മാതൃഭാഷയിലുള്ള ഒരു വ്യക്തിയുടെ ആവിഷ്‌കാരങ്ങള്‍ ആ വ്യക്തിയുടെയോ സമൂഹത്തിന്റെ സാംസ്‌കാരികസ്വത്വത്തിന്റെയോ ഹൃദയത്തില്‍നിന്ന് ഉണ്ടാകുന്നുവെന്നാണ് എന്റെ ബോധ്യം.

To advertise here,

യുനെസ്‌കോയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ കൊയ്ചിറോ മത്സുര മാതൃഭാഷയുടെ പ്രാധാന്യം അടിവരയിട്ടുകൊണ്ട് ഇങ്ങനെ പറഞ്ഞിരുന്നു: ''നമ്മുടെ അമ്മമാരില്‍നിന്ന് പഠിക്കുന്ന ഭാഷകളാണ് നമ്മുടെയുള്ളിലെ ചിന്തകളുടെ ജന്മദേശം''. പകരംവെക്കാനാവാത്ത മനുഷ്യജീവിതംപോലെത്തന്നെ മൂല്യവത്തും വ്യതിരിക്തവുമാണ് ഓരോ ഭാഷകളുമെന്ന് അദ്ദേഹം ഉചിതമായി പറഞ്ഞുവെച്ചു. സംസ്‌കാരത്തിന്റെയും നാഗരികതയുടെയും തുടര്‍ച്ച ഉറപ്പുവരുത്തുന്ന പ്രധാന പാലങ്ങളിലൊന്നാണ് ഭാഷകളെങ്കിലും ആഗോളീകരണവും പാശ്ചാത്യവത്കരണവും സാംസ്‌കാരികവും ഭാഷാപരവുമായി സമ്പന്നമായ നമ്മുടെ ഭാഷകളുടെ വളര്‍ച്ചയെ മാത്രമല്ല, ഭാഷാഭേദങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര മാതൃഭാഷാദിനം പ്രാധാന്യമര്‍ഹിക്കുന്നു.

'ബഹുഭാഷാപഠനത്തിന് സാങ്കേതികവിദ്യയുടെ ഉപയോഗം: അവസരങ്ങളും വെല്ലുവിളികളും' എന്നതാണ് 2022-ലെ അന്താരാഷ്ട്ര മാതൃഭാഷാദിനത്തിന്റെ ആശയം. നമ്മളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒന്ന്. ബഹുഭാഷാ വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തില്‍ സാങ്കേതികവിദ്യയുടെ പങ്കെന്തെന്ന് ചര്‍ച്ചചെയ്യുകയാണ് ഇതിന്റെ പ്രധാനലക്ഷ്യം. ബഹുഭാഷാതലത്തില്‍ അധ്യാപനപഠന അനുഭവത്തെ സമ്പുഷ്ടമാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയെന്നതാണ് ഇതിന്റെ കാതല്‍.

കാഴ്ചയും കണ്ണടയും

ഒരാളുടെ ബൗദ്ധികവികാസത്തിന് അടിത്തറ പാകുന്നതില്‍ മാതൃഭാഷയുടെ പ്രാധാന്യം വ്യക്തമാക്കുന്നതിന്, ഞാന്‍ പലപ്പോഴും നമ്മുടെ മാതൃഭാഷയെയും മറ്റുഭാഷകളെയും കാഴ്ചയും കണ്ണടയുമായി ഉപമിച്ചിട്ടുണ്ട്. കാഴ്ചശക്തിയുണ്ടെങ്കില്‍മാത്രമേ കണ്ണടകള്‍ ശരിയായി പ്രവര്‍ത്തിക്കൂ.

കുറഞ്ഞത് അഞ്ചാംക്ലാസുവരെയെങ്കിലും അല്ലെങ്കില്‍ എട്ടാംക്ലാസ് വരെയോ അതിനുമുകളിലോ മാതൃഭാഷയെ അധ്യയനമാധ്യമമായി ഉപയോഗിക്കാന്‍ ശുപാര്‍ശചെയ്യുന്ന 2020-ലെ ദേശീയ വിദ്യാഭ്യാസനയം ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഭാവിയില്‍ അധ്യാപനപഠനപ്രക്രിയയെ സമഗ്രവും മൂല്യാധിഷ്ഠിതവുമാക്കി മാറ്റാനും അതിനെ പരിഷ്‌കരിക്കാനും ദേശീയ വിദ്യാഭ്യാസനയം ശ്രമിക്കുന്നുണ്ട്.

പഠിക്കണം, മാതൃഭാഷയിലും

സാങ്കേതികവും ശാസ്ത്രീയവുമായ പദങ്ങള്‍ ഇന്ത്യന്‍ ഭാഷകളിലേക്ക് ശരിയായ രീതിയില്‍ പരിഭാഷപ്പെടുത്തേണ്ടതും അവ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. നിലവിലെ വിജ്ഞാനസംവിധാനങ്ങള്‍ പഠിതാക്കള്‍ക്ക് പ്രാപ്യമാകുന്ന തരത്തില്‍ മാറ്റിയെടുക്കാനും അവരുടെ പഠനാനുഭവത്തെ വ്യത്യസ്തമാക്കാനും ഇത് സഹായിക്കും. 'ശാസ്ത്രം പഠിക്കേണ്ടത് നമ്മുടെ മാതൃഭാഷയിലാണ്. അല്ലാത്തപക്ഷം, അത് വെറും ബുദ്ധിജീവികളുടെ പ്രവര്‍ത്തനമായി മാറും. അതൊരിക്കലും എല്ലാവര്‍ക്കും പങ്കെടുക്കാനാകുന്ന ഒരു കാര്യമാവില്ല' എന്ന പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ സി.വി. രാമന്റെ വാക്കുകള്‍ ഇവിടെയോര്‍ക്കുന്നു.

ഇംഗ്ലീഷല്ല അവസാനവാക്ക്

മാതൃഭാഷയിലുള്ള പഠനം ആത്മാഭിമാനവും സ്വത്വബോധവും പടുത്തുയര്‍ത്തുന്നതിലും പ്രധാനമാണ്. എല്ലാ ഭാഷകളെയും ഒരുപോലെ കാണണമെന്നുതന്നെയാണ് എന്റെ അഭിപ്രായമെങ്കിലും ഇംഗ്ലീഷ് പഠനത്തിന് അമിത പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചില അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രവണത ഖേദകരമാണ്. തത്ഫലമായി, മാതൃഭാഷ പഠിക്കാനുള്ള കുട്ടികളുടെ അവസരം ചുരുക്കപ്പെടുകയും ഇത് സാമൂഹികവും സാംസ്‌കാരികവുമായി ഒരുതരം വേരില്ലാത്ത അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. ബൗദ്ധിക ഉന്നമനത്തിനുള്ള അളവുകോലല്ല ഇംഗ്ലീഷ് പ്രാവീണ്യമെന്നും ജീവിത വിജയത്തിനുവേണ്ട പ്രധാന കാര്യമല്ല അതെന്നും നമ്മള്‍ കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം. നമ്മുടെ മൂല്യങ്ങള്‍, ആചാരങ്ങള്‍, കഥകള്‍, പെരുമാറ്റച്ചട്ടങ്ങളും ആദര്‍ശങ്ങളും, പഴഞ്ചൊല്ലുകളും ശൈലികളും തുടങ്ങി നമ്മുടെ കൂട്ടായ ബോധത്തില്‍നിന്ന് ഊറ്റിയെടുത്ത അറിവും ജ്ഞാനവും പരുവപ്പെടുത്തിയെടുക്കുന്ന മൂശയാണ് ഓരോ ഭാഷയുമെന്ന വസ്തുത നാം മറന്നുപോകരുത്. നൂറ്റാണ്ടുകളായുള്ള സഹവര്‍ത്തിത്വവും കൊടുക്കല്‍ വാങ്ങലുകളുംകൊണ്ട് പരസ്പരം പുഷ്ടിപ്പെടുത്തിയതുമായ നമ്മുടെ ഭാഷകള്‍ക്കുള്ളില്‍ നമ്മുടെ വ്യക്തിപരവും തദ്ദേശീയവും ദേശീയവുമായ സ്വത്വങ്ങള്‍ ഇഴചേര്‍ന്നുകിടക്കുന്നു.