
പനജി: 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിൽ തിങ്കളാഴ്ച തുടക്കം. നവംബർ 28 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനച്ചടങ്ങുകൾ വൈകീട്ട് ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടക്കും. ഗോവ ഗവർണർ ശ്രീധരൻ പിള്ള, കേന്ദ്ര വാർത്താ വിനിമയപ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ, സഹമന്ത്രി എൽ. മുരുകൻ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവർ പങ്കെടുക്കും. സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഹോളിവുഡ് നടനും നിർമാതാവുമായ മൈക്കിൾ ഡഗ്ലസിന് സമ്മാനിക്കും.
അഭിനേതാക്കളായ മാധുരി ദീക്ഷിത്, വിജയ് സേതുപതി, പങ്കജ് ത്രിപാഠി, സണ്ണി ഡിയോൾ, സാറാ അലിഖാൻ, ഷാഹിദ് കപൂർ, നിർമാതാവും സംവിധായകനുമായ കരൺ ജോഹർ, സംഗീത സംവിധായകൻ ശന്തനു മൊയ്ത്ര, ഗായകരായ ശ്രേയാ ഘോഷാൽ, സുഖ്‌വീന്ദർ സിങ് തുടങ്ങിയവർ പങ്കെടുക്കും.
ബ്രിട്ടീഷ് ചിത്രം ‘കാച്ചിങ് ഡസ്റ്റ്’ ആണ് ഉദ്ഘാടനദിനത്തിൽ പ്രദർശനത്തിനെത്തുന്നത്. വിവിധ വിഭാഗങ്ങളിലായി 270-ലേറെ ചിത്രങ്ങളാണ് ഇത്തവണ പ്രദർശിപ്പിക്കും. സംവിധായകൻ ശേഖർ കപൂറാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയർമാൻ.
സംവിധായകനും നടനും നിർമാതാവുമായ ഡോ. ടി.എസ്. നാഗാഭരണയാണ് ഇന്ത്യൻ പനോരമയുടെ ജൂറി ചെയർമാൻ. ഇരുപത്തിയഞ്ച് സിനിമകൾ ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തും. ആനന്ദ് ഏകാർഷി സംവിധാനം ചെയ്ത ആട്ടമാണ് (മലയാളം) പനോരമയിലെ ഉദ്ഘാടന ചിത്രം.
പുതിയ തലമുറയിലെ സിനിമാ പ്രതിഭകളെ കണ്ടെത്താനായി യങ് ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമാറോ പദ്ധതിയുടെ 75 വിജയികളെ മേളയിൽ പ്രഖ്യാപിക്കും. നാൽപ്പതിലേറെ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് ഇത്തവണ വ്യത്യസ്ത വിഭാഗങ്ങളിൽ പ്രദർശനത്തിനെത്തുന്നത്. ആദ്യമായി ഏറ്റവും മികച്ച വെബ് സീരീസിനും പുരസ്കാരമുണ്ട്. കാഴ്ച ശക്തിയും കേൾവി ശക്തിയും ഇല്ലാത്തവർക്ക് പ്രത്യേക പ്രദർശനം ഉണ്ടായിരിക്കും. അമേരിക്കൻ ചിത്രം ‘ദ ഫെതർ വെയ്റ്റാണ്’ സമാപനചിത്രം.
മത്സരവിഭാഗത്തിലെ ഏറ്റവും മികച്ച ചിത്രത്തിന് സുവർണ മയൂരവും നാൽപ്പത് ലക്ഷം രൂപയും പുരസ്കാരമായി ലഭിക്കും. മികച്ച സംവിധായിക/ സംവിധായകൻ, മികച്ച നടി, നടൻ, മികച്ച നവാഗത സംവിധായിക/ സംവിധായകൻ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പുരസ്കാരമുണ്ട്.
Content Highlights: 54th iffi starting from today, casting dust movie, awards for web series
Published: 20 Nov 2023, 07:40 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented