മഹായുദ്ധത്തിന്റെ കെടുതികള്‍ക്കുശേഷം പുരുഷാന്തരങ്ങളില്‍ ഫുട്ബോളിന്റെ സ്‌തോഭംനിറഞ്ഞ സൗന്ദര്യം പെലെയുടെ പാദങ്ങളിലാണ് വിന്യസിക്കപ്പെട്ടത്. ട്രെസ് കൊറാക്കോസിലെ റൂബന്‍സ് അരൂബ തെരുവില്‍നിന്ന് എല്ലാ വന്‍കരകളിലേക്കും കാല്‍പ്പന്തുകളിയുടെ പാലം നിര്‍മിച്ചത് പെലെയായിരുന്നു.

To advertise here,

വെടിമരുന്നിന്റെ ഗന്ധവും ഭീതിയും നിറഞ്ഞുനിന്ന നാളുകളില്‍ ഫുട്ബോളിനെ പ്രാണനെപ്പോലെ സ്‌നേഹിച്ച ഒരു കറുത്ത ബ്രസീലിയന്റെ മകനായിപ്പിറന്ന എഡ്സണ്‍ അരാന്റസ് ദോ നാസിമെന്റോ, അമ്മ ഉപേക്ഷിച്ച സോക്‌സുകളില്‍ പഴന്തുണിനിറച്ചാണ് അരൂബ തെരുവില്‍ കളിച്ചുകൊണ്ടിരുന്നത്. ഇരുണ്ടചര്‍മത്തിന്റെ ഭാഗധേയങ്ങളും ആളിപ്പടരുന്ന വിശപ്പും ആ ബാലന്റെ സഹയാത്രികരായിരുന്നു. കറുത്ത കുറുമ്പന്‍ എന്നര്‍ഥംവരുന്ന മോളക് എന്ന പദംകൊണ്ടാണ് നാട്ടുകാര്‍ അവനെ അഭിസംബോധനചെയ്തത്.

കറുപ്പിന്റെ അവമതിപ്പുകളും നിസ്സഹായതയും ഉള്ളില്‍ കാട്ടുതീപോലെ എരിയുമ്പോഴും ഫുട്ബോളിന്റെ സമസ്തസൗന്ദര്യങ്ങളും പെലെ പതിതരുടെ മുന്നിലെത്തിച്ചു. കറുത്തവരുടെ ലോകം പെലെയില്‍ പരാജിതനായ ഒരു പോരാളിയെ കണ്ടെത്തി. അവരുടെ സ്വപ്നങ്ങളിലേക്ക് പെലെ പന്തുമായി കയറിവന്നു. പന്തിന്റെ അനുരാഗലോലമായ രാസവിദ്യകള്‍ മുഴുവനും അവര്‍ പെലെയുടെ ബൂട്ടുകളില്‍ കണ്ടെത്തി. 1960-കളില്‍ ബ്രസീല്‍ കൊണ്ടുവന്ന ജോഗോ ബോണീറ്റയുടെ (ബ്യൂട്ടിഫുള്‍ ഫുട്ബോള്‍) അവതാരകനും മറ്റാരുമായിരുന്നില്ല. പെലെ ആത്മകഥയില്‍ എഴുതി: ''ദാരിദ്ര്യം മനസ്സിനെ മരവിപ്പിക്കും. അത് ആത്മാഭിമാനം ചോര്‍ത്തിക്കളയും. അത് മറക്കാന്‍ ഞങ്ങള്‍ തെരുവുകളില്‍ പന്തുതട്ടിക്കളിച്ചു''. ആ പന്തുകൊണ്ട് പെലെ ഫുട്ബോളിന്റെ സൗന്ദര്യജാലം കാട്ടിക്കൊടുത്തു. ഇന്‍സ്റ്റഗ്രാമും ഫെയ്സ്ബുക്കും സ്മാര്‍ട്ട്ഫോണും ടെലിവിഷനുമില്ലാതിരുന്ന കാലം. വര്‍ണവെറിയുടെ അതിര്‍ത്തികള്‍ മുറിച്ചുകടന്ന് കറുത്തവന്റെ സ്വാഭിമാനത്തെ ഒരു പന്തിലൂടെ പെലെ അനേകഹൃദയങ്ങളിലെത്തിച്ചു.

പുല്‍മൈതാനങ്ങളില്‍ വന്‍ താരങ്ങള്‍ പിറക്കുകയും പൊലിയുകയും ചെയ്ത കാലങ്ങളിലെല്ലാം എല്ലാവരെയും അതിശയിക്കുന്ന മേഘരൂപനായി പെലെ നിലനിന്നതിന്റെ രഹസ്യം അദ്ദേഹത്തിന്റെ ഒടുങ്ങാത്ത ജീവിതപ്രണയമാണ്.

സമാധാനത്തിന്റെ അംബാസഡര്‍

കളിക്കളത്തിനുപുറത്ത് പെലെ സമാധാനത്തിന്റെ അംബാസഡറായിരുന്നു. 1969-ല്‍ നൈജീരിയയും ബയാഫ്രന്‍ തീവ്രവാദികളും ഏറ്റുമുട്ടുന്ന കാലത്താണ് പെലെയുടെ സാന്റോസ് ടീം ലാഗോസില്‍ വിമാനമിറങ്ങിയത്. ലാഗോസ് സിറ്റി സ്റ്റേഡിയത്തില്‍ പെലെയുടെ കളി കാണാന്‍വേണ്ടി മാത്രം ഇരുകൂട്ടരും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ബയാഫ്രന്‍ തീവ്രവാദികള്‍ കൈയടക്കിയ ലാം, ബെനിന്‍ തിരിച്ചുപിടിച്ച് കാണികള്‍ക്ക് കളിക്കാന്‍ തുറന്നുകൊടുത്തു. ആ മത്സരത്തില്‍ പെലെ രണ്ടു ഗോളുകള്‍ നേടി.

മൈതാനത്തിന് പുറത്തും പെലെ അമാന്യമായ ഒരങ്കത്തിനും പുറപ്പെട്ടില്ല. തന്റെ ജീവിതകാലത്ത് പെലെ കൂടുതല്‍ ദുഃഖിച്ചത് ഗാരിഞ്ചയുടെ ജീവിതാസക്തികളെച്ചൊല്ലിയായിരുന്നു. പെലെയും ഗാരിഞ്ചയും ഒരുമിച്ചു കളിച്ചപ്പോഴെല്ലാം ബ്രസീല്‍ ജയിച്ചുകയറിയിരുന്നു. സുന്ദരമായ ഫുട്ബോള്‍ പോലെ സുന്ദരമായിരിക്കണം ജീവിതമെന്ന് പെലെ ആത്മകഥയില്‍ കുറിച്ചു. ആ വാക്കുകളിലൂടെ ലോകം, ജീവിതാനുരാഗിയായ ഒരു മനുഷ്യനെ കണ്ടെത്തി: ''ബീഥോവന്‍ സംഗീതമുണ്ടാക്കാന്‍ ജനിച്ചതുപോലെ, മൈക്കലാഞ്ജലോ ചിത്രകാരനാകാന്‍ ജനിച്ചതുപോലെ, എളിയവനായ ഞാന്‍ ഫുട്ബോള്‍ കളിക്കാനാണ് പിറന്നത്.'' -പെലെ പറഞ്ഞു.

1363 മത്സരങ്ങളില്‍ 1279 ഗോള്‍ എന്ന പെലെയുടെ നേട്ടം മറ്റാരും മറികടന്നില്ല. പെലെ 1000 ഗോള്‍ നേടിയപ്പോള്‍ത്തന്നെ ലോകം അത് ആഘോഷിച്ചു. 1969 നവംബര്‍ 19-ന് പെലെ ഈ നേട്ടം സ്വന്തമാക്കുമ്പോള്‍ ബ്രസീലിയന്‍ പത്രങ്ങള്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയ വാര്‍ത്തയ്‌ക്കൊപ്പം രണ്ട് മെയ്ന്‍ സ്റ്റോറികളായാണ് ഇതു നല്‍കിയത്.

ഫുട്ബോളിലെ സുന്ദരരാഗങ്ങളായ ബൈസിക്കിള്‍ കിക്കും ഡ്രിബ്ലിങ്ങുമെല്ലാം ആ കാലുകള്‍ പ്രദര്‍ശിപ്പിച്ചു. യോഹാന്‍ ക്രെയ്ഫ്, ഡി സ്റ്റെഫാനോ, ഫെറങ്ക് പുഷ്‌കാസ്, ബെക്കന്‍ ബോവര്‍ എന്നിവര്‍ക്കൊന്നും പെലെയ്‌ക്കൊപ്പമെത്താനായില്ല. തന്റെ വ്യക്തിജീവിതത്തില്‍ പെലെ ഒട്ടേറെ ദുരന്തങ്ങളെ നേരിട്ടെങ്കിലും, പ്രിയപ്പെട്ട മകന്‍ മയക്കുമരുന്നു കേസിലും മറ്റും പെടുമ്പോള്‍ പെലെ തന്നെ അത് ലോകത്തോട് പറയുകയാണുണ്ടായത്. ലോകമെമ്പാടുമുള്ള കുട്ടികളുടെ യൂണിസെഫ് അംബാസഡയറായപ്പോള്‍പ്പോലും പെലെ തന്റെ ജീവിതത്തിലെ പോരായ്മകള്‍ തുറന്നുപറഞ്ഞു. ഐലാന്‍ കുര്‍ദി എന്ന കുട്ടിയുടെ മൃതദേഹം പുഴക്കരയില്‍ അടിഞ്ഞുകിടക്കുന്ന ദാരുണദൃശ്യം കണ്ടപ്പോള്‍ പെലെ ഒരൊറ്റ വാചകമേ പറഞ്ഞുള്ളൂ: ''അവനെ ലോകം കൊന്നതാണ്''.