ഗോൾ നേടിയ രാഹുലിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ | ഫോട്ടോ: ബി.മുരളീകൃഷ്ണൻ, മാതൃഭൂമി
കൊച്ചി: ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് യഥാര്‍ത്ഥ ഫോം ആരാധകര്‍ക്ക് കാട്ടിക്കൊടുത്തു. മഞ്ഞക്കടലായി മാറിയ കൊച്ചിയിലെ ജവാഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആരാധകരെ ത്രസിപ്പിച്ചുകൊണ്ട് മഞ്ഞപ്പടയ്ക്ക് തകര്‍പ്പന്‍ വിജയം. ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ബ്ലാസ്‌റ്റേഴ്‌സ് ഉശിരുകാട്ടി. ബ്ലാസ്‌റ്റേഴ്‌സിനായി സൂപ്പര്‍താരം അഡ്രിയാന്‍ ലൂണയും മലയാളിതാരം കെ.പി.രാഹുലും ലക്ഷ്യം കണ്ടു. അബ്ദെനാസ്സര്‍ എല്‍ ഖയാത്തിയാണ് ചെന്നൈയിനിന്റെ ആശ്വാസ ഗോള്‍ നേടിയത്.
ഈ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. നിലവില്‍ 17 മത്സരങ്ങളില്‍ നിന്ന് 31 പോയന്റുമായി മഞ്ഞപ്പട പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. എന്നാല്‍ മറുവശത്ത് ഇത്രയും മത്സരങ്ങളില്‍ നിന്ന് 18 പോയന്റ് മാത്രമുള്ള ചെന്നൈയിന്‍ എട്ടാമതാണ്.
രണ്ടാം മിനിറ്റില്‍ തന്നെ ചെന്നെയിന്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് മത്സരത്തില്‍ ലീഡെടുത്തു. സൂപ്പര്‍താരം അബ്ദെനാസര്‍ എല്‍ ഖയാത്തിയാണ് ചെന്നൈയിന് വേണ്ടി വലകുലുക്കിയത്.
ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധതാരം വിക്ടര്‍ മോംഗിലിന്റെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. പന്ത് ഹെഡ്ഡ് ചെയ്ത് ക്ലിയര്‍ ചെയ്യുന്നതില്‍ മോംഗില്‍ പരാജയപ്പെട്ടു. ഈ അവസരം മുതലെടുത്ത ഖയാത്തി രണ്ട് പ്രതിരോധതാരങ്ങളെ കബിളിപ്പിച്ചുകൊണ്ട് അതിമനോഹരമായി പന്ത് വലയിലെത്തിച്ചു. താരത്തിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.
11-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കെ.പി.രാഹുലിന് ഒരു ഗോള്‍ തിരിച്ചടിക്കാനുള്ള സുവര്‍ണാവസരം ലഭിച്ചു. ഡയമന്റക്കോസിന്റെ മനോഹരമായ ക്രോസ് കൃത്യമായി രാഹുല്‍ കാലിലൊതുക്കിയെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.
21-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നിഷു കുമാറിന് മികച്ച അവസരം ലഭിച്ചെങ്കിലും താരം അനാവശ്യമായി പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്ത് അത് തുലച്ചു. ഡയമന്റക്കോസിന് പാസ് നല്‍കാവുന്ന അവസരമാണ് താരം പാഴാക്കിയത്. 27-ാം മിനിറ്റില്‍ ഡയമന്റക്കോസും മികച്ച അവസരം നഷ്ടപ്പെടുത്തി. ലൂണ അളന്നുമുറിച്ചുനല്‍കിയ പാസ് സ്വീകരിച്ച ഡയമന്റക്കോസിന്റെ ഷോട്ട് ലക്ഷ്യം തെറ്റി പുറത്തേക്ക് പോയി.
തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് സമ്പൂര്‍ണ ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. 29-ാം മിനിറ്റില്‍ മഞ്ഞപ്പടയുടെ നായകന്‍ ജെസ്സെല്‍ കാര്‍നെയ്‌റോയുടെ ലോങ്‌റേഞ്ചര്‍ ഗോള്‍കീപ്പര്‍ ഒരുവിധം തട്ടിയകറ്റി. എന്നാല്‍ പന്ത് പിടിച്ചെടുത്ത ഡയമന്റക്കോസിന് ലക്ഷ്യം കാണാനായില്ല.
ഒടുവില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണങ്ങള്‍ക്ക് ഫലം കണ്ടു. 38-ാം മിനിറ്റില്‍ സാക്ഷാല്‍ അഡ്രിയാന്‍ ലൂണ ലോകോത്തര ഗോളിലൂടെ മഞ്ഞപ്പടയുടെ രക്ഷകനായി അവതരിച്ചു. സഹലിന്റെ കാലില്‍ നിന്ന് നഷ്ടപ്പെട്ട പന്ത് റാഞ്ചിയെടുത്ത ലൂണ പോസ്റ്റിന്റെ വലതുമൂലയിലേക്ക് മഴവില്ലുപോലെ പന്തിനെ തൊടുത്തുവിട്ടു. ഇതോടെ കൊച്ചി മഞ്ഞക്കടലിരമ്പത്തില്‍ മുങ്ങി.
43-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും രാഹുലിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ചെന്നൈയിന്‍ ക്രോസ് ബാറിലിടിച്ച് തെറിച്ചു. ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ വിന്‍സി ബരേറ്റോയുടെ ഗോളെന്നുറച്ച ഷോട്ട് അത്ഭുതകരമായി ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ തട്ടിയകറ്റി. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ ആക്രമണം ശക്തിപ്പെടുത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലേക്ക് വലിഞ്ഞു. എന്നാല്‍ വീണുകിട്ടിയ അവസരം മുതലാക്കിക്കൊണ്ട് ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തില്‍ നിര്‍ണായക ലീഡെടുത്തു. 64-ാം മിനിറ്റില്‍ മലയാളി താരം കെ.പി.രാഹുലാണ് ടീമിനായി ലീഡ് സമ്മാനിച്ചത്. ഈ ഗോളിന്റെ പിന്നിലും പ്ലേ മേക്കര്‍ അഡ്രിയാന്‍ ലൂണയാണ്.
ലൂണയുടെ അസാമാന്യമായ ക്രോസ് കൃത്യം രാഹുലിന്റെ കാലിലേക്കാണ് വന്നത്. അനായാസം പന്ത് വലയിലെത്തിച്ച് രാഹുല്‍ ബ്ലാസ്റ്റേഴ്‌സിന് മേല്‍ക്കൈ സമ്മാനിച്ചു. 69-ാം മിനിറ്റില്‍ ഖയാത്തി വീണ്ടും ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്ത് അപകടം വിതച്ചു. എന്നാല്‍ താരത്തിന്റെ ഷോട്ട് അത്യുജ്ജ്വലന്‍ ഡൈവിലൂടെ ഗില്‍ തട്ടിയകറ്റി. പിന്നാലെ ചെന്നൈയിന്‍ ആക്രമണം നിരന്തരം അഴിച്ചുവിട്ടെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. വൈകാതെ ബ്ലാസ്‌റ്റേഴ്‌സ് വിജയം സ്വന്തമാക്കി.
Updating ...
Content Highlights: kerala blasters vs chennaiyin fc isl 2022-2023 match updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..