
ഗാലറി അപ്പോള്‍ നിശബ്ദമായിരിക്കും. അതുവരെ തൊണ്ടപൊട്ടുമാറുറക്കെ അലറിവിളിച്ചവരെല്ലാം വിസില്‍ മുഴക്കത്തിനായി കാതുകൂര്‍പ്പിച്ചിരിക്കും. എല്ലാ കണ്ണുകളും ഗോള്‍ പോസ്റ്റിലേക്ക്. അവിടെ വലകുലുക്കാനായി ഒരാളെത്തും. അത് തടയാനായി മറ്റൊരാളും. പിന്നെയെല്ലാം പ്രവചനാതീതം. ക്രോസ്ബാറിന് കീഴില്‍ ഏകാന്തനായി പെനാല്‍റ്റി കിക്ക് കാത്തുനില്‍ക്കുന്ന ഗോളിയെ കാണാം. എല്ലാവരാലും ഒറ്റുകൊടുക്കപ്പെട്ട ഭാവത്തോടെയാണ് ഗോളി പെനാല്‍റ്റി കിക്ക് കാത്തുനില്‍ക്കുന്നതെന്ന് പറയാറുണ്ട്. ഇടത്തോട്ടാണോ വലത്തോട്ടാണോ എന്ന് നിശ്ചയമില്ലെങ്കിലും ജീവിതത്തിനും മരണത്തിനുമിടയിലെ കുമ്മായവരയ്ക്കരികെയാണ് ആ നില്‍പ്പ്. അവിടെ അദ്ഭുതം കാണിക്കുന്ന ചിലരുണ്ട്. ഈ തത്വങ്ങളെ അപ്പാടെ അപ്രസക്തമാക്കുന്ന ചിലര്‍. നമ്മെ ചിന്തിപ്പിക്കുന്നവര്‍. ഗോള്‍ബാറിന് കീഴിലെ ഈ അതികായന്‍മാരുടെ പട്ടികയില്‍ അര്‍ജന്റീനയുടെ 23-ാം നമ്പറുകാരനും ഇടംപിടിച്ചുകഴിഞ്ഞു. മെസ്സിപ്പടയുടെ കാവല്‍ക്കാരന്‍ എമിലിയാനോ മാര്‍ട്ടിനസ്. എമിയാണ് ഗോള്‍ബാറിന് കീഴിലുള്ളതെങ്കില്‍ കിക്കെടുക്കാനെത്തുന്നയാളാണ് ഒറ്റുകൊടുക്കപ്പെട്ടവനാകുന്നത്. എമിയെ മറികടക്കുകയെന്നത് അര്‍ജന്റീനയ്‌ക്കെതിരേ പെനാല്‍റ്റി കിക്കെടുക്കാനെത്തുന്ന ഓരോ താരവും നേരിടുന്ന വെല്ലുവിളിയാണ്. ലോകകപ്പിലും കോപ്പയിലുമെല്ലാം അര്‍ജന്റീന നടത്തിയ കുതിപ്പിന് പിന്നിലും ഈ കാവല്‍ക്കാരന്റെ കരസ്പര്‍ശമാണ്. അര്‍ജന്റീന അടുത്തിടെ കിരീടം നേടിയ ടൂര്‍ണമെന്റുകളിലെല്ലാം മികച്ച ഗോള്‍ കീപ്പറായി തിരഞ്ഞെടുത്തതും മറ്റാരേയുമല്ല. മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുടെ യാഷിന്‍ ട്രോഫിയും ആ കരിയറിന് പൊൻതിളക്കമേകുന്നു.
ഒരുവട്ടമല്ല. പലതവണ പല മൈതാനങ്ങളില്‍ എമിലിയാനോ രക്ഷകനായി അവതരിച്ചിട്ടുണ്ട്. എമി കാവല്‍ നിന്ന ഒരു പെനാല്‍റ്റി ഷൂട്ടൗട്ടിലും അര്‍ജന്റീന തോറ്റിട്ടില്ല. ലോകകപ്പിന്റെ കലാശപ്പോരിലേതടക്കം നാല് ഷൂട്ടൗട്ടുകളിലാണ് താരം അര്‍ജന്റീനയെ വിജയത്തിലെത്തിച്ചത്. തോല്‍ക്കാന്‍ മനസില്ലാത്ത പോരാളിയെപ്പോലെ ഇരുകൈകളുമുയര്‍ത്തി നില്‍ക്കുന്ന ആ 23-ാം നമ്പറുകാരന്‍ ആരാധകരുടെ പ്രതീക്ഷയും വിശ്വാസവുമായി മാറിയ വര്‍ഷങ്ങള്‍. ആരെ കീഴടക്കിയാലും എമിലിയാനോയെ മറികടക്കാതെ ഒരു മുന്നോട്ടുപോക്ക് സാധ്യമല്ലെന്ന് എതിരാളികള്‍ തിരിച്ചറിഞ്ഞ പോരാട്ടങ്ങള്‍. അർജന്റീന തങ്ങളുടെ 16-ാം കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിടുന്നതിന് പിന്നിലും എമിയുടെ പങ്ക് വളരെ വലുതാണ്. ഫൈനലിലും സെമിയിലുമെല്ലാം നിർണായക സേവുകളുമായി ആ 23-ാം നമ്പറുകാരൻ കളം നിറഞ്ഞു.
2024 കോപ്പയില്‍ ഷൂട്ടൗട്ടിലേക്ക് നീണ്ട ക്വാര്‍ട്ടര്‍ പോരാട്ടത്തിലും ആ പേര് ഉയര്‍ന്നുകേട്ടു. എക്വഡോറിനെതിരായ മത്സരത്തില്‍ നായകന്‍ ലയണല്‍ മെസ്സി അര്‍ജന്റീനയുടെ ആദ്യ കിക്കെടുക്കാനെത്തുമ്പോള്‍ സ്‌റ്റേഡിയം പതിവുപോലെ നിശബ്ദമായിരുന്നു. പിന്നാലെ പനേങ്ക കിക്കിലൂടെ ഗോള്‍ നേടാനുള്ള മെസ്സിയുടെ ശ്രമം പാളി. പന്ത് ബാറില്‍ തട്ടിത്തെറിച്ചതോടെ മെസ്സി നിരാശയോടെ തിരിഞ്ഞുനടന്നു. ആ നിമിഷം 2016-ലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ ചിത്രം ഓര്‍മകളില്‍ കടന്നുവരാത്തവരുണ്ടാകില്ല. അതിന്റെ ആവര്‍ത്തനമാകുമോയെന്ന് ആരാധകര്‍ ആശങ്കപ്പെട്ട നിമിഷം. തിരിച്ചുവരാന്‍ ഇനിയും അവസരമുണ്ടല്ലോയെന്ന് സ്വയം ആശ്വസിച്ചിട്ടുണ്ടാകണം ഓരോ ആരാധകനും. തങ്ങള്‍ക്ക് എമിയുണ്ടല്ലോയെന്ന് വിശ്വാസം മുറുകെപ്പിടിച്ചിട്ടുണ്ടാകണം ചിലരെങ്കിലും. അത് ഒന്നുകൂടി ഉറപ്പിക്കുന്നതായിരുന്നു പിന്നീട് ഷൂട്ടൗട്ടില്‍ കണ്ടത്.

എക്വഡോറിന്റെ ആദ്യ കിക്ക് തന്നെ തടഞ്ഞിട്ട എമിലിയാനോ ആ വിശ്വാസം തെറ്റിച്ചില്ല. എയ്ഞ്ചല്‍ മെനയുടെ കിക്ക് ഉഗ്രന്‍ ഡൈവിലൂടെയാണ് തട്ടിയകറ്റിയത്. പിന്നാലെ മെസ്സിയ്ക്ക് നേരെ കൈചൂണ്ടി. ഈ സേവ് അയാൾക്കുവേണ്ടിയാണെന്ന് മെസ്സിയോട് സൂചിപ്പിച്ചാണ് അടുത്ത കിക്കിനായി തയ്യാറെടുത്തത്. ഷൂട്ടൗട്ടിലെ രണ്ടാം കിക്ക് വലയിലെത്തിച്ച് ജൂലിയന്‍ അല്‍വാരസ് അര്‍ജന്റീനയ്ക്ക് പ്രതീക്ഷ നല്‍കി. അതേ സമയം എക്വഡോറിന് രണ്ടാം കിക്കും വലയിലെത്തിക്കാനായില്ല. അലന്‍ മിന്‍ഡയെടുത്ത കിക്ക് തടുത്തിട്ട് എമി മൈതാനത്ത് നൃത്തംവെച്ചു. പിന്നീടുള്ള എല്ലാ കിക്കും അര്‍ജന്റീന ലക്ഷ്യത്തിലെത്തിച്ചതോടെ എക്വഡോര്‍ സെമി കാണാതെ പുറത്തായി. മെസ്സിപ്പട സെമി ടിക്കറ്റെടുത്തു.
കോപ്പയില്‍ ഇതിനുമുമ്പും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ ഹീറോയായിട്ടുണ്ടയാള്‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2021-ല്‍. അന്ന് സെമിയില്‍ കൊളംബിയയുടെ മൂന്ന് കിക്കുകളാണ് തടഞ്ഞിട്ടത്. ഷൂട്ടൗട്ടില്‍ ഇരുടീമുകളും ആദ്യ കിക്ക് വലയിലെത്തിച്ചപ്പോള്‍ രണ്ടാം കിക്ക് പിഴച്ചു. ഡേവിന്‍സണ്‍ സാഞ്ചസിന്റെ പെനാല്‍റ്റി എമിലിയാനോ ഡൈവിലൂടെ തടഞ്ഞപ്പോള്‍ അര്‍ജന്റീനയുടെ റോഡ്രിഗോ ഡിപോളിന്റെ കിക്ക് പുറത്തുപോയി. യെറി മിനയെടുത്ത കൊളംബിയയുടെ അടുത്ത കിക്കും എമി ഗോള്‍വലയിലേക്ക് പതിക്കാന്‍ അനുവദിച്ചില്ല. കൊളംബിയയുടെ അഞ്ചാം കിക്കും തടുത്ത് എമി ടീമിനെ കലാശപ്പോരിലെത്തിച്ചു. ഫൈനലില്‍ ബ്രസീലിനെ കീഴടക്കി മെസ്സിയും സംഘവും കിരീടത്തില്‍ മുത്തമിട്ടു.
വേണ്ടി വന്നാല്‍ മെസ്സിക്കായി മരിക്കാനും തയ്യാറാണെന്ന് പറഞ്ഞാണ് എമി അര്‍ജന്റീനയ്‌ക്കൊപ്പം ഖത്തര്‍ ലോകകപ്പിനെത്തുന്നത്. ലോകകപ്പിലുടനീളം മിന്നും ഫോമില്‍ കളിച്ച താരം അര്‍ജന്റീനയുടെ മുന്നോട്ടുള്ള കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചു. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ നടന്ന ഷൂട്ടൗട്ടിലും ആ മികവ് തുടര്‍ന്നു. ഡച്ച് പടയുടെ ആദ്യ രണ്ട് കിക്കുകളും സേവ് ചെയ്തു. ആദ്യം വാന്‍ ഡൈക്കിന്റേയും പിന്നെ സ്റ്റീവന്‍ ബെര്‍ഗ്വിസിന്റേയും. കിക്ക് തടുത്തിട്ട എമി പതിവുപോലെ നൃത്തം വെച്ചു. ഷൂട്ടൗട്ടില്‍ 4-3 ന് നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ച് അര്‍ജന്റീന സെമിയിലേക്ക് മുന്നേറി. സെമിയില്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാണ് മെസ്സിയും സംഘവും ഫൈനലിലെത്തുന്നത്. മെസ്സിയുടെ അടിയും എംബാപ്പെയുടെ തിരിച്ചടിയും കണ്ട കലാശപ്പോര് ഒടുക്കം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ ഫ്രഞ്ച് പടയുടെ രണ്ട് കിക്കുകള്‍ ലക്ഷ്യത്തിലെത്താതെ പോയി. കിങ്‌സ്‌ലി കോമാനെടുത്ത കിക്ക് എമിലിയാനോ തട്ടിയകറ്റിയപ്പോള്‍ ഒറെലിയന്‍ ചൗമെനിയുടെ പെനാല്‍റ്റി പുറത്തേക്ക് പോയി. 4-2 ന് ഷൂട്ടൗട്ട് വിജയിച്ച് അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടു.
ഇതല്ല, ഇതിനും മുമ്പ് എക്‌സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമിൽ നടത്തിയ മറ്റൊരു സേവാണ് യഥാർഥത്തിൽ അർജന്റീനക്കാരുടെ ജീവൻ തിരിച്ചുപിടിച്ചത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സേവുകളിലൊന്ന്. മധ്യനിരയില്‍ നിന്ന് അര്‍ജന്റൈന്‍ ബോക്‌സിലേക്ക് നീട്ടി ഉയര്‍ത്തിയ പന്ത് തടയുന്നതില്‍ അര്‍ജന്റീനയുടെ പ്രതിരോധനിരയ്ക്ക് പിഴച്ചു. എല്ലാവരേയും മറികടന്ന് പന്ത് ഫ്രാന്‍സ് താരം കോലോ മുവാനിയുടെ കാലുകളിലെത്തുന്നു. മുന്നില്‍ എമി മാത്രം. പന്ത് ഉയര്‍ന്നതും മുവാനി തകര്‍പ്പനൊരു ഷോട്ടുതിര്‍ത്തു. മാര്‍ട്ടിനസ് കൈകളും കാലുകളും വിടര്‍ത്തുന്നതും പന്ത് കാലില്‍ തട്ടിത്തെറിക്കുന്നതും സെക്കന്റുകള്‍ക്കുള്ളിലാണ് സംഭവിച്ചത്. തകര്‍പ്പനൊരു സേവ്. പിന്നാലെ ക്രിസ്റ്റ്യൻ റൊമേറോ ഹെഡ് ചെയ്ത് കൂടുതല്‍ അപകടം ഒഴിവാക്കി. എമി ആ സേവ് നടത്തുന്നത് 122 മിനിറ്റും കഴിഞ്ഞ് 43-ാം സെക്കന്റിലാണ്. അത് ഗോളായിരുന്നെങ്കില്‍ മെസ്സിപ്പടയുടെ സ്വപ്‌നങ്ങള്‍ അവിടെ ചിന്നിച്ചിതറുമായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. ഒരു തിരിച്ചുവരവിനും സാധ്യതയുണ്ടായിരുന്നില്ല. മൂന്നുഗോളടിച്ച് തുല്യത പാലിച്ച ഫൈനലിലെ ആ 123-ാം മിനിറ്റ് സേവിനെ ലോകകപ്പിലെ എക്കാലത്തേയും മികച്ച സേവായി കണക്കാക്കുന്നവരുണ്ട്. ഒരുപക്ഷേ ഗോര്‍ഡന്‍ ബാങ്ക്‌സിന്റെ നൂറ്റാണ്ടിന്റെ സേവിനോളം മികച്ചത്.

അയാളങ്ങനെ ലോകത്തിന് മുന്നില്‍ കൈകളുയര്‍ത്തി നിറഞ്ഞുനില്‍ക്കുമ്പോഴൊക്കേയും ലോകകപ്പിലെ ഈ നിമിഷമായിരിക്കും കളിയാരാധകരുടെ ഓര്‍മകളില്‍ ആദ്യം കടന്നുവരുന്നത്. ഇനിയങ്ങോട്ട് ചരിത്രം മനസിലാക്കുന്നവരൊക്കെയും അയാളെ വാഴ്ത്തുന്നത് ഈ സേവിന്റെ പേരിലായിരിക്കും. എന്നാല്‍ എമിലിയാനോയുടെയും ഒരര്‍ഥത്തില്‍ അര്‍ജന്റീനയുടേയും തലവര മാറ്റിക്കുറിച്ച മത്സരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന മറ്റൊരു ഫൈനലാണ്. കളിയങ്ങ് അര്‍ജന്റീനയിലല്ല ഇംഗ്ലണ്ടിലാണ്. 2020 എഫ്എ കപ്പ് ഫൈനല്‍.
ആഴ്‌സനലിന്റെ മുഖ്യഗോള്‍കീപ്പറായ ബെര്‍ണാഡ് ലെനോയ്ക്ക് പരിക്ക് പറ്റിയതാണ് ബെഞ്ചിലിരുന്ന എമിയ്ക്ക് ടീമിലേക്കുള്ള വഴി തുറന്നത്. ബ്രൈട്ടനുമായുള്ള പ്രീമിയര്‍ ലീഗ് മത്സരത്തിലാണ് ലെനോയ്ക്ക് പരിക്കേല്‍ക്കുന്നത്. പിന്നാലെ ഗണ്ണേഴ്‌സിന്റെ ആദ്യ ഗോള്‍കീപ്പര്‍ സ്ഥാനം എമിയ്ക്ക് കൈവന്നു. ആദ്യ മത്സരങ്ങളില്‍ അത്ര മികച്ചുനിന്നില്ലെങ്കിലും പിന്നീട് ഫോമിലേക്കുയര്‍ന്നു. എഫ്എ കപ്പ് സെമിയില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയ്‌ക്കെതിരേ ക്ലീന്‍ ഷീറ്റ്. ഫൈനലില്‍ ചെല്‍സിയ്‌ക്കെതിരേ നിര്‍ണായകസേവുകളുമായി കളം നിറഞ്ഞ എമി ആഴ്‌സനലിന്റെ 14-ാം എഫ്എ കപ്പ് കിരീടനേട്ടത്തില്‍ പങ്കാളിയായി. കപ്പുയര്‍ത്തുന്ന ഘട്ടത്തില്‍ വികാരഭരിതനായിരുന്നു അയാള്‍. കാരണം പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് എമി ഗണ്ണേഴ്‌സിന്റെ ബാറിന് കീഴിലെ ശ്രദ്ധാകേന്ദ്രമാകുന്നത്. ഈ ഘട്ടത്തില്‍ ആറ് ക്ലബ്ബുകളിലാണ് ലോൺ അടിസ്ഥാനത്തില്‍ കളിക്കേണ്ടി വന്നത്. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരം പ്രീമിയര്‍ ലീഗ് വമ്പന്‍മാരുടെ റഡാറിലേക്ക് കടന്നു വന്നു. അര്‍ജന്റീനയുടേയും.
ലയണല്‍ സ്‌കലോണി അര്‍ജന്റീന ടീമിനെ അടിമുടി പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്ന ഘട്ടമായിരുന്നു അപ്പോള്‍. യൂറോപ്യന്‍ ലീഗുകളില്‍ നിന്ന് കഴിവുള്ള താരങ്ങളെ കണ്ടെത്തി പുത്തന്‍ ടീമിനെ വാര്‍ത്തെടുക്കുകയായിരുന്നു ലക്ഷ്യം. റോഡ്രിഗോ ഡി പോള്‍, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, ക്രിസ്റ്റ്യൻ റൊമേറോ, അലക്‌സിസ് മക് അലിസ്റ്റര്‍ എന്നിവരോടൊപ്പം എമിലിയാനോ മാര്‍ട്ടിനസും ടീമിലിടം നേടി. മത്സരത്തില്‍ എന്തുവിലകൊടുത്തും ജയിക്കുകയെന്ന പ്രായോഗികമായ രീതിയാണ് സ്‌കലോണി അവലംബിച്ചത്. അങ്ങനെ സ്‌കലോണി വാര്‍ത്തെടുത്ത പുത്തന്‍ സംഘം 2021-കോപ്പ അമേരിക്കയില്‍ മുത്തമിട്ടു. ടൂര്‍ണമെന്റിലെ സാധ്യമായ എല്ലാ വ്യക്തിഗത ട്രോഫികളും കരസ്ഥമാക്കിയാണ് അര്‍ജന്റീന ജോതാക്കളായത്. കൊളംബിയയ്‌ക്കെതിരായ സെമിയിലെ ഷൂട്ടൗട്ടിലെ എമിയുടെ പ്രകടനം വേറിട്ടുനിന്നു. ടൂര്‍ണമെന്റിലുടനീളം മിന്നുംഫോമില്‍ കളിച്ച താരം മികച്ച ഗോള്‍കീപ്പറുമായി. പിന്നാലെ ഫൈനലിസ്സിമ ട്രോഫിയും അര്‍ജന്റീന നേടി.
ഖത്തറിലെത്തുമ്പോഴേക്കും എമിലിയാനോ മാര്‍ട്ടിനസ് സ്‌കലോണിപ്പടയുടെ കാവല്‍ക്കാരനെന്ന നിലയില്‍ തന്റെ സ്ഥാനം അരക്കെട്ടുറപ്പിച്ചിരുന്നു. ബാറിന് കീഴിലെ ഏത് ആക്രമണവും തടയാന്‍ സുസജ്ജമായിരുന്നു എമി. ഗോള്‍കീപ്പര്‍മാരെ മാറ്റി മാറ്റി പരീക്ഷിച്ചിരുന്ന അര്‍ജന്റീനയ്ക്ക് എമിയുടെ വരവോടെ തിരിച്ചുകിട്ടിയത് പ്രതിരോധത്തിലെ വിശ്വാസമാണ്. ആ വിശ്വാസത്തിന്റെ ബലത്തില്‍ കൂടിയാണ് വിശ്വകിരീടത്തിനായി അര്‍ജന്റീന പോരാടാനിറങ്ങിയത്. 36-വര്‍ഷത്തെ ലോകകിരീടത്തിനായുള്ള കാത്തിരിപ്പ്. ലയണല്‍ മെസ്സിയെന്ന ഇതിഹാസത്തിന്റെ പൂര്‍ണത. സ്‌കലോണിപ്പട ഒന്നായി മൈതാനത്തിറങ്ങി. പിന്നെയെല്ലാം ചരിത്രമാണ്.
പതിവുപോലെ അര്‍ജന്റീനക്കാരുടെ വിശ്വാസം എമി കാത്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ, കലാശപ്പോരില്‍ ഫ്രഞ്ച്പടയ്‌ക്കെതിരേയും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അവിശ്വസനീയമായിരുന്നു എമിയുടെ സേവുകള്‍. ഫൈനലിന്റെ എക്‌സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമിലെ ആ അത്ഭുതസേവ് ചരിത്രത്തിലേക്കാലവും രേഖപ്പെടുത്തിവെക്കുമെന്നുറപ്പാണ്. അര്‍ജന്റീനയുടെ പപ്പു ഗോമസ് എമിയുടെ ഈ സേവും 122'43'' എന്ന സമയവും ടാറ്റു ചെയ്തിട്ടുണ്ട്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരവും എമിലിയാനോയെ തേടിയെത്തി. പിന്നാലെ മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുടെ യാഷിന്‍ ട്രോഫിയും എമിലിയാനോ സ്വന്തമാക്കി. രണ്ട് വർഷങ്ങൾക്കിപ്പുറം 2024-കോപ്പയിൽ വീണ്ടുമൊരു ഷൂട്ടൗട്ട് ഹീറോയിസം. നാലാം തവണയാണ് അർജന്റീനയെ ഷൂട്ടൗട്ടിൽ നിന്ന് അയാൾ ഒറ്റയ്ക്ക് കരകയറ്റുന്നത്. ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി നൂറുശതമാനം ജയം. ഒരു ഷൂട്ടൗട്ടിൽ പോലും പരാജയപ്പെട്ടിട്ടില്ല. ഷൂട്ടൗട്ടിന് പുറമേ നിരവധി തകർപ്പൻ സേവുകൾ. ഗോൾ ബാറിന് കീഴിലെ എമിയെന്ന അതികായന്റെ ബലത്തിൽ തന്നെയാണ് അർജന്റീന തുടർച്ചയായ നാലാം മേജർ ടൂർണമെന്റ് കിരീടത്തിൽ മുത്തമിടുന്നത്.
Content Highlights: emiliano martinez performance in penalty shootouts for argentina
Published: 15 Jul 2024, 10:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented