ഹൈദരാബാദ്: മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കായി പ്ലക്കാര്‍ഡുയര്‍ത്തി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകന്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഹൈദരാബാദും ബ്ലാസ്റ്റേഴ്‌സും തമ്മിലുളള മത്സരത്തിനിടയിലാണ് സംഭവം. ഗാലറിയിലിരുന്ന ആരാധകന്‍ 'സിആര്‍7 ജോയിന്‍ കെബിഎഫ്‌സി' എന്നെഴുതിയ പ്ലക്കാര്‍ഡാണ് ഉയര്‍ത്തിയത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡും ക്രിസ്റ്റ്യാനോയും തമ്മില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആവശ്യവുമായി ആരാധകര്‍ രംഗത്തെത്തിയത്‌.

To advertise here,

നിലവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ നടപടിക്കൊരുങ്ങിയിരിക്കുകയാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ക്ലബ്ബുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ക്രിസ്റ്റ്യാനോ ലംഘിച്ചെന്നും അതിനാല്‍ തുടര്‍ നടപടികള്‍ക്കായി ക്ലബ്ല് അഭിഭാഷകരെ നിയമിച്ചിട്ടുണ്ടെന്നുമുളള റിപ്പോര്‍ട്ടുകളുണ്ട്. പിയേഴ്‌സ് മോര്‍ഗനുമായുളള അഭിമുഖത്തില്‍ താരം ക്ലബ്ലിനെതിരേയും അധികൃതര്‍ക്കെതിരേയും ശബ്ദമുയര്‍ത്തിയിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് യുണൈറ്റഡ് ക്രിസ്റ്റ്യാനോയ്‌ക്കെതിരേ നടപടിയെടുക്കുന്നത്. 

ക്ലബ്ലിന്റെ കാരിങ്ടണ്‍ ട്രെയിനിങ് ബേസിലേക്ക് ഇനി തിരിച്ചുവരേണ്ടതില്ലെന്ന നിര്‍ദേശം ക്രിസ്റ്റ്യാനോയ്ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ഖത്തര്‍ ലോകകപ്പ് കളിക്കാനൊരുങ്ങുന്ന പോര്‍ച്ചുഗല്‍ ടീമിനൊപ്പമാണ് ക്രിസ്റ്റ്യാനോയുളളത്. താരം മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി ഇനി കളിക്കാനുളള സാധ്യത വിരളമാണ്. 

ഈ പശ്ചാത്തലത്തിലാണ് ക്രിസ്റ്റ്യാനോ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കണമെന്ന ആവശ്യവുമായി ആരാധകന്‍ പ്ലക്കാര്‍ഡുയര്‍ത്തിയിരിക്കുന്നത്. ലോകകപ്പിന് ശേഷം ക്രിസ്റ്റ്യാനോ ഏത് ക്ലബ്ബിലായിരിക്കും കളിക്കുകയെന്ന ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്. സൂപ്പര്‍ താരങ്ങളായ ഡീഗോ ഫോര്‍ലാന്‍, സ്റ്റീവന്‍ മെന്‍ഡോസ, നിക്കോളാസ് അനെല്‍ക്ക, മാര്‍കോ മറ്റെരാസസ്സി, റോബര്‍ട്ടോ കാര്‍ലോസ് എന്നിവര്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.