
ഗര്ഭപാത്രത്തിന്റെ സ്വച്ഛശയ്യയിലാണ് ഏറ്റവും സ്വസ്ഥനായുറങ്ങുന്നത് മര്ത്ത്യശിശു എന്നതു പോലൊരു സത്യമാണ് മാതൃഭാഷയാണ് അവന്റെ സ്വപ്നങ്ങളുടെയും ആധികളുടെയും ആനന്ദങ്ങളുടെയും ആലയം എന്നതും. വീട്ടില് തിരിച്ചെത്തിയവന്റെ/എത്തിയവളുടെ ആനന്ദവും ആശ്വാസവുമനുഭവിക്കുന്നുണ്ട് ഒരാള് മാതൃഭാഷയോടൊപ്പമാകുമ്പോള്. മാതൃഭാഷയിലൂടെയുള്ള വിനിമയസാധ്യത നഷ്ടപ്പെട്ട ഒരാള് എത്ര വലിയ ഏകാന്തതയായിരിക്കും അനുഭവിക്കുക എന്നു പറയാന് വയ്യ. ഏതായാലും അത് ഒരു റോബിന്സണ് ക്രൂസോവിന്റെ ഏകാന്തതയേക്കാള് ഭാരിച്ചതായിരിക്കും. മനുഷ്യസാമീപ്യം പോലെ തന്നെ വില പിടിച്ചതാകുന്നു, തായ്മൊഴിയുടെ മാതൃസാമീപ്യവും. എ.കെ. രാമാനുജന്റെ സംഘകവിതാപരിഭാഷകള്ക്ക് വിദേശിയായ അദ്ദേഹത്തിന്റെ ഭാര്യ, മോളി ഏ.ഡാനിയേല്സ് എഴുതിയ അതീവ ഹ്രസ്വവും അത്യന്ത മനോഹരവുമായ ഒരവതാരികയുണ്ട്. ചിക്കാഗോ സര്വ്വകലാശാലയിലെ അധ്യാപകന് എന്ന നിലയില് അമേരിക്കയില് താമസിക്കുമ്പോഴാണ് രാമാനുജന് ആ പരിഭാഷകളത്രയും നിര്വ്വഹിച്ചത്. വീട്ടില് നിന്നും അകലെ ഏകാന്തമായ തണുത്ത രാജ്യത്തിരുന്ന് അങ്ങനെ ചെയ്യുക എന്നത് അദ്ദേഹത്തിന് ഒരു ആത്മരക്ഷോപായമായിരുന്നു എന്ന് മോളി എഴുതുന്നു. പഴയ തമിഴ്ക്കവിതയുടെ സമീപ്യത്തില് വീട്ടിലെ അടുപ്പോ നെരിപ്പോടോ തിരിച്ചു കിട്ടിയാലെന്നപോലെ രാമാനുജന്റെ ഉള്ളിലെ പ്രവാസിയായ ഇന്ത്യക്കാരന്, ദ്രാവിഡന്, ആശ്വസിച്ചു കാണും അപ്പോള്. മറ്റൊരു ദേശത്തിന്റെയും
സംസ്കാരത്തിന്റെയും ഭാഷയുടെയും കൊടുംശൈത്യത്തില് ഉള്ച്ചൂടു പകരുന്ന ഊഷ്മളമായ തീനാളമാകുന്നു മാതൃഭാഷ എന്ന സഹജഭാഷ.
സഹജഭാഷയാണ്, മറ്റെന്തിലുമുപരിയായി, മാതൃഭാഷ. സഹജം എന്നതിന് 'കൂടെപ്പിറന്നത്' എന്നാണര്ത്ഥം. സ്പാനിഷ് മാതൃഭാഷയായ ബോര്ഹെസിന്റെ അമ്മ വലിയൊരു ഇംഗ്ലീഷ് വായനക്കാരിയായിരുന്നു. ഈ വാസന ബോര്ഹെസിനും പകര്ന്നു കിട്ടി. ഇംഗ്ളീഷ് അങ്ങനെ അദ്ദേഹത്തിനു സഹജഭാഷയായി മാറി.'Moon' എന്ന വാക്കിനോളം ചാന്ദ്രപ്രതീതിയുണര്ത്തുന്നില്ല, തനിക്കു പരിചയമുള്ള മറ്റൊരു ഭാഷയിലെയും ചന്ദ്രപര്യായങ്ങള് എന്നു ബോര്ഹെസ്. മാതൃഭാഷ എന്നതിന്, അതിനാല്, മത്സ്യത്തിനു ജലമെന്ന പോലെ ഒരുവനോ ഒരുവള്ക്കോ സഹജവും സ്വാഭാവികവും അനിവാര്യവുമായിത്തീര്ന്ന ഭാഷ എന്നുകൂടി അര്ത്ഥമുണ്ട്. ഈ വാക്യത്തില്' ജലം' എന്നെഴുതിക്കഴിഞ്ഞപ്പോഴാണ് ഒരു മലയാളിക്ക് ജലം എന്ന സംസ്കൃതപദത്തേക്കാള് നനവും തണുവുമുള്ള വാക്കാണല്ലോ' വെള്ളം' എന്നോര്ത്തത്. ദാഹിച്ചു വലയുമ്പോള് ഒരു മലയാളി വെള്ളമാണാവശ്യപ്പെടുക, ജലമല്ല.
'ദാഹിക്കുന്നു ഭഗിനീ കൃപാരസമോഹനം കുളിര്തണ്ണീരിതാശു നീ
ഓമലേ, തരു തെല്ല്' എന്ന് ആശാന്റെ മാതംഗിയോട് ആനന്ദന്. വെള്ളം, തണ്ണീരാകുന്നു ഇവിടെ. തണ്ണീരിനു തണുപ്പുണ്ട്, തെളി/തനിമലയാളത്തിന്റെ.
'Water melon', 'തണ്ണിമത്ത'നാകുമ്പോഴും ഈ പരിണാമമാണ് സാക്ഷാല്ക്കരിക്കപ്പെടുന്നത്; തായ്മൊഴിയുടെ തണ്ണീര്പ്പന്തലിലണഞ്ഞ സൗഖ്യം പകരുന്നു ആ വാക്ക്.
എന്തും അതിന്റെ പൂര്ണ്ണതയില്, തുള്ളി പോലും ചോരാതെ വിനിമയം ചെയ്യാനാകുന്നു അത് മാതൃഭാഷയിലൂടെയാകുമ്പോള്.'പൂങ്കുല തല്ലുന്നത് തല്ലുകൊള്ളാഞ്ഞിട്ടല്ലേ?' എന്ന ചോദ്യം നേര്ത്തു പോകുന്നു, പരഭാഷയിലാകുമ്പോള്;തല്ലിന്റെ പ്രഹരശേഷി കുറഞ്ഞു പോകുന്നു.
പരിഭാഷയ്ക്കു പിന്നിലെ സഹജപ്രേരണകളില് ഒന്ന്, അന്യഭാഷയിലെഴുതപ്പെട്ട മികച്ച സാഹിത്യം മാതൃഭാഷയുടെ ഭാജനത്തിനുള്ളില് പകര്ന്നു നുകരുമ്പോഴുള്ള ആനന്ദത്തിനായുള്ള വിവര്ത്തകന്റെ ദാഹമാണ്. വിവര്ത്തകന്, പ്രാഥമികമായും, തനിക്കു വായിക്കുന്നതിനു വേണ്ടിയാണ് ഒരു കൃതി മൊഴിമാറ്റുന്നത്; മാതൃഭാഷയുടെ പളുങ്കുപാത്രത്തിനുള്ളില് ആ വീഞ്ഞ് അങ്ങനെ നുരഞ്ഞു പതഞ്ഞു തുളുമ്പുന്നതു കാണാന്. ജീ.യുടെ ഗീതാഞ്ജലീവിവര്ത്തനം നോക്കുക.' ഞാനറിവീലാ ഭവാന്റെ മോഹനഗാനാലാപന ശൈലി!' എന്ന ആലാപനവൈശിഷ്ട്യം, ബംഗാളിയിലെന്നപോലെ, മലയാളത്തിലും സാക്ഷാല്ക്കരിക്കാനായതിന്റെ മഹനീയചാരിതാര്ത്ഥ്യം നുകര്ന്നു കാണും ആ ഗീതങ്ങളില് ചിലതിന്റെയെങ്കിലും പരിഭാഷാവേളയില് ജീ. ഗീതാഞ്ജലി, അതെഴുതപ്പെട്ട ഭാഷയില്ത്തന്നെ വായിക്കാനായ ബംഗാളിയുടെ ചാരിതാര്ത്ഥ്യത്തില് ഒരു പങ്ക്, അങ്ങനെ മലയാളിക്കും പകര്ന്നു കിട്ടി. നമ്മുടെ പാരിജാതത്തിന്' ശേഫാലി' എന്നു പറയും ബംഗാളി(യി)ല്.' ശേഫാലികാമാലിക' എന്നൊരു പ്രയോഗം കാണാം ജീയുടെ ഗീതാഞ്ജലിയില്(അതെ, ജീയുടെ ഗീതാഞ്ജലി!). ശേഫാലികയോ, അതെന്തൊരു വാക്ക് എന്ന് ആ വിവര്ത്തനത്തെ പരിഹസിച്ച സുകുമാര് അഴീക്കോടിന്റെ പാണ്ഡിത്യത്തോടും സഹൃദയത്വത്തോടും എനിക്ക് തെല്ല് സഹതാപം തോന്നിയ ഒരേയൊരവസരമായിരുന്നു അത്. ശേഫാലിയെ അങ്ങനെ തന്നെ വിവര്ത്തനത്തിലും കൈക്കൊളളുമ്പോള് ആ അപരിചിതപദം മലയാളിയില് സൃഷ്ടിക്കാനിടയുള്ള കേവലാകര്ഷണത്തെ(exotic charm) അഴീക്കോട് പരിഗണിച്ചില്ലെന്നതോ പോട്ടെ,' വണ്ടുകള് തേന് കുടിച്ച് ലക്കുകെട്ട് മയങ്ങുന്ന പുഷ്പശയ്യ' എന്ന അതിന്റെ സംസ്കൃതനിരുക്തിയിലെ കവിതയിലേയ്ക്കും അദ്ദേഹം പോയില്ല. അഴീക്കോടിന്റെ മദ്യവിരോധമായിരിക്കില്ല, അതിനേക്കാള് കടുപ്പമേറിയ ജീക്കവിതാവിരോധം തന്നെയായിരുന്നിരിക്കണം അതിനു പിന്നില്! സംസ്കൃതത്തില് നിന്ന് ശേഫാലി എന്ന പുഷ്പനാമം കൈക്കൊള്ളുകയും ആ പേര് തങ്ങളുടെ സുന്ദരികളായ പെണ്കുട്ടികള്ക്കിടുകയും ചെയ്യുന്ന ബംഗാളിയുടെ സഹൃദയത്വത്തിലൊരംശം അങ്ങനെ മലയാളിക്കു കൂടി പകര്ന്നു കിട്ടി, ജീ. യുടെ മനോജ്ഞമായ ആ ടാഗോര്ക്കവിതാപരിഭാഷയിലൂടെ. ഞാന് ഇടയ്ക്കിടെ ഓര്മ്മയില് അയവിറക്കുകയും തനിയേ ഓര്ത്തു ചൊല്ലുകയും ചെയ്യാറുളള ആ വരികള് ഇങ്ങനെ -
'തീര്ത്തു കാശപ്പൂങ്കുലകളാല് പൂച്ചെണ്ടു,
കോര്ത്തു കഴിഞ്ഞു ശേഫാലികാമാലിക.
പുത്തന് തളികയില് കൊണ്ടുവന്നിട്ടുണ്ടു
പുന്നെല്പവിഴക്കതിരിന്കുലകളും.
വെള്ളിമേഘത്തിന് രഥത്തിലിങ്ങോട്ടെഴു-
ന്നള്ളിയാലും ശരല്സൗഭാഗ്യദേവതേ!'
ഇങ്ങനെയൊക്കെ പറയുമ്പോഴും ഭാഷാഭിനിവേശത്തിന്റെ കൂടുതല് ഭവ്യമായ ഒരു രൂപം മാത്രമാണ് മാതൃഭാഷയോടുള്ള തീവ്രാനുരാഗം എന്നും നമുക്ക് മറക്കാതിരിക്കാം; 'എവിടെയുമെനിക്കൊരു വീടുണ്ട്...' എന്ന ഒ.എന്.വിക്കവിതയുടെ സ്വച്ഛതയില്.
Content Highlights: international mother language day 2022 critic sajay k v writes
Published: 21 Feb 2022, 11:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented