തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തൃശൂര്‍ ടൈറ്റന്‍സിന് ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയം. കൊച്ചിയുടെ ബാറ്റിങ്ങിനിടെ മഴ കളി മുടക്കിയതിനെതുടര്‍ന്ന് 16 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊച്ചി നാലു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. വി.ജെ.ഡി. നിയമപ്രകാരം തൃശൂരിന്റെ വിജയ ലക്ഷ്യം 16 ഓവറില്‍ 136 റൺസാക്കി പുനഃക്രമീകരിക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂര്‍ 15 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. ക്യാപ്റ്റന്‍ വരുണ്‍ നായനാരുടെ അര്‍ധ സെഞ്ചുറി (38 പന്തില്‍ പുറത്താകാതെ 63 റണ്‍സ്) ആണ് ടീമിന്റെ വിജയത്തിനു അടിത്തറയായത്. ടോസ് നേടിയ തൃശൂര്‍ കൊച്ചിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സ്‌കോര്‍ 13-ലെത്തിയപ്പോള്‍ കൊച്ചിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.
ഒന്‍പതാം ഓവറിലാണ് മഴ വില്ലനായെത്തിയത്. ഈ സമയം രണ്ടു വിക്കറ്റിന് 50 എന്ന നിലയിലായിരുന്നു കൊച്ചി. വീണ്ടും ബാറ്റിങ്ങിനിറങ്ങിയ കൊച്ചിയുടെ സ്കോർ 57-ലെത്തിയപ്പോൾ ഷോണ്‍ റോജറിന്റെ വിക്കറ്റ് നഷ്ടമായി. 23 പന്തില്‍ 23 റണ്‍സ് നേടിയ ഷോണിന്റെ വിക്കറ്റ് പി. മിഥുനാണ് ലഭിച്ചത്. തുടര്‍ന്ന് സിജോമോന്‍ ജോസഫും നിഖില്‍ തോട്ടത്തിലും ചേര്‍ന്ന് മികച്ച ബാറ്റിങ് പുറത്തെടുത്തു. 38 പന്തില്‍ നിന്ന് ഇവരുവരും ചേര്‍ന്ന് 78 റണ്‍സാണെടുത്തത്. 23 പന്ത് നേരിട്ട നിഖില്‍ മൂന്നു സിക്‌സും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടെ 47 റണ്‍സ് സ്വന്തമാക്കി. വീണ്ടും മഴ കളി തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് മത്സരം 16 ഓവറായി ചുരുക്കിയത്. 16 ഓവറില്‍ നാലിന് 130 എന്ന സ്‌കോറിന് കൊച്ചി ബാറ്റിങ് അവസാനിപ്പിച്ചു.
തൃശൂരിന്റെ ആനന്ദ് സാഗര്‍-വരുണ്‍ നായനാര്‍ ഓപ്പണിങ് കൂട്ടുകെട്ട് അധികം നീണ്ടില്ല. ആനന്ദിനെ ജെറിന്‍, ബേസിലിന്റെ കൈകളിലെത്തിച്ചപ്പോള്‍ തൃശൂര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സ് എന്ന നിലയിലായിരുന്നു. സ്‌കോര്‍ 22-ലെത്തിയപ്പോള്‍ ഒമ്പത് പന്തില്‍നിന്ന് ആറു റണ്‍സ് നേടിയ അഭിഷേകിന്റെ വിക്കറ്റും നഷ്ടമായി. തുടര്‍ന്ന് വരുണ്‍ നായനാരും വിഷ്ണു വിനോദും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് 10 ഓവറില്‍ തൃശൂരിന്റെ സ്‌കോര്‍ 72-ലെത്തിച്ചത്.
13-ാം ഓവറിലെ രണ്ടാം പന്ത് സിക്‌സർ പറത്തി വരുണ്‍ നായനാര്‍ അര്‍ധ സെഞ്ചുറി നേടി. 33 പന്തില്‍ നിന്നും 46 റണ്‍സെടുത്ത വിഷ്ണു വിനോദിനെ സിജോമോന്‍ ജോസഫ് പുറത്താക്കുമ്പോള്‍ തൃശൂര്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് എന്ന നിലയിലായിരുന്നു. തുടര്‍ന്നെത്തിയ അക്ഷയ് മനോഹറുമായി ചേര്‍ന്നാണ് ക്യാപ്റ്റന്‍ വരുണ്‍ നായനാര്‍ 15-ാം ഓവറില്‍ ടീമിനെ വിജയത്തിലെത്തിച്ചത്. വരുണ്‍ നായനാരാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
Content Highlights: Thrissur Titans beat Kochi Blue Tgers by 7 wickets in Kerala Cricket League (KCL)
Published: 08 Sept 2024, 09:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented