
ഇച്ഛിക്കുന്നതെന്തും ആവിഷ്കരിക്കാനും എത്രമേല് ഗഹനങ്ങളായ ചിന്തകളെയും കൈകാര്യംചെയ്യാനും ഉതകുന്ന മാതൃഭാഷ കൈയിലുള്ളവനാണ് ഏറ്റവും ശക്തനും സ്വതന്ത്രനുമായ മനുഷ്യന്. 'എന്റെ പുര കത്തിപ്പോയി ഞാനിപ്പോള് മാതൃഭാഷയില് വസിക്കുന്നു' എന്നെഴുതിയിട്ടുണ്ടൊരു കവി. ഒട്ടും വാസയോഗ്യമല്ലാത്ത വസതിയായി മാറുകയാണ് കേരളത്തിലെ മാതൃഭാഷ. ഭൂരിപക്ഷത്തിന്റെ ഭാഷയായ മലയാളം പഠിക്കാതെ തന്നെ മലയാളിക്ക് കേരളത്തില് വിദ്യാഭ്യാസംചെയ്യാനും ജോലിചെയ്യാനും പറ്റുമെന്ന് മാത്രമല്ല, മാതൃഭാഷയുടെ ശക്തി ആരും തിരിച്ചറിയുന്നില്ല എന്നുമാത്രമല്ല, മാതൃഭാഷയെ മെച്ചപ്പെടുത്തുന്നതില് അങ്ങേയറ്റം ഉദാസീനമായ ഭരണവര്ഗമാണ് കാലാകാലങ്ങളായി ഇവിടെ ഭരിച്ചുകൊണ്ടിരിക്കുന്നതെന്നതും മാതൃഭാഷ മറ്റൊരു ഭാഷയല്ല എന്ന ബോധം ജനങ്ങള്ക്കില്ലെന്നതുമാണ് നമ്മുടെ അവസ്ഥ. ആദിവാസികളുടേതുള്പ്പെടെയുള്ള ന്യൂനപക്ഷങ്ങളനുഭവിക്കുന്നത് ഭാഷാപരമായ വലിയ അനാഥത്വവുമാണ്.
ഭൂമിയിലെ ഏറ്റവും ശക്തമായ ഭാഷ മാതൃഭാഷയാണ്. ഇംഗ്ലീഷ് മാതൃഭാഷയായ ഒരിംഗ്ളീഷുകാരന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും ശക്തിയും ചെറുതല്ല. അത് നമ്മളോട് പറയുന്നത് ഇംഗ്ലീഷ് എങ്ങനെ അത് ഇന്നെത്തിനില്ക്കുന്ന ഔന്നത്യത്തില് എത്തിയോ സമാനമായ വഴികളിലൂടെ നിങ്ങളുടെ മാതൃഭാഷയെയും ശക്തിപ്പെടുത്തുകയെന്നാണ്. ഭാഷയോളമാണ് നമ്മള് എന്ന് പറയുന്നതിനെക്കാള് മാതൃഭാഷയോളമാണ് നമ്മള് എന്ന് പറയുന്നതാണ് യുക്തം. ഇംഗ്ലീഷ് അറിയില്ല എന്ന് ഒരു ജര്മന്കാരനോ ഫ്രഞ്ചുകാരനോ പറയുന്നത് കുറ്റബോധത്തോടെയോ ലജ്ജയോടെയോ അല്ല. മലയാളി പറയുന്നത് അങ്ങേയറ്റത്തെ ലജ്ജയോടെ. ജര്മന് ഭാഷയോ ഫ്രഞ്ച് ഭാഷയോ ഇംഗ്ലീഷിന് സമാനമായി വളര്ന്നിട്ടുണ്ടെന്നാണതിന് കാരണം.
സ്വരാജിലെ ഭാഷ മാതൃഭാഷയായിരിക്കുമെന്നതില് ഗാന്ധിക്കൊരു സംശയവുമുണ്ടായിരുന്നില്ല. സ്വയംനിര്ണയാധികാരമില്ല മലയാളിക്ക് എന്നതിന്റെ തെളിവുതന്നെയാണ് മാതൃഭാഷയുടെ ശക്തിക്കുറവും മാതൃഭാഷയിലുള്ള താത്പര്യമില്ലായ്മയും. അനിവാര്യമല്ലാത്ത കുറച്ച് പദങ്ങളൊഴിച്ചാല്, വിഭക്തിപ്രത്യയങ്ങളൊഴിച്ചാല് നാം വിനിമയം ചെയ്യുന്നതൊക്കെയും ഇംഗ്ലീഷ്. നമ്മുടെ പ്രകീര്ത്തിക്കപ്പെടുന്ന പൊതുവിദ്യാലയങ്ങളും വിദ്യാര്ഥികളെ ആകര്ഷിക്കുന്നത് ഇംഗ്ലീഷ് മീഡിയത്തില് പഠിപ്പിക്കാം എന്നുപറഞ്ഞിട്ട്. മൊെബെല് വന്നപ്പോഴും കോവിഡ് വന്നപ്പോഴും വന്നത് കുലകുലയായി വൈദേശികപദങ്ങള്. ഇംഗ്ലീഷ് പഠിക്കുകയെന്നതും തൊഴിലിനുവേണ്ടത് മാത്രം പഠിക്കുകയെന്നതും ആത്യന്തികമായി വാങ്ങല്ശേഷി വര്ധിപ്പിക്കുകയെന്ന ലക്ഷ്യത്തില് നമ്മുടെ വിദ്യാഭ്യാസലക്ഷ്യത്തെ ഒതുക്കി. അതിനോട് ഉള്ളുകൊണ്ടു നമുക്കും സമ്മതംതന്നെയെന്നല്ലേ പുതിയ ദേശീയ വിദ്യാഭ്യാസനയത്തോടുള്ള വിയോജിപ്പിലെ ഊക്കുകുറവിന്റെ പൊരുള്? ഭാഷ പഠിക്കണ്ടാ, തത്ത്വചിന്ത പഠിക്കണ്ടാ, ചരിത്രവും ശാസ്ത്രവും കോര്പ്പറേറ്റുകളുടെ തൊഴിലാവശ്യങ്ങള് മുന്നില്ക്കണ്ട് പാകപ്പെടുത്തിയത് പഠിച്ചാല് മതി. എന്ത് മാതൃഭാഷ? തൊഴിലാര്ഥികളും പരീക്ഷാര്ഥികളും മാത്രമുള്ള, വിദ്യാര്ഥികളില്ലാത്ത വിദ്യാലയങ്ങളില് എന്തിനീ പ്രത്യക്ഷോപയോഗത്തിലും അതീതമായ ഉപയോഗമുള്ളതെല്ലാം പഠിപ്പിക്കണം?
എന്തിന് അക്ഷരമാല? അക്ഷരത്തിലെ സൂക്ഷ്മവ്യത്യാസം വലിയ അര്ഥവ്യത്യാസങ്ങളുണ്ടാക്കുന്ന ഭാഷയില് അക്ഷരമാല അനിവാര്യമെങ്കിലും അതാര്ക്കറിയണം? അക്ഷരത്തെറ്റില്ലാത്ത വാക്കോ വ്യാകരണത്തെറ്റില്ലാത്ത വാക്യമോ സാധാരണമാവുമ്പോള് നശിക്കുന്നത് ഒരു ഭാഷയുടെ സംവേദനശേഷിയാണ്. ധൈര്യമായി സംസാരിച്ചോളൂ, തെറ്റ് പ്രശ്നമല്ല, കാര്യം നടക്കണമെന്നേയുള്ളൂ എന്ന നയം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസില്നിന്ന് മാതൃഭാഷാക്ലാസിലേക്കും വരുകയാണ്.
കേവലമായ ആശയവിനിമയത്തിനല്ലേ ഭാഷ, അതിനിത്ര വാക്കുകളോ ശൈലികളോ ഒന്നും ആവശ്യമില്ല എന്നാണെങ്കില് ആംഗ്യം മതിയാവുന്നിടത്തെന്തിന് വാക്ക്. (സെമാന്റിക്സ് വേണ്ട സെമിയോട്ടിക്സ് പോരേ!) വാക്യത്തിനുപകരം ഇമോജികള് പോരേ എന്നാണെങ്കില് അതില് തര്ക്കമില്ലെനിക്ക്. ഉറക്കവും ജീവിതം തന്നെയല്ലേ?
ഭാഷാമൃഗമാണ് മനുഷ്യന്. ഭാഷ കഴിച്ചു കളഞ്ഞാല്, നാം വെറും മൃഗങ്ങളായിത്തീരും. എന്താണോ നാം, അതായിത്തീര്ന്നത് ഭാഷയിലൂടെയാണ്. മനുഷ്യന് മനുഷ്യനായിത്തീര്ന്നതിന്റെ പ്രഥമ മാധ്യമം മാതൃഭാഷയാണ്. മറ്റെല്ലാ ഭാഷകളും അതിന്റെ അത്രതന്നെ ജീവനില്ലാത്ത പതിപ്പുകള്. കാല് വെട്ടിക്കളഞ്ഞ് പകരം കൃത്രിമക്കാലുപയോഗിക്കാം, മുറിയില്ല, രോഗംവരില്ല, വൃത്തിയാക്കാനും സൗകര്യം.
ഭാഷാമൃഗമാണ് മനുഷ്യന്. ഭാഷ കഴിച്ചു കളഞ്ഞാല്, നാം വെറും മൃഗങ്ങളായിത്തീരും. എന്താണോ നാം, അതായിത്തീര്ന്നത് ഭാഷയിലൂടെയാണ്. മനുഷ്യന് മനുഷ്യനായിത്തീര്ന്നതിന്റെ പ്രഥമ മാധ്യമം മാതൃഭാഷയാണ്
ട്രൈബല് ലാംഗ്വേജ് കൂടി ഉള്പ്പെടുത്തിയാണോ പറഞ്ഞത്.
Content Highlights: mother language day, malayalam, kalpatta narayanan
Published: 21 Feb 2022, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented