
കൊച്ചി: സെമിഫൈനല്‍ ജയിച്ചുവന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ പ്രഭ്സുഖന്‍ സിങ് ഗില്ലിനെ കോച്ച് ഇവാന്‍ വുകോമാനോവിച്ച് ആശ്ലേഷിച്ചു. ഗില്‍ ആ തോളില്‍ അല്‍പനേരം തല ചായ്ച്ചുനിന്നു. ബ്ലാസ്റ്റേഴ്‌സ്, വിജയവഴികളില്‍ എത്രയോവട്ടം ഗില്ലിന്റെ നെഞ്ചില്‍ തലചായ്ച്ചിരിക്കുന്നു. ഒന്നാം നമ്പര്‍ ഗോളി ആല്‍ബിനോ ഗോമസിനു പരിക്കേറ്റപ്പോള്‍ പകരക്കാരനായെത്തി ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ ഗില്‍ 'മാതൃഭൂമി'യുമായി സംസാരിക്കുന്നു.
ഇനി കിരീടസ്വപ്നം
ഗോമസിനുപകരം ബ്ലാസ്റ്റേഴ്സിന്റെ കാവല്‍ക്കാരനായെത്തുമ്പോള്‍ ഓരോ മത്സരത്തെയും ഓരോ സ്വപ്നമായിക്കണ്ടാണ് ഞാന്‍ കളിച്ചത്. അപ്പോഴൊന്നും ഫൈനല്‍ കളിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഇപ്പോള്‍ ഫൈനലിലെത്തുമ്പോള്‍ മാത്രമാണ് ഞാന്‍ കിരീടം സ്വപ്നം കാണുന്നത്.
ലൂണയും വാസ്‌ക്വസും
അഡ്രിയാന്‍ ലൂണയും അല്‍വാരോ വാസ്‌ക്വസും സഹകളിക്കാരെ എപ്പോഴും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നവരാണ്. വലിയമത്സരങ്ങളില്‍ അവരുടെ പരിചയസമ്പത്ത് ടീമിനെ ഒന്നാകെ ഉത്തേജിപ്പിക്കുന്നതാണ്. ലെസ്‌കോവിച്ചും സിപോവിച്ചും തൊട്ടുമുന്നില്‍ കളിക്കുന്നത് ഒരുഗോളി എന്നനിലയില്‍ എനിക്കു വളരെ സഹായകരമാണ്. അവരെ മറികടന്നെത്തുന്ന പന്തുകള്‍ കുറവായിരിക്കുമെന്ന വിശ്വാസത്തിലാണ് ഞാന്‍ ഗോള്‍വലയത്തിനുമുന്നില്‍ നില്‍ക്കുന്നത്.
അര്‍ജന്റീനയും ഹൈദരാബാദും
എന്റെ കരിയറിലെ അവിസ്മരണീയമായ കളി അണ്ടര്‍-20 ഫുട്ബോളില്‍ ലോകചാമ്പ്യന്‍മാരായ അര്‍ജന്റീനയെ തോല്‍പ്പിച്ചതായിരുന്നു. അന്നു എന്റെ ചില സേവുകളെപ്പറ്റി അര്‍ജന്റീനയുടെ ലയണല്‍ സ്‌കലോണിയും പാബ്ലോ ഐമറുമൊക്കെ നല്ലവാക്കുകള്‍ പറഞ്ഞത് മറക്കാനാകില്ല. ഐ.എസ്.എലിന്റെ ഈ സീസണില്‍ ഹൈദരാബാദിനെതിരായ കളിയിലെ ഡബിള്‍ സേവാണ് ഓര്‍മയില്‍ മായാതെയുള്ളത്.
അമ്മയും സഹോദരനും
ലുധിയാനയിലെ സാരഭ എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. എനിക്കുവേണ്ടി പലതും ത്യജിച്ച അമ്മയും ഫുട്ബോളിലേക്കു കൂട്ടിക്കൊണ്ടുപോയ സഹോദരന്‍ ഗുര്‍സീരതുമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. തുടക്കത്തില്‍ പ്രതിരോധത്തില്‍ കളിച്ച എന്നോടു ഗോളിയായി നില്‍ക്കാന്‍ പറഞ്ഞ ചണ്ഡീഗഢ് ഫുട്ബോള്‍ അക്കാദമിയിലെ കോച്ച് ഹര്‍ജീന്ദര്‍ സിങ്ങിനെയും മറക്കാനാകില്ല.
Content Highlights: isl 2021-22 prabhsukhan singh gill the kerala blasters super goalie
Published: 19 Mar 2022, 10:16 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented