ഫുട്ബോളില്‍ ബ്രസീലും അര്‍ജന്റീനയുമായി കേരളം പകുത്തുമാറ്റപ്പെടുമ്പോള്‍ അതില്‍ മഞ്ഞപ്പടക്കാര്‍ക്ക് എന്നും മുന്നില്‍ വെക്കാന്‍ ഒറ്റപ്പേരേ ഉള്ളു, പെലെ. പലകാലങ്ങളില്‍ പലപേരുകാരും ബ്രസീല്‍ ഫുട്ബോളിനെ നയിച്ചിട്ടുണ്ടെങ്കിലും പെലെയെ മാറ്റിനിര്‍ത്തിയൊരു കളി മലയാളികള്‍ക്കുണ്ടായിട്ടില്ല. ഖത്തര്‍ ലോകകപ്പ് സമയത്ത് പോലും ബ്രസീല്‍ ആരാധകരുടെ കട്ടൗട്ടുകളിലും ബാനറുകളിലും പെലെ സ്ഥാനമുറപ്പിക്കുന്നത് അങ്ങനെയാണ്.

To advertise here,

ഇക്കഴിഞ്ഞ ലോകകപ്പ് സമയത്തെ ബ്രസീല്‍- അര്‍ജന്റീന ആരാധകരുടെ വാശിയും ആവേശവും ഫുട്ബോള്‍ ലോകം മുഴുവന്‍ ശ്രദ്ധിച്ചതാണ്. ആ ആവേശത്തിന് വിത്ത് പാകിയത് പെലെയാണെന്ന് ഒരര്‍ഥത്തില്‍ പറയാം. കിരീടവിജയങ്ങളും ഗോള്‍വേട്ടക്കാരും ഫുട്ബോള്‍ ചരിത്രത്തില്‍ ഒരുപാടുണ്ടാകാം. എന്നാല്‍ വിജയങ്ങളില്‍ തലയെടുപ്പുള്ള, ആരാധിക്കാന്‍ എല്ലാം തികഞ്ഞ നായകനായിരുന്നു പെലെ. സൗന്ദര്യാത്മക കളികൊണ്ട് ബ്രസീല്‍ ആരാധകരെ സൃഷ്ടിക്കുന്ന കാലത്ത് അതിന്റെ അമരത്തേക്ക് പെലെ എത്തുന്നത് അങ്ങനെയാണ്.

കറുപ്പിലും വെളുപ്പിലുമുള്ള മങ്ങിയ ചിത്രങ്ങളിലാണ് മലയാളികള്‍ പെലെയെ അധികം കണ്ടത്. എന്നിട്ടും ആരാധനയുടെ നിറക്കൂട്ടിലായിരുന്നു പെലെയെന്നും. പെലെയുടെ കളി കണ്ണുകളിലൂടെയല്ല കാതുകളിലൂടെയാണ് മനസ്സുകള്‍ കീഴടക്കിയത്. പെലെ പന്ത് കൊണ്ട് സൃഷ്ടിച്ച കളിയഴകും നിര്‍മ്മിച്ചെടുത്ത ഗോളുകളും കണ്ടതിനേക്കാള്‍ കേട്ടാണ് മലയാളികള്‍ വളര്‍ന്നത്. ഓരോ ലോകകപ്പ് ജയവും പെലെയുടേയും ബ്രസീലിന്റേയും കരുത്തുകൂട്ടി. ഓരോ വിജയവും വിജയകഥകളും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകര്‍ന്ന് ആരാധന പടര്‍ന്നു.

ബ്രസീല്‍ ആദ്യമായി ലോകകപ്പ് ജയിക്കുന്ന 1958-ലും മൂന്നാം തവണ ജയിക്കുന്ന 1970-ലും ഫൈനലുകളില്‍ പെലെ ഗോളടിച്ചിട്ടുണ്ട്. ഈ രണ്ട് ഫൈനലുകളും മലയാളികള്‍ തത്സമയം കണ്ടിട്ടില്ല. കാരണം അന്ന് ഇന്ത്യയില്‍ തത്സമയ സംപ്രേഷണം നിലവില്‍ വന്നിട്ടില്ല. പെലെയുടെ കളികള്‍ മലയാളികള്‍ കണ്ടത് ലോകകപ്പിനെ അടിസ്ഥാനപ്പെടുത്തിയുണ്ടായ ഡോക്യുമെന്ററികളിലൂടെയും അന്നത്തെ ഗോളുകളുടെ ക്ലിപ്പുകളിലൂടെയുമാണ്.

പെലെയോളും പോന്ന സമകാലികര്‍ ഫുട്ബോളില്‍ അന്നുണ്ടായിരുന്നു. എന്നിട്ടും പെലെ താരമായി. പെലെയുടേയും ബ്രസീലിന്റേയും കളിക്കൊരു ചന്തമുണ്ടായിരുന്നു, പഴകുന്തോറും വീര്യം കൂടുന്ന രസക്കൂട്ടുണ്ടായിരുന്നു. ബ്രസീലിലും അര്‍ജന്റീനക്കും മുമ്പ് ലോകകപ്പ് ജയിച്ച തെക്കേ അമേരിക്കന്‍ ടീം യുറഗ്വായാണ്. എന്നാല്‍ യുറുഗ്വായ്ക്ക് ആരാധകരെ സമ്പാദിക്കാന്‍ കഴിഞ്ഞില്ല. അവരുടെ കളിക്ക് അഴകുണ്ടായിരുന്നില്ല. ബ്രസീലിനും പെലെക്കും കേരളത്തില്‍ ആരാധകരുണ്ടായതോടെ എതിര്‍ചേരിയും രൂപപ്പെട്ടു. അര്‍ജന്റീനയും ജര്‍മനിയും ഇറ്റലിയും അവരുടെ ടീമുകളായി.

1986-ലെ ലോകകപ്പ് ജയവും മാറഡോണയെന്ന താരത്തിന്റെ ഉദയവും ലോകകപ്പ് മത്സരങ്ങളുടെ പൂര്‍ണമായ സംപ്രേഷണവും അര്‍ജന്റീനയുടെ ആരാധകരെ വര്‍ധിപ്പിച്ചു. ബ്രസീലിനും പെലെക്കും ഒപ്പം വെക്കാന്‍ അര്‍ജന്റീനയും മാറഡോണയുമുണ്ടായി. അതിപ്പോഴും തുടരുന്നു.