
ലോക മാതൃഭാഷാ ദിനത്തില് ഓര്മ്മിച്ചെടുക്കാനാകുന്ന ഒരു പിടി മുഹൂര്ത്തങ്ങള് എന്റെ മാതൃഭാഷ എനിക്ക് സമ്മാനിച്ചിട്ടുണ്ട്. ഭാഷാനൈപുണ്യത്തില് തുലോം പിന്നില് നില്ക്കുന്ന നാട്ടിന് പുറത്തായിരുന്നു എന്റെ ജനനം. ബാല്യവും കൗമാരത്തിന്റെ തുടക്കവും ചെലവഴിക്കാനായത് ഭാഷയില് കലര്പ്പില്ലാതെ സംവദിക്കുന്ന ഒരു കൂട്ടം ശുദ്ധഹൃദയരോടൊപ്പമായിരുന്നു. ആംഗലേയ ഭാഷയുടെ കടന്നുകയറ്റം അല്പ്പം പോലുമില്ലാതിരുന്ന എന്റെ ചുറ്റുപാടുകളില് നിന്നും സഹജീവികളില് നിന്നും മലയാളഭാഷയുടെ സംശുദ്ധി ഒട്ടും ചോര്ന്നു പോകാതെ ഹൃദിസ്ഥമാക്കാന് എന്നെ ഒരു പാട് സഹായിച്ചിട്ടുണ്ട് എന്ന് പറയുന്നതില് അഭിമാനം തോന്നുന്നു.
മധ്യതിരുവിതാംകൂറിലെ സംസാരശൈലിയുമായി മാലോത്ത് കസബ സ്കൂളിന്റെ ചുറ്റുപാടുകളെ വിസ്മയിപ്പിച്ച അന്നത്തെ ഗുരുവന്ദ്യന്മാര് കഥകളിലൂടെയും കവിതകളിലൂടെയും മലയാള ഭാഷയുടെ സൗകുമാര്യവും ലാളിത്യവും പകര്ന്നു തന്നു. എനിക്ക് ഭാവനാലോകത്തിന്റെ വാതായനങ്ങള് മലര്ക്കെത്തുറന്നു തന്ന അഞ്ചാം തരത്തിലെ പ്രധാന അധ്യാപകനും ഭാഷാ നിപുണനുമായ ശ്രീ.സദാശിവന്സാറും പിന്നീടങ്ങോട്ടുള്ള പീനയാത്രയില് ഞങ്ങളോടൊപ്പമുണ്ടായിരുന്ന ശ്രീ.കുഞ്ഞമ്പു മാസ്റ്ററുമെല്ലാം ഭാഷാഭിമുഖ്യം വളര്ത്തുന്നതില് പ്രധാന പങ്കുവഹിച്ച മഹത് വ്യക്തികളാണ്.
മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട വിശ്വസാഹിത്യങ്ങളുടെ അപാരതയിലേക്ക് കൈപിടിച്ച് ഉയര്ത്തുന്നതില് നിര്മലഗിരി കോളേജിലെ അധ്യാപകര്ക്കുള്ള പങ്ക് നിസ്തുലമാണ്. സരസ ഗംഭീരനായ ജോണ്സണ് സാറും അഭിനയ സൗകുമാര്യം തികഞ്ഞ സുകുമാരന് സാറും ഭാഷാപണ്ഠിതനായ തോമസുകുട്ടി മാഷും പ്രസംഗകലയുടെ ആചാര്യനായ ജിയോ പുളിക്കലച്ചനും അങ്ങനെയങ്ങനെ പ്രഗല്ഭമതികളായ ഗുരുഭൂതന്മാരുടെ പ്രചോദനത്തിന്റെ തീവ്രതയിലാണ് എന്റെ ഭാവന കാവ്യഭംഗിയാര്ജ്ജിക്കുന്നതും ' ഉണക്കമരം - ഒരു കാലഘട്ടത്തിന്റെ മൂകസാക്ഷി' എന്ന കവിതാ സമാഹാരം പിറവിയെടുക്കുന്നതും.
പോലീസ് ജീവിതത്തിലെ തീവ്രാനുഭവങ്ങളുടെ തീച്ചൂളയില് ഭാഷാപ്രയോഗങ്ങളില് മാറ്റം വരികയും അത് സഭ്യതയുടെ സീമകള് ലംഘിക്കപ്പെട്ടേക്കാവുന്ന അവസ്ഥയിലേക്ക് വളരുകയും ചെയ്തപ്പോഴാണ് നിശബ്ദനാകാനും മനസിനെ മദിക്കുന്ന ഓര്മ്മകളെ അക്ഷരക്കൂട്ടുകളാക്കി കടലാസില് പകര്ത്താനും ഇടയാക്കിയത്. 'കുറ്റവും ശിക്ഷയും എന്ന തിരക്കഥയുടെ ജനനവും 'കുറ്റസമ്മതം' എന്ന ആദ്യ നോവലിന്റെ പിറവിയും ഇത്തരം ഉറക്കം തരാത്ത അനുഭവങ്ങളുടെ ബഹിര്സ്ഫുരണമാണ്.
അനുഭവങ്ങളുടെ യഥാവിധിയുള്ള പ്രകടനത്തിന് നിയമപരമായും ആചാരപരവുമായ വിലക്കുകള് നിലനില്ക്കുമ്പോളാണ് എന്റെ മാതൃഭാഷ എഴുത്തെന്ന സീമാതീത മാധ്യമത്തിലൂടെ അതിനുള്ള ധൈര്യം പകര്ന്നു തരുന്നതും അക്ഷരങ്ങളിലൂടെ ആശ്വാസ തീരമണയാന് പ്രേരിപ്പിക്കുന്നതും.
ഫെബ്രുവരി 21, ലോകമാതൃഭാഷാദിനം എന്റെ പ്രിയ സുഹൃത്തുക്കള്ക്കും വായനക്കാര്ക്കും എഴുത്തിന്റെയും വായനയുടെയും ലോകത്തിലേയ്ക്ക് പറന്നിറങ്ങുന്നതിനുള്ള സുവര്ണ്ണാവസരമായി മാറട്ടെയെന്ന് ആത്മാര്ത്ഥമായി ആശംസിക്കുന്നു.
Content Highlights: mother language day 2022, malayalam, sibi thomas
Published: 21 Feb 2022, 09:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented