ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമിയില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി അനുവദിച്ചതിനെ വിമര്‍ശിച്ച് ക്രൊയോഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചും പരിശീലകന്‍ സ്ലാറ്റ്‌കോ ഡാലിച്ചും. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ഇരുവരും ഇറ്റാലിയന്‍ റഫറിയായ ഡാനിയല്‍ ഒര്‍സാറ്റോയ്‌ക്കെതിരേ വിമര്‍ശനമുന്നയിച്ചത്.

To advertise here,

പെനാല്‍റ്റി വരെ ഞങ്ങള്‍ നന്നായി കളിച്ചിരുന്നു. ആ പെനാല്‍റ്റി അനുവദിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ സാധാരണയായി റഫറിമാരെ കുറിച്ച് സംസാരിക്കാറില്ല. എന്നാല്‍ ഇന്ന് സംസാരിക്കാതിരിക്കാനാകില്ല. അദ്ദേഹം വളരെ മോശം റഫറിമാരില്‍ ഒരാളാണ്. ഇന്നത്തെ കാര്യം മാത്രമല്ല പറയുന്നത്. അദ്ദേഹം നിയന്ത്രിച്ച മത്സരങ്ങളില്‍ ഞാന്‍ മുമ്പും കളിച്ചിട്ടുണ്ട്. എനിക്ക് അയാളെ കുറിച്ച് നല്ല ഓര്‍മകളൊന്നും ഇല്ല. അദ്ദേഹമൊരു ദുരന്തമാണ്. എങ്കിലും അര്‍ജന്റീനയെ ഞാന്‍ അഭിനന്ദിക്കുന്നു. അവരില്‍ നിന്ന് ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ ഫൈനല്‍ അര്‍ഹിക്കുന്ന ടീമാണ്. എന്നാല്‍ ആദ്യത്തെ പെനാല്‍റ്റി ഞങ്ങളെ തകര്‍ത്തുകളഞ്ഞു.' മോഡ്രിച്ച് വ്യക്തമാക്കി.

അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി അനുവദിച്ചതിനെ ക്രൊയേഷ്യന്‍ പരിശീലകന്‍ ഡാലിച്ചും ചോദ്യം ചെയ്തു. 'കൂടുതല്‍ സമയവും പന്ത് ഞങ്ങളുടെ കാലിലായിരുന്നു. എന്നാല്‍ ഒരു ഗോള്‍ വഴങ്ങി. അത് സംശയകരമായ പെനാല്‍റ്റിയാണ്. ആ ഗോളാണ് മത്സരം ഞങ്ങളില്‍ നിന്ന് കൊണ്ടുപോയത്. അതുവരെ മത്സരത്തില്‍ ഞങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമുണ്ടായിരുന്നു. അപകടകാരികളായി കളിച്ചില്ലെങ്കിലും പ്രതീക്ഷിച്ചതു പോലെ കളി മുന്നോട്ടുകൊണ്ടുപോകാന്‍ സാഘിച്ചു. അര്‍ജന്റീനന്‍ താരം ഗോളി ലിവാകോവിച്ചിനെ ഇടിച്ചതിന് പെനാല്‍റ്റി നല്‍കിയത് പുതിയ നിയമം ആണോ?  അങ്ങനെയെങ്കില്‍ അതൊക്കെ ഞങ്ങളും അറിയണമല്ലോ. വിജയിച്ച അര്‍ജന്റീനന്‍ ടീമിനെ ഞാന്‍ അഭിനന്ദിക്കുന്നു. എന്റെ കുട്ടികള്‍ ഈ ലോകകപ്പില്‍ പുറത്തെടുത്ത പ്രകടനത്തേയും ഞാന്‍ അഭിനന്ദിക്കുന്നു. നമുക്ക് തിരിച്ചുവരേണ്ടതുണ്ട്' -ഡാലിച്ച് വ്യക്തമാക്കുന്നു. 

ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന ഫൈനലിലെത്തിയത്. ലയണല്‍ മെസ്സി പെനാല്‍റ്റിയിലൂടെ ലീഡ് നല്‍കിയപ്പോള്‍ ശേഷിക്കുന്ന രണ്ടു ഗോളും വലയിലെത്തിച്ചത് ജൂലിയന്‍ അല്‍വാരസാണ്. മൂന്നാം ഗോളില്‍ മെസ്സിയുടെ മനോഹരമായ അസിസ്റ്റും ആരാധകര്‍ കണ്ടു.