
ലോകകപ്പ് ഫുട്‌ബോളിന്റെ 90 വര്‍ഷം പിന്നിട്ട ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ. - എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ അഥാവാ പെലെ. 1958 മുതല്‍ എഴുപത് വരെയായി നാല് ലോകകപ്പുകളില്‍ ബ്രസീലിനു വേണ്ടി കളിക്കുകയും മൂന്നു തവണ കപ്പുയര്‍ത്തുകയും ചെയ്ത പെലെയുടെ റെക്കോര്‍ഡ് ഇന്നേവരെ ആര്‍ക്കും തകര്‍കാകന്‍ കഴിഞ്ഞിട്ടില്ല. മൂന്നു തവണ ലോകചാമ്പ്യന്‍മാരായ ടീമിന്റെ ഭാഗമായിരുന്നു എന്നതിനുപരി ആ മൂന്നു ടൂര്‍ണമെന്റുകളിലും നടത്തിയ ആധികാരികമായ പ്രകടനമാണ് പെലെയെ അതുല്യനാക്കുന്നത്.
1958-ല്‍ സ്വീഡനില്‍ നടന്ന ആറാം ലോകകപ്പിലായിരുന്നു പെലെയുടെ അരങ്ങേറ്റം. ദൈവസ്പര്‍ശമേറ്റ ഒരു സംഘം കുട്ടികളുടെ ടീമായിരുന്നു അന്ന് ബ്രസീലിന്റേത്. പെലെയാണ് ആ കൂട്ടത്തില്‍ ഏറ്റവും മിടുക്കന്‍ എന്ന് നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ കളിമിടുക്കിലും തന്ത്രങ്ങളിലും അവനേക്കാളും ഒട്ടും പിന്നിലല്ലാതിരുന്ന ഒരു പയ്യന്‍ കൂടി ആ ടീമിലുണ്ടായിരുന്നു.- ഗാരിഞ്ച. ഈ രണ്ട് കൂട്ടുകാര്‍ ചേര്‍ന്ന് ലോകഫുട്‌ബോളിന്റേയും ബ്രസീലിന്റേയും ജാതകം തിരുത്തി എഴുതുന്നതാണ് പിന്നീട് കണ്ടത്.
16 ടീമുകളാണ് 58-ലെ ലോകകപ്പില്‍ കളിച്ചത്. നാല് വീതമുള്ള നാലു ഗ്രൂപ്പായി മത്സരം. സോവിയറ്റ് യൂണിയന്‍, ഇംഗ്ലണ്ട്, ഓസ്ട്രിയ എന്നിവര്‍ കൂടി ഉള്‍പ്പെട്ട നാലാം ഗ്രൂപ്പിലായിരുന്നു ബ്രസീല്‍.
പെലെക്കും ഗാരിഞ്ചക്കും പുറമെ വാവ, ദീദി, സഗാലോ എന്നീ വിശിഷ്ടതാരങ്ങളുടെ കൂടി സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു ബ്രസീല്‍. പെലെയ്ക്ക് അന്ന് വെറും 17 വയസ്സ്. ലോകകപ്പിന് ഒരു വര്‍ഷം മുമ്പ് മാത്രം ബ്രസീലിനുവേണ്ടി അരങ്ങേറ്റം കുറിച്ച പെലെ സ്വീഡനിലേക്ക് വരുമ്പോള്‍ പരുക്കിന്റെ പിടിയിലായിരുന്നു. അതുകൊണ്ടുതന്നെ കോച്ച് വിന്‍സെന്റെ ഫിയോള ഓസ്ട്രിയക്കും ഇംഗ്ലണ്ടിനുമെതിരായ മാച്ചുകളില്‍ പെലെയെ ഗ്രൗണ്ടിലിറക്കിയില്ല. 4-2-4 ഫോര്‍മേഷന്‍ (4 ഡിഫന്‍ഡര്‍, 2 മിഡ്ഫീല്‍ഡര്‍, 4 ഫോര്‍വേഡ്) ആദ്യമായി അവതരിപ്പിക്കപ്പെട്ടതും ഈ ലോകകപ്പിലായിരുന്നു. ഫിയോളയുടെ ബുദ്ധിയായിരുന്നു ഇത്. ഓസ്ട്രിയക്കെതിരായ മാച്ചില്‍ ഏകപക്ഷീയമായ മൂന്നുഗോളിന് ബ്രസീല്‍ ജയിച്ചു. ഇംഗ്ലണ്ടിനെതിരായ മത്സരം ഗോള്‍രഹിത സമനിലയിലായി. അതോടെ ഫിയോള പരീക്ഷണത്തിന് മുതിര്‍ന്നു. സോവിയറ്റ് യൂണിയനെതിരായ മത്സരത്തില്‍ സോളയെ പുറത്തിരുത്തി പെലെയേയും ഗാരിഞ്ചയേയും കളിക്കാനിറക്കി. രണ്ടുപേരുടേയും ലോകകപ്പ് അരങ്ങേറ്റമായിരുന്നു ഇത്.
അസാധാരണമായ പന്തടക്കവും ഷൂട്ടിങ് പാടവവും കൈമുതലാക്കിയ പെലെ ഈ ആദ്യമത്സരത്തില്‍ തന്നെ വലിയൊരു താരത്തിന്റെ പിറവി അറിയിച്ചു. ആജാനുബാഹുക്കളായിരുന്നു റഷ്യക്കാര്‍. ലെവ് യാഷിന്‍ എന്ന ഗോള്‍ കീപ്പറെ മറികടന്ന് ഗോള്‍ നേടുക ഏറെക്കുറെ അസാധ്യവും. ആദ്യ മിനിറ്റില്‍ തന്നെ പന്തുമായി കുതിച്ചുകയറിയ ഗാരിഞ്ചയുടെ ഷോട്ട് ബാറില്‍ തട്ടി. തൊട്ടടുത്ത മിനിറ്റില്‍ ദീദി നല്‍കിയ പന്ത് രണ്ട് റഷ്യന്‍ ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഇടിച്ചുകയറി പെലെ അടിച്ചു. അതും ക്രോസ് ബാറില്‍ തട്ടിമടങ്ങി. അതോടെ കളി റഷ്യക്കാരുടെ കാലുകളില്‍ നിന്ന് വഴുതിയിരുന്നു. ഏറെ കഴിയുംമുമ്പ് ദീദി നല്‍കിയ പാസ് സ്വീകരിച്ച വാവ എതിര്‍ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് പന്ത് വലയിലേക്ക് ചെത്തിയിട്ടു. രണ്ടാം പകുതിയില്‍ ദീദിയുടെ ഒരു നീളന്‍പാസില്‍ നിന്ന് പന്ത് പിടിച്ചെടുത്ത പെലെ റഷ്യന്‍ പ്രതിരോധത്തിനിടയിലൂടെ ഡ്രിബ്ള്‍ ചെയ്ത് മുന്നേറി, വാവയ്ക്ക് മറിച്ചുനല്‍കി. ഇത്തവണയും അദ്ദേഹത്തിന് പിഴച്ചില്ല. ബ്രസീലിന്റെ വിജയം ഉറപ്പാക്കിയ ഗോള്‍ പിറന്നു. ഗ്രൂപ്പില്‍ നിന്ന് ബ്രസീലും സോവിയറ്റ് യൂണിയനും ക്വാര്‍ട്ടറിലേക്ക് പാസ് വാങ്ങി.
ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളി വെയ്ല്‍സായിരുന്നു. പരിക്കേറ്റ വാവയ്ക്ക് പകരം കോച്ച് മസോളയെ തിരിച്ചെടുത്തു. യാഷിനേക്കാള്‍ കടുപ്പക്കാരനായിരുന്നു വെല്‍ഷ് ഗോള്‍കീപ്പര്‍ കെല്‍സെ. ബ്രസീലിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. എഴുപത് മിനിറ്റിലധികം ബസീലിനെ വെല്‍ഷ് പട തളച്ചിട്ടു. ദീദിയുടെ അളന്നുമുറിച്ചുള്ള പാസ് പെലെ ഗോള്‍പോസ്റ്റിനു മുന്നില്‍ വെച്ച് സ്വീകരിക്കുമ്പോള്‍ മുന്നില്‍ ഒരു ഡിഫന്‍ഡര്‍ ഉണ്ടായിരുന്നു. പന്ത് പോസ്റ്റിലേക്ക് അടിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ കാലുകൊണ്ട് അത് തടുക്കാന്‍ ആഞ്ഞു. പെലെ പന്ത് ഇടതുകാല്‍ കൊണ്ട് മുകളിലേക്ക് ഒന്നു തട്ടി. ഡിഫന്‍ഡറുടെ നില തെറ്റി. അവസരം മുതലെടുത്ത് വലതുകാല്‍ കൊണ്ട് പെലെ നിറയൊഴിച്ചു. അപ്പോള്‍ മറ്റൊരു വെല്‍ഷ് ഡിഫന്‍ഡര്‍ സ്റ്റുവര്‍ട്ട് വില്യംസ് ചാടി വീണു. സ്റ്റുവര്‍ട്ടിന്റെ കാലില്‍ ഉരസി തിരിഞ്ഞ പന്ത് ഗോള്‍കീപ്പറേയും കടന്ന് വലയിലേക്ക്. ലോകകപ്പില്‍ പെലെയുടെ ആദ്യഗോള്‍. ഈ ഒരൊറ്റ ഗോളിന് ബ്രസീല്‍ സെമിയിലേക്ക് മുന്നേറി. തന്റെ ജീവിതത്തില്‍ സ്‌കോര്‍ ചെയ്ത ഏറ്റവും വിലയേറിയ ഗോള്‍ എന്നാണ് പെലെ ഇതിനെ വിശേഷിപ്പിക്കുന്നത്.
ഈ ഗോളോടെ പെലെ ബ്രസീലുകാര്‍ക്ക് ആരാധ്യനായി മാറി. യുഗോസ്ലാവിയയെ ഒരു ഗോളിന് കീഴടക്കി ജര്‍മനിയും സോവിയറ്റ് യൂണിയനെ കീഴടക്കി സ്വീഡനും (2-0) അയര്‍ലന്‍ഡിനെ തകര്‍ത്ത് ഫ്രാന്‍സും (4-0) ബ്രസീലിനൊപ്പം സെമിയിലേക്ക് കടന്നു. ഫ്രാന്‍സായിരുന്നു സെമിയില്‍ ബ്രസീലിന്റെ എതിരാളികള്‍. ചാമ്പ്യന്‍ഷിപ്പില്‍ അതുവരെ കളിച്ച നാലുമത്സരങ്ങളില്‍ നിന്ന് 15 ഗോള്‍ അടിച്ച ഫ്രാന്‍സ് ഒന്നുപോലും വഴങ്ങിയിരുന്നില്ല. ജസ്റ്റ് ഫൊണ്ടയന്‍, റയമണ്ട് കോപ, പിയാന്റ്റോനി, വിന്‍സെന്റ് എന്നീ ലോകോത്തര താരങ്ങളുടെ സാന്നിധ്യം ഫ്രാന്‍സിന് അജയ്യപരിവേഷം നല്‍കിയിരുന്നു. ഫൊണ്ടയന്‍ അതുവരെ എട്ട് ഗോള്‍ സ്‌കോര്‍ ചെയ്ത് കഴിഞ്ഞിരുന്നു. മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ സൊളാനയും ദീദിയും ഗാരിയെയും പെലെയും ചേര്‍ന്ന് ഫ്രഞ്ച് ഗോള്‍മുഖത്തേക്ക് പന്തുമായി ഇരച്ചുകയറി. വാവ സ്‌കോര്‍ ചെയ്തു. ചാമ്പ്യന്‍ഷിപ്പില്‍ ഫ്രഞ്ച് ഗോള്‍കീപ്പര്‍ വഴങ്ങുന്ന ആദ്യഗോള്‍. പക്ഷേ ഏഴ് മിനിറ്റേ ബ്രസീലിന് ലീഡ് നിലനിര്‍ത്താന്‍ കഴിഞ്ഞുള്ളൂ. ഫൊണ്ടയനും കോപ്പയും കൂടി മാറിമാറി കൊണ്ടുവന്ന പന്തില്‍ നിന്ന് ഫൊണ്ടയന്‍ ഗോളടിച്ചു.
സമനിലഗോള്‍ വീണതോടെ ബ്രസീലുകാരുടെ വീര്യം ഇരട്ടിച്ചു. പെലെ അലറിവിളിച്ചുകൊണ്ട് പന്തിനുപിറകെ ഓടി. പെലെ നല്‍കിയ പന്ത് ഗാരിഞ്ച വലയിലേക്ക് അടിച്ചുവെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. പെലെക്ക് ദേഷ്യം അടക്കാനായില്ല. ബ്രസീല്‍ ക്യാപ്റ്റന്‍ ബെല്ലിനി ഓടിവന്ന് പയ്യനെ സമാധാനിപ്പിച്ചു. പിന്നീട് ഏറെനേരം ഫ്രഞ്ച് വിങര്‍ റോബര്‍ട്ട് ഷോകെയും വാവയും തമ്മിലുള്ള പോരാട്ടമായിരുന്നു. ഷോകെക്ക് പരിക്കേറ്റു. പ്രഥമശുശ്രൂഷ നല്‍കാന്‍ പുറത്തേക്ക് കൊണ്ടു പോയി. ഈ സമയത്ത് ദീദി ബ്രസീലിന് വീണ്ടും ലീഡ് നേടിക്കൊടുത്തു. ഗ്രൗണ്ടില്‍ തിരിച്ചെത്തിയ ഷോകെ മുടന്തിക്കൊണ്ടാണ് പിന്നീട് കളിച്ചത്. അത് ഫ്രാന്‍സിന്റെ കരുത്ത് ചോര്‍ത്തിക്കളഞ്ഞു. ഹാഫ് ടൈമില്‍ 2-1ന് ബ്രസീല്‍ മുന്നിട്ടുനില്‍ക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ മത്സരം പൂര്‍ണമായും പെലെ ഏറ്റെടുത്തു. കൂട്ടുകാരുടെ പിന്തുണയില്‍ കളംനിറഞ്ഞ് കളിച്ച പെലെ അവിശ്വസനീയമായ ഹാട്രിക്കോടെ കളി ജയിച്ചു. ഇതില്‍ മൂന്നാമത്തെ ഗോളായിരുന്നു അതിമനോഹരം. വാരകള്‍ അകലെ നിന്നുള്ള മനോഹരമായ വോളി മഴവില്ലുപോലെ വളഞ്ഞ് വലയ്ക്കകത്തേക്ക് കയറുകയായിരുന്നു. 5-2ന് മത്സരം ജയിച്ച് ബ്രസീല്‍ ഫൈനലിലെത്തി. സ്വീഡനായിരുന്നു ഫൈനലില്‍ പ്രതിയോഗികള്‍.സെമിയിലെന്ന പോലെ ഫൈനലിലും വിജയം 5-2ന്. പെലെയും വാവയും രണ്ട് വീതം ഗോളടിച്ചു. സഗല്ലോയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. ബ്രസീലുകാരുടെ ദീര്‍ഘകാലസ്വപ്‌നം സഫലമായി. യൂള്‍റിമെ കപ്പ് ബ്രസീലിലേക്ക്.
ബ്രസീലില്‍ ദേശീയോല്‍സവമായിരുന്നു ആ വിജയം. ലോകം വെട്ടിപ്പിടിച്ച ആഹ്ലാദം. റിയോയിലേക്കുള്ള യാത്രാമധ്യേ ഇന്ധനം നിറയ്ക്കാന്‍ വിമാനം ബ്രസീലിലെ തന്നെ റെകിഫില്‍ ഇറങ്ങിയപ്പോള്‍ ജനം ഇരച്ചുകയറി. ടൂര്‍ണമെന്റില്‍ ആറുഗോള്‍ നേടിയ 17കാരന്‍ പെലെ ആയിരുന്നു പ്രധാന ശ്രദ്ധാകേന്ദ്രം. ഒടുവില്‍ റിയോയിലെത്തിയപ്പോള്‍ ആരാധകരും ഉന്മാദാവസ്ഥയിലായിരുന്നു. നഗരത്തില്‍ നിലയ്ക്കാത്ത കാര്‍ണിവല്‍.
വീണ്ടും ബ്രസീല്‍
പെലെയുടെ രണ്ടാം ലോകകപ്പായിരുന്നു 1962-ലെ ചിലി ലോകകപ്പ്. ചെക്കോസ്ലാവാക്യ, മെക്‌സിക്കോ, സ്‌പെയിന്‍ എന്നീ ടീമുകള്‍ക്കൊപ്പം മൂന്നാം ഗ്രൂപ്പിലായിരുന്നു ബ്രസീല്‍. 1958-ലെ ലോകകപ്പില്‍ കളിച്ച പെലെ, ഗാരിഞ്ച, വാവ, ദീദി, സഗാലോ, ഗോള്‍കീപ്പര്‍ ഗില്‍മര്‍, നില്‍ട്ടണ്‍ സാന്റോസ്, ഡല്‍മാ സാന്റോസ്, സിറ്റോ എന്നിവര്‍ ഇത്തവണയും ടീമിലുണ്ടായിരുന്നു. പക്ഷേ, അനാരോഗ്യം കാരണം കോച്ച് ഫിയോള മാറി നിന്നു. അയിമോര്‍ മോറിയേറ ആയിരുന്നു പുതിയ കോച്ച്. കഴിഞ്ഞ തവണ ടീമിലംഗമായിരുന്ന മസോളയ്ക്ക് ഇറ്റാലിയന്‍ പൗരത്വവും ഉണ്ടായിരുന്നു. മസോള 1962-ല്‍ ഇറ്റലിക്കുവേണ്ടി കളിക്കാന്‍ തീരുമാനിച്ചു. സാന്റോസ് ക്ലബ്ബില്‍ പെലെക്കൊപ്പം കളിക്കുന്ന കുടിഞ്ഞാ, ബോട്ടോഫോഗോയുടെ സ്‌ട്രൈക്കര്‍ അമരില്‍ഡോ, ജയര്‍ ഡി കോസ്റ്റ്, മെന്‍ഗാല്‍ വിയോ, സെക്യൂഞ്ഞാ തുടങ്ങിയ പുതുമുഖങ്ങളും ടീമിലെത്തി.
മുന്‍വര്‍ഷത്തെ ജേതാക്കളെന്ന നിലയില്‍ ബസീലിനു യോഗ്യതാ മത്സരങ്ങളില്‍ കളിക്കേണ്ടതില്ലായിരുന്നു. പകരം ലോകകപ്പ് തുടങ്ങു ന്നതിനു തൊട്ടുമുമ്പ് വെയ്ല്‍സിനും പോര്‍ച്ചുഗലിനും എതിരെ ഈരണ്ട് പരിശീലനമത്സരം റിയോയിലും സാവോപോളോയിലുമായി കളിച്ചു. ഈ നാലു മാച്ചിലും അവര്‍ ജയിക്കുകയും ചെയ്തു. പോര്‍ച്ചുഗലിനെതിരായ ആദ്യമത്സരം കഴിഞ്ഞ് മടങ്ങുമ്പോള്‍ പെലെക്ക് നാഭിയില്‍ നേരിയ വേദനയുണ്ടായിരുന്നു. പക്ഷേ, പെലെ അത് കാര്യമായെടുക്കാതെ അടുത്ത ദിവസം പരിശീലനത്തിനു ചെന്നു. അവശേഷിക്കുന്ന മൂന്നു പരിശീലനമത്സരത്തിലും കളിക്കുകയും ചെയ്തു.
നാലു ഗോളും സ്‌കോര്‍ ചെയ്തു. പക്ഷേ, അപ്പോഴേക്കും വേദന വര്‍ധിച്ചു. പെലെ പരാതിപ്പെട്ടില്ല. ടീമിനൊപ്പം ചിലിയിലേക്കു പുറപ്പെട്ടു. ആദ്യമത്സരം മെക്‌സിക്കോക്കെതിരെ സൗസ ലിറ്റോയില്‍ ആയിരുന്നു. ഗാരിഞ്ച അസാധ്യ ഫോമിലായിരുന്നു. വിങ്ങിലൂടെ എതിര്‍ പ്രതിരോധം തുളയ്ക്കുന്ന മുന്നേറ്റങ്ങള്‍ അദ്ദേഹം നടത്തി. അതു മുതലെടുത്ത് പെലെയും സഗാലോയും ഓരോ ഗോള്‍ നേടി ബ്രസീലിനു ജയം നേടിക്കൊടുത്തു. തുടര്‍ച്ചയായ മത്സരങ്ങളും കഠിനപരിശീലനവും കാരണം പെലെയുടെ വേദന ഇരട്ടിച്ചു. അവസാനം പെലെ ടീം ഡോക്ടര്‍ ഹോസ്ലിങ്ങിനെ കണ്ട് കാര്യം പറഞ്ഞു. പെലെയെ പരിശോധിച്ച അദ്ദേഹത്തിനു പരിക്ക് ഗൗരവമുള്ളതാണെന്നു മനസ്സിലായി. ടീമില്‍ നിന്ന് മാറിനില്‍ക്കാനായിരുന്നു ഉപദേശം.
പരിക്കു വകവെക്കാതെ വിനാഡെല്‍മാറില്‍ നടന്ന യൂഗോസ്ലാവിയക്കെതിരായ മാച്ചിലും പെലെ കളിക്കാനിറങ്ങി. ഗ്രൗണ്ടിലിറങ്ങി പന്തു കാലില്‍ തൊട്ടതോടെ പെലെ വേദന മറന്നു. ഗാരിഞ്ച നല്‍കിയ പന്തുമായി മൂന്നു പ്രതിയോഗികളെ വെട്ടിച്ച് പെലെ പെനാല്‍ട്ടി ഏരിയയിലേക്കു കുതിച്ചു. അവശേഷിക്കുന്ന ഡിഫന്‍ഡറെക്കൂടി മറികടന്ന് പന്തു ശക്തിയായി അടിച്ചു. പോസ്റ്റില്‍ തട്ടി അത് തിരിച്ചുവന്നു. വീണ്ടും അതിലും ശക്തിയായി പന്തടിച്ചു. ആ സമയത്ത് വേദന അസഹ്യമായി. നിലത്തു വീണു. ട്രെയ്‌നറും കോച്ചും ഗ്രൗണ്ടിലേക്കു കുതിച്ചു. അന്നു ഫുട്‌ബോളില്‍ സബ്സ്റ്റിറ്റിയൂഷനു നിയമമില്ലായിരുന്നു. അതുകൊണ്ട് മുടന്തിക്കൊണ്ട് പെലെക്ക് കളിക്കേണ്ടിവന്നു. ആ മത്സരം ഗോള്‍രഹിത സമനിലയിലായി. നാലു ദിവസം കഴിഞ്ഞായിരുന്നു ബ്രസീലിന്റെ അടുത്ത മത്സരം. സ്‌പെയിനുമായുള്ള ഈ മത്സരം ജയിച്ചാലേ ക്വാര്‍ട്ടറിലേക്കു കടക്കാനാവൂ എന്ന അവസ്ഥ. പക്ഷേ, പെലെക്ക് നടക്കാന്‍പോലും കഴിയില്ലായിരുന്നു. വേദനസംഹാരി കുത്തിവെച്ച് കളിക്കാനിറങ്ങാമെന്നു പെലെ വാശിപിടിച്ചു. അങ്ങനെ ചെയ്താല്‍ ജീവിതത്തില്‍ പിന്നീടൊരിക്കലും കളിക്കാന്‍ കഴിഞ്ഞെന്നു വരില്ല എന്നായിരുന്നു ഡോക്ടറുടെ മറുപടി. ദുഃഖത്തോടെ പെലെക്ക് പിന്മാറേണ്ടിവന്നു. ആ ലോകകപ്പില്‍ പിന്നെ കളിക്കാനും കഴിഞ്ഞില്ല. പെലെക്ക് കളിക്കാനാവില്ലെന്ന വാര്‍ത്ത ബ്രസീലുകാര്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. പക്ഷേ, കോച്ച് പതറിയില്ല. പെലെക്ക് പകരക്കാരനായി 24-കാരന്‍ അമരില്‍ഡോയെ ഇറക്കാന്‍ തീരുമാനിച്ചു. അമരില്‍ഡോ പകരക്കാരന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. ആദ്യപകുതിയുടെ 35-ാം മിനിറ്റില്‍ സ്‌പെയിന്‍ ലീഡ് നേടിയെങ്കിലും ഗാരിഞ്ചയുടേയും സഗാലോയുടേയും പിന്തുണയോടെ അമരില്‍ഡോ കൊടുങ്കാറ്റായി. രണ്ടു ഗോള്‍ നേടിയ ''പുതിയ പെലെ' തന്റെ ടീമിനെ ക്വാര്‍ട്ടറിലേക്കു നയിച്ചു.
ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ 3-1ന് തോല്‍പ്പിച്ച് ബ്രസീല്‍ സെമിയിലേക്ക് മുന്നേറി. ഇംഗ്ലണ്ടിനെതിരേ ഗാരിഞ്ച രണ്ടും വാവ ഒരു ഗോളും നേടി. സെമിയില്‍ അയല്‍ക്കാരായ ചിലിയായിരുന്നു എതിരാളി. ഗാരിഞ്ചയും വാവയും നിറഞ്ഞാടി. ഇരുവരും രണ്ട് വീതം ഗോളടിച്ചപ്പോള്‍ ബ്രസീല്‍ (4-2) ജയം സ്വന്തമാക്കി. ഫൈനലില്‍ ചെക്കോസ്ലാവാക്യ. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം കാനറികള്‍ തിരിച്ചടിച്ചു. 3-1 ന്റെ ജയം. അമരില്‍ഡോയും സിട്ടോയും വാവയും ഗോള്‍ കണ്ടെത്തി. ബ്രസീലിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടം.
ഇംഗ്ലണ്ടില്‍ കാലിടറി
തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് വിജയത്തോടെ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ടീമായി ബ്രസീലിനെ ഫുട്‌ബോള്‍ ലോകം നിസ്സംശയം അംഗീകരിച്ചുകഴിഞ്ഞിരുന്നു. 1966ലെ ലോകകപ്പ് ആവുമ്പോഴേക്കും ആത്മവിശ്വാസത്തിന്റെ മൂര്‍ധന്യത്തിലായിരുന്നു ബ്രസീല്‍ ടീം, പെലെയും ഗാരിഞ്ചയും ഉള്ളപ്പോള്‍ എങ്ങനെ ജയിക്കാതിരിക്കും? എന്നതായിരുന്നു ആരാധകരുടെ വിശ്വാസം. പക്ഷേ, നിരന്തരമായി മത്സരങ്ങള്‍ കളിച്ചതിലുള്ള തളര്‍ച്ചയും അമിതമായ ആത്മവിശ്വാസവും വിനയായിത്തീരുന്നതാണ് 66-ലെ ഇംഗ്ലണ്ട് ലോകകപ്പില്‍ കണ്ടത്. മത്സരത്തിനിടയില്‍ പരിക്കുകാരണം പെലെക്ക് പിന്‍മാറേണ്ടിവന്നതും പതനത്തിനു വഴിവെച്ചു. ആ ലോകകപ്പാവുമ്പോഴേക്കും ദീദിയും വാവയും സഗാലോയും രംഗം വിട്ടിരുന്നു. പെലെക്കും ഗാരിഞ്ചക്കും ഒപ്പം ഡെല്‍മാ സാന്റോസ്, സിറ്റോ, ബെല്ലിനി എന്നീ പഴയ പടക്കുതിരകള്‍ ടീമില്‍ ഇടം നിലനിര്‍ത്തി. എന്നാല്‍ ടീം സെലക്ഷനുമായി ബന്ധപ്പെട്ടു നടന്ന തര്‍ക്കങ്ങളും വിവാദങ്ങളും ടീമിനുള്ളില്‍ അസ്വാരസ്യം വളര്‍ത്തി.
ആദ്യമത്സരം ബള്‍ഗേറിയക്കെതിരെ ലിവര്‍പൂളിലെ ഗുഡിസണ്‍ പാര്‍ക്കി ലായിരുന്നു. പെലെയും ഗാരിഞ്ചയും ഫ്രീകിക്കുകളില്‍നിന്നു നേടിയ ഗോളുകളില്‍ ബസീല്‍ ജയിച്ചു (2-0). ഈ മത്സരത്തില്‍ ബള്‍ഗേറിയന്‍ ഡിഫന്‍ഡര്‍ ഷെവ് നിരന്തരം ഫൗള്‍ ചെയ്തതിനെത്തുര്‍ന്ന് പെലെ വല്ലാതെ ക്ഷീണിച്ചിരുന്നു. ഹംഗറിക്കെതിരായ അടുത്ത മാച്ചില്‍ കോച്ച് പെലെയെ പുറത്തിരുത്തി. ഹംഗറിയെ പെലെയുടെ അഭാവത്തിലും കീഴടക്കാമെന്ന അമിതവിശ്വാസമായിരുന്നു കാരണം. പെലെയില്ലാതെ ബ്രസീല്‍ ഹംഗറിയോട് 3-1 ന് തോറ്റു. 12 വര്‍ഷത്തിനിടയില്‍ ബ്രസീല്‍ ഒരു ലോകകപ്പ് മത്സരം തോല്‍ക്കുന്നത് പുറത്തിരുന്ന് പെലെ കണ്ടു.
അടുത്ത മത്സരം യുസേബിയോവിന്റെ പോര്‍ച്ചുഗലിനെതിരേ. ക്വാര്‍ട്ടറില്‍ കടക്കണമെങ്കില്‍ ജയിച്ചേ തീരൂ. പരിക്കുവകവെക്കാതെ പെലെ കളിക്കാനിറങ്ങി. ആദ്യ 25 നിറ്റിനുള്ളില്‍ തന്നെ പോര്‍ച്ചുഗല്‍ രണ്ടു ഗോള്‍ ലീഡ് നേടി. തീരെ പരസ്പരധാരണയില്ലാതെയായിരുന്നു ബ്രസീലുകാര്‍ കളിച്ചുകൊണ്ടിരുന്നത്. പോര്‍ച്ചുഗീസ് ഡിഫന്‍ഡര്‍ മോറീവ് രണ്ടു തവണ പെലെയെ ചവിട്ടിയിട്ടു. പക്ഷേ, ഇംഗ്ലീഷ് റഫറി മെക്കാണെ മോറിവിനെതിരെ ഒരു നടപടിയും എടുത്തില്ല. പെലെ ഓടാന്‍പോലും കഴിയാത്തവിധം അവശ നിലയിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. കളി കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ പുറത്തേക്കു താങ്ങിപ്പിടിച്ചു കൊണ്ടുപോവുകയായിരുന്നു. ബ്രസീലിനുവേണ്ടി റില്‍ഡോ ആശ്വാസ ഗോള്‍ നേടിയെങ്കിലും 3-1ന് കളി തോറ്റ് ബസീല്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്നു പുറത്തായി. ഇംഗ്ലണ്ടാണ് ആ ലോകകപ്പ് ജയിച്ചത്. ഇംഗ്ലണ്ടിന് ലോകകപ്പ് ജയിക്കാന്‍ വേണ്ടി ബ്രസീലിനെ പുറത്താക്കാന്‍ നടത്തിയ ഗൂഢാലോചന യാണ് മോറിവിന്റെ ഫൗളും ഇംഗ്ലീഷ് റഫറിയുടെ നിഷ്‌ക്രിയത്വവുമെന്ന് ബ്രസീലുകാര്‍ വിശ്വസിച്ചു. ഫിഫയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള അതിരുകടന്ന സ്വാധീനം അവസാനിപ്പിക്കണമെന്ന് ലാറ്റിനമേരിക്കയില്‍ മുറവിളി ഉയര്‍ന്നു. ഇനിയൊരിക്കലും ലോകകപ്പില്‍ കളിക്കില്ലെന്ന് പെലെ പ്രഖ്യാപിച്ചു. തന്റെ കരിയര്‍ ഒരു അംഗപരിമിതനായി അവസാനിപ്പിക്കാന്‍ ആഗ്രഹമില്ലെന്ന് പെലെ തുറന്നടിച്ചു.
ബ്രസീലിനുവേണ്ടി ഇനി കളിക്കേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അപ്പോഴത്തെ തീരുമാനം. പക്ഷേ ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പെലെയെ വീണ്ടും രാജ്യത്തിനു വേണ്ടി കളിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. 1969-ല്‍ നാലാംതവണ പെലെ ടീമിലേക്ക് ക്ഷണിക്കപ്പെട്ടു. അപ്പോഴും മറുപടി 'ഇല്ല' എന്നായിരുന്നു. എന്നാല്‍ കോണ്‍ഫെഡറേഷന്റെ തലവന്‍ ജാവോ ഹാവലാഞ്ച് പെലെയുടെ മനസ്സുമാറ്റിക്കുന്നതില്‍ വിജയിച്ചു. കഴിഞ്ഞ തവണത്തെ പോലെ ആസൂത്രിതമല്ലാതാവില്ല ടീമിന്റെ പരി ശീലനവും ഒരുക്കങ്ങളും എന്ന് അദ്ദേഹം പെലെയ്ക്ക് ഉറപ്പുകൊടുത്തു. മാത്രമല്ല ഫൗളുകള്‍ക്കെതിരെ മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ ഏര്‍പ്പെടുത്താന്‍ ഫിഫ തീരുമാനിച്ചു. അതും പെലെയുടെ മനസ്സുമാറ്റത്തിനു വഴി വെച്ചു.
യൂള്‍റിമെ കപ്പ് ബ്രസീലിന് സ്വന്തം
1970-ലെ ലോകകപ്പിനുള്ള ബ്രസീലിന്റെ ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹി ക്കാന്‍ അന്നത്തെ പട്ടാളഭരണകൂടം ബിഗേഡിയര്‍ ജെറോനിമോ ബാസ്റ്റോസിനെ ചുമതലപ്പെടുത്തി. 1966-ല്‍ സംഭവിച്ചത് പോലുള്ള അബദ്ധങ്ങള്‍ ഇനി പറ്റില്ല എന്ന് ഉറപ്പുവരുത്താനായിരുന്നു ഇത്. ബ്രസീലിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു മുന്‍ അംഗമായിരുന്ന ജോവോ സല്‍ധാന ആയിരുന്നു പുതിയ കോച്ച്. മുമ്പത്തെ പരിശീലകരെ പോലെ പേരെടുത്ത് കളിക്കാരനൊന്നുമായിരുന്നില്ല അദ്ദേഹം. സല്‍ധാന ചാര്‍ജെടുത്ത ശേഷം ആദ്യ മത്സരം മാരക്കാനയില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു. ഈ മാച്ചില്‍ 2-1ന് ബ്രസീല്‍ ജയിച്ചു. പെലെയുടെ സാന്റോസ് ക്ലബ്ബിലെ പ്രധാനകളിക്കാരെ ഉള്‍പ്പെടുത്തിയാണ് ബ്രസീല്‍ ടീം കെട്ടിപ്പടുത്തത്.
1970-ലെ മെക്‌സിക്കോ ലോകകപ്പിന് ബ്രസീലിന് യോഗ്യത നേടേണ്ടതുണ്ടായിരുന്നു. 1969 ഓഗസ്റ്റിലായിരുന്നു ഈ മത്സരങ്ങള്‍. സാന്റോ സില്‍ നിന്ന് ആറും കൂസേരിയോ ക്ലബ്ബില്‍ നിന്ന് രണ്ടും സാവോ പോളോ, ഫ്‌ളുമിനെന്‍സ്, ബോട്ടോഫോഗോ എന്നിവയില്‍ നിന്ന് ഓരോ കളിക്കാരെയും ചേര്‍ത്തായിരുന്നു സല്‍ധാനയുടെ പ്ലെയിങ് ഇലവന്‍. അപ്പോഴേക്കും മികച്ച സ്‌ട്രൈക്കറായി മാറിക്കഴിഞ്ഞിരുന്ന ടൊസ്റ്റാവോയെ മുന്‍നിരയില്‍ പെലെയുടെ പങ്കാളിയാക്കി. കൊളംബിയ, വെനസ്വേല, പരാഗ്വായ് എന്നീ ടീമുകളായിരുന്നു യോഗ്യതാമത്സരങ്ങളില്‍ ബ്രസീലിന്റെ പ്രതിയോഗികള്‍. എല്ലാ ടീമുകളുമായും അവരുടെ നാട്ടില്‍ വച്ചും ബ്രസീലില്‍ വച്ചും ഓരോ മത്സരങ്ങള്‍. പെലെ-ടെസ്റ്റാവോ സഖ്യം വന്‍വിജയമായിരുന്നു. ആറ് മാച്ചും ബ്രസീല്‍ ജയിച്ചു. വെനസ്വേലക്കെതിരായ മാച്ചില്‍ ടൊസ്റ്റാവോ ഹാട്രിക് നേടി. കളി തുടങ്ങി 24 മിനുട്ടിനുള്ളിലായിരുന്നു ഹാട്രിക്ക്.
സല്‍ധാനയുടെ ആദ്യ ദൗത്യം വന്‍വിജയമായി. പക്ഷേ, പ്രശ്‌നങ്ങള്‍ തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ടീം ഡോക്ടര്‍ ടോനിഞ്ഞാ, സ്‌കാല എന്നീ താരങ്ങളെ പരിക്കിന്റെ പേരില്‍ ടീമില്‍ നിന്നു പുറത്താക്കി. പക്ഷേ അവര്‍ പൂര്‍ണ ആരോഗ്യവാന്‍മാരാണെന്നായിരുന്നു അവരുടെ ക്ലബ്ബിന്റെ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. വൈകാതെ റിയോയില്‍ നടന്ന സൗഹൃദമത്സരത്തില്‍ ബ്രസീല്‍ ടീം അര്‍ജന്റീനയോട് രണ്ടു ഗോളിന് തോറ്റു. അര്‍ജന്റീനയാവട്ടെ പെറുവിനോട് തോറ്റ് ലോകകപ്പിന് യോഗ്യത നേടാനാവാതെ പോയ ടീമായിരുന്നു. പെലെ അടക്കമുള്ള കളിക്കാര്‍ സല്‍ധാനയുടെ തന്ത്രങ്ങളെ പരസ്യമായി ചോദ്യം ചെയ്തു. പെലെയെ ടീമില്‍ നിന്ന് പുറത്താക്കാന്‍ സമയമായി എന്ന് കോച്ച് തിരിച്ചടിച്ചു. അത് വലിയ കൊടുങ്കാറ്റ് ഉയര്‍ത്തി. ബ്രസീലിലെ പട്ടാള ഭരണാധികാരി ജനറല്‍ എമി ലിയോ ഗരാസ്റ്റസു മെഡിസി, സല്‍ധാനയെ ടീം സെലക്ഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി വിളിപ്പിച്ചു.
അത്‌ലറ്റികോ മിനെയിറോ ക്ലബ്ബിന്റെ കളിക്കാരന്‍ ഡാരിയോവിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ജനറല്‍ മെഡിസിയുടെ ആവശ്യം സല്‍ധാന തള്ളി. ഒടുവില്‍ സല്‍ധാനയെ പറഞ്ഞുവിട്ട് 1958-ലും 1962-ലും ബ്രസീല്‍ ചാമ്പ്യ ന്മാരായപ്പോള്‍ ടീമില്‍ കളിച്ചിരുന്ന മരിയോ സഗാലയെ പുതിയ കോച്ചായി അവരോധിച്ചു. സഗാലോ കളിക്കാര്‍ക്കിടയില്‍ ഏറെ സ്വീകാര്യനായിരുന്നു. ടീമിലെ സീനിയര്‍ അംഗങ്ങളായ പെലെ, സാന്റോസ് ക്യാപ്റ്റന്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോ, ജര്‍സന്‍ എന്നിവരുമായുള്ള അടുത്ത സൗഹൃദവും അദ്ദേഹത്തിന് കാര്യങ്ങള്‍ എളുപ്പമാക്കി.
മെക്‌സിക്കോയിലെ ഗ്വാഡലജാറയിലായിരുന്നു ബ്രസീലിന്റെ ഗ്രൂപ്പ് മാച്ചുകള്‍. ഇംഗ്ലണ്ട്, റൊമാനിയ, ചെക്കോസ്ലാവാക്യ എന്നിവരായിരുന്നു ബ്രസീലിനൊപ്പം ഗ്രൂപ്പില്‍.
ആദ്യമത്സരത്തിലെ പ്രതിയോഗികളായ ചെക്കോസ്ലോവാക്യ കരുത്തരായിരുന്നു. ഇറ്റലി, ഇംഗ്ലണ്ട്, ബ്രസീല്‍ എന്നിവര്‍ക്കൊപ്പം കപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട ടീം. ബ്രസീലിന്റെ പ്രതിരോധം താരതമ്യേന ദുര്‍ബലമാണെന്നായിരുന്നു വിലയിരുത്തല്‍. ആ വിശ്വാസം ശക്തിപ്പെടുത്തുന്ന രീതിയില്‍ 11-ാം മിനിറ്റില്‍ തന്നെ ചെക് സ്‌ട്രൈക്കര്‍ പെടാസ് ഗോള്‍ നേടി. കഴിഞ്ഞ ലോകകപ്പില്‍ പെലെയോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ട് മെക്‌സിക്കോക്കാര്‍ കൂട്ടത്തോടെ കളി കാണാനെത്തിയിരുന്നു. അവര്‍ 'പെലെ, പെലെ' എന്ന് ആര്‍ത്ത് വിളിച്ചുകൊണ്ടിരുന്നു. ആവേശമുള്‍ക്കൊണ്ട് തളരാതെ കളിച്ച് 24-ാം മിനിറ്റില്‍ തന്നെ അവര്‍ ഗോള്‍ മടക്കി. പെലെയെ ഫൗള്‍ ചെയ്തതിന് കിട്ടിയ ഫ്രീകിക്കില്‍ നിന്ന് റിവെലിനോ ആയിരുന്നു ഈ ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജര്‍സന്‍ 50 വാര അകലെനിന്ന് നീട്ടിക്കൊടുത്ത പന്ത് ഒരു കൂട്ടം ഡിഫന്‍ഡര്‍മാര്‍ ക്കിടയില്‍ നിന്ന് ഗോള്‍പോസ്റ്റിന് പുറംതിരിഞ്ഞ് നിന്ന് നെഞ്ചില്‍ സ്വീകരിച്ച പെലെ വെട്ടിത്തിരിഞ്ഞ് വലയിലേക്ക് കോരിയിട്ടു. അതിനുശേഷം രണ്ടു ഗോളടിച്ച ജര്‍സിഞ്ഞോ ബ്രസീലിന്റെ വിജയം ഉറപ്പിച്ചു (4-1).
അടുത്തത് പെലെയും കൂട്ടുകാരും കാത്തിരുന്ന മത്സരം. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ബോബിമൂറും ബോബി ചാള്‍ട്ടനും ശക്തി പകരുന്ന ടീമിന്റെ ഗോള്‍കീപ്പറും പ്രഗല്‍ഭനാണ് ഗോര്‍ഡന്‍ ബാങ്ക്. ഇംഗ്ലണ്ടിനുവേണ്ടി കളിക്കാനിറങ്ങിയതില്‍ വെച്ച് ഏറ്റവും മികച്ച ടീമായാണ് ഇത് വിലയിരുത്തപ്പെട്ടത്. ജലികോ സ്റ്റേഡിയത്തില്‍ മുക്കാല്‍ലക്ഷത്തോളം പേര്‍ കളികാണാനെത്തിയിരുന്നു. ബ്രസീലുകാര്‍ക്ക് സ്വന്തം നാട്ടില്‍ കളിക്കുന്ന പ്രതീതി. തുടയില്‍ പരിക്കേറ്റത് കാരണം ജര്‍സന് കളിക്കാന്‍ കഴിഞ്ഞില്ല. അത് ഇംഗ്ലീഷുകാര്‍ക്ക് നല്ല വാര്‍ത്ത ആയിരുന്നു. പകരക്കാരനായി സഗാലോ ഇറക്കിയത് പൗലോ സീസറിനെയാണ്. പെലെയെ എങ്ങനെ തളയ്ക്കാം എന്നതായിരുന്നു ഇംഗ്ലീഷ് ക്യാമ്പിലെ ആലോചന. ആ ദൗത്യം പ്രഗല്‍ഭനായ ഇംഗ്ലീഷ് കോച്ച് റംസെ ഏല്‍പ്പിച്ചത് അലന്‍ മുല്ലേറി എന്ന കരുത്തനായ ഡിഫന്‍ഡറെയാണ്. മുഴുവന്‍ സമയം പെലെയെ മാര്‍ക്ക് ചെയ്യാനായിരുന്നു മുല്ലേറിക്ക് നല്‍കിയ നിര്‍ദേശം.
കടുത്ത പോരാട്ടത്തിനൊടുവില്‍ 59-ാം മിനിറ്റില്‍ ജര്‍സീഞ്ഞോ നേടിയ ഗോളില്‍ ബ്രസീല്‍ വിജയമുറപ്പിച്ചു. ഈ മത്സരത്തിനിടെ റിവലിനോവിന് പരിക്കേറ്റു. അതുകൊണ്ട് റൊമാനിയക്കെതിരായ അവസാന ലീഗ് മാച്ചില്‍ കളിക്കാനാവുമായിരുന്നില്ല. കൂസയിറോ ക്ലബ്ബിന്റെ മിഡ് ഫീല്‍ഡര്‍ പിയാസ്സയെ ടീമിലെടുത്തു. ഇംഗ്ലണ്ടിനെ മറികടന്ന് ആശ്വാസത്തില്‍ കുറേക്കൂടി സ്വാതന്ത്യത്തോടെ ആക്രമിച്ചു കളിച്ചു ഇത്തവണ ബ്രസീല്‍. പക്ഷേ, ഈ മത്സരം ജയിച്ചാലേ ഗ്രൂപ്പ് ജേതാക്കള്‍ ആവുള്ളൂ എന്ന് അവര്‍ക്ക് ബോധ്യമായിരുന്നു. ഗ്രൂപ്പ് ജേതാക്കളായാല്‍ ക്വാര്‍ട്ടറും സെമിയും ഗ്വാഡലജാറയില്‍ തന്നെ കളിക്കാം. ആ നഗരം അപ്പോഴേക്കും ഒരു കൊച്ചു ബ്രസീല്‍ ആയി മാറിയിരു ന്നത് കൊണ്ട് അവിടം വിട്ടുപോവാന്‍ പെലെയും കൂട്ടുകാരും ആഗ്രഹിച്ചിരു ന്നില്ല.
19-ാം മിനിറ്റില്‍ പെലെ ലീഡ് നേടി. മൂന്നു മിനിട്ടിനകം ജര്‍സിഞ്ഞോ ബ്രസീലിന്റെ രണ്ടാം ഗോളും നേടി. പക്ഷേ വൈകാതെ റൊമാനിയ ഒന്നു തിരിച്ചടിച്ചു. രണ്ടാം പകുതി ആരംഭിച്ചപ്പോള്‍ പെലെ ഒരു ഗോള്‍ കൂടി നേടി ലീഡ് വര്‍ധിപ്പിച്ചു. കാര്‍ലോസ് ആല്‍ബര്‍ട്ടോവിന്റെ ക്രോസില്‍ നിന്നായിരുന്നു ഇത്തവണ പെലെ സ്‌കോര്‍ ചെയ്തത്. കളി തീരും മുമ്പ് ഒരു ഗോള്‍കൂടി റൊമാനിയ മടക്കിയെങ്കിലും 3-2 എന്ന മാര്‍ജിനില്‍ ജയിച്ച് ബ്രസീല്‍ ഗ്രൂപ്പ് ജേതാക്കളായി. ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ പ്രതിയോഗികള്‍ ലാറ്റിനമേരിക്കന്‍ ടീം തന്നെ ആയിരുന്നു, പെറു. രസകരമായ വസ്തുത 1956-ലും 1962-ലും ബ്രസീല്‍ ടീമില്‍ പെലെയ്‌ക്കൊപ്പം കളിച്ചിരുന്ന ദീദിയായിരുന്നു പെറുവിന്റെ കോച്ച് എന്നതായിരുന്നു.
സഗാലോ പെറുവിനെ നേരിടാന്‍ മിഡ് ഫീല്‍ഡ് അഴിച്ചു പണിഞ്ഞു. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന റിവലിനോയും ജെര്‍സനും തിരിച്ചു വന്നു. പരിക്കേറ്റ എവറാല്‍ഡോക്ക് പകരം ടീമിലെ ബേബിയായ മാര്‍ക്കോ അന്റോണിയോയെ ഉള്‍പ്പെടുത്തി. മനോഹരമായ ലാറ്റിന്‍ അമേരിക്കന്‍ ശൈലിയിലുള്ള അറ്റാക്കിങ് ഫുട്‌ബോളാണ് ഗ്രൗണ്ടില്‍ കണ്ടത്. പക്ഷെ ബ്രസീലിന്റെ കരുത്തിന് മുന്നില്‍ പെറുവിന് പിടിച്ച് നില്‍ക്കാനായില്ല. 4-2 ന്റെ ജയം.
സെമിയിലെ പ്രതിയോഗികള്‍ യുറഗ്വായ്. എതിരാളികളെ അറിഞ്ഞപ്പോള്‍ ബ്രസീലിയന്‍ താരങ്ങളുടെ വാശി ഇരട്ടിച്ചു. ജയിച്ചേ തീരൂ. കാരണം 1950-ല്‍ സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പില്‍ ബസീലിനെ മാരക്കാനയില്‍ വെച്ച് കീഴടക്കി ചാമ്പ്യന്മാരായ ടീമാണ് യുറഗ്വായ്. പകവീട്ടാനുള്ള അവസരം സമാഗതമായിരിക്കുന്നു. 1950-നുശേഷം അയല്‍രാജ്യങ്ങളായ ബ്രസീലും യുറഗ്വായും ലോകകപ്പില്‍ ഏറ്റുമുട്ടിയിരുന്നില്ല. എന്തുകൊണ്ടും യുറഗ്വായുടെ രക്തത്തിനായി ദാഹിക്കുകയായിരുന്നു ബ്രസീലിയന്‍ ആരാധകര്‍. ലോകകപ്പ് നേടിയില്ലെങ്കിലും വേണ്ട, യുറഗ്വായിയോട് പകരം വീട്ടിയേ തീരൂ. അതായിരുന്നു ബ്രസീല്‍ ടീമിനോട് ആരാധകരുടെ അഭ്യര്‍ഥന. ഗ്വാഡലജാറയില്‍നിന്ന് മത്സരം മാറ്റണമെന്ന് യുറഗ്വായ് ടീം മാനേജ്‌മെന്റ് ലോകകപ്പ് സംഘാടകസമിതിയോട് ആവശ്യപ്പെട്ടു. ഗ്വാഡലജാറ ബ്രസീലിന് ഹോംഗ്രൗണ്ട് പോലാണെന്നതായിരുന്നു അതിന് അവര്‍ പറഞ്ഞ കാരണം. പക്ഷേ ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. മത്സരത്തിനു മുമ്പ് നഗരത്തിന്റെ ഗവര്‍ണര്‍ നടത്തിയ പാര്‍ട്ടി ബഹിഷ്‌കരിച്ചുകൊണ്ടാണ് യുറഗ്വായ്ടീം പ്രതികരിച്ചത്.
യുറഗ്വായുടെ തന്ത്രം തികച്ചും പ്രതിരോധാത്മകമായിരുന്നു. ബ്രസീലിന്റെ ഓരോ സ്‌ട്രൈക്കറേയും മാര്‍ക്ക് ചെയ്യുകയായിരുന്നു അവര്‍.
19-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ബ്രിട്ടോവിന്റേയും ഗോള്‍കീപ്പര്‍ ഫെലിക്‌സസിന്റേയും പിഴവു മുതലെടുത്ത് 19-ാം യുറഗ്വായ് ആദ്യ ഗോള്‍ നേടി. ബ്രസീലിയന്‍ കളിക്കാര്‍ നിരാശരായി തളര്‍ന്നു പോകുന്നത് പോലെ തോന്നി. പെലെ ഓടിച്ചെന്ന് ഗോള്‍വലയില്‍ നിന്ന് പന്തെടുത്തു. പതുക്കെ മൈതാനമധ്യത്തേക്ക് നടന്നു. ഓരോ കളിക്കാരന്റെ അടുത്തെത്തുമ്പോഴും അവരോട് ഒന്നോ രണ്ടോ വാക്കുകള്‍ സംസാരിച്ചു. ഒരു ഉണര്‍ത്തുമന്ത്രം പോലെയായിരുന്നു പെലെയുടെ ഈ വാക്കുകള്‍.
മാര്‍ക്കു ചെയ്യുന്ന ഡിഫന്‍ഡര്‍മാരെ ആശയക്കുഴപ്പത്തിലാക്കാന്‍ പെലെയും ജര്‍സനും തങ്ങളുടെ പൊസിഷന്‍ മാറിക്കളിക്കാന്‍ തുടങ്ങി. ഡിഫന്‍ഡര്‍ കൊഡാല്‍ഡോ ജര്‍സന്റെ സ്ഥാനത്തേക്ക് നീങ്ങിക്കളിച്ചു. അതിനു ഫലവുമുണ്ടായി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ കൊഡാല്‍ഡോ ബ്രസീലിന്റെ സമനില ഗോള്‍ നേടി. ഇടവേള സമയത്ത് സഗാലോ ചെറിയ മാറ്റം വരുത്തി. റിവലിനോ യോട് മിഡ് ഫീല്‍ഡില്‍ കുറച്ചുകൂടി വലത്തോട്ട് മാറിക്കളിക്കാന്‍ പറഞ്ഞു. പെലെയ്ക്കും ടൊസ്റ്റാവോവിനും ആക്രമിക്കാന്‍ കുറച്ചുകൂടി സ്വാതന്ത്ര്യം ലഭിക്കാനായിരുന്നു ഇത്. കളി തീരാന്‍ 14 മിനിറ്റ് ശേഷിക്കേ ബ്രസീലുകാരുടെ കഠിനാധ്വാനത്തിന് ഫലമുണ്ടായി. ടൊസ്റ്റാവോയുടെ മനോഹരമായ പാസില്‍ നിന്ന് ജെര്‍സിഞ്ഞാ ബ്രസീലിന് ലീഡ് നേടി ക്കൊടുത്തു. കളി അവസാനിക്കുംമുമ്പ് മുന്നോട്ട് ഓടിക്കയറിയ പെലെ യുറഗ്വായിയുടെ പ്രതിരോധം ഛിന്നഭിന്നമാക്കി റിവലിനോക്ക് പാസ് നല്‍കി. റിവലിനോ ബ്രസീലിന്റെ മൂന്നാമത്തെ ഗോളും നേടി വിജയമുറപ്പിച്ചു.
ഫൈനലില്‍ എതിരാളി ഇറ്റലി
പ്രതിരോധത്തിന്റെ ആശാന്മാരാണ് ഇറ്റലി. കോച്ച് ഫെറൂസിയോ വാല്‍കറെഗ്ഗി കളി ജയിക്കാന്‍ പ്രതിരോധം മാത്രം മതിയെന്ന പക്ഷ ക്കാരനാണ്. മൂന്നു ഗോള്‍കീപ്പര്‍മാര്‍, ഡിഫന്‍സിലും മിഡ്ഫീല്‍ഡിലും കളിപ്പിക്കാവുന്ന 16 പേര്‍, വെറും മൂന്നു സ്‌ട്രൈക്കര്‍മാരും ഇതാണ് ടീമിന്റെ ഘടന. ബ്രസീലും ഇറ്റലിയും മുമ്പ് രണ്ടുതവണ വീതം ലോക കപ്പ് ജയിച്ച ടീമുകളാണ്. മൂന്നാമത് ഒരിക്കല്‍ക്കൂടി ചാമ്പ്യന്മാരാവുന്ന ടീമിന് യുള്‍റിമെ കപ്പ് എന്നെന്നേക്കുമായി സ്വന്തമാക്കാം. അതുകൊണ്ടു തന്നെ ഫൈനലിന് വീറും വാശിയും കൂടുമെന്ന് ഉറപ്പായിരുന്നു.
അസറ്റെക്ക് സ്റ്റേഡിയത്തിലായിരുന്നു ഫൈനല്‍. ഒരു ലക്ഷത്തിലധികം പേരുണ്ടായിരുന്നു കളി കാണാന്‍. പെലെ തന്നെ ആയിരുന്നു ഇറ്റാലിയന്‍ കോച്ചിന്റെ പ്രധാന നോട്ടപ്പുള്ളി. മരിയോ ബെര്‍ട്ടിനി എന്ന സമര്‍ഥനായ ഡിഫന്‍ഡറെയാണ് പെലെയെ തളയ്ക്കാന്‍ കോച്ച് നിയോഗിച്ചത്. റഫറിക്ക് പോലും മനസ്സിലാക്കാന്‍ കഴിയാത്തവിധം സമര്‍ഥമായി പെലെയെ നിരന്തരം ഫൗള്‍ ചെയ്ത് വീഴ്ത്തുകയായിരുന്നു ബെര്‍ട്ടിനി. ഈ തന്ത്രം തിരിച്ചറിഞ്ഞ പെലെ ബുദ്ധിപൂര്‍വം ബെര്‍ട്ടിനിയെ മറികടന്നുതുടങ്ങി. 18-ാം മിനിറ്റില്‍ പെലെ തന്നെ ഗോള്‍ നേടുകയും ചെയ്തു. ടൊസ്റ്റാവോ എടുത്ത ത്രോയില്‍ നിന്ന് പന്ത് ലഭിച്ച റിവലിനോ ഗോള്‍ ഏരിയയിലേക്ക് ഉയര്‍ത്തി അടിച്ചു. അപ്പോള്‍ പെലെയെ തടയാന്‍ ബര്‍ട്ടിനിക്കൊപ്പം സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ടര്‍സിസിയോ ബുര്‍ഗിച്ച് കൂടെ ഉണ്ടായിരുന്നു. അവരെ വെട്ടിച്ച് ഉയര്‍ന്നുചാടിയ പെലെ കുറച്ചുനേരം വായുവില്‍ തന്നെ നിന്നു. പന്ത് വലയിലേക്ക് ഹെഡ് ചെയ്തിട്ടു. ''ഞാനും അപ്പോള്‍ പെലെയ്‌ക്കൊപ്പം ചാടിയിരുന്നു. പക്ഷെ ഞാന്‍ താഴേക്ക് വീണിട്ടും പെലെ വായുവില്‍ തന്നെ നിലകൊള്ളുകയായിരുന്നു''
ബുര്‍ഗനിച്ച് പിന്നീട് ഈ ഗോളിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ആദ്യപകുതി അവസാനിക്കുംമുമ്പ് ബ്രസീല്‍ പ്രതിരോധത്തില്‍ സംഭവിച്ച പിഴവില്‍നിന്ന് ഇറ്റലി സമനില നേടി. 37-ാം മിനിറ്റില്‍ കൊഡാള്‍ഡോ പിന്നോട്ട് ശ്രദ്ധിക്കാതെ നല്‍കിയ ബാക്ക് പാസില്‍ നിന്ന് പന്ത് പിടിച്ചെടുത്ത ബോണിന്‍സെഗ്ന ഫെലിക്‌സസിനെ കബളിപ്പിച്ച് പന്ത് ബ്രസീലിന്റെ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
രണ്ടാം പകുതിയില്‍ ബ്രസീല്‍ കൂടുതല്‍ വാശിയോടെ ആക്രമിക്കുകയായിരുന്നു. 66-ാം മിനിറ്റില്‍ ജെര്‍സന്‍ ബ്രസീലിനു വീണ്ടും ലീഡ് നേടിക്കൊടുത്തു. പിന്നെ ഇറ്റലിക്ക് തിരിച്ചുവരാനായില്ല. 71-ാം മിനിറ്റില്‍ ബ്രസീല്‍ മൂന്നാം ഗോളും നേടി. ജര്‍സന്റെ ഫ്രീകിക്കില്‍ നിന്ന് പന്ത് കിട്ടിയ പെലെ അത് ജര്‍സീഞ്ഞാവിന് നല്‍കി. പന്ത് വലയിലേക്ക് തിരിച്ചുവിട്ട ജര്‍സീഞ്ഞോ ചാമ്പ്യന്‍ഷിപ്പില്‍ തന്റെ ഏഴാം ഗോളും നേടി. ഒരു ലോകകപ്പില്‍ കളി ക്കുന്ന എല്ലാ മാച്ചിലും ഗോള്‍ നേടുകയെന്ന ബഹുമതിക്കും ജര്‍സിഞ്ഞോ അര്‍ഹനായി.
കളിതീരാന്‍ മൂന്നുമിനിറ്റ് അവശേഷിക്കെ, മൂന്നാം ലോകകപ്പ് വിജയം ആഘോഷിക്കാനെന്നപോലെ അതിമനോഹരമായ ഒരു ഗോള്‍ കൂടി അവര്‍ നേടി. 4-1 എന്ന വ്യക്തമായ മാര്‍ജിനില്‍ തന്നെ ബ്രസീല്‍ ഫൈനല്‍ ജയിച്ചു. 12 വര്‍ഷത്തിനിടെ മൂന്നാം തവണ ലോകചാമ്പ്യന്മാര്‍. യൂള്‍റിമെ കപ്പ് കാനറികള്‍ക്ക് സ്വന്തമായി. ബ്രസീലിയന്‍ ഫുട്‌ബോളിന്റെ ആഘോഷമായിരുന്നു അത്. ലോക ഫുട്‌ബോളിലെ അനിഷേധ്യ ശക്തികളായി ബ്രസീല്‍ വാഴ്ത്തപ്പെട്ടു. ഈ മൂന്നു ലോകകപ്പിലും കളിക്കുകയും ഗോള്‍ നേടുകയും ചെയ്ത പെലെ ഫുട്‌ബോള്‍ സാമാജ്യത്തിലെ ചക്രവര്‍ത്തിയായി. യൂള്‍റിമെ കപ്പ് ബ്രസീലിന് എന്നെന്നേക്കുമായി നേടിക്കൊടുത്ത പെലെ അധിക കാലം കഴിയുംമുമ്പ് അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടചൊല്ലുകയും ചെയ്തു.
Content Highlights: pele, pele brazil, pele and brazil, pele footballer, sports news, brazil football, pele death, pele
Published: 30 Dec 2022, 10:36 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented