
ഈ പേരിലൊരു വിചിത്രതയുണ്ടെന്ന വസ്തുത എത്രപേര് ശ്രദ്ധിച്ചിട്ടുണ്ടെന്നറിഞ്ഞുകൂടാ. അത് ഒരു തനി സംസ്കൃതസമസ്തപദമാണെന്ന വസ്തുത. തമിഴനാണെങ്കില് തായ്മൊഴി നാള് എന്നോ മറ്റോ പേരിടുമായിരുന്നു. അമ്മ മൊഴിക്ക് കീഴ്നില ഉണ്ടാവുന്നതിനോട് ഉള്ളിണക്കം ഈ പേരില് എഴുന്നു നില്ക്കുന്നു. കീഴ്നിലയോടുള്ള ഈ ഉള്ളിണക്കം തന്നെയാണ് ഇപ്പോഴും ഇങ്ങനെയൊരു പേരില് ഒരു നാള് ഉണ്ടാവുന്നതിന്നുപിന്നിലുള്ള ഉറവ്.
പണ്ടുമുതലേയുള്ള ഒരു ചായ്വാണിത്. എഴുത്തിനിരുത്തല് ഒരു തനി മലയാളപ്പേരാണെങ്കിലും തുടര്ന്നുള്ള പഠിപ്പ് അതിലൊതുങ്ങുന്നതായിരുന്നില്ല. പഠിപ്പുള്ളവന് എന്നറിയപ്പെടണമെങ്കില് സംസ്കൃതഭാഷയില് വിരുതു നേടണമായിരുന്നു. മലയാളത്തിന്റെ പിതാവ് എന്നു നാം ഭക്തിയോടെ ഓര്ക്കുന്ന തുഞ്ചത്തെഴുത്തച്ഛന് അധ്യാത്മ രാമായണത്തിലൂടെ പ്രചരിപ്പിച്ചത് ഭക്തിമാത്രമല്ല, മണിപ്രവാളഭാഷയെക്കൂടിയാണ്. അധ്യാത്മ രാമായണത്തില് സംസ്കൃതവിഭക്തിയിലുള്ള നാമപദങ്ങളും സംസ്കൃതത്തിലെ ക്രിയാരൂപങ്ങളും എത്രയുണ്ടെന്ന് ഒരു കണക്കുണ്ടാക്കി നോക്കിയാല് ഇതു തെളിഞ്ഞുകിട്ടും. കണക്കുണ്ടാക്കിയതിലെ ഉറപ്പിന്മേലാണിതുപറയുന്നത്. ഒന്നാം വകുപ്പില്പ്പെട്ടവ അയ്യായിരത്തോളവും രണ്ടാംവകുപ്പില്പ്പെട്ടവ അറുന്നൂറോളവും ഉണ്ടെന്നു കണ്ടെത്തി. 'നമുക്കെഴുത്തച്ഛനെടുത്ത ഭാഷാക്രമക്കണക്കേ ശരണം' എന്ന് പച്ചമലയാള കവിതയുണ്ടാക്കിയിട്ടുള്ള കുഞ്ഞിക്കുട്ടന് തമ്പുരാന് വഴികാട്ടിയത് ഓര്ക്കുക.
സംസ്കൃതപരിജ്ഞാനത്തില് കേളിപ്പെട്ടവര്ക്കുമാത്രമേ പഠിപ്പിന് പേരില് വിളിപ്പെടാന് കഴിഞ്ഞിരുന്നുള്ളൂ എന്നതിന്നൊരു തെളിവാണ് മലയാളകവി അരക്കവിയാണെന്ന കെട്ടുകഥ. അരചകവിയെന്നാണ് അരക്കവി പദത്തിന്റെ പൊരുളെന്ന് പണ്ഡിതന്മാര് സ്ഥാപിച്ചാലും മലയാളകവിയ്ക്കു സംസ്കൃതകവികളോടൊപ്പം രാജകീയ സദസ്സില് അംഗീകാരമുണ്ടായിരുന്നില്ലെന്നുകൂടി ആ കെട്ടുകഥയ്ക്കര്ത്ഥമുണ്ട്. ഇംഗ്ലീഷ് മീഡിയം സ്കൂളില് വിദ്യാര്ത്ഥി മലയാളം മിണ്ടിപ്പോയാല് മൊട്ടയടിക്കുന്ന ശിക്ഷ സമീപകാലത്ത് ഉണ്ടായതിന്ന് തുല്യമാണ് വേദപഠനകാലത്ത് മലയാളം മിണ്ടിക്കൂടാ എന്ന് ബ്രാഹ്മണര് നിശ്ചയിച്ചിരുന്ന വഴക്കം. പനസി ദശായാം പാശി (ചക്കി പത്തായത്തില് കയറി) പോലുള്ള കഥകള് പ്രസിദ്ധം.
അമ്മയോടെന്നപോലെ അമ്മമൊഴിയോടുകൂറുണ്ടാവുന്നതാണ് ആര്ക്കും സഹജമായ വാസന. പക്ഷേ മക്കളെ സ്നേഹിക്കാത്ത അമ്മയോടു കുഞ്ഞിനുകൂറുണ്ടായില്ലെങ്കില് കുറ്റം പറഞ്ഞുകൂടല്ലോ. അതു മൊഴിയുടെ കാര്യത്തിലും ശരിയാണ്. മലയാളം പഠിച്ചാല് അത് ഭാവിയില് ഉടലും ഉയിരും ചേര്ത്തുനിര്ത്താന് ഉതകുമെങ്കിലേ മലയാളത്തോട് അതിന്റെ നാട്ടിലുള്ള കുട്ടികള്ക്ക് കൂറുണ്ടാകൂ. ആള്ത്തിക്കു കൂടിയ നമ്മുടെ നാട്ടില് ഇവിടെ നിന്നു പുറത്തുകടന്നാലേ ഉയിരു കാക്കാനാവൂ എന്ന നിലയുണ്ടായിരുന്നതുകൊണ്ടാണ് പണ്ട് കൊളംബിലേക്കും മലേഷ്യയിലേക്കും മറ്റും ആളുകള് തൊഴിലുതേടി പോയിരുന്നത്. ഇപ്പോഴത് ഗള്ഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും മറ്റുമായിത്തീര്ന്നിരിക്കുന്നു. അവിടങ്ങളിലേക്കുവഴിതെളിയാന് ലോകഭാഷകളിലൊന്നായ ഇംഗ്ലീഷ് അറിഞ്ഞേ പറ്റൂ എന്ന നേരാണ് കുഞ്ഞുങ്ങളെ ഇംഗ്ലീഷ് മീഡിയത്തില് പഠിപ്പിക്കാന് രക്ഷിതാക്കള്ക്ക് പ്രേരണയാവുന്നത്. വലിയൊരു ജനക്കൂട്ടം പുറത്തേക്കൊഴുകിയാലല്ലാതെ ഇവിടെ പൊറുതി കൊള്ളുന്നവര്ക്കു കഞ്ഞികുടിക്കാനാവില്ല എന്ന കയ്പുറ്റ നേരാണ് ആളുകള് നേരിടുന്നത്. അതുകൊണ്ട് അമ്മമൊഴി പഠിക്കുന്നതോടൊപ്പംതന്നെ ആ ലോകഭാഷകൂടിപഠിക്കാന് സൗകര്യമുണ്ടാക്കുന്നത് അമ്മമൊഴിയോടുള്ള കൂറു വളരാന് സഹായിക്കും.
മലയാളഭാഷയ്ക്കുള്ള മികവിനെ ഇടിച്ചുകാണിക്കാന് ഒട്ടുംമടിയില്ലാത്തവരെ പൂജിക്കുന്ന മനോഭാവം പുലര്ത്താന് ആ ഭാഷയിലെ ആചാര്യന്മാര് പോലും മടിക്കാറില്ല. നമ്മുടെ ഭാഷയില് ലോകസാഹിത്യത്തിലെ മികച്ചകൃതികളോട് തോളൊത്തുപോകുന്ന രചനകളുണ്ടായിട്ടുണ്ട്. അവയെ വേണ്ടുപോലെ പരിഗണിക്കാതിരിക്കയും വിദേശകൃതികളെ വാനോളം വാഴ്ത്തുകയും ചെയ്യുന്ന ആചാര്യന്മാര് ആരാധിക്കപ്പെടുന്നു. ഈ വകുപ്പില്പ്പെട്ട വഴികാട്ടികള് 'മാതൃഭാഷാദിനം' ആചരിച്ചതുകൊണ്ടുമാത്രം വഴികാട്ടികളെന്ന നിലയില് 'ചോരതുടിക്കും ചെറുകയ്യുകളിലേക്ക്' കൊളുത്തിയ പന്തങ്ങള്വെച്ചുകൊടുക്കാന് കരുത്തുള്ളവരാവില്ല.
പ്രാഥമിക പഠനദശയില് അമ്മമൊഴി മാത്രം മാധ്യമമാക്കുന്നതും എട്ടാം ക്ലാസുവരെയെങ്കിലും ഇന്നാട്ടുകാരെല്ലാം അത് പഠിച്ചിരിക്കണമെന്നതും നിയമമുണ്ടാക്കുന്നതും അതുപാലിക്കുന്നതും അധികാരപ്പെട്ടവര് ഇളവില്ലാതെ ഏറ്റെടുക്കേണ്ട ചുമതലയിലാണ്. അതുപോലെ സാമാന്യജനത്തിന് അറിയേണ്ടതായ എല്ലാനിയമങ്ങളും എഴുത്തുകത്തുകളും അമ്മമൊഴിയിലായേ തീരൂ. എന്നാല് വിദേശത്ത് ജനിച്ചുവളരേണ്ടിവന്ന കുട്ടികള്ക്ക് നാട്ടിലേക്കു മടങ്ങിപ്പോരേണ്ടുന്ന നിലവന്നുചേര്ന്നാല് അവര്ക്ക് ഇളവുകള് അനുവദിക്കുന്നത് അവരുടെ അവകാശവും അവരോടു കാട്ടേണ്ട കനിവുമാണെന്ന വസ്തുതയും മറന്നുകൂട.
മലയാളഭാഷയിലെ വാക്കുകള് അമ്പതുശതമാനത്തിലേറെ സംസ്കൃതത്തില് നിന്നുവന്നുചേര്ന്നവയാണ്. സംസ്കൃതത്തിലെ വര്ണമാല മലയാളത്തിന്റെ 'അമ്പത്തൊന്നില്' ഉള്പ്പെടുത്തിയകാലം മുതല്ക്കുള്ള ചരിത്രമാണത്. ഇനി പിന്നോക്കം നടക്കല് സാധ്യമല്ല. അതിനാല് ആ വര്ണമാല നേരാംവണ്ണം പഠിപ്പിക്കാതെ തെറ്റില്ലാത്ത മലയാളം എഴുതാനുള്ള കഴിവ് വളര്ത്തിയെടുക്കാവുന്നതല്ല. മൊഴിയുന്നതിന് (പറയുന്നതിന്ന്) ഈ കെട്ടുപാടില്ല. കേള്ക്കുന്നവര്ക്ക് പറയുന്നതെന്തെന്നു മനസ്സിലാകണമെന്ന ഒരേയൊരു ലക്ഷ്യമേ ഭാഷണത്തിനുള്ളൂ. എഴുത്തിന്റെയും മുഖ്യലക്ഷ്യം അതുതന്നെയാണെങ്കിലും 'എഴുത്ത്' കാറ്റില് വിലയിച്ചുപോകുന്ന ശബ്ദമല്ലാത്തതുകൊണ്ടും അത് തൊട്ടുമുന്നിലുള്ള കേള്വിക്കാര്ക്കു മാത്രമല്ല ഭാഷ എവിടെയൊക്കെ പ്രചരിക്കുന്നുവോ അവിടെയെല്ലാമുള്ളവര്ക്ക് മനസ്സിലാവണമെന്നുള്ളതുകൊണ്ടുമാണ് ഒരു ഭാഷാമേക്കണക്ക് മാനകഭാഷ- തെറ്റുകള് കൂടാതെ എഴുതാന് കഴിവുണ്ടാകേണ്ടത്. സംസ്കൃതത്തില്നിന്ന് വന്നുകേറിയവാക്കുകള് വിരുന്നുകാരല്ല വീട്ടുകാര് തന്നെയാണ്. പേരുകള്പോലും ആ ഭാഷയിലേതായാലേ മാന്യമാവൂ എന്ന നിനവ് ആദിവാസികള്ക്കിടയില് കൂടി പ്രചരിച്ചിട്ടുണ്ട്. വിശപ്പടക്കാന് വേണ്ടി ഉഴക്കരിവാരിയെടുക്കേണ്ടിവന്നതിന് പേരില് തല്ലിച്ചതച്ചരയ്ക്കപ്പെട്ട അറുപാവത്തിന്റെ പേരുമധുവെന്നാണ്. തേനെന്നല്ല, വര്ണമാലയിലെ അതിഖരങ്ങളും മുറുക്കുകളും ഘോഷങ്ങളും ഊഷ്മാക്കളുമെല്ലാം ശരിക്കെഴുതാനും ഉച്ചരിക്കാനും പഠിച്ചാലേ മലയാളം പഠിച്ചു എന്ന് ഉറപ്പിക്കാനാവൂ എന്നതിന് മാറ്റം വരുത്താവതല്ല അതിവര- ഘോഷണങ്ങളില് (ഖ-ഘ) ഒന്നുമാത്രം മതി എന്നു വെട്ടിക്കുറക്കാന് കഴിയുമെങ്കിലും മുന്കാലങ്ങളിലെ മുഴുവന് ഗ്രന്ഥങ്ങളും വെട്ടിമാറ്റാനാവില്ലെന്നതുകൊണ്ട് ആ 'ലാഭം' കൊതിക്കത്തക്കവണ്ണം വലുതല്ല. ഒരു തെറ്റുംവരാതെ ഭാഷ ഉപയോഗിക്കാന് ആയിരത്തിലൊരാള്ക്കുപോലും കഴിവില്ലെന്ന സത്യം ഓര്ക്കുമ്പോള് തെറ്റുകള് വരുന്നതിനെപ്പറ്റി അത്രയേറെ വേവലാതിപ്പെടേണ്ടതുമില്ല.
അമ്മമൊഴിയറിയേണ്ടത് ആവശ്യമെല്ലെന്നോ അത് അനാവശ്യമായ ഭാരമാണെന്നോ അന്തസ്സിനുചേര്ന്നതല്ലെന്നോ ഉള്ള ധരണകളെല്ലാം മാഞ്ഞുപോയേ തീരൂ. മൊഴിക്കായ് ഒരു ദിനം ഉഴിഞ്ഞുവെക്കുന്നത് അതിന്നുതകട്ടെ.
Content Highlights: international mother language day dr m leelavathy writes
Published: 21 Feb 2022, 12:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented