ദോഹ: സമുറായികളുടെ പോരാട്ടവീര്യം ഡൊമിനിക് ലിവാകോവിച്ച് എന്ന വന്‍മതിലിന് മുന്നില്‍ നിഷ്പ്രഭമായി. ഈ ലോകകപ്പില്‍ ഷൂട്ടൗട്ട് ആദ്യമായി വിധി പറഞ്ഞപ്പോള്‍ കിക്കുകള്‍ തുലച്ച് ജപ്പാന്‍ പുറത്തായി. ഉദയസൂര്യന്റെ സ്വപ്നങ്ങള്‍ ഒരിക്കല്‍ക്കൂടി പ്രീക്വാര്‍ട്ടറിന്റെ പടിവാതലില്‍ തകര്‍ന്നപ്പോള്‍ ക്രൊയേഷ്യ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ക്വാര്‍ട്ടര്‍ഫൈനലില്‍ വീറോടെ പ്രവേശിക്കുകയും ചെയ്തു. മൂന്ന് ജാപ്പനീസ് കിക്കുകള്‍ തട്ടികയറ്റിയ ഗോളി ലിവാകോവിച്ചിന്റെ മാജിക്കിലാണ് നിലവിലെ റണ്ണറപ്പ് ക്രൊയേഷ്യ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയുടെ ജയം. മായ യോഷിദ, കോറു മിറ്റോമ, താകുമി മിനാമിനോ എന്നിവരുടെ കിക്കുകളാണ് ലിവാകോവിച്ച് ഡൈവ് ചെയ്ത് തടഞ്ഞത്. ക്രൊയേഷ്യയുടെ മാര്‍ക്കോ ലിവായയുടെ കിക്ക് പോസ്റ്റില്‍ ഇടിച്ചു മടങ്ങി. ജപ്പാന്റെ തകുമ അസാനോയുടെ കിക്ക് മാത്രമാണ് വലയില്‍ കയറിയത്. ക്രൊയേഷ്യയ്ക്കായി മരിയോ പസാലിച്ചും മാഴ്സലോ ബ്രോസോവിച്ചും നിക്കോളാ വ്ളാസിച്ചുമാണ് ലക്ഷ്യം കണ്ടത്.
നിശ്ചിത സമയത്തും അധികസമയത്തും പൊരുതിക്കളിച്ചിട്ടും ഇരു ടീമുകള്‍ക്കും ഓരോ ഗോളിന്റെ സമനിലപ്പൂട്ട് ഭേദിക്കാന്‍ കഴിയാതായതോടെയാണ് ഈ ലോകകപ്പിലെ ആദ്യ പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്.
നേരത്തെ ഡൈസന്‍ മയെദ നേടിയ ഗോളിന് ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ തിരിച്ചടിച്ചടിക്കുകയായിരുന്നു. 43-ാം മിനിറ്റില്‍ മയെദ നേടിയ ഗോളില്‍ ജപ്പാനാണ് ആദ്യം ലീഡെടുത്തത്. റിറ്റ്‌സു ഡൊവാന്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. ക്യാപ്റ്റന്‍ മായ യോഷിദ തട്ടിയിട്ട പന്ത് ഒട്ടും സമയം കളയാതെ മയെദ വലയിലെത്തിക്കുകയായിരുന്നു.
കളിയുടെ തുടക്കത്തില്‍ മുന്‍ മത്സരങ്ങളിലെ പോലെ തന്നെ കാര്യമായ ആക്രമണങ്ങളൊന്നും തന്നെ ജപ്പാനില്‍ നിന്നുണ്ടായിരുന്നില്ല. എന്നാല്‍ ലഭിച്ച അവസരം അവര്‍ മുതലെടുക്കുകയായിരുന്നു. മറുവശത്ത് ക്രൊയേഷ്യയാകട്ടെ പന്തിന്‍മേല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും മികച്ച രണ്ട് അവസരങ്ങള്‍ മുതലാക്കാനായില്ല.
28-ാം മിനിറ്റില്‍ ബാരിസിച്ചിന്റെ ക്രോസില്‍ നിന്ന് ലഭിച്ച സുവര്‍ണാവസരം പെരിസിച്ചും പിന്നാലെ ക്രാമറിച്ചും ഒരുപേലെ നഷ്ടപ്പെടുത്തി. ഇതിനു മുമ്പ് ഒമ്പതാം മിനിറ്റില്‍ ടോമിയാസുവിന്റെ പിഴവില്‍ നിന്ന് പന്ത് റാഞ്ചിയ ഇവാന്‍ പെരിസിച്ച് ഷോട്ടുതിര്‍ത്തെങ്കിലും ജപ്പാന്‍ ഗോളി ഷുചി ഗോണ്ട തട്ടിയകറ്റി.
എന്നാല്‍ 55-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ ഒപ്പമെത്തി. ഡെയാന്‍ ലോവ്‌റെന്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് തന്റെ ആറടി ഒരിഞ്ച് ഉയരത്തിന്റെ ആനുകൂല്യം മുതലെടുത്ത് പെരിസിച്ച് ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. തങ്ങളുടെ താരങ്ങളുടെ ഉയരക്കുറവ് ജപ്പാന് മത്സരത്തിലുടനീളം സെറ്റ്പീസുകള്‍ പ്രതിരോധിക്കുന്നതിന് തടസമായിരുന്നു. ആദ്യ പകുതിയില്‍ പലപ്പോഴും ഈ ആനുകൂല്യം മുതലെടുക്കാനായിരുന്നു ക്രൊയേഷ്യയുടെ ശ്രമങ്ങള്‍.
തുടര്‍ന്ന് ഇരു ടീമും മികച്ച ഏതാനും മുന്നേറ്റങ്ങള്‍ നടത്തി. 63-ാം മിനിറ്റില്‍ ലൂക്ക മോഡ്രിച്ചിന്റെ കിടിലന്‍ വോളി രക്ഷപ്പെടുത്തി ഗോള്‍കീപ്പര്‍ ഗോണ്ട ജപ്പാന്റെ രക്ഷകനായി. 57-ാം മിനിറ്റില്‍ ജപ്പാന്‍, ക്രൊയേഷ്യന്‍ ഗോള്‍കീപ്പറെ പരീക്ഷിച്ചു. വടാരു എന്‍ഡോയുടെ ഷോട്ട് ഡൊമിനിക് ലിവാകോവിച്ച് തട്ടിയകറ്റി. പിന്നാലെ 66-ാം മിനിറ്റില്‍ ക്രൊയേഷ്യയ്ക്ക് മറ്റൊരു സുവര്‍ണാവസരം ലഭിച്ചു. ക്രാമറിച്ച് നല്‍കിയ ക്രോസില്‍ നിന്നുള്ള ആന്റെ ബുഡിമിറിന്റെ ഹെഡര്‍ പക്ഷേ പോസ്റ്റിനെ തൊട്ടിയുരുമ്മി പുറത്തേക്ക് പോകുകയായിരുന്നു.
പിന്നാലെ മത്സരം അധിക സമയത്തേക്ക്. 105-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ ലിവാകോവിച്ച് ഒരിക്കല്‍ കൂടി ക്രൊയേഷ്യയുടെ രക്ഷയ്‌ക്കെത്തി. 105-ാം മിനിറ്റില്‍ സ്വന്തം ഹാഫില്‍ നിന്ന് പന്തുമായി മുന്നേറി മിറ്റോമയാണ് ക്രൊയേഷ്യയെ ഞെട്ടിച്ചത്. താരത്തിന്റെ തകര്‍പ്പന്‍ ഷോട്ട് ലിവാകോവിച്ച് അദ്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ ഷൂട്ടൗട്ടിലും ക്രൊയേഷ്യന്‍ വലയ്ക്കു മുന്നില്‍ പാറപോലെ ഉറച്ചുനിന്ന ലിവാകോവിച്ച് ടീമിന് ക്വാര്‍ട്ടറിലേക്ക് വഴിതെളിച്ചു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: FIFA World Cup 2022 Japan vs Croatia round of 16 live blog
Published: 05 Dec 2022, 11:18 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented