
കാറ്റുനിറച്ചൊരു പന്തിന്റെ കൂടെ പെലെ എന്നൊരു പേരുകൂടി ചേര്‍ന്നാല്‍ ഇന്ത്യക്കാരന്റെ ഇഷ്ടം ചെറുപന്തില്‍നിന്ന് വലുതിലേക്കു കൂടുമാറും. ഫുട്ബോള്‍ മൈതാനത്ത് ഇന്ത്യ ഒരു ശക്തിയേ അല്ലാതിരുന്നിട്ടും ആ സ്നേഹം കണ്ടറിഞ്ഞാണ് പെലെ രണ്ടുവട്ടം ഇവിടെയെത്തിയത്. 82 വര്‍ഷത്തെ ജീവിതത്തിനിടെ 38 വര്‍ഷത്തെ ഇടവേളയിലായിരുന്നു ആ വരവുകള്‍.
ഒന്നാം പകുതി
1977-ലായിരുന്നു അത്. പെലെ ആദ്യമായി ഇന്ത്യയിലെത്തിയ വര്‍ഷം. അതും കാല്‍പ്പന്തിന്റെ ഇന്ത്യന്‍ മെക്കയായ കൊല്‍ക്കത്തയില്‍. കാഴ്ചക്കാരനായിട്ടായിരുന്നില്ല ആ വരവ്. പന്തു തട്ടാന്‍ തന്നെയായിരുന്നു. സൗഹൃദമത്സരത്തില്‍ വടക്കേ അമേരിക്കന്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ന്യൂയോര്‍ക്ക് കോസ്മോസിനു വേണ്ടി. ഇന്ത്യയിലെ പരമ്പരാഗത ഫുട്ബോള്‍ ശക്തികളായ മോഹന്‍ ബഗാനെതിരേ.
കോസ്മോസ് ഇന്ത്യയില്‍ പന്തുതട്ടാെനത്തുമോ എന്ന സംശയം നിലനിന്ന ഘട്ടത്തില്‍ പെലെതന്നെ ഇടപെട്ടാണ് ആ വരവ് സാധ്യമാക്കിയത്. തന്നെയും ഫുട്ബോളിനെയും സ്നേഹിക്കുന്ന ലക്ഷങ്ങള്‍ ഇവിടെയുണ്ടെന്നു തിരിച്ചറിഞ്ഞായിരുന്നു ആ ഇടപെടല്‍. പതിമൂവായിരത്തോളം കിലോമീറ്റര്‍ താണ്ടിയാണ് അന്ന് പെലെ ഇന്ത്യയില്‍ കളിക്കാനെത്തുന്നത്. സന്തോഷം മഴയിലൂടെ പെയ്തറിയിച്ചാണ് കൊല്‍ക്കത്ത പെലെയെ സ്വീകരിച്ചത്. വിമാനത്താവളം മുതലിങ്ങോട്ട് ആരാധകര്‍ വഴിക്കിരുവശവും തടിച്ചുകൂടിയിരുന്നു; പെലെയെ ഒരുനോക്കു കാണാന്‍. മത്സരദിവസം കൊല്‍ക്കത്തയിലെ സ്‌കൂളുകള്‍ക്കെല്ലാം അവധിയായിരുന്നു. ഈഡന്‍ഗാര്‍ഡന്‍സില്‍ നടന്ന ആ മത്സരം 80,000 പേര്‍ നേരിട്ടുകണ്ടു. മത്സരം 2-2 സമനിലയില്‍ അവസാനിച്ചു. ബഗാന്‍ കൂടുതല്‍ ജനപ്രിയമായി.
ഹാഫ് ടൈം
''ഒരിക്കല്‍ക്കൂടി ഇവിടേക്കു വരാന്‍ ഞാനിഷ്ടപ്പെടുന്നു. ഇന്ത്യ ഒരു പ്രത്യേക രാജ്യമാണ്. മുമ്പ് വന്നപ്പോള്‍ ഇന്ത്യയെക്കുറിച്ച് എനിക്ക് നല്ല ഓര്‍മകളാണുള്ളത്. ഇവിടത്തെ ആരാധകര്‍ ഏറെ നല്ലവരാണ്. ഭാവിയില്‍ ഇവിടെ മികച്ച ഫുട്ബോള്‍ കളിക്കാര്‍ ഉയര്‍ന്നുവരും. അതിനൊരു സംശയവുമില്ല.'' - പെലെ
രണ്ടാം പകുതി
2015 ഒക്ടോബറിലായിരുന്നു അത്. 38 വര്‍ഷത്തിനുശേഷം ഒരിക്കല്‍ക്കൂടി ഫുട്ബോള്‍ ചക്രവര്‍ത്തിയെ കൊല്‍ക്കത്ത വരവേറ്റു. 74-ാം വയസ്സിലും തന്നെ ഇന്ത്യക്കാര്‍ ഇത്രമേല്‍ സ്നേഹിക്കുന്നുണ്ടല്ലോ എന്നോര്‍ത്ത് ആ ഫുട്ബോള്‍ മാന്ത്രികന്‍ ഒരുപക്ഷേ അദ്ഭുതപ്പെട്ടിരിക്കാം. അത്രത്തോളമായിരുന്നു വരവേല്‍പ്പ്. നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സൗരവ് ഗാംഗുലിക്കും എ.ആര്‍.റഹ്‌മാനും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കുമൊപ്പം പെലെ വേദി പങ്കിട്ടു. ഗാലറിയില്‍ ആരാധകര്‍ '..പെലെ... പെലെ ....' എന്ന് ആര്‍ത്തുവിളിച്ചു.
പിന്നീട് ഡല്‍ഹിയിലെത്തിയ പെലെ അംബേദ്കര്‍ സ്റ്റേഡിയത്തില്‍ സുബ്രതോ കപ്പ് ഫൈനല്‍ മത്സരവിജയികള്‍ക്ക് സമ്മാനം നല്‍കിയാണു മടങ്ങിയത്. മണ്ണില്‍ മറഞ്ഞാലും ഇന്ത്യയുടെ മനസ്സില്‍നിന്നു മായില്ല പെലെ എന്ന നാമവും ആ കാലുകളുടെ മാന്ത്രികതയും. രണ്ടു വരവുകളില്‍ പെലെയ്ക്ക് നേരിട്ടുതന്നെ ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്.
ലാസ്റ്റ് വിസില്‍
''ഇന്ത്യക്കാരില്‍നിന്ന് എനിക്കു ലഭിച്ച സ്നേഹം ഉജ്ജ്വലമാണ്. അത്, 38 വര്‍ഷം മുമ്പ് ഇവിടെയെത്തിയപ്പോള്‍ എനിക്കു ലഭിച്ച സ്നേഹത്തെ എന്നെ ഓര്‍മപ്പെടുത്തുന്നു.'' -പെലെ
Content Highlights: pele, pele dies, death of pele, pele and india, pele visited india, pele malayalam, pele news
Published: 30 Dec 2022, 07:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented