
തിരുവനന്തപുരം: ഗോള്‍ഡന്‍ ഗ്ലോബ്, കാന്‍ ചലച്ചിത്ര മേളകളില്‍ പ്രേക്ഷക പ്രശംസയും പുരസ്‌കാരങ്ങളും നേടിയ ഏഴു ചിത്രങ്ങള്‍ ചലച്ചിത്രമേളയുടെ ആറാം ദിനമായ ഇന്ന് പ്രദര്‍ശിപ്പിക്കും. ദി സബ്സ്റ്റന്‍സ്, അനോറ, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, എമിലിയ പെരെസ്, ദി ഷെയിംലെസ്സ്, കോണ്‍ക്ലേവ്, ദി സീഡ് ഓഫ് സേക്രഡ് ഫിഗ് എന്നിവയടക്കമുള്ള ചിത്രങ്ങളാണ് വിവിധ തീയേറ്ററുകളിലായി ഇന്നു ചലച്ചിത്രപ്രേമികള്‍ക്കുമുന്നിലെത്തുന്നത്.
ഫ്രഞ്ച് സംവിധായിക കൊരാലി ഫാര്‍ഗീറ്റ് സംവിധാനം ചെയ്ത 'ദി സബ്സ്റ്റന്‍സ്' കാന്‍ ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ ചിത്രമാണ്. യൂറോപ്യന്‍ ഫിലിം അവാര്‍ഡ്‌സില്‍ മികച്ച ദൃശ്യാവിഷ്‌കരണത്തിനും ഛായാഗ്രഹണത്തിനുമുള്ള പുരസ്‌കാരവും ലഭിച്ച ചിത്രം ടാഗോര്‍ തിയറ്ററില്‍ ഉച്ചയ്ക്കു 2:15ന് പ്രദര്‍ശിപ്പിക്കും.
അമേരിക്കന്‍ ചലച്ചിത്രകാരന്‍ ഷോണ്‍ ബേക്കറിന്റെ 'അനോറ', 77 -ാമത് കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി ഓര്‍ പുരസ്‌കാരത്തിനര്‍ഹമായ ചിത്രമാണ്. അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യൂവിന്റേയും 2024 ലെ മികച്ച 10 ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഏരീസ്പ്ലക്‌സ് സ്‌ക്രീന്‍ 1-ല്‍ ഉച്ചയ്ക്കു 12-നാണു പ്രദര്‍ശനം. കാന്‍ മേളയില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം നേടിയ പായല്‍ കപാഡിയയുടെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന സിനിമ മലയാളി അഭിനേതാക്കളുടെ സാന്നിധ്യം കൊണ്ട് കേരളത്തിലും ചര്‍ച്ചയായിരുന്നു. ചിത്രം ടാഗോര്‍ തിയറ്ററില്‍ വൈകിട്ട് ആറിനു പ്രദര്‍ശിപ്പിക്കും.
ജാക്ക്യുസ് ഓഡിയര്‍ഡിന്റെ ഫ്രഞ്ച് ക്രൈം കോമഡി മ്യൂസിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന എമിലിയ പെരെസ് എന്ന ചിത്രത്തിലുടനീളം ഒപ്പേറ സംഗീതം പശ്ചാത്തലത്തില്‍ ഉണ്ട്. 77-ാമത് കാന്‍ ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും, പ്രത്യേക ജൂറി പരാമര്‍ശവും ചിത്രത്തിന് ലഭിച്ചിരുന്നു. ഓസ്‌കാറില്‍ മികച്ച ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. എറിസ്പ്ലെക്സ് സ്‌ക്രീന്‍ 4ല്‍ 9:00ന് പ്രദര്‍ശിപ്പിക്കും. കോണ്‍സ്റ്റാന്റിന്‍ ബോജനോവ് സംവിധാനം ചെയ്ത 'ദി ഷെയിംലെസ്സ്'. മികച്ച നടിക്കുള്ള ഉന്‍ സെര്‍ടൈന്‍ റിഗാര്‍ഡ് അവാര്‍ഡ് അനസൂയ സെന്‍ഗുപ്തക്ക് കാനില്‍ നേടിക്കൊടുത്ത ചിത്രമാണ്. വൈകിട്ടു 3.15ന് ശ്രീ തിയറ്ററിലാണു പ്രദര്‍ശനം.
എഡ്വാര്‍ഡ് ബെര്‍ഗറുടെ മിസ്റ്ററി ത്രില്ലര്‍ കോണ്‍ക്ലേവിന്റെ പ്രദര്‍ശനം രാത്രി 8:30 ന് നിളയിലും 'ദി സീഡ് ഓഫ് സേക്രഡ് ഫിഗി'സിന്റെ പ്രദര്‍ശനം ഏരിസ്പ്ലെസ് സ്‌ക്രീന്‍ 1ല്‍ വൈകിട്ട് ആറിനും നടക്കും. വനിതാ സംവിധായകരുടെ ചിത്രങ്ങളായ കാമദേവന്‍ നക്ഷത്രം കണ്ടു,വിക്ടോറിയ, അപ്പുറം, ബാന്‍സോ, ഇഫ് ഒണ്‍ലി ഐ കുഡ് ഹൈബര്‍നേറ്റ്,പിയേഴ്സ്, ഷഹീദ്,ടോക്സിക്, എന്നിവയും ഇന്നത്തെ മേളയിലുള്ള ആഗോള ജനപ്രീതിയാര്‍ജ്ജിച്ച ചിത്രങ്ങളാണ്. ഹൊറര്‍ ചിത്രമായ 'ദി ലോങ്‌ലെഗ്‌സ്', മിഡ്‌നൈറ് സ്‌ക്രീനിംഗ് പരമ്പരയുടെ ഭാഗമായി രാത്രി 12 മണിക്ക് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും.
Content Highlights: iffk movies screening today
Published: 18 Dec 2024, 07:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented