തിരുവനന്തപുരം: ശനിയാഴ്ച രണ്ടാം മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിന് ജയം. തൃശ്ശൂർ ടൈറ്റൻസിനെ ആറുറൺസിന് തോൽപ്പിച്ചു. സ്‌കോർ: കാലിക്കറ്റ് 20 ഓവറിൽ എട്ടിന് 183, തൃശ്ശൂർ 20 ഓവറിൽ 177. നാലു മത്സരംകളിച്ച കാലിക്കറ്റിന്റെ രണ്ടാം ജയമാണിത്.

To advertise here,

ടോസ് നേടിയ തൃശ്ശൂർ ഫീൽഡിങ് തിരഞ്ഞെടുത്തു. എം. അജ്‌നാസ് (39 പന്തിൽ 59), സൽമാൻ നിസാർ (37 പന്തിൽ 45), പി. അൻഫൽ (10 പന്തിൽ 33) എന്നിവരാണ് കാലിക്കറ്റിനെ മികച്ച സ്‌കോറിലെത്തിച്ചത്. ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ 10 പന്തിൽ 20 റൺസ് നേടി. തൃശ്ശൂരിനുവേണ്ടി മോനു കൃഷ്ണ നാല് ഓവറിൽ 22 റൺസിന് മൂന്നുവിക്കറ്റ് നേടി.

മറുപടിബാറ്റിങ്ങിൽ ക്യാപ്റ്റൻ വരുൺ നായനാർ (21 പന്തിൽ 30), വിഷ്ണു വിനോദ് (22 പന്തിൽ 33), അഹമ്മദ് ഇമ്രാൻ (38 പന്തിൽ 53) എന്നിവരിലൂടെ വിജയപ്രതീക്ഷയുണർന്നെങ്കിലും അവസാനഘട്ടത്തിൽ തുടരെ വിക്കറ്റുകൾ വീണു.

ജയിക്കാൻ അവസാന ഓവറിൽ 10 റൺസ് മതിയായിരുന്നു. എന്നാൽ, മൂന്നുറൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടുവിക്കറ്റ് നേടിയ അഖിൽദേവ് കാലിക്കറ്റിന്റെ രക്ഷകനായി.