
അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ/ വേദമാകുന്ന ശാഖീ/ ക്കൊമ്പത്തന്പോടു പൂക്കും കുസുമതതിയിലേ-/ ന്തുന്ന പൂന്തേന് കുഴമ്പേ/ ചെമ്പൊല്ത്താര്ബാണസംഭപ്രശമനസുകൃതോ-/ പാത്തസൗഭാഗ്യലക്ഷ്മീ/ സമ്പത്തേ കുമ്പിടുന്നേന് കഴലിണവലയാ-/ ധീശ്വരീ വിശ്വനാഥേ!
എന്ന് ഭാഷാനൈഷധം ചമ്പുവില് മഴമംഗലം നമ്പൂതിരി പ്രാര്ഥിക്കുന്നു. 'അമ്പത്തൊന്നും നീയേ ദേവീ, ആധാരപ്പൊരുളും നീയേ' എന്ന് ഭൈരവിപ്പാട്ടിലും 'അമ്പത്തൊന്നക്ഷരം കൂടുന്ന പന്തം അന്പോടു ചൊല്ലീട്ടു വാങ്ങുന്ന പന്തം' എന്ന് കാലന് കോലപ്പാട്ടിലും അജ്ഞാതരായ പാട്ടുകവികള് എഴുതി. 'ആശാനക്ഷരമൊന്നു പിഴച്ചാല് അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്' എന്ന് കുഞ്ചന്നമ്പ്യാര് ഓര്മിപ്പിക്കുന്നു.
ഇവയെല്ലാം മറന്നുപോയ ജനത മലയാളത്തിലെ അക്ഷരസംഖ്യയെയും അക്ഷരങ്ങളെയുംകുറിച്ച് തര്ക്കത്തിലേര്പ്പെട്ടു. തര്ക്കത്തിനിടയില് അക്ഷരമാല വിസ്മൃതിയിലായി. കവിതയും അലങ്കാരവും വൃത്തവും സന്ധിയും സമാസവും പോയി. എന്തിന് ഭാഷതന്നെ മറഞ്ഞുതുടങ്ങി. ഒപ്പം സംസ്കാരവും. ഈ ദുരന്തം കേരളത്തില്മാത്രമേ സംഭവിക്കൂ. ഭാഷ സംസ്കാരമാണ്.
മറ്റൊരു തര്ക്കം 1971-ല് കേരളസര്ക്കാര് പുറപ്പെടുവിച്ച ലിപി പരിഷ്കരണ ഉത്തരവിനെച്ചൊല്ലിയായി. മഹാപണ്ഡിതന്മാരായ ഡോ. എന്.വി. കൃഷ്ണവാരിയരുടെയും ഡോ. ശൂരനാട്ടു കുഞ്ഞന്പിള്ളയുടെയും റിപ്പോര്ട്ടുകള് ക്രോഡീകരിച്ചായിരുന്നു ആ ഉത്തരവ് തയ്യാറാക്കിയത്. അതിനാല് അവര്ക്കും കിട്ടി ആക്ഷേപശരങ്ങള്. ലിപിസംഖ്യ 530-ല് നിന്ന് 90 ആക്കിയ ആ 'ലിപി ലഘൂകരണപ്രക്രിയ' കാലത്തിന്റെ ആവശ്യമായിരുന്നു. ടൈപ്പിങ്ങിനും അച്ചടിക്കും വേണ്ടിയായിരുന്നു ആ നടപടി. എഴുത്തിനു പഴയരീതിതന്നെ തുടരണമെന്ന് അതില് നിര്ദേശിച്ചിരുന്നു. ആ നിര്ദേശം അവഗണിക്കപ്പെട്ടു. അച്ചടി, ടൈപ്പിങ് രീതിമാത്രം ശരിയെന്നുധരിച്ച പുതിയ തലമുറ, എഴുത്തുരീതി പിന്തുടര്ന്നവരുമായി ശണ്ഠകൂടി. അധ്യാപകര് പഴയ എഴുത്തിന് മാര്ക്കുകൊടുക്കാതെയായി. ലിപിവിന്യാസത്തെച്ചൊല്ലി തര്ക്കമായി. ഭാഷയില്, എഴുത്തില് ആ വ്യവസ്ഥ ആധിപത്യം സ്ഥാപിച്ചു.
ഭാഷയെ ആധുനികസാങ്കേതികവിദ്യയുമായി കൂട്ടിയിണക്കുന്ന ശ്രമങ്ങളാരംഭിച്ചതോടെ അക്ഷരസംഖ്യയും ലിപിരൂപങ്ങളും ലിപിവിന്യാസവും എല്ലാം സോഫ്റ്റ്വേര് നിര്മാതാക്കളുടെ തലവേദനയായി. ഭാഷയുടെ അടിസ്ഥാനനിയമങ്ങള്പോലും മറന്നുകൊണ്ടുള്ള സോഫ്റ്റ്വേറുകള് വിപണിയില് മത്സരിച്ചു.
ആറുമലയാളിക്ക് നൂറുമലയാളമായപ്പോള് പെറ്റമ്മയെ വെടിഞ്ഞു പോറ്റമ്മമാരെ സ്വീകരിക്കാന് തിരക്കേറി. അതിനു വളമിടാന് കച്ചവടമനഃസ്ഥിതിയുള്ള വിദ്യാഭ്യാസപ്രവര്ത്തകരുമുണ്ടായി.
എന്താണ് നമുക്കൊരമാന്തം? എന്താണ് നമുക്കൊരു വിമുഖത? കടകളില്നിന്നുള്ള ബില്ലുകള്, ബസ് ടിക്കറ്റുകള്, ഡോക്ടര്മാരുടെ കുറിപ്പുകള്, കച്ചവടസ്ഥാപനങ്ങളുടെ ബോര്ഡുകള്, വിവാഹക്ഷണക്കത്തുകള് എല്ലാം എന്താണ് ഇപ്പോഴും ഇംഗ്ലീഷില് തുടരുന്നത്! ബ്രിട്ടീഷുകാര് അവരുടെ സൗകര്യത്തിനായി ഇംഗ്ലീഷിലാക്കിയ നിയമങ്ങളും മറ്റ് ആധാരഗ്രന്ഥങ്ങളുമൊന്നും ഇനിയും മലയാളത്തിലാകാത്തതെന്ത്? 1969-ല് പാസായ ഭരണഭാഷാനിയമം ലക്ഷ്യംകാണാത്തതെന്ത്! കോടതി നടപടികള് എന്തുകൊണ്ടാണ് സാധാരണക്കാര്ക്ക് അപ്രാപ്യമായിരിക്കുന്നത്? എന്തുകൊണ്ടാണ് മലയാളി അവന്റെ ദിവസം 'ഗുഡ് മോണിങ്ങി'ല് തുടങ്ങി 'ഗുഡ്നൈറ്റി'ല് അവസാനിപ്പിക്കുന്നത്?
മാതൃഭാഷ ഒരാവേശമാകണം, ആത്മാഭിമാനത്തിന്റെ അടയാളമാകണം. ഉറുദു ഭരണഭാഷയാക്കിയപ്പോള് അതിനെതിരേ പ്രക്ഷോഭത്തിനിറങ്ങിയ ധാക്കാ സര്വകലാശാലയിലെ വിദ്യാര്ഥികള്ക്കുനേരെ പോലീസ് നിറയൊഴിച്ചു. (അന്ന് 1952 ഫെബ്രുവരി 21) നാലുവിദ്യാര്ഥികള് കലാലയത്തില് മരിച്ചുവീണു. അതിന്റെ വീരസ്മരണ പുതുക്കുന്നതിനാണ്, ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി കൊണ്ടാടാന് 1999 നവംബര് 17-ന് ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. തന്റെ മാതൃഭാഷയായ തെലുങ്കിന് ഒരു സംസ്ഥാനം വേണം എന്ന ആവശ്യമുന്നയിച്ചുകൊണ്ട് 58 ദിവസം നിരാഹാരസത്യാഗ്രഹം ചെയ്ത് 1952 ഡിസംബര് 15-ന് ജീവത്യാഗംചെയ്ത പോറ്റി ശ്രീ രാമുലുവിന്റെ തിളയ്ക്കുന്ന വീര്യവും നമ്മെ സേവനോത്സുകരാക്കട്ടെ. ഭാഷാരംഗത്തും ഭരണഭാഷാരംഗത്തും വളരെ കാര്യങ്ങള് നമുക്ക് ചെയ്യാനുണ്ട്. വിചാരിച്ചാല് മതി, മലയാളം വളരും വാനോളം.
(കേരള സര്ക്കാരിന്റെ മുന് ഔദ്യോഗികഭാഷാവിദഗ്ധന്, സാഹിത്യകാരന്)
Content Highlights: international mother language day 2022, malayalam, dr ezhumattoor rajaraja varma
Published: 21 Feb 2022, 11:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented