അന്ന് ആ പീടികമുറിയുടെ നെരപ്പലകള്‍ക്കിടയിലൂടെ അവള്‍ കണ്ടു, വെള്ളാരങ്കണ്ണുള്ള ബാറ്റിസ്റ്റ്യൂട്ടയെ..


സജ്‌ന ആലുങ്ങല്‍1998 ലോകകപ്പിൽ ജപ്പാനെതിരേ ഗോൾ നേടിയ അർജന്റീനൻ താരം ഗബ്രിയേൽ ബാറ്റിസ്റ്റിയൂട്ടയുടെ ആഹ്ലാദം | Photo: AP

ഫുട്ബോള്‍ മതവും മദവും ജീവന്റെയും ജീവിതത്തിന്റെയും ആധാരവുമായ ദേശത്ത് ജനിച്ചുവളര്‍ന്ന ഒരു പെണ്‍കുട്ടിയുടെ ഓര്‍മയിലെ ഒരു താളാണിത്. കണ്ണുതുറന്നതുമുതല്‍ അവള്‍ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം ഫുട്ബോളാണ്. കടലിനപ്പുറത്തെ കാണാദേശത്ത് ലോകകപ്പ് ഫുട്ബോളിന് വിസിലുയരുന്നതോടെ നാടും വീടും മാറുന്നു. നെരപ്പലകയിട്ട പീടികമുറിയില്‍ ഉപ്പയ്ക്കും നാട്ടുകാര്‍ക്കുമൊപ്പമിരുന്ന് അവള്‍ ഫ്രാന്‍സില്‍ നടന്ന കളികണ്ടു, കളിക്കാരുടെ പേരുകളറിഞ്ഞു, അവരുടെ പേരില്‍ വഴക്കുകൂടി...

''ഓന്‍ക്ക് പയ്പ് ഒന്നും ണ്ടാവൂല...ഓന്റെ പള്ള നെറച്ചും ഫുട്ബോളല്ലേ...'' ഒരല്പം ദേഷ്യത്തോടെ, അതിലും കൂടുതല്‍ പരിഭവത്തോടെ ഇങ്ങനെയൊരു ഡയലോഗ് ജീവിതത്തില്‍ ഒരിക്കലെങ്കിലും പറയാത്ത ഒരുമ്മപോലും ഞങ്ങളുടെ നാട്ടിലുണ്ടാകില്ല. വിയര്‍പ്പും ദാഹവും മറന്ന് പന്തിനുപിന്നാലെ പാഞ്ഞ് വിയര്‍പ്പൊട്ടിയ ജഴ്സിയും ചളിപറ്റിയ കാലുമായി കിണറ്റിന്‍കരയിലേക്ക് ഓടിയിരുന്ന ചെങ്ങായ്മാരുള്ള ഒരു കാലം. ആദ്യം വരണ്ട തൊണ്ടനനയ്ക്കാന്‍ പാളത്തൊട്ടിയിലെ വെള്ളം അതുപോലെ വായിലേക്ക് കമിഴ്ത്തും. അടുത്ത തൊട്ടിവെള്ളം ദേഹത്തേക്കും. അതുകഴിഞ്ഞ് അടുക്കളയില്‍ എത്തുമ്പോഴായിരിക്കും ഉമ്മയുടെ ഈ ക്ലാസിക് ഡയലോഗ്. മീന്‍ പൊരിച്ചില്ലേ എന്നും ചോദിച്ച് പാത്രത്തിലേക്ക് ചോറ് കോരിയിടുമ്പോഴേക്കും അഴിച്ചിട്ട ജഴ്സിയും എടുത്ത് ഉമ്മ കിണറ്റിന്‍കരയിലേക്ക് നടന്നിട്ടുണ്ടാകും. അത് അലക്കി വെളുപ്പിക്കുന്നതിനിടയില്‍ അടുത്ത ഡയലോഗ് ചെങ്ങായ്മാരുടെ കാതിലെത്തും: ''കെണറുംപണി എട്ക്ക്‌ണോന്റെ കുപ്പായത്തിലും കൂടി ഇത്ര ചളീണ്ടാകൂല.'' അപ്പോഴേക്കും മീനുംകൂട്ടി ചോറ് തിന്നാന്‍ തുടങ്ങിയിട്ടുണ്ടാകും. അങ്ങനെ കുറെ ചെങ്ങായ്മാരുടെ കൂട്ടത്തില്‍ അനിയന്‍ ഫുട്‌ബോള്‍ കളിക്കുന്നത് ഞാന്‍ എത്രയോ തവണ സ്‌കൂള്‍ വിട്ടുവരുന്ന വഴി നോക്കിനിന്നിട്ടുണ്ട്. അവരോടൊപ്പം കളിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ചരല്‍ക്കല്ല് നിറഞ്ഞ ഗ്രൗണ്ടിന് പുറത്തെ കാണിയായിരുന്നു ഞാന്‍ എപ്പോഴും. സ്‌ക്രീനില്‍ സിനിമ ഓടുമ്പോള്‍ അനിയന്‍ നടനും ഞാന്‍ കാണികളില്‍ ഒരാളായും മാറുന്നതുപോലെയായിരുന്നു അത്.എന്റെ നാട് എന്നു പറയുമ്പോള്‍ മലപ്പുറം ജില്ലയില്‍ കരിപ്പൂര് വിമാനത്താവളവും കടന്ന് മൂന്ന് റോഡുകളായി വഴിപിരിഞ്ഞുപോകുന്ന ഒരു കവല. മൊയ്തീന്‍ കാക്കന്റെ പേരില്ലാത്ത പലചരക്കു കടയും രുചിയുള്ള പൊറോട്ടേം മുട്ടറോസ്റ്റും വില്‍ക്കുന്ന ഒരു മുബാറക് ഹോട്ടലും പാരമ്പര്യമായി കൈമാറിവന്ന ഒരു ബാര്‍ബര്‍ ഷോപ്പും നാല് ആളുകള്‍ക്ക് ഇരിക്കാന്‍ പാകത്തിലുള്ള ഒരു ബസ് സ്റ്റോപ്പും മീന്‍മണമുള്ള ഒരു മേശയും സ്റ്റൂളും. അതിനിടയിലേക്ക് ഒരു പുതിയ കടമുറി കൂടി വന്നു. ഒരു വൈകുന്നേരം സ്‌കൂള്‍ വിട്ടുവരുന്ന വഴിയിലാണ് അതു കണ്ടത്. മുന്നില്‍ നിറയെ തോരണങ്ങള്‍ തൂക്കിയ ഒരു കടമുറി. അതിന്റെ പുറത്തെ ബോര്‍ഡില്‍ വലുതായി കാണുന്ന രീതിയില്‍ ഇംഗ്ലീഷില്‍ കാസ്‌ക് (KASC) എന്ന് എഴുതിവെച്ചിട്ടുണ്ടായിരുന്നു. താഴെ ചെറുതായി കുമ്മിണിപ്പറമ്പ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നും. അതിനുള്ളില്‍ ഗാന്ധിജിയുടെയും മാറഡോണയുടെയും പെലെയുടെയും ചിത്രങ്ങള്‍ ഒട്ടിച്ചുവെച്ചിട്ടുണ്ടായിരുന്നു. മരത്തിന്റെ ഒരു ചെറിയ അലമാരയ്ക്കുമുകളില്‍ ഒന്നുരണ്ട് ട്രോഫികളും. പക്ഷേ, അതെന്താണ് സംഭവമെന്ന് എനിക്ക് മനസ്സിലായില്ല. ക്ലബ്ബ് എന്ന വാക്കുതന്നെ ഞാന്‍ ജീവിതത്തില്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു. സംശയം മാറ്റാന്‍ ഞാന്‍ ഉപ്പയുടെ അടുത്തേക്കാണ് ഓടിപ്പോയത്. അന്ന് കാസര്‍കോട് 'ഐഡിയല്‍' എന്ന പേരില്‍ ബേക്കറി നടത്തിയിരുന്ന ഉപ്പ നാട്ടില്‍ വന്നിട്ടുണ്ടായിരുന്നു. ലോകകപ്പ് കാണാനാണ് ഉപ്പ ട്രെയിന്‍ പിടിച്ചുവന്നത്. ക്ലബ്ബ് എന്നുപറഞ്ഞാല്‍ ഒരു കൂട്ടായ്മയാണെന്നും ലോകകപ്പ് ഒരുമിച്ചിരുന്ന് കാണാനാണ് പുതിയ കടമുറി തുറന്നതെന്നും ഉപ്പ പറഞ്ഞുതന്നു. അവിടെ പുതിയ ടി.വി. വരുമെന്നും ഫ്രാന്‍സില്‍ നടക്കുന്ന ലോകകപ്പ് നമുക്ക് ഇവിടെയിരുന്ന് കാണാമെന്നും പറഞ്ഞു. ഇതുകേട്ട് ഞാന്‍ അതിയശിച്ചുപോയി. കടലും ആകാശവും പിന്നിട്ട് എത്രയോ ദൂരമുള്ള ഫ്രാന്‍സിലെ കളി നമുക്ക് കാണാന്‍ പറ്റുമോ? എനിക്ക് ഉപ്പ പറഞ്ഞത് അത്ര വിശ്വാസമായില്ല. എന്റെ കണ്ണുമിഴിക്കല്‍ കണ്ട് ഉപ്പ പറഞ്ഞു: ''ജ്ജ്്് ബേജാറാകണ്ട. കളി കാണാന്‍ ഏതായാലും ഞാന്‍ പോകും. അപ്പം അന്നേം കൂട്ടാം. നേരിട്ട് കണ്ട് കൈയുമ്പോ അന്‍ക്ക് എല്ലതും തിരിയും.'' ഇതോടെ അതിനായുള്ള കാത്തിരിപ്പില്‍ എന്റെ ദിവസങ്ങള്‍ കടന്നുപോയി.

ജപ്പാനും അര്‍ജന്റീനയും തമ്മിലുള്ള ആദ്യമത്സരം വന്നു. മിഡിയും ടോപ്പും ഒരു ചെറിയ മക്കനയും ഇട്ട് ഞാന്‍ ഉപ്പന്റെ കൈപിടിച്ച് അങ്ങാടിയിലെത്തി. നോക്കുമ്പോ ആ കടമുറിയുടെ മുന്നില്‍ ഒരു ജനക്കൂട്ടം. ഇത് ഇപ്പോ എന്താണ് കല്യാണോ എന്ന മട്ടില്‍ ഞാന്‍ എല്ലാവരെയും നോക്കി. പലരും നീലയും വെള്ളയും വരയുള്ള കുപ്പായം ഇട്ടാണ് വന്നിരിക്കുന്നത്. എന്റെ കൂടെ പഠിക്കുന്ന ജാബിറും ഇല്യാസും എല്ലാം അക്കൂട്ടത്തിലുണ്ട്. അവരും അതേ കുപ്പായം ഇട്ടിരിക്കുന്നു. പള്ളിപ്പാറന്റെ അടുത്തുള്ള ഗ്രൗണ്ടില്‍ കളിക്കുന്ന ചെക്കന്മാരും അതേ കുപ്പായം ഇട്ട് ഞാന്‍ കണ്ടിട്ടുണ്ട്. ഇത് ഇനി ഇപ്പോ കളിക്കുന്നവരുടെയും കളി കാണുന്നവരുടെയും യൂണിഫോം ആയിരിക്കോ? സ്‌കൂളില്‍ പോകുമ്പോ ഇടുന്ന യൂണിഫോംപോലെ. ഞാന്‍ സംശയത്തോടെ ഉപ്പയെ നോക്കി. അതെ എന്ന് ഉപ്പ തലയാട്ടി. അന്ന് ജീവിതത്തില്‍ ആദ്യമായി ഒരു കുപ്പായത്തോട് ഇഷ്ടം തോന്നി. അങ്ങനെ ഒന്ന് എനിക്കും വേണമെന്നുതോന്നി.

കാത്തിരിപ്പിനൊടുവില്‍ കളി തുടങ്ങാനുള്ള സമയമായി. ഓരോ നെരപ്പലകയും മാറ്റി കട തുറന്നപ്പോള്‍ ഓരോരുത്തരും അതിനുള്ളിലേക്ക് ഇരച്ചുകയറി. ഞാന്‍ മുന്നില്‍ ഉപ്പാന്റെ മടിയില്‍ സ്ഥാനംപിടിച്ചു. നെരപ്പലകയില്‍ വെള്ളനിറത്തില്‍ ഓരോ അക്കങ്ങള്‍ എഴുതിവെച്ചതുപോലെ ഗ്രൗണ്ടില്‍ കുപ്പായത്തിന്റെ പിന്നില്‍ ഓരോ നമ്പര്‍ എഴുതിവെച്ച ആളുകള്‍ കളിക്കാന്‍ തുടങ്ങി. അവരുടെ പന്തിനുപിന്നാലെയുള്ള ഓട്ടം കാണാന്‍ നല്ല രസമുണ്ടായിരുന്നു. ''അടിക്കെടാ... അടിക്കെടാ...'' എന്ന് ആളുകള്‍ വിളിച്ചുകൂവുകയും പലരും നിരാശയോടെ തലയില്‍ കൈവെക്കുകയുമെല്ലാം ചെയ്യുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോ കമന്ററി ഉച്ചത്തിലായി. അതാ വെള്ളാരംകണ്ണും നിറയെ മുടിയുമുള്ള ഒരാള് ഗോളടിച്ച സന്തോഷത്തില്‍ ടി.വി. സ്‌ക്രീനില്‍ പറന്നുനടക്കുന്നു. ആള്‍ക്കാര്‍ ആര്‍പ്പുവിളികളോടെ ''അടിച്ചെടാ... ബാറ്റി മുത്ത് അടിച്ചെടാ...'' എന്ന് വിളിച്ചുപറയുന്നു. അയാളുടെ പേര് ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട ആണെന്നും അര്‍ജന്റീന ഒരു ഗോളടിച്ചെന്നും ഞാന്‍ പതുക്കെ മനസ്സിലാക്കി.

അന്ന് കളി കഴിഞ്ഞ് പോരുമ്പോള്‍ ആ ക്ലബ്ബില്‍നിന്ന് ബാറ്റിസ്റ്റ്യൂട്ട എന്ന പേരും എന്റെ കൂടെ ഇറങ്ങിപ്പോന്നു. വീട്ടിലേക്ക് തിരിച്ചുനടക്കുമ്പോള്‍ ഞാന്‍ ബാറ്റിസ്റ്റ്യൂട്ടയെക്കുറിച്ച് ഉപ്പയോട് ചോദിച്ചുകൊണ്ടേയിരുന്നു. ആ നെരപ്പലക പോലെയാണ് കളിക്കാരുടെ കളി എന്ന് ഉപ്പ പറഞ്ഞുതന്നു. ഓരോരുത്തര്‍ക്കും ഓരോ സ്ഥാനം ഉണ്ടത്രേ. നെരപ്പലക നമ്പറ് മാറ്റിവെച്ചാ പീട്യ പൂട്ടാന്‍ പറ്റാത്തെപോലെ ആണത്. ഓരോരുത്തരും അവരവരുടെ സ്ഥാനത്ത് കളിച്ചില്ലേല് ഗോളടിക്കാന്‍ കഴിയൂല എന്നും കളിയില്‍ തോല്‍ക്കുമെന്നും ഉപ്പ പറഞ്ഞുതന്നു. അന്ന് ഞാന്‍ മറ്റൊരു രഹസ്യംകൂടി മനസ്സിലാക്കി: ഉപ്പ ബ്രസീല്‍ ടീമിന്റെ കടുത്ത ആരാധകനാണ്. ജപ്പാനോടൊക്കെ അര്‍ജന്റീന എളുപ്പം ജയിക്കുംന്നും ബ്രസീലിന്റെയോ വല്ല യൂറോപ്യന്‍ ടീമിന്റെയോ അടുത്തെത്തിയാ അവരുടെ കഥ കഴിയുംന്നും ഉപ്പ പറഞ്ഞു. അപ്പോ ബാറ്റിസ്റ്റ്യൂട്ട ഒക്കെ കരയില്ലേ എന്ന് ഞാന്‍ ചോദിച്ചു. ''നെലോളീം ചിരീം ഒക്കെ ഉണ്ടാകുമ്പളേ ഫുട്ബോള് ണ്ടാകൂ.. അതാണ് അയ്ന്റെ രസം.'' -ഉപ്പന്റെ ആ വാക്കുകളിലൂടെ ഞാന്‍ വലിയൊരു പ്രപഞ്ചസത്യം തിരിച്ചറിഞ്ഞു.

തൊട്ടടുത്തദിവസം മഗ്രിബ് ബാങ്കിനുമുമ്പ് മദ്രസയിലേക്ക് നടക്കുമ്പോള്‍ കാലുകള്‍ പേടികൊണ്ട് കൂട്ടിമുട്ടിയിരുന്നു. ഇന്നലെ എന്താ ലീവ് ആയതെന്ന് കണ്ണുരുട്ടി ഹസ്സന്‍ ഉസ്താദ് ചോദിക്കുന്നത് ഞാന്‍ പലതവണ മനസ്സില്‍കണ്ടു. എന്ത് ഉത്തരം പറയും? ആലോചിച്ചിട്ട് ഒരെത്തുംപിടികിട്ടിയില്ല. ബേജാറ് കൂടി നെഞ്ചിടിപ്പും വേഗത്തിലായി. ഒടുവില്‍ എങ്ങനെയോ മദ്രസയിലെത്തി. മഗ്രിബ് നിസ്‌കാരവും കഴിഞ്ഞ് ക്ലാസ് തുടങ്ങാനുള്ള സമയമായി. വലിയ ചൂരല്‍ വടിയുമായി ഹസ്സന്‍ ഉസ്താദ് ക്ലാസിലെത്തി. ഞാന്‍ നോക്കുമ്പോള്‍ ആണ്‍കുട്ടികളില്‍ പലരുടെയും മുഖം എന്റെ പേടിച്ചരണ്ട മുഖംപോലെ തന്നെയുണ്ട്. കഴിഞ്ഞദിവസം ക്ലാസ് പകുതി കാലിയായിരുന്നെന്ന് ഇതോടെ എനിക്ക് മനസ്സിലായി. ഇപ്പോ വീഴും എന്ന മട്ടില്‍ മേശയുംകടന്ന് പുറത്തേക്ക് നില്‍ക്കുന്ന ചൂരല്‍ എന്റെ നേരെ നീണ്ടുവരുന്നതുപോലെ തോന്നി. ''എല്ലാരും താരീഖ് (ചരിത്ര പഠനം) തൊറക്കി. ഇന്ന് നമ്മക്ക് അതിന്ന് തൊടങ്ങാ.'' -ഉസ്താദ് പറഞ്ഞു. പിന്നാലെ കഴിഞ്ഞ പാഠത്തില്‍നിന്നുള്ള ചോദ്യവുമെത്തി. ആദ്യം വിരല്‍ ചൂണ്ടത് മുബഷിറിന് നേരെയായിരുന്നു. ''നാല് ഖലീഫമാരില്ലേ... ഓലെ പേര് കാണാതെ പറയ്.'' മുബഷിറിന് ഉത്തരമുണ്ടായിരുന്നില്ല. അവന്‍ താഴോട്ടുതന്നെ നോക്കിനിന്നു. ''എത്താടാ... അന്റെ നാവ് പള്ളേക്ക് എറങ്ങിപ്പോയൊ.ജ്ജ് ഇന്നലെ കണ്ട കളീലെ കൊറച്ച് കളിക്കാരെ പേരൊന്ന് പറഞ്ഞാ. അത് അനക്ക് അറിയോന്ന് നോക്കട്ടെ...'' -വീണ്ടും ഉസ്താദിന്റെ ശബ്ദം മുഴങ്ങി. മുബഷിര്‍ തലയുയര്‍ത്തി. ഒന്നും മിണ്ടിയില്ല. ''അന്നോടല്ലെ പറയാന്‍ പറഞ്ഞെ'' ഉസ്താദ് മേശയില്‍ ചൂരലുകൊണ്ട് ആഞ്ഞടിച്ചു. ഞെട്ടിപ്പോയ മുബഷിര്‍ ഒറ്റ ശ്വാസത്തില്‍ ബാറ്റിസ്റ്റ്യൂട്ട, അയാള, ഒര്‍ട്ടേഗ, ക്ലോഡിയോ ലോപസ് എന്ന് പറഞ്ഞു. തൊട്ടടുത്ത നിമിഷം ഉസ്താദിന്റെ ചൂരല്‍ അവന്റെ ഉള്ളംകൈയില്‍ പതിഞ്ഞു. പിന്നാലെ കളി കാണാന്‍ പോയ എല്ലാവരുടെയും കൈയില്‍ ചൂരല്‍ താളംചവിട്ടി.

അടുത്ത ലോകകപ്പ് ആയപ്പോഴേക്കും വീട്ടില്‍ ടി.വി. എത്തി. ഒനീഡയുടെ ഒരു 14 ഇഞ്ച് ടി.വി. ഇതോടെ എന്റെ ക്ലബ്ബിലേക്കുള്ള യാത്ര നിന്നു. പണിത്തിരക്ക് ആയതിനാല്‍ ആ ലോകകപ്പിന് ഉപ്പ വീട്ടിലെത്തിയതുമില്ല. ഇക്കാക്കയ്ക്കും അനിയനുമൊപ്പം ഞാനും കളി കാണാന്‍ ടി.വി.ക്ക് മുന്നിലിരുന്നു. ഒപ്പം ഉപ്പയുടെ അനിയന്റെ വീട്ടിലെ മക്കളും അടുത്തവീട്ടിലെ ഷബീബും സഫ്വാനും ഉണ്ടാകും. ആറു ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്ള സെവന്‍സ് ടൂര്‍ണമെന്റ് പോലെയായിരുന്നു ആ കളി കാണല്‍. ഇടയ്ക്ക് റഫറിയായി ഉമ്മ വന്ന് എത്തിനോക്കും. ''ആണ്ങ്ങളെ കൂടെ ഇഞ്ഞ് എത്ത് കളിയാ ഈ കാണ്‌ന്നെ'' ന്ന് ചോദിക്കും. ''ഫുട്‌ബോളിന്റെ രസോന്നും ഉമ്മയ്ക്ക് പറഞ്ഞാ തിരിയൂലാ'' ന്ന് ഞാന്‍ തിരിച്ചുപറയും. ഞാന്‍ എന്തോ ഫൗള്‍ കളിച്ചെന്ന ഭാവത്തില്‍ ഉമ്മ തിരിച്ചുനടക്കും.

പിറ്റേന്ന് രാവിലെയാകും ഇതിന്റെ പുകില് നടക്കുക. സ്‌കൂളില്‍ പോകാന്‍ നേരമായിട്ടും ഞാന്‍ എണീറ്റിട്ടുണ്ടാകില്ല. ഹൈസ്‌കൂള്‍ ആയതോണ്ട് ബസില്‍ കയറി പോകണം. അരമണിക്കൂറെങ്കിലും പിടിക്കും സ്‌കൂളിലെത്താന്‍. പിന്നെ ഞാന്‍ എണീക്കുന്നതുവരെ ഉമ്മയുടെ ചീത്തവിളിയാണ്. ''കടപ്പൊറത്ത് മത്തി ഒണക്കാനിട്ട പോലെ കെടക്ക്ണ കണ്ടില്ലേ''ന്ന് പറഞ്ഞ് ചൂലും എടുത്ത് അടിക്കാന്‍ വരുമ്പോഴേക്കും ഞാന്‍ എണീക്കും. പല്ലും തേച്ച് തലയിലൂടെ വെള്ളവും ഒഴിച്ച് ഓട്ടട (പ്രഭാത ഭക്ഷണം)യുടെ ഒരു കഷണം വായിലിട്ട് സ്‌കൂളിലേക്ക് ഓടും. 9.15-നുള്ള പെരിയമ്പലം ബസ്, സ്റ്റോപ്പില്‍ എത്തുമ്പോഴേക്ക് അവിടെ എത്തണം. ആ ബസ് കിട്ടിയില്ലേല് സ്‌കൂളില്‍ പോക്ക് നടക്കില്ല. അല്ലെങ്കില്‍ 2.50 രൂപ കൊടുത്ത് ജീപ്പില്‍ പോകേണ്ടിവരും. 12 ആള്‍ക്കാര് സീറ്റിലും രണ്ട് പേര് പിന്നില്‍ത്തൂങ്ങാനും ആയാലേ ജീപ്പ്, ഡ്രൈവര്‍ സ്റ്റാര്‍ട്ടാക്കൂ. അതു മാത്രല്ല, ബസിനാണെങ്കില്‍ 50 പൈസ എസ്.ടി. കൊടുത്തുപോകേം ചെയ്യാം. ചുരുക്കിപ്പറഞ്ഞാല്‍ ബസ് മിസ്സായാല്‍ സമയനഷ്ടോം സാമ്പത്തിക നഷ്ടോം മാത്രം മിച്ചം. ആ ലോകകപ്പ് കഴിഞ്ഞപ്പോഴേക്കും എന്റെ യൂണിഫോം ചുരിദാര്‍ ടോപ്പിന്റെ പിന്‍ഭാഗം മുഴുവന്‍ കരിമ്പന്‍ (കറുത്ത കുത്ത്) കുത്തിയിരുന്നു. മുടി നന്നായി തോര്‍ത്താനും ഉണക്കാനും സമയം ഇല്ലാത്തതിനാല്‍ ഇറ്റുവീഴുന്ന വെള്ളം നനഞ്ഞാണ് ചുരിദാറ് മുഴുവന്‍ നാശമായത്. ഇതിനും കിട്ടി ഉമ്മയുടെ അടുത്തുനിന്ന് നല്ല ചീത്ത.

ജര്‍മനിയിലായിരുന്നു അടുത്ത ലോകകപ്പ്. അപ്പോഴേക്കും ഞാന്‍ എസ്.എസ്.എല്‍.സി. കഴിഞ്ഞിരുന്നു. ഫുട്ബോളിനെക്കുറിച്ച് തരക്കേടില്ലാത്ത രീതിയില്‍ വായിച്ചും കേട്ടും അറിഞ്ഞിരുന്നു. ആ ലോകകപ്പ് ആയപ്പോഴേക്കും ഉപ്പ കാസര്‍കോട്ടെ കച്ചവടം നിര്‍ത്തി നാട്ടിലെത്തി. ചെര്‍ക്കളയിലെ ഐഡിയല്‍ ബേക്കറി നാട്ടിലെ ക്ലബ്ബിന് തൊട്ടടുത്തേക്ക് പറിച്ചുനട്ടു. പിന്നെ കച്ചവടം അവിടെയായിരുന്നു. ആ വരവിലും ഉപ്പ ചെറിയ ജാമിന്റെ കുപ്പികളില്‍ ഞങ്ങള്‍ക്കുള്ള ചില്ലറപ്പൈസ കൊണ്ടുവന്നിരുന്നു. സ്‌കൂളില്‍ പോകുമ്പോ കണ്‍സഷന്‍ ആയി കൊടുക്കാനുള്ളതാണ് ആ പൈസ. ഇടയ്ക്ക് പുളിയച്ചാറും പുളിങ്കുരുപ്പൊടിയും വാങ്ങിക്കുകയും ചെയ്യാം. എന്നാല്‍, എനിക്ക് അതിനെക്കാളേറെ സന്തോഷം തോന്നിയത് ഉപ്പന്റെകൂടെ കളി കാണാലോ എന്നതാണ്. അപ്പോഴേക്കും ഞങ്ങളുടെ വീടിനുള്ളില്‍ പല രാജ്യങ്ങളും സ്വാതന്ത്ര്യംനേടി ഭരണം തുടങ്ങിയിരുന്നു. ഞാനും അനിയനും താത്തയും അര്‍ജന്റീനയുടെ രാജാക്കന്മാര്‍ ആയപ്പോള്‍ ബ്രസീലിന്റെ പടത്തലവന്‍ ഉപ്പയായിരുന്നു. ജര്‍മനിയുടെ സ്വന്തം ചാരനായിരുന്നു ഇക്കാക്ക. പലപ്പോഴും ഈ രാജ്യങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വീടിനുള്ളിലെ അതിര്‍ത്തികള്‍ ഭേദിച്ചു. ഒടുവില്‍ സമാധാനദൂതുമായി ഉമ്മ എത്തും. ''പണ്ടാറം അടങ്ങാന്‍. എത്ത് കച്ചറ ആണ്ത്. എവ്ടെയോ കെടക്ക്ണ ആള്ക്കാര് പന്ത്ന്റെ ഒപ്പരം പായ് ണേന് ഇങ്ങള് എത്തിനാണ് ഇവടെ കെടന്ന് തൊള്ള തൊറക്ക്ണെ. ഒന്ന് മുണ്ടാണ്ടെ ന്ക്കോ.'' ഇതോടെ എല്ലാവരും പെനാല്‍റ്റി എടുക്കുംമുമ്പുള്ള നിശ്ശബ്ദതയിലേക്ക് വീഴും.

അക്കൊല്ലം അര്‍ജന്റീന ക്വാര്‍ട്ടറില്‍ ജര്‍മനിയോട് തോറ്റ് പുറത്തായി. അയാളയും ക്ലോസേയും നേടിയ ഗോളുകളില്‍ ഇരുടീമും തുല്യരായപ്പോള്‍ കളി പെനാല്‍റ്റിയിലെത്തി. ഞാനും അനിയനും താത്തയും കാക്കായും നെഞ്ചിടിപ്പോടെ ഇരുന്നു. അര്‍ജന്റീന എങ്ങനെ ആയാലും തോല്‍ക്കും എന്ന് ഉറപ്പാക്കിയായിരുന്നു ഉപ്പ ടി.വി.ക്കുമുന്നില്‍ ഇരുന്നത്. ഒടുവില്‍ ഉപ്പയുടെ കണക്കുകൂട്ടല്‍ ശരിയായി. എന്റെയും അനിയന്റെയും താത്താന്റേം കണ്ണ് നനഞ്ഞു. കാക്ക സന്തോഷത്തോടെ ചാടിയെഴുന്നേറ്റു. ഒരു വീട്ടിനുള്ളില്‍ ഒരേ സമയം സന്തോഷവും സങ്കടവും നിറഞ്ഞ നിമിഷങ്ങള്‍. രണ്ടു ദിവസം കഴിഞ്ഞപ്പോ ബ്രസീലും ഫ്രാന്‍സും തമ്മിലുള്ള ക്വാര്‍ട്ടര്‍ മത്സരമെത്തി. ബ്രസീലും എങ്ങനെയെങ്കിലും തോല്‍ക്കണം എന്ന് പടച്ചോനോട് പറഞ്ഞോണ്ടാണ് ഞാന്‍ കളി കാണുന്നത്. ടി.വി.ന്റെ മുന്നിലിരുന്നിട്ടെങ്കിലും ബ്രസീല് കളിക്കാരെ തളര്‍ത്തണം എന്ന് വിചാരിച്ച് ഞാന്‍ ഒരു കമന്റ് പറഞ്ഞു: ''എത്താ ഈ റൊണാള്‍ഡീഞ്ഞോന്റെ മോന്ത ലേ... ചിരിച്ചാ പല്ല് മുയുവനും പുറത്തുകാണും...'' അതിനുള്ള മറുപടി ഉപ്പാന്റെ അടുത്തുനിന്ന് അപ്പോത്തന്നെ കിട്ടി. ''പിന്നേ... അന്റെ മോന്തനെക്കാളും നന്ന്...' എന്നാലും ഇത്രേം ബ്രസീല്‍ പിരാന്ത് ഉപ്പാക്ക് ഉണ്ടാകുംന്ന് ഞാന്‍ വിചാരിച്ചില്ല. പിന്നെ ജീവിതത്തില് ഒരിക്കലും റൊണാള്‍ഡീഞ്ഞോനെ ഞാന്‍ കുറ്റം പറഞ്ഞിട്ടില്ല. ഏതായാലും ആ മത്സരത്തില്‍ തിയറി ഹെന്റിയുടെ ഗോളില്‍ ഫ്രാന്‍സ് ബ്രസീലിനെ തോല്‍പ്പിച്ചു. ഇതോടെ ലോകകപ്പിന്റെ ആവേശം തണുത്തുറഞ്ഞു.

നാലുകൊല്ലം കഴിഞ്ഞ് പന്തുരുണ്ടുരുണ്ട് ദക്ഷിണാഫ്രിക്കയില്‍ എത്തിയപ്പോഴേക്കും ഉമ്മയും ടി.വി.യുടെ മുമ്പിലെത്തി. ''ഇങ്ങള് ഒരു വട്ടെങ്കിലും കണ്ടുനോക്ക്'' എന്നുള്ള എന്റെ നിരന്തര നിര്‍ബന്ധത്തിന് ഒടുവില്‍ ''ഇങ്ങള് ഇതിനുമാത്രം കച്ചറണ്ടാക്കാന്‍ എത്താണ് ഇതില്ള്ളത് ന്ന് ഞാനൊന്ന് നോക്കട്ടെ'' എന്നും പറഞ്ഞാണ് ഉമ്മ കാണിയായി മാറിയത്. നാലാംക്ലാസിന് അപ്പുറം സ്‌കൂളില്‍ പോയിട്ടില്ലാത്ത ഉമ്മാനോട് എ.പി.ജെ. അബ്ദുല്‍കലാം ആരാണെന്ന് ചോദിച്ചാ കൈമലര്‍ത്തും. അതേസമയം, മാറഡോണയെയും മെസ്സിയെയും പെലെയെയും കുറിച്ച് ചോദിച്ചാല്‍ ''അത് നമ്മളെ കളിക്കാരല്ലേ'' എന്ന് പറയും. കളി കണ്ടില്ലെങ്കിലും കാലങ്ങളായി കേട്ടുവളര്‍ന്നതിനാലാണ് ആ പേരുകള്‍ ഉമ്മയുടെ ഓര്‍മയില്‍ കസേരയിട്ടുറപ്പിച്ചത്.

അടുത്ത ലോകകപ്പില്‍ ബ്രസീല്‍ സെവനപ്പ് കുടിച്ചപ്പോഴും അര്‍ജന്റീനയുടെ ചങ്കിലേക്ക് മരിയോ ഗോട്സെ ആഞ്ഞുകുത്തിയപ്പോഴും ഞാന്‍ നാടുവിട്ട് കൊച്ചിയിലെത്തിയിരുന്നു. ഒരു സ്‌പോര്‍ട്സ് ജേണലിസ്റ്റ് എന്ന നിലയില്‍ ആദ്യത്തെ ലോകകപ്പായിരുന്നു അത്. തൊട്ടടുത്ത റഷ്യന്‍ ലോകകപ്പും വാര്‍ത്തകളുടെ ബഹളത്തിനിടയില്‍ മുങ്ങിപ്പോയി. ആ വിശ്വമാമാങ്കം ഇപ്പോള്‍ ഖത്തറിലെത്തിയിരിക്കുന്നു. മലപ്പുറത്തിന്റെ മുറ്റത്ത് ഒരു ലോകകപ്പ് നടക്കുന്നതുപോലെയാണ് അത്. പണ്ട് വീടിനടുത്തുള്ള ആയ്ച്ചുത്താത്തയ്ക്ക് കത്തുകള്‍ എഴുതിക്കൊടുത്തതാണ് ഓര്‍മയുടെ അറകള്‍ക്കുള്ളില്‍നിന്ന് പൊടിതട്ടി പുറത്തുവരുന്നത്. ഖത്തറിലുള്ള മകന്‍ ഫിറോസിന് അയക്കുന്നതായിരുന്നു ആ കത്തുകള്‍. അവിടെനിന്ന് ആരെങ്കിലും നാട്ടില്‍ ലീവിന് വരുമ്പോഴായിരിക്കും ആയ്ച്ചുത്താത്ത ഒരു വെള്ളപേപ്പറും കൊണ്ട് എന്റെ അടുത്ത് ഓടിവരുക. ''ഇതൊന്ന് എയ്തി ത്താ... ഒര് ചെങ്ങായി വന്ന്ണ്ട്. ഓന് തിരിച്ച് പോവുമ്പോ ഇത് ഓന്റേല് കൊടുത്തയക്കണം'' എന്നുപറഞ്ഞ് പേപ്പര്‍ എന്റെ നേരെ നീട്ടും. ''അസ്സലാമു അലൈക്കും, ഫിറോസേ... അന്‍ക്ക് അവ്ടെ സുഖല്ലേ...'' എന്ന് പറഞ്ഞുതുടങ്ങുന്നതാകും ഓരോ കത്തും. അങ്ങനെ എത്രയെത്ര കത്തുകള്‍ ഖത്തറിലെത്തിയിട്ടുണ്ടാകും!

ചിത്രീകരണം: ഗോപീകൃഷ്ണന്‍

ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join Whatsapp Group
https://mbi.page.link/1pKR


Content Highlights: football fan story and memories of a girl from malabar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented