ഫുട്‌ബോളിന്റെ നിലനില്‍പ്പായ കാണികള്‍; അവര്‍ പിന്നിട്ട പാതകള്‍


എന്‍.എസ്. മാധവന്‍പ്രതീകാത്മക ചിത്രം | Photo: AFP

ഒരു ലോകകപ്പിനുകൂടി ഇന്ന് വിസിലടി ഉയരുന്നു. കിക്കോഫ് കഴിഞ്ഞാല്‍പ്പിന്നെ ഫൈനല്‍വരെ ലോകം ഒരേയൊരു ലഹരിയില്‍ നൃത്തമാടും. രാജ്യാതിര്‍ത്തികള്‍ മായും. നയതന്ത്രബന്ധങ്ങള്‍ക്ക് പ്രസക്തിയില്ലാതാവും. ഒരു പന്തും ഇരുപത്തിരണ്ടുപേരുമുള്ള ഈ കളി എങ്ങനെയാണ് വികസിച്ചുവന്നത്? അതിന് നിയമങ്ങള്‍ വന്നതും അതിനുചുറ്റും ലക്ഷക്കണക്കിന് മനുഷ്യര്‍ ആരവങ്ങളുയര്‍ത്താന്‍ തുടങ്ങിയതും എങ്ങനെയാണ്? അതിന്റെ കുപ്പായവും പാട്ടും കുടിപ്പകയും വലിയ സംഭവമായതെങ്ങനെയാണ്? മലയാളത്തിന്റെ പ്രശസ്ത ചെറുകഥാകൃത്ത് എഴുതുന്നു

ത്തര്‍ ലോകകപ്പില്‍ ഒരു ടീമില്‍ 26 കളിക്കാര്‍വീതം 32 ടീമുകള്‍, ഇറക്കാന്‍ പോകുന്ന മൊത്തംകളിക്കാരുടെ സംഖ്യ 832 ആണ്. സബ്സ്റ്റിറ്റിയൂഷനില്‍ക്കൂടിയും മറ്റും ഇവരില്‍ ഏറിയപങ്ക് കളിക്കാരെയും നമ്മള്‍ മൈതാനത്തില്‍ കണ്ടിരിക്കും. ആരാണ് നമ്മള്‍? നമ്മുടെ സംഖ്യകേട്ടാല്‍ ഞെട്ടിപ്പോകും. 2018-ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ ആകെ കളികണ്ടവരുടെ ഔദ്യോഗിക കണക്ക് 357 കോടിയാണ്; അതായത്, നാലുവയസ്സിനുമേല്‍ ലോകത്തില്‍ ജീവിച്ചിരിക്കുന്നവരുടെ ജനസംഖ്യയുടെ പാതി. ഫ്രാന്‍സും ക്രൊയേഷ്യയുമായുള്ള ഫൈനല്‍ കണ്ടവര്‍മാത്രം 112 കോടി. ആധുനികകാലത്ത് ഫുട്‌ബോളിന്റെ നിലനില്‍പ്പുതന്നെ കാണികളിലാണ്. അവര്‍വന്ന വഴികള്‍, അവരുടെ സംക്ഷിപ്തചരിത്രം എന്നിവയിലേക്ക്, 500 കോടി ഫുട്‌ബോള്‍പ്രേമികള്‍ കാണുമെന്ന് അനുമാനിക്കുന്ന ഖത്തറിലെ ലോകകപ്പിനുമുമ്പ് കണ്ണോടിക്കുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു.ആദിയില്‍ ഫുട്‌ബോളില്‍ കാണികള്‍ വളരെ കുറവായിരുന്നു; കാരണം, കളി ജനകീയമായിരുന്നില്ല. പണക്കാരുടെ കുട്ടികളും പ്രഭുകുമാരന്മാരും പഠിച്ചിരുന്ന വിഞ്ചസ്റ്റര്‍, ചാര്‍ട്ടര്‍ഹൗസ്, ഈറ്റന്‍ തുടങ്ങിയ പബ്ലിക് സ്‌കൂളുകളില്‍ ഇന്നത്തെ ഫുട്‌ബോളിന്റെ പ്രാഗ്‌രൂപമായ മിക്കവാറും കാലുകൊണ്ടുതന്നെ പന്തുതട്ടുന്ന കളി നടന്നിരുന്നു. ഫുട്‌ബോളില്‍ നിഷിദ്ധമായ കാര്യം, കൈകൊണ്ട് പന്തുതൊടുക, അക്കാലത്ത് അത്ര കര്‍ശനമായി പാലിക്കാത്ത നിയമമായിരുന്നു. പണക്കാരുടെ കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുമ്പോള്‍, ഇംഗ്ലണ്ടിലെ പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും ആളുകളുടെ കളികള്‍ എന്തൊക്കെയായിരുന്നു? പെരുച്ചാഴിയെ ഓര്‍മിപ്പിക്കുന്ന 'ബാഡ്ജറുകള്‍' എന്ന ജന്തുവിനെ കെണിവെച്ചു പിടിക്കുക തുടങ്ങിയവയായിരുന്നു അന്നത്തെ ഗ്രാമീണവിനോദങ്ങള്‍. മറുവശത്ത് വരേണ്യരുടെ കളിയായ ഫുട്‌ബോളില്‍ 1863-ല്‍, ഒരു കേന്ദ്രസംഘടന, ഫുട്‌ബോള്‍ അസോസിയേഷന്‍ നിലവില്‍വന്നു. ഗോളികളല്ലാതെ മറ്റു കളിക്കാര്‍ പന്ത് കൈകൊണ്ട് തൊടാന്‍ പാടില്ലെന്ന നിലവിലെ നിയമം സാര്‍വത്രികമായി അംഗീകരിക്കുന്നത് അപ്പോഴാണ്.

ഫുട്‌ബോളിലെ വരേണ്യത കാത്തുസൂക്ഷിക്കാന്‍ ബദ്ധശ്രദ്ധരായിരുന്നു ഫുട്‌ബോള്‍ അസോസിയേഷന്‍. പ്രതിഫലംവാങ്ങി ഫുട്‌ബോള്‍ കളിക്കുന്നത് കുറ്റകരമായിരുന്നു. ഇതെല്ലാം മാറ്റിമറിച്ചത് ഇംഗ്ലണ്ടിലെ സാമൂഹികവ്യവസ്ഥിതിയായിരുന്നു. വ്യവസായവിപ്ലവം കൊണ്ടുവന്ന ഫാക്ടറിയിലെ തൊഴിലാളികള്‍ ഉരുണ്ടവസ്തു കണ്ടാല്‍ കാലുകൊണ്ട് തട്ടണമെന്ന പിടിച്ചുനിര്‍ത്താനാവാത്ത വികാരത്തിന് അടിമപ്പെട്ടു. ബാഡ്ജര്‍പിടിത്തം തുടങ്ങിയ വിനോദങ്ങള്‍ ഉപേക്ഷിച്ച് അവര്‍ കൂട്ടമായി ഫുട്‌ബോള്‍ കളിക്കാന്‍തുടങ്ങി. ലണ്ടനുപുറത്ത് വ്യവസായനഗരമായ ഷെഫീല്‍ഡില്‍ മറ്റൊരു ഫുട്‌ബോള്‍ അസോസിയേഷന്‍ നിലവില്‍വന്നു. തുണിമില്ലുകളുടെ പട്ടണമായ ലങ്കാഷയറില്‍ 1870-കളില്‍ ടിക്കറ്റ് വെച്ച് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്താന്‍തുടങ്ങി. ഇന്നു കാണുന്ന ഫുട്‌ബോള്‍കാണിയുടെ പൂര്‍വികരായിരുന്നു അങ്ങനെ കാശുകൊടുത്ത് കളികണ്ടവര്‍. ഫുട്‌ബോളിനെ ഒരു വരേണ്യക്കോട്ടയായിത്തന്നെ സൂക്ഷിക്കാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കിണഞ്ഞുപരിശ്രമിച്ചു. 1884-ലെ കളിക്കാര്‍ക്ക് വേതനം നല്‍കിയ ആരോപണത്തില്‍ രണ്ടു ക്ലബ്ബുകളെ അസോസിയേഷന്‍ പുറത്താക്കി. എന്നാല്‍, മിക്കവാറും എല്ലാ ക്ലബ്ബുകളും പ്രതിഫലം നല്‍കി കളിക്കാരെ മൈതാനത്തില്‍ ഇറക്കാന്‍ തുടങ്ങിയപ്പോള്‍ ഫുട്‌ബോള്‍ അസോസിയേഷന് ആ വ്യവസ്ഥ 1875-ല്‍ നിയമവിധേയമാക്കേണ്ടി വന്നു. വരേണ്യര്‍ ക്രിക്കറ്റിലേക്കും റഗ്ബിയിലേക്കും തിരിഞ്ഞു; ഫുട്‌ബോള്‍ തികച്ചും ജനകീയമായി.

1857-ല്‍ ഷെഫീല്‍ഡിലാണ് ആദ്യത്തെ ഫുട്‌ബോള്‍ക്ലബ്ബ് ഉണ്ടാകുന്നത്. ഇപ്പോഴും നിലവിലുള്ള ആ ക്ലബ്ബിനെ ഫിഫ ഏറ്റവും പഴയ ക്ലബ്ബായി അംഗീകരിച്ചിട്ടുണ്ട്. ഇന്ന് പ്രസിദ്ധമായ മിക്കവാറും ക്ലബ്ബുകള്‍ നിലവില്‍വരുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ പകുതിയിലോ ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിലോ ആണ്.

ക്ലബ്ബ് എന്നുപറഞ്ഞാല്‍ ഒരുതരത്തിലുള്ള ജാതിവ്യവസ്ഥയാണ്. നിങ്ങളുടെ മാതാപിതാക്കള്‍ പിന്തുണയ്ക്കുന്ന ക്ലബ്ബിനെ ജന്മനാ നിങ്ങളും പിന്തുണയ്ക്കുന്നു. ക്ലബ്ബിന്റെ പ്രകടനം ഒന്നും അതിനു പ്രശ്‌നമല്ല. ക്രൈസ്തവവിവാഹ വാഗ്ദാനത്തില്‍ പറയുന്നപോലെ 'സുഖത്തിലും ദുഃഖത്തിലും' എന്നും ക്ലബ്ബിന്റെ കൂടെത്തന്നെ.

മിക്കവാറും ക്ലബ്ബുകളുടെ അടിത്തറ, അതുള്ള പട്ടണമോ നഗരത്തിന്റെ ഭാഗമോ ആയിരിക്കും. ഒരേസ്ഥലത്ത് രണ്ടുക്ലബ്ബുകള്‍ ഉണ്ടാകാം. 1899-ല്‍ ഇറ്റലിയിലെ മിലാന്‍നഗരത്തില്‍ എ.സി. മിലാന്‍ എന്ന പേരില്‍ തുടങ്ങിയ ക്ലബ്ബില്‍ പുറത്തുനിന്നുള്ള കളിക്കാരെ കളിപ്പിക്കണമോ വേണ്ടയോ എന്ന വിവാദം പൊട്ടിപ്പുറപ്പെട്ടു. ദേശീയവാദികളായ എ.സി. മിലാന്റെ അധികൃതര്‍ പുറത്തുനിന്ന് കളിക്കാര്‍ പാടില്ലെന്ന വാദത്തില്‍ ഉറച്ചുനിന്നപ്പോള്‍ അത് പിളര്‍ന്ന് ഇന്റര്‍ മിലാന്‍ ഉണ്ടായി. ചിലപ്പോള്‍ ക്ലബ്ബുകളുടെ അടിത്തറ മതവുമാകാം. വടക്കന്‍ ലണ്ടനിലെ രണ്ടു ക്ലബ്ബുകളില്‍ ഒന്നായ ആഴ്സനലിന്റെ ആരാധകനെ 'ഗൂണര്‍' എന്ന് വിളിക്കുമ്പോള്‍ അവിടത്തെ മറ്റേ ക്ലബ്ബായ ടോട്ടനാം സ്പര്‍സിന്റെ ആരാധകര്‍ അറിയുന്നത് 'യിഡ്സ്' എന്ന പേരിലാണ്; എന്നുവെച്ചാല്‍ ജൂതന്മാര്‍. അവരുടെ ആരാധകരില്‍ മൂന്നിലൊരു ഭാഗം ഒരുകാലത്ത് ജൂതന്മാരായിരുന്നു.

ആരാധകരുടെ ക്ലബ്ബുജീവിതത്തിന്റെ പ്രധാനപ്പെട്ട ചിഹ്നങ്ങളാണു ജേഴ്സിയും കൊടിയും. കളികാണാന്‍ പോകുമ്പോള്‍ അവര്‍ അതു ധരിക്കുന്നു. പല സ്റ്റേഡിയങ്ങളിലും ഹോംടീമിന്റെ ആരാധകരുടെ ഭാഗവും പുറത്തുനിന്നുവരുന്ന ടീമിന്റെ ആരാധകരുടെ ഭാഗങ്ങളും വേര്‍തിരിച്ചിട്ടുണ്ടാകും. അവര്‍ ധരിക്കുന്ന യൂണിഫോമിന്റെ നിറത്തില്‍നിന്ന് ആ ഭാഗങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനാകും. അതുപോലെയാണു ചാന്റുകള്‍ അഥവാ ക്ലബ്ബിന്റെ ഗാനം. ചുവന്ന കൊടികള്‍ വീശി ചുവന്ന ജേഴ്സി ധരിച്ച പതിനായിരക്കണക്കിന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകര്‍ ഒരേ തൊണ്ടയില്‍ 'ഗ്ലോറി ഗ്ലോറി മാന്‍ യുണൈറ്റഡ്' എന്നു പാടുന്നത് ടി.വി.യില്‍ കാണുന്നതുതന്നെ ത്രസിപ്പിക്കുന്ന അനുഭവമാണ്; അവരുടെ സ്റ്റേഡിയമായ ഓള്‍ഡ് ട്രാഫോഡില്‍ ആ സമയത്തെ തൊട്ടാല്‍ കറന്റടിക്കുന്നപോലത്തെ അന്തരീക്ഷം ഊഹിക്കാനേ പറ്റുകയുള്ളൂ.

കാണികള്‍ സംഘടിക്കാന്‍ തുടങ്ങി. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്സിന്റെ തന്നെ ദ് റെഡ് ആര്‍മി തുടങ്ങിയ അനൗദ്യോഗിക ആരാധകസംഘടനകള്‍ നിലവില്‍വന്നു. അവര്‍ സ്വന്തം സ്റ്റേഡിയത്തില്‍ മാത്രമല്ല, എതിരാളികളുടെ സ്റ്റേഡിയങ്ങളിലും കൂട്ടമായിച്ചെന്ന് കളികണ്ടു. ഇവരില്‍ കടുത്ത ആരാധകര്‍ സ്റ്റേഡിയങ്ങളില്‍ ചെണ്ടകൊട്ടിയും ഒച്ചയെടുത്തും പൂക്കുറ്റികത്തിച്ചും മറ്റും എതിര്‍ടീമിന്റെ ആരാധകരില്‍ ഭീതിപടര്‍ത്തി. ഇറ്റലിയില്‍ ഈ കൂട്ടങ്ങളെ അള്‍ട്രാസ് എന്നാണു വിളിച്ചിരുന്നത്; ഇപ്പോള്‍ ആ വാക്ക് ലോകം മുഴുവനും ഉപയോഗിക്കുന്നു.

ഫുട്‌ബോള്‍ ആരാധകരുടെ ജീവിതത്തില്‍ ആദ്യത്തെ നാഴികക്കല്ല് ഇംഗ്ലണ്ടിലെ വ്യവസായവിപ്ലവം ആയിരുന്നെങ്കില്‍ രണ്ടാമത്തേത് വിവരസാങ്കേതികവിദ്യയാണ്. 1938 മുതല്‍ ഫുട്‌ബോള്‍ കളികള്‍ ഇംഗ്ലണ്ടില്‍ ടി.വി.യില്‍ സംപ്രേഷണം ചെയ്തിരുന്നെങ്കിലും ആദ്യമായി തത്സമയസം പ്രേഷണം നടക്കുന്നത് 1946 ഒക്ടോബര്‍ 19-നാണ്: ബാര്‍നെറ്റ് എന്ന ടീമിന്റെ കളി. അന്നൊക്കെ കളി നടന്നിരുന്നത് പകലായിരുന്നതുകൊണ്ട് ജോലിക്കും മറ്റും പോയിരുന്ന ആരാധകര്‍ക്ക് കളികാണാന്‍ പറ്റിയിരുന്നില്ല. ഇതിനൊരു മാറ്റംവരുത്തിയത് 1950-കളില്‍ വന്ന ഫ്‌ലഡ്ലൈറ്റാണ്. രാത്രി വിശ്രമിക്കുന്ന സമയത്ത് കളി കാണാവുന്ന സ്ഥിതിയായി. ഫ്‌ലഡ്ലൈറ്റ് കാണികളുടെ ജീവിതത്തിലും അവരുടെ സംഖ്യയിലും വരുത്തിയ മാറ്റം ചില്ലറയല്ല.

1954, 1958 എന്നീ വര്‍ഷങ്ങളിലെ ലോകകപ്പിലെ ചില മത്സരങ്ങള്‍ തത്സമയം പ്രക്ഷേപണം ചെയ്തിരുന്നു. 1954-ല്‍ ഹംഗറിയും സ്വിറ്റ്സര്‍ലന്‍ഡുമായിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടയില്‍ ആല്‍പ്‌സ് മലനിരയില്‍ ഉണ്ടായ മഴയിലും ഇടിവെട്ടിലും സംപ്രേഷണം മുറിഞ്ഞുപോയി. കാണികള്‍ ക്രുദ്ധരായി; ഭൂമിതലപ്രക്ഷേപണത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കാവുന്ന കാര്യമാണെന്ന് അവര്‍ മറന്നുപോയി. ഉപഗ്രഹങ്ങള്‍ വഴി സംപ്രേഷണം തുടങ്ങിയപ്പോള്‍, 1966-ലെ ലോകകപ്പ് ടി.വി.യില്‍ തടസ്സംകൂടാതെ കാണിക്കാനായി. തുടര്‍ന്ന് പ്രിമീയര്‍ ലീഗും യൂറോപ്പിലെ ലീഗുകളും നമ്മുടെ സ്വീകരണമുറിയിലെത്തി. സ്ട്രീമിങ് തുടങ്ങിയപ്പോള്‍ ഫുട്‌ബോള്‍ മൊബൈലിലൂടെ എവിടെവെച്ചും കാണാവുന്ന സ്ഥിതിയായി.

കാണികള്‍ എല്ലായ്പ്പോഴും പുണ്യാളന്മാരായിരുന്നില്ല. നിങ്ങളുടെ ടീമിന്റെ ജേഴ്സി ധരിച്ച്, എതിര്‍ടീമിന്റെ ആരാധകരുടെ ഇടയില്‍പ്പെട്ടാല്‍ ശാരീരികോപദ്രവം എല്‍ക്കാന്‍ ഇംഗ്ലണ്ടില്‍ സാധ്യതയേറെയാണ്. ഇംഗ്ലണ്ടില്‍ മാത്രമല്ല, തെക്കന്‍ അമേരിക്കയിലും ഇത്തരം സംഭവങ്ങള്‍ 1950-കള്‍ തൊട്ട് റിപ്പോര്‍ട്ട്‌ചെയ്യാന്‍ തുടങ്ങി. ആരാധകരുടെ കൂട്ടങ്ങള്‍ തമ്മിലുള്ള ആക്രമണങ്ങള്‍ തൊട്ട് സ്റ്റേഡിയം തീയിടുന്നതുവരെ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ പഴയപോലെ ഇല്ലെങ്കിലും ഫുട്‌ബോള്‍ തെമ്മാടിത്തം (ഹുളിഗനിസം) കളിയുടെ മനോഹാരിത ചോര്‍ത്തിക്കളയുന്നു.

'പുരുഷന്റെ അനുഷ്ഠാനപരമായ ആക്രമണങ്ങള്‍' എന്നാണു ഫുട്‌ബോള്‍ തെമ്മാടിത്തത്തിനു നല്‍കിയിട്ടുള്ള ഒരു നിര്‍വചനം. ഫുട്‌ബോളിലെ ആണഹങ്കാരത്തിനെതിരേ സ്ത്രീകളുടെ പ്രതിഷേധം ശക്തമാകുന്ന ഒരു കാലം കൂടിയാണിത്. ഇറാനില്‍ സര്‍ക്കാര്‍ നടത്തിയ സ്ത്രീഹത്യക്കെതിരായി 'ഓപ്പണ്‍ സ്റ്റേഡിയംസ്' എന്ന ഇറാനില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ ഫുട്‌ബോള്‍ കാണികളുടെ സംഘടന ഇറാനെ ലോകകപ്പില്‍നിന്ന് പുറത്താക്കണമെന്ന് ഫിഫയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിലെ സ്റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്ക് അടുത്തകാലംവരെ പ്രവേശനമില്ലായിരുന്നു എന്നുകൂടി ഓര്‍ക്കുക. ഖത്തറില്‍ എല്‍.ജി.ബി.ടി.ക്യു.ക്കാരായ കാണികളോട് അവിടത്തെ സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് ഫിഫതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. കാണികളുടെ ഇരുളും വെളിച്ചവും കലര്‍ന്ന ചരിത്രത്തിലെ അടുത്ത അധ്യായം ഇന്ന് ദോഹയില്‍ തുടങ്ങുകയാണ്. അവരെ കാത്തിരിക്കുന്നത് ഇതുവരെ കണ്ട ലോകകപ്പുകളെക്കാള്‍ മികച്ചതായിരിക്കുമെന്ന് എനിക്കുതോന്നുന്നു. പതിവുതെറ്റിച്ച് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ടൂര്‍ണമെന്റ് നടത്തുന്നതു ഒരര്‍ഥത്തില്‍ നന്നായി. ഫുട്‌ബോള്‍ സീസണിന്റെ നേര്‍പാതിക്ക്, മറ്റു കളികള്‍ നിര്‍ത്തിവെച്ച്, നടത്തുന്ന 2022-ലെ ലോകകപ്പില്‍ കളിക്കാര്‍ മികച്ച ഫോമിലായിരിക്കും; ദോഹയില്‍ പന്തുരുളുന്നത് ഏറ്റവും മനോഹരമായിട്ടായിരിക്കും.

ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join Whatsapp Group
https://mbi.page.link/1pKR

Content Highlights: football fans and world cup story by writer ns madhavan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented