
ഒരു ഭാഷ ഉപയോഗിക്കുന്ന മുഴുവന് മനുഷ്യരും ആ ഭാഷയിലെ അക്ഷരങ്ങളും വാക്കുകളും ഒരേപോലെ പറയുകയും എഴുതുകയും ചെയ്യേണ്ടതല്ലേ? ആ ഭാഷയിലെ വാക്കുകളുടെ താളവും സംഗീതവും വാക്കുകള്ക്കിടയിലെ മൗനവും അക്ഷരത്തില്നിന്ന് അക്ഷരത്തിലേയ്ക്കുള്ള അകലവുമെല്ലാം ആ ഭാഷ ഉപയോഗിക്കുന്ന എല്ലാവരും ഒരേപോലെ ഉച്ചരിക്കേണ്ടതല്ലേ? കിളയ്ക്കുക, തിളയ്ക്കുക, വളയ്ക്കുക, പിഴയ്ക്കുക എന്നൊക്കെ എഴുതുമ്പോള് ഇടയ്ക്കുള്ള 'യ'കാരം എഴുതിക്കാണിക്കണം എന്നത് നിര്ബന്ധമാണോ? ആണെങ്കില്, പനിക്കുക, കുടിക്കുക, തുടിക്കുക, തടിക്കുക തുടങ്ങിയ വാക്കുകളെഴുതുമ്പോള് 'യ' കാരം എഴുതിക്കാണിച്ചില്ലെങ്കിലും, 'യ' കാരം ചേര്ത്തുവേണം ഉച്ചരിക്കാന് എന്നു പറയുന്നത് എന്തുകൊണ്ടാണ്? അങ്ങനെയെങ്കില് അലക്കുക എന്ന് എഴുതി അലയ്ക്കുക എന്നും, മറക്കുക എന്നെഴുതി മറയ്ക്കുക എന്നും വായിച്ചാലോ? കാക്കപ്പൂവ്, ഓണത്തുമ്പി, പച്ചക്കല്ല്, കുട്ടിക്കാലം തുടങ്ങിയ വാക്കുകള് ചേര്ത്തെഴുതുമ്പോള് രണ്ടാമതു ചേര്ക്കുന്ന പൂവ് തുമ്പി കല്ല് കാലം എന്നീ വാക്കുകളുടെ ആദ്യത്തെ അക്ഷരത്തില് ഇരട്ടിപ്പുവേണം എന്ന് നിര്ബന്ധമുണ്ടോ? മലയാളഭാഷ സംസാരിക്കുമ്പോള് പ്രാദേശിക ജനവിഭാഗങ്ങള് വരുത്തുന്ന നൂറു കണക്കിന് പ്രാദേശികഭേദങ്ങള് അഥവാ വാമൊഴി വഴക്കങ്ങള് വരമൊഴിയിലേയ്ക്ക് പ്രത്യേകിച്ചും ലേഖനങ്ങളിലും വാര്ത്തകളിലുമൊക്കെ ഉള്പ്പെടുത്തുന്നത് ശരിയാണോ?
വരമൊഴി ഒരു വഴിക്കും വാമൊഴി വേറെ പലവഴിക്കും പോയാല് ഭാഷയിലൂടെ എങ്ങനെയാണ് ആശയസംവേദനം സാധ്യമാവുക? ഇനി അതല്ല, വാമൊഴിയും വരമൊഴിയും ഒരേപോലെ വേണം എന്നു ശാഠ്യം പിടിച്ചാല് വരമൊഴിയിലെ ഭാഷാനിയമങ്ങള് എങ്ങനെയാണ് കൃത്യമായി വാമൊഴിയിലേയ്ക്കു കൊണ്ടുവരിക? ഒരു ഭാഷയില്ത്തന്നെ പലപല വാമൊഴികളും അവയിലൊക്കെ തികച്ചും വ്യത്യസ്മായ അര്ഥസാധ്യതകളുമുള്ളപ്പോള് എങ്ങനെയാണ് മനുഷ്യര് ആശയസംവേദനം നടത്തുക? മലപ്പുറത്തുകാരി പറയുന്നത് കൊല്ലത്തുകാരിക്കും കോട്ടയത്തുകാരന് പറയുന്നത് കോഴിക്കോട്ടുകാരനും കണ്ണൂരുകാരന്റെ ഭാഷ തിരുവനന്തപുരത്തുകാരനും കാസര്ക്കോട്ടുകാരിയുടെ ഭാഷ തൃശ്ശൂര്ക്കാരിക്കും മനസ്സിലായില്ലെങ്കില് എങ്ങനെ പത്രം അച്ചടിക്കും? എങ്ങനെ പുസ്തകം പ്രസിദ്ധീകരിക്കും? എങ്ങനെ പലതരം എഴുത്തുകളിലൂടെ ആശയവിനിമയം നടത്തും?
എഴുത്തിന്റെ വ്യാകരണനിയമങ്ങളും കുത്തും കോമയും കൃത്യമായി ഒരു സമൂഹത്തിലെ മുഴുവന് മനുഷ്യരെക്കൊണ്ടും അംഗീകരിപ്പിക്കുന്നതെങ്ങനെ? പാടത്തു പണിയെടുക്കുന്നവരും കന്നുകാലികളെ മേയ്ക്കുന്നവരും തെരുവില് ഭിക്ഷയാചിക്കുന്നവരും മീനും പച്ചക്കറിയും കുട്ടയിലാക്കി വീടുകള് തോറും നടന്ന് കച്ചവടം ചെയ്യുന്നവരുമടക്കം വ്യത്യസ്ത ജീവിതവ്യവഹാരങ്ങളില് ഏര്പ്പെട്ടിരിക്കുന്ന മുഴുവന് മനുഷ്യരും വ്യാകരണപണ്ഡിതന്മാര് നിര്വചിച്ചുവെച്ചതുപോലെ ഭാഷ ഉപയോഗിക്കും എന്ന് കരുതാനാകുമോ? സാധാരണ മനുഷ്യരുടെ വ്യവഹാരഭാഷ അവര് പറയുന്നതുപോലെ സാഹിത്യ കൃതികളില് ഉപയോഗിച്ചില്ലെങ്കില് കഥയ്ക്കും കവിതയ്ക്കും നോവലിനുമൊക്കെ എങ്ങനെ ജീവിതവുമായി ബന്ധമുണ്ടാകും? എഴുത്തും പറച്ചിലും തമ്മിലുള്ള, അഥവാ വാമൊഴിയും വരമൊഴിയും തമ്മിലുള്ള അടുപ്പവും വൈരുദ്ധ്യവും കൃത്യമായി നിര്വചിക്കുക എന്നത് ഒട്ടും എളുപ്പമുള്ള പണിയല്ല.
വ്യാകരണശുദ്ധിയുള്ള കൃത്യമായ ഒരു മാനകഭാഷയാണ് ആദ്യം ഉണ്ടായത് എന്നും, വിദ്യാഭ്യാസമില്ലാത്ത സാധാരണമനുഷ്യര് ശുദ്ധമായ ആ ഭാഷ വ്യാകരണം നിയമം പാലിക്കാതെ തെറ്റായി ഉപയോഗിച്ചു വികലമാക്കിയതാണ് എന്നും കരുതുന്നവരാണ് ഭാഷാപണ്ഡിതരില് പലരും. എന്നാല് യാതൊരു വ്യാകരണ നിയമവും പാലിക്കാത്ത അഥവാ വ്യാകരണ നിയമങ്ങളെക്കുറിച്ചു ചിന്തിക്കാത്ത സാധാരണ മനുഷ്യര് സ്വതന്ത്രമായി അവരവര്ക്കു തോന്നിയതുപോലെ അവരുടെ പല പല ആവശ്യങ്ങള് നിവൃത്തിക്കുന്നതിനുവേണ്ടി ഉപയോഗിച്ചുവന്ന ഭാഷയെ നിരീക്ഷിച്ച് പില്ക്കാലത്ത് വ്യാകരണ പണ്ഡിതന്മാര് വ്യാകരണ നിയമങ്ങള് സൃഷ്ടിക്കുകയായിരുന്നു എന്നതാണ് വസ്തുത. ഒരു കാലഘട്ടത്തിലോ, ഒരു സമൂഹത്തിലോ നിലവിലുണ്ടായിരുന്ന വ്യാകരണനിയമങ്ങള് മറ്റൊരു കാലഘട്ടത്തിലും മറ്റൊരു സമൂഹത്തിലും പ്രസക്തമായില്ല എന്നും വരാം.
ഭാഷ നിര്മിക്കുന്നതും പ്രാഥമികമായി ഭാഷ ഉപയോഗിക്കന്നതും ഭാഷയെ നിരന്തരം പുതുക്കുന്നതും സാഹിത്യകാരികളോ വൈയാകരണന്മാരോ ഭാഷാ പണ്ഡിതരോ അല്ല, നാട്ടിലെ സാധാരണ മനുഷ്യരാണ്. പലപ്പോഴും ഭാഷ എഴുതാനും വായിക്കാനുംകൂടി അറിയാത്ത സാധാരണക്കാരായ മനുഷ്യരാവും അവര്. പലപല ദേശങ്ങളില് പലപല തൊഴിലുകളില് ഏര്പ്പെട്ടവരായ ഇത്തരം സാധാരണക്കാരുടെ ഭാഷ ഒന്നാണ് എന്ന് പൊതുവെ പറയുമ്പോഴും വാമൊഴികള്ക്ക് ഏകരൂപമുണ്ടാവുകയില്ലല്ലോ. വള്ളുവനാട്ടിലും വേണാട്ടിലും ഏറനാട്ടിലും കുറുമ്പ്രനാട്ടിലും കോലത്തുനാട്ടിലും പറയുന്നത് ഒരേ മലയാളമാകുമ്പോള്ത്തന്നെ അത് പല മലയാളവുമാണ്. ചായ്വും ചെരിവും മൂര്ച്ചയും മിനുസവും മാത്രമല്ല പലപ്പോഴും ഒരേ വാക്കിന്റെ അര്ഥംപോലും വ്യത്യസ്തമായിരിക്കും. ഒരു നാട്ടില് സാധാരണ പറയുന്ന ഒരു വാക്കു ചിലപ്പോള് മറ്റൊരു നാട്ടില് പറഞ്ഞാല് തല്ലു കിട്ടിയെന്നും വരും. മലയാളത്തിനുമാത്രമല്ല ലോകത്തിലെ എല്ലാ ജൈവഭാഷകള്ക്കും ഉള്ളതാണ് വാമൊഴിയും വരമൊഴിയും തമ്മിലുള്ള ഈ വ്യത്യാസം.
വ്യവഹാരഭാഷയും മാനകഭാഷയും തമ്മിലുള്ള വ്യത്യാസം എളുപ്പം മനസ്സിലാക്കാന് ഒരു ഉദാഹരണം പറയാം. മാനകമായ സമയം പോലെത്തന്നെയാണ് മാനകഭാഷയും. ഇന്ത്യന് സ്റ്റാന്റേര്ഡ് സമയം എന്നതുകൊണ്ട് നമ്മള് അര്ഥമാക്കുന്നത് കേരളത്തില് ഒരു പ്രത്യേകസഥലത്ത് നില്ക്കുന്ന ഒരാളുടെ വാച്ചില് കാണിക്കുന്ന സമയംതന്നെയായിരിക്കും ഡല്ഹിയിലോ മുംബെയിലോ കല്ക്കത്തയിലോ കശ്മീരിലോ നില്ക്കുന്ന ആളുടെ വാച്ചിലും കാണിക്കുക എന്നതാണല്ലോ. ഇത് ഒരിക്കലും ശരിയാവില്ല എന്ന് നമുക്കറിയാം. കാരണം, കേരളത്തില് സൂര്യന് ഉദിക്കുന്ന സമയത്തല്ലല്ലോ ഡല്ഹിയിലും കശ്മീരിലും സൂര്യന് ഉദിക്കുക. അസ്തമിക്കുന്നതും ഒരേ സമയത്തായിരിക്കില്ല. അമേരിക്കയെപ്പോലെയുള്ള ചില രാജ്യങ്ങളില് ഒരു രാജ്യത്തിനകത്തുതന്നെ പല മാനകസമയങ്ങളും ഉണ്ടാവുകയും ചെയ്യും. അങ്ങനെ സൂക്ഷ്മമായി പരിശോധിക്കുമ്പോള് ഓരോ നാട്ടുകാര്ക്കും മാത്രമല്ല, ഓരോ വീട്ടുകാര്ക്കും പ്രത്യേകം പ്രത്യേകം സമയവും ക്ലോക്കും വേണ്ടിവരും. പക്ഷേ അങ്ങനെയാകുമ്പോള് ഒരു സമൂഹത്തില് ജീവിക്കുന്ന മനുഷ്യര്ക്ക് സമയത്തെക്കുറിച്ചു പരസ്പരം ആശയവിനിമയം നടത്താന് കഴിയാതെ വരും. പത്തുമണിക്ക് കാണാം എന്ന് ഞാന് തിരുവനന്തപുരത്തുകാരനോടു പറഞ്ഞാല് ആരുടെ പത്തുമണി എന്നു സംശയമാവും.
സാമൂഹ്യവ്യവഹാരങ്ങള്ക്കു സൗകര്യപ്പെടുന്നതിനുവേണ്ടിയാണ് ഓരോ രാജ്യവും മാനകസമയം അഥവാ സ്റ്റാന്ഡേര്ഡ് ടൈം നിശ്ചയിക്കുന്നത്. സൂക്ഷ്മമായ അര്ഥത്തില് പരിശോധിച്ചാല് അതൊരു കളവാണ് എന്നു പറയാം. സൗകര്യത്തിനുവേണ്ടി ഒരു സമൂഹത്തിലെ മുഴുവന് മനുഷ്യരും പരസ്പരസമ്മതത്തോടെ വിശ്വസിച്ചുപോരുന്ന കളവ്. ഇതുപോലെത്തന്നെയാണ് ഭാഷയും. ഓരോ നാടിനും അതിന്റെ കാലാവസ്ഥയും പാരിസ്ഥിതികമായ പ്രത്യേകതകളും ഭൂപ്രകൃതിയും തൊഴിലുമൊക്കെ കാരണം ഭാഷാപ്രയോഗങ്ങളില് വ്യതിയാനം സംഭവിക്കും. ക്രിസ്തുവിനു മുമ്പ് സംഘകാലഘട്ടത്തില് ഒരു പൊതുഭാഷ ഉപയോഗിച്ചിരുന്ന തമിഴകം എന്ന പ്രദേശത്തെ മനുഷ്യര് പുതിയ കാലത്ത് മലയാളവും തമിഴും കന്നഡയുമൊക്കെയായി വ്യത്യസ്തമായ ഭാഷ സംസാരിക്കുന്നതിന്റെ കാരണം പ്രാദേശിക ഭേദങ്ങള് അഥവാ വാമൊഴി വഴക്കങ്ങള് വികസിച്ച് പുതിയ ഭാഷയായി വളര്ന്നതാണല്ലോ. സൂക്ഷ്മമായി പരിശോധിച്ചാല് ഓരോ പ്രദേശത്തു വസിക്കുന്നവരും, ഓരോ കുടുംബവും മത്രമല്ല ഓരോ മനുഷ്യന്പോലും ഉപയോഗിക്കുന്ന ഭാഷയില് ചില പ്രത്യേകതകള് കാണും. പക്ഷേ ഈ എല്ലാതരം വൈവിധ്യങ്ങളെയും അനുവദിച്ചു കൊടുക്കുക എന്നു പറഞ്ഞാല് അതിനര്ഥം ഓരോരുത്തര്ക്കും തോന്നിയപോലെ ഭാഷ ഉപയോഗിക്കാന് സ്വാതന്ത്ര്യം നല്കുക എന്നതാണ്.
പക്ഷേ, അങ്ങനെയായാല് ഒരാള് പറയുന്നത് മറ്റൊരാള്ക്കു മനസ്സിലാവാതെയാകും. സമൂഹത്തിലെ എല്ലാ മനുഷ്യര്ക്കും പൊതുവെ അംഗീകരിക്കാവുന്ന ചില നിയമങ്ങളില്ലെങ്കില് ഭാഷ പരസ്പരം സംവദിക്കാതെയാകും. അത് ഭാഷയല്ലാതെയാകും. കാരണം ഭാഷയെന്നത് ഒരു സമൂഹത്തിലെ മുഴുവന് മനുഷ്യരും ആശയസംവേദനത്തിനുവേണ്ടി എത്തിച്ചേരുന്ന പൊതുവായ കരാറാണ്. അതുകൊണ്ട് ഒരേ സമയം ഭാഷയ്ക്കകത്തെ വൈവിധ്യങ്ങളെ ഒരു പരിധിവരെ അംഗീകരിക്കുകയും അതോടൊപ്പം ഭാഷയുടെ പ്രയോഗത്തില് ചില പൊതു നിയമങ്ങള് കൃത്യമായി പാലിക്കപ്പെടുകയും വേണം. ഇന്ന് സമൂഹം അംഗീകരിക്കുന്ന നിയമങ്ങള് ഒരു പക്ഷേ നൂറു വര്ഷങ്ങള്ക്കുശേഷം നിലനിന്നുകൊള്ളണം എന്നില്ല. ഭാഷയുടെ നിയമങ്ങള് കാലോചിതമായി പരിഷ്കരിക്കേണ്ടിവരും. വ്യാകരണനിയമങ്ങള് പുതുക്കുകയില്ല എന്നു വാശി പിടിക്കുന്ന ഭാഷകള് ജനങ്ങളില്നിന്നും അവരുടെ വ്യവഹാരങ്ങളില്നിന്നും അകന്നുപോവുകയും മൃതഭാഷയായി ഷോ കേസുകളില് ഒതുങ്ങിപ്പോവുകയും ചെയ്യും. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് സംസ്കൃതത്തിന്റെ ഇന്നത്തെ അവസ്ഥ. വ്യാകരണനിയമങ്ങള് തെറ്റുമ്പോഴൊക്കെ പ്രാകൃതം പ്രാകൃതം എന്ന് അധിക്ഷേപിച്ചുകൊണ്ട് പാണിനിയുടെ വ്യാകരണനിയമങ്ങള്ക്കുവേണ്ടി ശാഠ്യം പിടിച്ചുനിന്ന സംസ്കൃതഭാഷ മൃതഭാഷയായി മാറുകയും ജനങ്ങള് നിയമം തെറ്റിച്ച് ഭാഷ ഉപയോഗിക്കുകയും, അവര് ഉപയോഗിച്ചുകൊണ്ടിരുന്ന പ്രാകൃതങ്ങള് ഘടി ബോലിയും തുടര്ന്ന് ഹിന്ദിയും ബീഹാറിയും ബംഗാളിയും ഗുജറാത്തിയും മറാത്തിയും അടക്കം നിരവധി ഭാഷകളായി വളരുകയും ചെയ്തുവല്ലോ.
ഒഴുകിക്കൊണ്ടിരിക്കുന്ന നദിപോലെയാണ് ഭാഷ എന്നു പറയാം. ഒരു നദിയില് രണ്ടുതവണ മുങ്ങാന് കഴിയില്ല എന്നു പറയുന്നത് നദിയിലെ ജലം അനുനിമിഷം ഒഴുകിപ്പോവുകയും പുതിയ ജലത്താല് നദി നവീകരിക്കപ്പെടുകയും ചെയ്യുന്നതുകൊണ്ടാണല്ലോ. അതുപോലെത്തന്നെയാണ് ഭാഷയും. അത് ഇടയ്ക്കിടെ കലങ്ങിമറിയും വീണ്ടും തെളിയും. അനുനിമിഷം നവീകരിക്കപ്പെടുകയും ചെയ്യും. നദിയില്നിന്ന് സ്ഫടികപ്പാത്രത്തില് എടുത്തു സൂക്ഷിച്ച ജലമാകട്ടെ തെളിഞ്ഞതും എല്ലാ നിയമങ്ങള്ക്കും നിരീക്ഷണങ്ങള്ക്കും വഴിപ്പെടുന്നതുമായിരിക്കും. അത് വ്യാകരണശുദ്ധിയുള്ള ഭാഷപോലെയാണ്. പക്ഷേ ഏറെക്കാലം സ്ഫടികപ്പാത്രത്തില് എടുത്തു സൂക്ഷിച്ചാല് ജലം കൊഴുത്തു വൃത്തികെട്ടു നാറാന് തുടങ്ങും. അപ്പോഴും നദിയിലെ ജലം അതിന്റെ ശുദ്ധിയോടെ ഒഴുകിക്കൊണ്ടിരിക്കും. നദിയുടെ ഒഴുക്കും സ്ഫടികപ്പാത്രത്തിലെ ജലശുദ്ധിയും ഒരേസമയം പാലിച്ചുകൊണ്ടുവേണം ഭാഷ മുന്നോട്ടു പോകാന്. നിയമങ്ങള് വല്ലാതെ ചെടിച്ചുപോകുന്നു എന്നും അത് ജനങ്ങളില്നിന്ന് അകലുന്നു എന്നും, ജനങ്ങള്ക്ക് തടസ്സം സൃഷ്ടിക്കുന്നു എന്നും ബോധ്യമാകുമ്പോള് സ്ഫടികപ്പാത്രത്തില് എടുത്തു സൂക്ഷിച്ച ജലം പുഴയിലേയ്ക്കുതന്നെ തിരിച്ചൊഴിച്ചു കളയണം. വീണ്ടും പുഴയില്നിന്നുതന്നെ പുതിയ ജലമെടുത്ത് സ്ഫടികപ്പാത്രം നിറയ്ക്കുകയും വേണം. ഇങ്ങനെ ജനങ്ങളുടെ ജീവിതമാകുന്ന നദിയില്നിന്ന് പുതുജീവന് പകര്ന്നും അതോടൊപ്പം ജനങ്ങളുടെ വ്യവഹാരത്തിനു സഹായിക്കുന്ന തരത്തില് നിയമവിധേയമാക്കിയും മാത്രമേ ഭാഷയ്ക്കു നിലനില്ക്കാനും വളരാനും സാധിക്കുകയുള്ളൂ. ഒരിക്കല് ഉച്ചരിച്ചതുപോലെ ഭാഷയിലെ ഒരു വാക്കും പിന്നീടൊരിക്കല് ഉച്ചരിക്കാന് പറ്റിക്കൊള്ളണമെന്നില്ല. വളരെ സൂക്ഷ്മമായ അര്ഥത്തിലെങ്കിലും ഓരോ തവണ ഉച്ചരിക്കുമ്പോഴും ഭാഷയ്ക്കു വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കും. എല്ലാ ശുദ്ധിവാദങ്ങളും ഫാസിസമാണ് എന്നു പറയാറുള്ളത് ഭാഷയുടെ കാര്യത്തിലും പ്രസക്തമാണ്. ഭാഷയിലെ ഒരു നിയമവും എല്ലാ കാലത്തേയ്ക്കും പ്രസക്തമായതല്ല, അതിനര്ഥം ഭാഷയില് ഒരു നിയമവും വേണ്ടാ എന്നും അല്ല.
സസ്യലോകത്തും ജന്തുലോകത്തും കാണുന്ന ജൈവവൈവിധ്യം ഭാഷയുടെ ലോകത്തും സംഭവിക്കുന്നുണ്ട് എന്ന് സൂക്ഷ്മനിരീക്ഷണത്തില് വ്യക്തമാകും. ഭാഷയും ഭാഷയ്ക്കകത്തുള്ള നിരവധി വാമൊഴി വഴക്കങ്ങളും പ്രാദേശികഭേദങ്ങളും രൂപപ്പെട്ടുവരുന്നത് സംസ്കാരത്തിന്റെ ചില സൂക്ഷ്മസ്ഥലികളിലും കാലാവസ്ഥകളിലും ആണ് എന്നര്ഥം. കാലാവസ്ഥ, ഭൂപ്രകൃതി, കാര്ഷികവിളവുകളുടെയും കൃഷിരീതികളുടെയും സ്വഭാവം, ഉത്പാദനപ്രക്രിയകളുടെ പ്രത്യേകതകള്, തൊഴില്പരമായ ബന്ധങ്ങള്, മറ്റു ഭൂപ്രദേശങ്ങളുമായും മറ്റു ഭാഷകളുമായും ബന്ധപ്പെടാന് ലഭിക്കുന്ന അവസരം എന്നിവയെല്ലാം സാംസ്കാരികമായ ഈ സൂക്ഷ്മസ്ഥലികളെ നിര്ണയിക്കുന്നു. കേരളത്തിന്റെ കിഴക്കുഭാഗത്തുള്ളവരും തെക്കുഭാഗത്തുള്ളവരും വടക്കുഭാഗത്തുള്ളവരും പ്രത്യേകം പ്രത്യേകം ഭാഷ ഉപയോഗിക്കുന്നതിന്റെ, അഥവാ അവരുടെ ഭാഷകളില്നിന്ന് നമ്മുടെ ഭാഷ വ്യതിരിക്തമായതിന്റെ അതേ കാരണത്താലാണ് കേരളത്തിന്റെ തെക്കും വടക്കും കിഴക്കും നടുക്കുമൊക്കെയുള്ള മലയാളത്തില് പ്രത്യേകമായ ചായ്വും ചെരിവും വാമൊഴി വഴക്കങ്ങളും രൂപപ്പെട്ടുവരുന്നതും. മറ്റൊരു തരത്തില് പറഞ്ഞാല് ഭാഷയ്ക്കു ജീവനുണ്ട് എന്നതിന്റെ തെളിവുകൂടിയാണ് പ്രാദേശികമായ ഇത്തരം വകഭേദങ്ങള് അഥവാ വാമൊഴിവഴക്കങ്ങള്.
സംസ്കൃതവും ലാറ്റിനും പോലെയുള്ള മൃതഭാഷകളില് പുതിയ വാമൊഴി വഴക്കങ്ങള് രൂപപ്പെടുകയും നിലവിലുള്ള ഭാഷാനിയമങ്ങള് പുതുക്കേണ്ടതായ ആവശ്യം വരികയോ ചെയ്യില്ല. കാരണം മനുഷ്യര് അവരുടെ വ്യവഹാരങ്ങള്ക്ക് ഉപയോഗിക്കുമ്പോഴാണല്ലോ പഴയ നിയമങ്ങള് പുതുക്കേണ്ടി വരുന്നത്. ഭാഷ പ്രയോഗിക്കുമ്പോള് പറയുന്നവര്ക്കും കേള്ക്കുന്നവര്ക്കും ആശയവ്യക്തതയുണ്ടാവുക എന്നത് പ്രധാനമാണ്. 'അലക്കുക' എന്ന വാക്കിനു പകരം 'അലയ്ക്കുക' എന്നോ, മറിച്ചോ ഉപയോഗിച്ചാല് ആശയസംവേദനത്തില് സംശയമുണ്ടാകും. അത്തരം സന്ദര്ഭങ്ങളില് 'യ' കാരം പ്രത്യേകം എഴുതി ആശയവ്യക്തത വരുത്തുകതന്നെ വേണം. 'കാക്കപ്പൂവ് പറിക്കാന് പോയിരിക്കുന്നു...' എന്നതിനു പകരം 'കാക്ക പൂവ് പറിക്കാന് പോയിരിക്കുന്നു...' എന്നു പറഞ്ഞാല് അര്ഥം വ്യക്തമാവുകയില്ല. 'ആനപ്പാപ്പാന്മാരെ ചട്ടം പഠിപ്പിക്കുന്നു..' എന്ന് എഴുതേണ്ടിടത്ത്, 'ആന പാപ്പാന്മാരെ ചട്ടം പഠിപ്പിക്കുന്നു' എന്ന് എഴുതിയാല് പഠിക്കുന്ന ആളും പഠിപ്പിക്കുന്ന ആളും മാറിപ്പോകും. ഈ തരത്തില് ഭാഷയുടെ വ്യാകരണനിയമങ്ങള് അര്ഥവ്യക്തത എന്ന ആവശ്യത്തിലേയ്ക്ക് ഏകാഗ്രമാക്കി പരിശോധിക്കുകയും അര്ഥവ്യക്തത ഉറപ്പുവരുത്താന് ആവശ്യമായ നിയമങ്ങള്ക്കായി ശാഠ്യം പിടിക്കുകയും തന്നെ വേണം. അത്ര അത്യാവശ്യമില്ലാത്തതും പഴയ വ്യാകരണനിയമങ്ങളില് ഉള്പ്പെടുന്നു എന്നതിന്റെ പേരില് തലമുറ തലമുറയായി പുസ്തകങ്ങളില് ഇടം പിടിച്ചതും, സാധാരണ ജനങ്ങള് അവരുടെ വ്യവഹാരഭാഷയില്നിന്ന് കുടഞ്ഞുകളഞ്ഞതുമായ വ്യാകരണശാഠ്യങ്ങള് ഉപേക്ഷിക്കാനും ഭാഷ കരുത്തു കാണിക്കേണ്ടിയിരിക്കുന്നു.
(സാഹിത്യകാരനും അധ്യാപകനും കാലിക്കറ്റ് സര്വകലാശാല റിട്ടയേര്ഡ് അസിസ്റ്റന്റ് രജിസ്ട്രാറുമാണ് ലേഖകന്)
Content Highlights: international motherlanguage day m m sacheendran writes
Published: 21 Feb 2022, 12:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented