പനാജി: നടൻ സണ്ണി ഡിയോളിന്റെ ​ഗംഭീര തിരിച്ചുവരവിനാണ് 2023 സാക്ഷിയായത്. ഹിന്ദി സിനിമയിലെ സൂപ്പർതാരം ധർമേന്ദ്രയുടെ മകൻ എന്ന മേൽവിലാസത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച സണ്ണി ഡിയോൾ 1980-90 കാലഘട്ടത്തിൽ വിലയേറിയ താരമായി. ബേതാബ്, പാപ് കി ദുനിയ, ത്രിദേവ്, ഖയാൽ, ദാമിനി, ഡർ, ജീത്, ഘട്ടക്, ബോർഡർ, ഗദർ എക് പ്രേം കഥ എന്നിങ്ങനെ ഒട്ടേറെ ഹിറ്റുകളിൽ താരമായി.

To advertise here,

2000-ന് ശേഷം തുടർപരാജയങ്ങളിൽ പെട്ട് സിനിമയിൽ നിന്ന് പലപ്പോഴും മാറി നിൽക്കുകയായിരുന്നു സണ്ണി ഡിയോൾ. 2023-ൽ ​'ഗദർ 2' വിലൂടെ സണ്ണി ഡിയോൾ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. 60 കോടി മുതൽമുടക്കിലൊരുങ്ങിയ ചിത്രം 692 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്.

ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കഴിഞ്ഞ ദിവസം ഒരു ചർച്ചയിൽ സണ്ണി ഡിയോൾ വികാരാദീനനായി. ചലച്ചിത്ര പ്രവർത്തകരായ അനിൽ ശർമ്മ, രാജ്കുമാർ സന്തോഷി എന്നിവർക്കൊപ്പമാണ് താരം ചടങ്ങിൽ പങ്കെടുത്തത്. പരിപാടിക്കിടെ, സണ്ണി ഡിയോൾ ഗദർ 2-ന്റെ വിജയത്തെക്കുറിച്ചും താരാ സിങ് എന്ന കഥാപാത്രത്തെക്കുറിച്ചും സംസാരിച്ചു. ചലച്ചിത്ര നിർമ്മാതാവ് രാജ്കുമാർ സന്തോഷി അദ്ദേഹത്തെ പ്രശംസിച്ചതിന് തൊട്ടുപിന്നാലെ സണ്ണി ഡിയോൾ വികാരാധീനനായി. 

"സിനിമാ വ്യവസായം സണ്ണിയുടെ കഴിവിനോട് നീതി പുലർത്തിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ ദൈവം നീതി പുലർത്തി," രാജ്കുമാർ സന്തോഷി പറഞ്ഞപ്പോൾ  സണ്ണി ഡിയോൾ ഇങ്ങനെ പ്രതികരിച്ചു.  'ഞാൻ വളരെ വികാരാധീനനാണ്, അതാണ്‌ എന്റെ പ്രശ്നം' അദ്ദേഹം കണ്ണുനീർ തുടച്ചു.

ഗദറിലെ താരാ സിങ് എന്ന തന്റെ കഥാപാത്രത്തെക്കുറിച്ച് സണ്ണി ഡിയോൾ സംസാരിച്ചു. എല്ലാവരും താരാ സിങ്ങിനെ പോലെയാകാൻ ആഗ്രഹിക്കുന്നു.​ ഗദർ 2 ഇത്ര വല്യ വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സണ്ണി ഡിയോൾ കൂട്ടിച്ചേർത്തു.