ഫ്ളോറിഡ: തുടര്‍ച്ചയായ രണ്ടാംതവണയും കോപ്പ അമേരിക്ക ഫുട്ബോളില്‍ കപ്പുയര്‍ത്തുന്ന മനോഹരനിമിഷത്തിനരികിലാണ് മെസ്സിയും സംഘവും. ഹാമിഷ് റോഡ്രിഗസും കൂട്ടരുമാകട്ടെ സമീപകാലത്തേറ്റ മുറിവുകള്‍ മായ്ച്ചുകളയാനുള്ള ശ്രമത്തിലും. ഫൈനലില്‍ അര്‍ജന്റീനയും കൊളംബിയയും മുഖാമുഖംവരുമ്പോള്‍ ചരിത്രത്തിന് പ്രസക്തിയില്ല. കാരണം രണ്ടു ശൈലികളുടെ പോരാട്ടംകൂടിയാണത്. തിങ്കളാഴ്ച രാവിലെ 5.30-ന് മത്സരം തുടങ്ങും.

To advertise here,

ഫൈനലില്‍ ജയിച്ചാല്‍ കോപ്പയില്‍ കൂടുതല്‍ കിരീടം എന്ന റെക്കോഡ് അര്‍ജന്റീനയ്ക്ക് സ്വന്തമാകും. നിലവില്‍ അര്‍ജന്റീനയ്ക്കും യുറഗ്വായിക്കും 15 വീതം കിരീടങ്ങളുണ്ട്.

അര്‍ജന്റീനയുടെ 30-ാം ഫൈനലാണിത്. മെസ്സിക്ക് ഈ ടൂര്‍ണമെന്റിലെ അഞ്ചാം ഫൈനലും. ഇതോടെ അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച എയ്ഞ്ചല്‍ ഡി മരിയയെ കിരീടത്തോടെ യാത്രയാക്കാന്‍ ടീം ആഗ്രഹിക്കുന്നു. ടൂര്‍ണമെന്റില്‍ ടീം അപരാജിതരായിരുന്നു. ക്വാര്‍ട്ടര്‍ഫൈനലില്‍ എക്വഡോറിനോട് വിറച്ചെങ്കിലും ഷൂട്ടൗട്ടില്‍ ജയിച്ചു.

സെമിയില്‍ കാനഡയ്‌ക്കെതിരേ ഗോള്‍നേടി നായകന്‍ ലയണല്‍ മെസ്സിയും കിരീടപ്പോരാട്ടത്തിനൊരുങ്ങി. നാലുഗോളുമായി ലൗട്ടാറോ മാര്‍ട്ടിനെസ് ആക്രമണത്തില്‍ ശോഭിച്ചു.

കഴിഞ്ഞ 28 മത്സരങ്ങളിലായി അപരാജിതരാണ് കൊളംബിയ. സംഘബലത്തിലാണ് അവരുടെ മുന്നേറ്റം. പഴയ സൂപ്പര്‍താരം ഹാമിഷ് റോഡ്രിഗസിന്റെ തിരിച്ചുവരവ് ഈ ടൂര്‍ണമെന്റില്‍ കണ്ടു. അസിസ്റ്റുകളില്‍ മെസ്സിയെ മറികടക്കുകയും ചെയ്തു. 23 വര്‍ഷത്തിനുശേഷമാണ് ടീം കോപ്പ ഫൈനലിലെത്തുന്നത്.

എക്സ്ട്രാ ടൈം

നിശ്ചിതസമയത്ത് തുല്യനിലയിലായാല്‍ എക്സ്ട്രാ ടൈം ഉണ്ടായിരിക്കും. അതിനുശേഷം പെനാല്‍ട്ടി ഷൂട്ടൗട്ട്.