന് കൃത്യമായ മറുപടിയുണ്ട്. ആഴമേറിയതും എന്നാല്‍ നിശ്ശബ്ദവുമായ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയായിരുന്നു പെലെയുടെ ജീവിതവും. ദരിദ്രമായ തന്റെ ജീവിതത്തില്‍ നിന്ന് പഠിച്ച ഫുട്‌ബോളിനെ ഒരു ജനതയുടെ വിജയപ്രതീകമാക്കുകയായിരുന്നു പെലെ. യൂറോപ്പിന്റെ ഫുട്‌ബോള്‍ ശൈലിയെ വെല്ലുവിളിക്കാന്‍ പോന്ന ഫുട്‌ബോള്‍ ശൈലി വികസിപ്പിച്ചെടുത്ത് തന്റെ ജനതയെ കിരീടമണിയിച്ച സംഭവം മൂന്നാം ലോക രാജ്യങ്ങള്‍ക്കു മുഴുവന്‍ പ്രചോദനമായി. ഇതൊക്കെ ചെയ്യുമ്പോളും അദ്ദേഹം എല്ലാ ജനതകളോടും സൗഹൃദം പുലര്‍ത്തുകയും ചെയ്തു. അപ്പോള്‍ ലോകജനത ഒന്നടങ്കം പറഞ്ഞിരിക്കും പ്രതിപുരുഷന്റെ പേര് പെലെ എന്ന്.