Photo: twitter.com/IndSuperLeague
കൊച്ചി: പുതുവര്‍ഷത്തിലും വിജയക്കുതിപ്പ് തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. ജംഷേദ്പുരിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. തുടര്‍ച്ചയായി എട്ടുമത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കുതിപ്പ്.
കളിതുടങ്ങി ഒമ്പതാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. പന്തുമായി മുന്നേറി ദിമിത്രിയോസ് ഡയമന്റക്കോസ് നല്‍കിയ പാസ് അപ്പോസ്‌തൊലോസ് ജിയാനു വലയിലെത്തിക്കുകയായിരുന്നു.
എന്നാല്‍ 17-ാം മിനിറ്റില്‍ ഡാനിയല്‍ ചുക്‌വുയിലൂടെ ജംഷേദ്പുര്‍ തിരിച്ചടിച്ചു. റാഫേല്‍ ക്രൈവെല്ലാരോ നല്‍കിയ പാസില്‍ നിന്നുള്ള ഇഷാന്‍ പണ്ഡിതയുടെ ഗോള്‍ശ്രമം തടയാന്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ ലൈന്‍ വിട്ടിറങ്ങി, പണ്ഡിതയ്ക്ക് ലഭിക്കാതെ പന്ത് ക്ലിയര്‍ ചെയ്യാനായെങ്കിലും അത് നേരേ പോയത് ചുക്‌വുവിന്റെ കാലിലേക്ക്. ഒട്ടും സമയം കളയാതെ താരം ചിപ് ചെയ്ത പന്ത് നേരേ വലയില്‍. തടയാന്‍ മാര്‍ക്കോ ലെസ്‌കോവിച്ച് ശ്രമിച്ചെങ്കിലും താരത്തിന്റെ കാലില്‍ തട്ടി പന്ത് വലയിലെത്തുകയായിരുന്നു.
എന്നാല്‍ 30-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി റഫറിയുടെ പെനാല്‍റ്റി തീരുമാനമെത്തി. ജെസ്സല്‍ കാര്‍ണെയ്‌റോ ക്രോസ് ചെയ്ത പന്ത് ബോക്‌സില്‍ വെച്ച് ജംഷേദ്പുര്‍ താരം ബോറിസ് സിങ്ങിന്റെ കൈയില്‍ തട്ടിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ഡയമന്റക്കോസ് തൊട്ടടുത്ത മിനിറ്റില്‍ അനായാസം പന്ത് വലയിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സിനെ വീണ്ടും മുന്നിലെത്തിച്ചു.
65-ാം മിനിറ്റില്‍ കിടിലനൊരു ടീം ഗെയിമിലൂടെ ബ്ലാസ്റ്റേഴ്‌സ് മൂന്നാം ഗോളും മത്സരവും സ്വന്തമാക്കി. അഡ്രിയാന്‍ ലൂണയുടെ വണ്‍-ടു ഗെയിമായിരുന്നു ആ ഗോളിന്റെ സൗന്ദര്യം. സഹല്‍, ഡയമന്റക്കോസ്, ജിയാനു എന്നിവര്‍ക്ക് പരസ്പരം പാസ് ചെയ്ത് ലഭിച്ച പന്ത് ലൂണ വലയിലെത്തിക്കുകയായിരുന്നു.
Content Highlights: ISL 2022-23 Kerala Blasters FC beat Jamshedpur FC
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..