കുറച്ചു കലാതല്പരരായ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും കുറെയേറെ ദൃശ്യ ശ്രവ്യ തുകല്‍ വാദ്യ, നാട്യ കലാകാരന്മാരും ഒരു മാന്വലും കുറെ നിയമപ്രശ്‌നങ്ങളും കോടതിയും ഞങ്ങള്‍ കുറെ അധ്യാപകരായ യുവജനോത്സവ സംഘാടകരും കുറെയേറെ പണവും അതിലേറെ സമയവും എല്ലാം ചേര്‍ന്ന ഒരു സംസ്ഥാന മഹോത്സവമാണല്ലോ നമ്മുടെ കലോത്സവം. എന്താണ് ഇതിന്റെ ഒരു വിജയരഹസ്യം?
ഒരു ദശാബ്ദം മുന്‍പ് വരെ യുവജനോത്സവത്തിന്റെ വിജയരഹസ്യം അപ്പീലുകള്‍ ആയിരുന്നു എന്നാണ് എന്റെ വിശ്വാസം. ചില രക്ഷിതാക്കളുടേയും ചില അധ്യാപകരുടേയും മത്സരബുദ്ധികാരണം കഴിവുള്ള കലാകാരന്മാരായ പല വിദ്യാര്‍ത്ഥികളും മത്സരവേദികളില്‍ നടക്കുന്ന മൂല്യനിര്‍ണയത്തില്‍ പലപ്പോഴും പ്രലോഭനങ്ങള്‍ക്ക് വശംവദരാകാനിടയുള്ള ചില മൂല്യനിര്‍ണയകര്‍ത്താക്കളുടെ അന്യായമായ തീരുമാനങ്ങളാല്‍ പിന്തള്ളപ്പെട്ടിരുന്നു. ഇങ്ങനെയുള്ള വിദ്യാര്‍ത്ഥികള്‍ അപ്പീല്‍ കൊടുക്കാന്‍ പലപ്പോഴും നിര്‍ബന്ധിതരാകും. ഈ അപ്പീല്‍ എങ്ങനെയാണത് ജയപരാജയങ്ങളെ സ്വാധീനിക്കുന്നത് എന്നല്ലേ...
ക്ഷമിക്കണം.
ഇത് പറയുമ്പോള്‍ ഒരു 'ഞാന്‍' പ്രയോഗം കാണാം. തെറ്റിദ്ധരിക്കേണ്ട.ഈ 'ഞാന്‍ 'കുട്ടികളെ അനുഗമിച്ച ഒരു അദ്ധ്യാപകന്‍ മാത്രം എന്ന് കരുതിയാല്‍ മതി. ഒരപ്പീല്‍ കഥയാവട്ടെ. വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ വിദ്യാഭ്യാസ ജില്ലയിലെ യുവജനോത്സവത്തില്‍ നടന്ന ഒരു സംഭവമാണ്.
സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം നാലു തലങ്ങളിലാണ് നടത്തിയെടുക്കുന്നത്. ഞങ്ങളുടെ സബ് ജില്ല, ജില്ലാതല മത്സരത്തിനിറങ്ങിക്കഴിഞ്ഞു. ആ വര്‍ഷം ഞങ്ങളുടെ ഡി.ഡി.ഇ പുതിയതായി സ്ഥലം മാറിവന്ന ഒരു വനിതായിരുന്നു. അവര്‍ തെക്കുനിന്നോ മറ്റോ വന്നതാണ് എന്ന് ശ്രുതി. ആള്‍ വളരെ ദേഷ്യക്കാരിയാണെന്ന് അവരുടെ പെരുമാറ്റം കൊണ്ട് ധരിപ്പിച്ചു വെച്ചിരിക്കുന്നു.
ആ വര്‍ഷം യുവജനോത്സവം മാന്വലില്‍ പ്രധാനമായ ഒരു മാറ്റവും വന്നു. മേലില്‍ മത്സരങ്ങളില്‍ സാങ്കേതിക തകരാറുകളല്ലാതെ മറ്റു പരാതികളില്‍ അപ്പീല്‍ പരിഗണിക്കില്ല.
പോരേ പൂരം!
അതുവരെ എന്ത് കാരണം പറഞ്ഞും അപ്പീല്‍ കൊടുക്കാം. ഓഫീസര്‍മാരെ സ്വാധീനിക്കാന്‍ കഴിഞ്ഞാലും അപ്പീല്‍ അംഗീകരിക്കാം. അല്ലെങ്കില്‍ കോടതികയറാം. സാധാരണ നിലക്ക് കോടതികള്‍ കുട്ടികളുടെ ഭാവി പരിഗണിച്ച് അപ്പീല്‍ അനുവദിച്ചേക്കാമെന്ന് ഒരു പൊതുധാരണയും ഉണ്ടായിരുന്നു.
സബ് ജില്ലാ തല മത്സരങ്ങള്‍ വലിയ പരാതികളില്ലാതെ ഭംഗിയായി നടന്നതാണ്. ജില്ലാ തലം നഗരത്തിന്റെ തെക്ക് കിഴക്കന്‍ ഗ്രാമീണമേഖലയിലൊന്നില്‍വെച്ചാണ്. എല്ലാ തയാറെടുപ്പും നടന്നു കഴിഞ്ഞു. ഞങ്ങളുടെ സബ്ജില്ല എന്നും നല്ല പ്രതീക്ഷയിലായിരിക്കും. അന്നും അങ്ങനെയെന്നു കരുതിയിടത്ത് തെറ്റി.
രാവിലെ തന്നെ നഗരത്തിലെ ഏറ്റവും മികച്ച സ്‌കൂളില്‍നിന്ന് ഒരു ഫോണ്‍കോള്‍. എച്ച്.എം ഒരു സൂചന തരാന്‍ വിളിച്ചതാണ്. ഈ വര്‍ഷം നമ്മുടെ സബ് ജില്ലാ സംഘനൃത്തം ടീം സ്റ്റേറ്റ് മത്സരവേദിയിലെത്തില്ല! കാരണമുണ്ട്.
ജില്ലയിലെ തൊട്ടടുത്ത സബ് ജില്ലയില്‍ സാധാരണയായി എതിരാളിയായി എത്താറുള്ള സ്‌കൂളിലെ ചിലര്‍ സംഘനൃത്തം ജഡ്ജിനെ സ്വാധീനിച്ചിരിക്കുന്നു. നമ്മുടെ സബ് ജില്ലാ ഫസ്റ്റ് ഒരുകാരണവശാലും ജില്ലയില്‍ സെക്കന്റ് പോലുമാവില്ല.
ജില്ലയില്‍ സെക്കന്റെങ്കിലുമായാലല്ലേ അപ്പീലിലെങ്കിലും ഒരു ചാന്‍സ് നോക്കാന്‍ പറ്റൂ. ആ ജഡ്ജ്‌സ് പാനലില്‍ സാംസ്‌കാരിക തലസ്ഥാനത്തുനിന്ന് ഇന്നയാള്‍ വരും..
ഞങ്ങള്‍ അകെ പ്രശ്‌നത്തിലായി. അവര്‍ തീര്‍ച്ചയായും നുണ പറയില്ല. എവിടന്നോ ശരിയായ വിവരം കിട്ടിയതാവാം. എന്താ ചെയ്യുക? ഞങ്ങളുടെ സബ്ജില്ലയിലെ എ.ഇ.ഒ.യെ വിവരമറിയിച്ചു. അദ്ദേഹമാണല്ലോ സബ്ജില്ലാ തല മത്സരങ്ങളുടെ നിയന്ത്രണാധികാരി. അങ്ങേര്‍ക്ക് ഇതിലൊന്നും വിശ്വാസം വരുന്നില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കേള്‍ക്കേണ്ട എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ജില്ലാ മത്സരം തുടങ്ങി. പരിപാടികള്‍ ഭംഗിയായി നടന്നു കൊണ്ടിരിക്കുന്നു. പെട്ടെന്ന് എ.ഇ.ഒ. എന്നെ വിളിപ്പിച്ചു. കാര്യം ശരിയായിരിക്കാം. പ്രസ്തുത കക്ഷി ആ പാനലിലുണ്ട്. ഞാന്‍ എന്റെ അദ്ധ്യാപകസുഹൃത്തുക്കളില്‍ ചിലരോട് കാര്യത്തിന്റെ ഗൗരവം പറഞ്ഞു. ഞങ്ങള്‍ വേദിയുടെ അടുത്ത് പലഭാഗത്തും സ്റ്റേജ് പ്രോഗ്രാം ശ്രദ്ധിച്ചു നിന്നു. ഞങ്ങളുടെ ടീം സ്റ്റേജ് ചെയ്തു. വളരെ ഭംഗിയായി ഗംഭീരമായി അവര്‍ സംഘനൃത്തം അവതരിപ്പിച്ചു. നൃത്തം കഴിഞ്ഞ ഉടനെ അകമ്പടിയായി വന്ന ടീച്ചറോട് ഞാന്‍ അനുമോദനമറിയിച്ചു. അത് കേട്ട് ടീച്ചര്‍ക്കു വളരെ സന്തോഷമായി. എന്നിട്ട് ടീച്ചര്‍ എന്നോട് ഒരു ചോദ്യം.
'സാറെ കുറച്ചു ഡെറ്റോളോ മറ്റോ കിട്ട്വോ..?'
ഞാന്‍ കാര്യം തിരക്കി.
'ഒന്നുമില്ല ഒരു കുട്ടിയുടെ കാലില്‍ ഒരാണി കൊണ്ടപോലെ....'
ഉടനെ ഞാന്‍ അവരെ വെല്‍ഫെയര്‍ കമ്മിറ്റി സ്റ്റാളിലേക്ക് അയച്ചു. അവിടെ കാര്യമായി ആരുമില്ല. നിയമാനുസൃതമായി ഒരു കമ്മിറ്റി വേണമല്ലോ.അതില്‍ മെഡിക്കല്‍ വിങ്ങില്‍നിന്ന് ചില പേരുകള്‍ കാണാം.പലപ്പോഴും രാത്രി വളരെ വൈകിയൊന്നും അവിടെ ആരുമിരിക്കാറില്ല. കമ്മിറ്റി കണ്‍വീനര്‍ മറ്റാരെയെങ്കിലും ചുമതലയേല്‍പ്പിച്ചു വിശ്രമത്തിലായിരിക്കാം. അല്ലെങ്കില്‍ വേറെ ഏതെങ്കിലും വേദിയില്‍ ഇഷ്ടപ്പെട്ട എന്തെങ്കിലും കലാപ്രകടനം ആസ്വദിക്കയായിരിക്കാം. തല്‍ക്കാലം ചുമതലയുള്ള ആള്‍ ഉടനെതന്നെ ഡി.ഡി.ഇ യുടെ താല്ക്കാലിക ആഫീസുമായി ബന്ധപ്പെടാന്‍ പറഞ്ഞു.
അവിടെയുള്ള ബന്ധപ്പെട്ട സ്റ്റാഫ് ഡ്രൈവറെ വിളിച്ച് ഡി.ഡി.ഇ.യുടെ കാറില്‍ ആ കുട്ടിയെ അടുത്തുള്ള ഹെല്‍ത്ത് സെന്ററിലേക്കയച്ചു. അവര്‍ ആ കുട്ടിക്ക് ഒരു ഇഞ്ചക്ഷന്‍ കൊടുത്തു. ടി.ടി ആയിരിക്കും. തിരിച്ചു വന്ന ടീച്ചര്‍ എന്നോട് നന്ദി പറയാനെത്തി ഈ കാര്യങ്ങള്‍ വിവരിച്ചു. അപ്പോള്‍ ഞാനവരോട് ഹെല്‍ത്ത് സെന്ററിലെ ഒരു സ്ലിപ് വാങ്ങി കൈയ്യില്‍ വെക്കാന്‍ പറഞ്ഞു.
ഗ്രൂപ്പ് ഡാന്‍സ് കഴിഞ്ഞു. റിസല്‍ട്ട് പ്രഖ്യാപിച്ചു. എനിക്ക് ഫോണ്‍ വന്നത് സത്യമായിരുന്നു! ഞങ്ങളുടെ സബ്ജില്ല മൂന്നാം സ്ഥാനത്ത്!
ഇനി എന്ത് ചെയ്യും..?
ഡി.ഡി.ഇ.ക്ക് സാധാരണ പോലെ അപ്പീല്‍ കൊടുത്തു. ഡി.ഡി.ഇ. ആവട്ടെ നിര്‍ദാക്ഷിണ്യം ആ അപ്പീല്‍ തള്ളി. ഉടനെ നഗരമധ്യത്തിലെ പ്രശസ്തനായ ഒരു വക്കീലിനെ ചെന്നു കണ്ടു. വിവരങ്ങള്‍ ബോധിപ്പിച്ചു. വക്കീല്‍ സംഭവങ്ങള്‍ മുഴുവന്‍ ശ്രദ്ധിച്ചു കേട്ടു.
കേസ് കോടതി കയറി. രാത്രിയിലെ ഹെല്‍ത്ത് സെന്ററിലെ കുറിപ്പും ഡി.ഡി.ഇ.യുടെ കാര്‍ കുട്ടിയെ ഹെല്‍ത്ത് സെന്ററിലെത്തിച്ചതും കുട്ടിയുടെ പാദത്തില്‍ പരിക്കേറ്റതിന് തെളിവായിരുന്നു. നൃത്തപരിപാടി അവതരിപ്പിച്ച സ്റ്റേജിന്റെ അപാകം കൊണ്ടാണ് ഈ സംഘനൃത്തം സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടാതിരുന്നത് എന്നായിരുന്നു വക്കീലിന്റെ വാദം! സ്റ്റേജ് സാങ്കേതികമായി കുറ്റമറ്റതല്ലാത്തതിനാല്‍ കേസില്‍ അപ്പീല്‍ അനുവദിച്ചു കിട്ടി.
ടീം സ്റ്റേറ്റ് മത്സരത്തില്‍ പങ്കെടുത്തു സംസ്ഥാനത്ത് ഒന്നാം സ്ഥാനം തന്നെ നേടുയും ചെയ്തു. ജില്ലാ ടീമിന് അഞ്ച് പോയിന്റ്. ആ ഗ്രൂപ്പിലെ എല്ലാ കുട്ടികള്‍ക്കും ഗ്രെയ്‌സ് മാര്‍ക്ക് ഉറപ്പായി. ആ വര്‍ഷവും ഞങ്ങള്‍ സ്വര്‍ണക്കപ്പ് നേടി. രണ്ട് പോയന്റ് വ്യത്യാസത്തില്‍.
നല്ല സാമ്പത്തികാടിത്തറയുള്ളവരുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ ആയതുകൊണ്ടും ഹെഡ്മിസ്ട്രസിന്റേയും പി.ടി.എ.യുടെയും സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണവും മാത്രമാണ് ആ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹിക്കുന്ന വിജയം നിയമസഹായത്തോടെ വാങ്ങിക്കൊടുക്കാന്‍ സാധിച്ചത്. അതൊക്കെ ഒരു കാലം! ഇങ്ങനെയൊക്കെ കൂടിയായിരുന്നു അന്ന് ഞങ്ങളുടെ ജില്ലയിലെ യുവജനോത്സവമാമാങ്കം!
Content Highlights: kerala state school kalolsavam 2025
Published: 07 Jan 2025, 11:48 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented