തിരുവനന്തപുരം: 'എന്റെ സിനിമയെക്കാള്‍ 'പുഷ്പ ടു' കാണാനായിരിക്കും എന്റെ അമ്മയ്ക്കുപോലും താത്പര്യം. ഒരാളുടെ സിനിമാഭിരുചിയെ ആശ്രയിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ജീവിച്ചുവളര്‍ന്ന ചുറ്റുപാട്, കണ്ടുവളര്‍ന്ന സിനിമകള്‍, വിദ്യാഭ്യാസം, വായന തുടങ്ങി ജാതി പോലും ഒരാളുടെ സിനിമാഭിരുചിയെ സ്വാധീനിക്കുന്ന ഘടകമാണ്' -ഐ.എഫ്.എഫ്.കെ. മീറ്റ് ദി ഡയറക്ടര്‍ ചര്‍ച്ചയില്‍ സംവിധായകന്‍ കൃഷാന്തിന്റെ വാക്കുകള്‍.
'ആവാസവ്യൂഹം', 'പുരുഷ പ്രേതം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍. 'ആവാസവ്യൂഹം' എന്ന ചിത്രത്തിന്, അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നെറ്റ്പേക്, ഫിപ്രസി പുരസ്‌കാരങ്ങള്‍ മുന്‍പ് ലഭിച്ചിരുന്നു.
ഐ.എഫ്.എഫ്.കെ. മലയാളം ടുഡെ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച കൃഷാന്തിന്റെ 'സംഘര്‍ഷ ഘടന' എന്ന ചിത്രം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. സിനിമയെക്കുറിച്ച് കൃഷാന്ത് സംസാരിക്കുന്നു.
സംഘര്‍ഷ ഘടനയിലേക്ക്...
ഏകദേശം മൂവായിരം വര്‍ഷം പഴക്കമുള്ള, സുങ് ത്സു രചിച്ച ചൈനീസ് പുസ്തകമായ 'ആര്‍ട്ട് ഓഫ് വാര്‍' എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ സൃഷ്ടിച്ചെടുത്തൊരു കഥയാണ് 'സംഘര്‍ഷ ഘടന'. ഇത് ഒരിക്കലും 'ആര്‍ട്ട് ഓഫ് വാറി'ന്റെ ദൃശ്യാവിഷ്‌കാരമല്ല. മറിച്ച് യൂസര്‍ മാന്വല്‍ പോലൊരു പുസ്തകമാണ്. കഥയ്ക്കുള്ളില്‍നിന്നൊരു കഥയെ സൃഷ്ടിച്ചെടുത്തതാണ്.
സുങ് ത്സു ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്നു. സൈനികരും സൈനികമേധാവിയും എങ്ങനെയായിരിക്കണമെന്ന കാര്യം വിശദീകരിച്ച് രാജാവിനുവേണ്ടി അദ്ദേഹം എഴുതിയ പുസ്തകമാണിത്.
യുദ്ധകാലത്ത് ഈ പുസ്തകത്തിന്റെയും ഇതിന്റെ ഉള്ളടക്കത്തിന്റെയും പ്രസക്തിയാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. സുങ് ത്സുവിന്റെ 'ആര്‍ട്ട് ഓഫ് വാറി'ന്റെ പശ്ചാത്തലത്തില്‍ 'കൊടമഴ സുനി'യുടെ കഥയാണ് 'സംഘര്‍ഷ ഘടന'യില്‍ പറയുന്നത്.
'ആവാസവ്യൂഹ'ത്തിനു മുന്‍പ് ചെയ്യാനിരുന്ന സിനിമയായിരുന്നു 'പുരുഷ പ്രേതം'. 'ആവാസവ്യൂഹം' ഇറങ്ങി ആറു മാസത്തിനുള്ളില്‍ 'പുരുഷ പ്രേതം' പൂര്‍ത്തീകരിച്ചു. അതൊരു നടന്ന സംഭവമാണ്. കഥയ്ക്കുള്ളിലേക്ക് ഇറങ്ങിച്ചെന്നപ്പോള്‍ താല്പര്യം കൂടി.
സിനിമയിലേക്കുള്ള വഴി...
സിനിമയും പുസ്തകങ്ങളുമാണ് എന്റെയുള്ളിലെ സിനിമാക്കാരനെ സ്വപ്നംകാണാന്‍ പഠിപ്പിച്ചത്. അതുകൊണ്ടുതന്നെ ഒരുപാട് ആഗ്രഹിച്ചാണ് സിനിമയിലെത്തിയതും. വായനയ്ക്കായി പ്രത്യേക തിരഞ്ഞെടുപ്പുകളൊന്നുമില്ല.
എല്ലാത്തരം പുസ്തകങ്ങളും വായിക്കും. കോളേജിലെത്തിയപ്പോള്‍ ഐ.എഫ്.എഫ്.കെ.യിലെത്തി സിനിമകള്‍ കാണാന്‍ തുടങ്ങി. അങ്ങനെ പതിയെ സിനിമകള്‍ സംവിധാനം ചെയ്തു. മാര്‍ച്ചില്‍ 'സംഭവ വിവരണം നാലര സംഘം' എന്ന വെബ്സീരീസ് പുറത്തിറങ്ങുന്നുണ്ട്.
Content Highlights: director krishand talks about cinema
Published: 18 Dec 2024, 08:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented