
പ്രാദേശിക ജനതയുടെ വിഭവങ്ങള്‍ ചൂഷണം ചെയ്ത് അവരെ ഇല്ലാതാക്കുന്ന കൊളോണിയല്‍ രീതികള്‍ ഇപ്പോള്‍ ലോകമെങ്ങും വ്യാപകമാവുന്നതായി ജ്ഞാനപീഠം ജേതാവ് അമിതാവ് ഘോഷ്. ഇറാഖിനെ അവരുടെ എണ്ണയ്ക്കുവേണ്ടിയും ഝാര്‍ഖണ്ഡിനെ അവരുടെ യുറേനിയം നിക്ഷേപത്തിനുവേണ്ടിയും ഒഡിഷയെ അവരുടെ പരിശുദ്ധ പര്‍വ്വതങ്ങള്‍ക്കുവേണ്ടിയും ഇല്ലാതാക്കുകയാണ് ചിലര്‍. അനുഗ്രഹമായിരുന്ന പ്രകൃതി വിഭവങ്ങള്‍ നിസ്സഹായ ജനതയ്ക്ക് ശാപമാവുന്നതെങ്ങനെയെന്ന് അമിതാവ് പറഞ്ഞു.
പ്രകൃതിയുടെ മാറ്റങ്ങള്‍ പറയുന്ന സ്വന്തം പുസ്തകം 'ദ നട്‌മെഗ്സ് കഴ്‌സി'ന്റെ കേന്ദ്രബിന്ദുവായ ബാന്‍ഡ ദ്വീപുകളുടെ കഥ ഇങ്ങനെയാണ്. ജാവയ്ക്കടുത്താണ് ബാന്‍ഡ ദ്വീപ്. 15000-ത്തോളം പേര്‍ മാത്രം അധിവസിക്കുന്ന ചെറിയ ഒരിടം. ജാതിയും ഗ്രാമ്പൂവുമുള്‍പ്പെടെയുള്ള സുഗന്ധവ്യഞ്ജനനങ്ങളാണ് ദ്വീപിന്റെ സ്വത്ത്. ഇതേ സ്വത്തിനുവേണ്ടി പതിനേഴാം നൂറ്റാണ്ടില്‍ ഡച്ചുകാര്‍ പ്രാദേശിക ജനതയെ ഉന്മൂലനം ചെയ്ത് നാട് കൈയടക്കി. പുറത്തുനിന്ന് അടിമകളെക്കൊണ്ടുവന്നാണ് ഡച്ചുകാര്‍ കൃഷി തുടര്‍ന്നത്. ലാഭം മാത്രം ലക്ഷ്യമിടുന്നവര്‍ക്ക് ഒരു ജനതയെ കൊല്ലാം. അവരുടെ ഇടത്ത് മറ്റൊരു ജനതയെ അടിമകളാക്കി കുടിയിരുത്താം. ചരിത്രം പലപ്പോഴും ഇങ്ങനെയുള്ള കടന്നുകയറ്റങ്ങളെക്കുറിച്ച് പറയാറില്ല. പക്ഷേ കൂട്ടക്കുരുതിയില്‍ ശേഷിച്ച അപൂര്‍വ്വം ചില ബാന്‍ഡ നിവാസികള്‍ ഇപ്പോഴും അവരുടെ പഴയ പാട്ടുകള്‍ ഓര്‍ത്തുപാടാറുണ്ട്.
ഭൂമിയെ ഒരു ജീവനില്ലാത്ത വസ്തുവായി കാണുന്നവര്‍ക്ക് അധീശത്വം ഭാഷയിലും അതിലൂടെ ചില കാര്യങ്ങള്‍ ഉറപ്പിച്ചുപറയാനുള്ള ശേഷിയിലുമാണ്. എന്നാല്‍ ജൈവമായി ജീവിക്കുന്നവര്‍ക്ക്, ഭൂമിയില്‍ പണി ചെയ്യുന്നവര്‍ക്ക്, അവര്‍ക്കൊന്നും ഭൂമി സ്വന്തമല്ല, മൃഗങ്ങളും അവരുടേതല്ല. അമേരിക്കയിലെ ആദിമവര്‍ഗക്കാരെ കൊല്ലാന്‍ കാരണമായി പറഞ്ഞത് അവരുടെ ആചാരങ്ങളാണ്. അവരുടെ കുഞ്ഞുങ്ങളെ സ്വന്തം സംസ്‌കാരം മറന്നുപോവാനായി പഠിക്കാന്‍ ദൂരേക്കയച്ചു.
സംസാരവും ഭാഷയും ആശയവിനിമയത്തിന്റെ ഒരു വഴി മാത്രമാണ്. എന്നാല്‍ അതു മാത്രമല്ല ഒരേയൊരു വഴി. മരം മുറിക്കുന്നവര്‍ അതു മിണ്ടുന്നില്ലെന്നു പറയുന്നു. മനുഷ്യരേക്കാള്‍ പ്രായമുള്ള മരങ്ങളുണ്ടെന്നത് നമ്മള്‍ മറക്കുന്നു. മരങ്ങളെ സംരക്ഷിക്കുന്നതായാണ് നമ്മുടെ ഭാവം. എന്നാല്‍ മരങ്ങള്‍ നമ്മളെയാണ് സംരക്ഷിക്കുന്നത്. മരങ്ങള്‍ക്കിടയില്‍ ആശയവിനിമയം നടക്കുന്നതായി പഠനങ്ങളുണ്ട്. മനുഷ്യനും മരങ്ങള്‍ക്കുമിടയിലും അതുണ്ടാവാം. ബുദ്ധന്റെ ബോധോധയം ഒരു ബോധിമരച്ചുവട്ടിലായിരുന്നു. വിവിധ ജീവി വര്‍ഗങ്ങള്‍ക്കിടയില്‍ നിശബ്ദമായ ആശയകൈമാറ്റങ്ങളുണ്ട്. സ്വയം വലിയവരെന്നു കരുതുന്നവര്‍ക്ക് മറ്റു ജീവി വര്‍ഗങ്ങളുടെ ശബദ്ത്തില്‍ വിശ്വാസമില്ല. അവര്‍ ലോകത്തിനുമേല്‍ നടത്തിയ അധിനിവേശങ്ങളാണ് ജൈവപ്രകൃതിയെ മിണ്ടാതാക്കിയത്.- അമിതാവ് പറഞ്ഞു.
Content Highlights: mbifl 2023 amitav ghosh speech on colonialization and exploitation
Published: 02 Feb 2023, 09:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented