
കൊല്ലം: സ്വകാര്യ മൂലധനത്തിനും വ്യവസായങ്ങള്‍ക്കും വഴിയൊരുക്കാന്‍ നയംമാറ്റി സി.പി.എം. കാത്തിരിക്കുമ്പോള്‍ ബംഗാളിലെ അനുഭവം മറന്നുപോകരുതെന്ന് സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍. അടിസ്ഥാന ജനവിഭാഗങ്ങളാണ് പാര്‍ട്ടിയുടെ ശക്തിയെന്ന് പ്രവര്‍ത്തനറിപ്പോര്‍ട്ടിന്റെ ചര്‍ച്ചയില്‍ ഓര്‍മ്മപ്പിച്ചതിന്റെ തുടര്‍ച്ചയായാണ്, മുഖ്യമന്ത്രി അവതരിപ്പിച്ച 'നവകേരളത്തിനായ് പുതുവഴികള്‍' എന്ന രേഖയിലെ ചര്‍ച്ചയും ഉണ്ടായത്. അതേസമയം, കേന്ദ്രത്തില്‍ ബി.ജെ.പി. അധികാരശക്തിയായി തുടരുമ്പോള്‍ കേരളത്തിന് വിഭവസമാഹരണത്തിന് പുതുവഴികള്‍ തേടേണ്ടതുണ്ടെന്ന രേഖയിലെ പൊതുനിര്‍ദ്ദേശം പ്രതിനിധികള്‍ അംഗീകരിച്ചു. 27 പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ഏതു വ്യവസായം തുടങ്ങാനും റോഡും വൈദ്യുതിയും വെള്ളവുമുള്ള ഭൂമി വേണം. കേരളത്തില്‍ ഭൂമി ലഭ്യത തീരെ കുറവാണ്. സിംഗൂരിലെ അനുഭവം മനസ്സില്‍ വച്ചേ ഇക്കാര്യത്തിന് മുന്നിട്ടിറങ്ങാവൂ.-പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സെസും ഫീസും പിരിക്കുന്നത് പാര്‍ട്ടി ലൈനാണോയെന്ന് കോഴിക്കോട്ട് നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കെ.ടി.കുഞ്ഞിക്കണ്ണന്‍ ചോദിച്ചു. ജനങ്ങള്‍ സംശയത്തിലാകും. ഇത് ദൂരീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടേ 'നവകേരളം സൃഷ്ടിക്കാവൂ'യെന്നായിരുന്നു മറ്റൊരു പരാമര്‍ശം. കടകളിലെയും മാളുകളിലേയും ജീവനക്കാരടക്കമുള്ളവര്‍ക്ക് കേരളത്തില്‍ മിനിമം വേതനം കിട്ടുന്നില്ല. അസംഘടിത മേഖലയില്‍ ആകെ അരക്ഷിതാവസ്ഥയാണ്. ആശ, അങ്കണവാടി, എന്‍.എച്ച്.എം. തുടങ്ങിയവര്‍ക്കെല്ലാം മിനിമം കൂലി ഉറപ്പുവരുത്തണം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കടക്കം മിനിമം വേതനം കൊണ്ടുവരാന്‍ ഇടപെടല്‍ വേണം. വ്യവസായങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനൊപ്പം, ഇതെല്ലാം പാര്‍ട്ടിയുടെ മുന്‍ഗണനാവിഷയങ്ങളാകേണ്ടതുണ്ടെന്നായിരുന്നു പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയത്.
വന്‍കിട സ്വകാര്യ നിക്ഷേപങ്ങളെത്തുമ്പോഴുള്ള പ്രശ്നങ്ങളും നമുക്ക് മുമ്പിലുണ്ട്. ആശുപത്രി രംഗത്ത് വന്‍സാമ്പത്തിക ശക്തികള്‍ കേരളത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്. 6,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ മേഖലയില്‍ വരുന്നത്. ഇത് ജനങ്ങളില്‍ ആശങ്കയും കൂട്ടുന്നുണ്ട്. ചികിത്സ ചെലവ് കൂടുകയും സാധാരണക്കാര്‍ക്ക് ആശ്രയിക്കാനാകാത്തവിധം ഇത്തരം ആശുപത്രികള്‍ മാറുകയുമാണ് ചെയ്യുന്നത്. അതിനാല്‍, ഇത്തരം ഭീമന്‍ നിക്ഷേപങ്ങള്‍ക്ക് പരവതാനി വിരിക്കുമ്പോള്‍ ചികിത്സാചെലവ് ഏകീകരിക്കാന്‍ നിയമനിര്‍മാണം കൂടി വേണ്ടതുണ്ട്.
സ്വകാര്യ ആശുപത്രികള്‍ തോന്നുംപടിയാണ് ഫീസ് ഈടാക്കുന്നത്. ഇതിന് ഏകീകൃത സ്വഭാവം ഉണ്ടാക്കിയേ തീരൂ. കേരള ജനസംഖ്യയുടെ അഞ്ചിലൊന്ന് 60 വയസ്സ് പിന്നിട്ടവരാണെന്ന സാഹചര്യം മുന്നില്‍ കണ്ടാണ് സ്വകാര്യ ആശുപത്രികളില്‍ ഭീമന്‍ മുതല്‍മുടക്കിന് കുത്തകകള്‍ മുതിരുന്നതെന്ന് കാണാതെ പോകരുത്. ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് സൗജന്യനിരക്കില്‍ മെഡിക്കല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ തയ്യാറാകണമെന്ന് നിര്‍ദേശവും ഉയര്‍ന്നു.
നവകേരളം സൃഷ്ടിക്കുമ്പോള്‍ കേരളത്തിലെ കാര്‍ഷിക ഉത്പാദനം കുറഞ്ഞുവരികയാണെന്നും ഇതിന്റെ പ്രധാനകാരണം വന്യജീവി ആക്രമണമാണെന്നും പ്രതിനിധികള്‍ പറഞ്ഞു. വന്യജീവി നിയമം വനത്തില്‍ മാത്രമേ നടപ്പാക്കാവൂയെന്ന കാര്യത്തിലെങ്കിലും അടിയന്തര ഇടപെടല്‍ വേണമെന്ന് മലയോരമുള്ളള്ള എല്ലാ ജില്ലകളില്‍ നിന്നും നിര്‍ദ്ദേശം വന്നു. ഭരണത്തുടര്‍ച്ച ഉറപ്പാക്കണമെന്നും പുതിയ വികസന കാഴ്ചപ്പാടും സര്‍ക്കാരിന് പ്രവര്‍ത്തന സമീപനവും വേണമെന്ന കാര്യത്തില്‍ പ്രതിനിധികള്‍ ഒറ്റക്കെട്ടായി നിന്നു. അതിനായി കൊണ്ടുവന്ന രേഖയെ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും പിന്തുണയ്ക്കുകയും ചെയ്തു. ജനങ്ങള്‍ക്ക് അധിക ഭാരമാകാതെ അധിക വിഭവസമാഹരണം നടത്തണമെന്ന നിര്‍ദേശത്തിനാണ് ചര്‍ച്ചയില്‍ പൊതു സ്വീകാര്യത ലഭിച്ചത്.
Content Highlights: cpm state conference kollam 2025 party representatives supports industrial expansion in kerala
Published: 09 Mar 2025, 07:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented