ക്രിസ്റ്റഫറിൽ മമ്മൂട്ടി | ഫോട്ടോ: www.facebook.com/Mammootty
ചലച്ചിത്രകാരന്മാർ എന്നും പുതുമ തേടിക്കൊണ്ടിരിക്കുന്ന വിഷയമാണ് ത്രില്ലറുകൾ. അതിൽത്തന്നെ ക്രൈം ത്രില്ലറുകളിൽ എന്തെല്ലാം പുതുമ കൊണ്ടുവരാൻ സാധിക്കും എന്ന് ഇന്നത്തെ കാലത്തെ സംവിധായകരും തിരക്കഥാകൃത്തുക്കളും എന്ന് നിരന്തരം ഗവേഷണം ചെയ്തുകൊണ്ടുമിരിക്കുന്നു. ഓ.ടി.ടിയിൽ ഏത് തരത്തിലുമുള്ള ത്രില്ലറുകൾ ലഭ്യമായിരിക്കേ ബിഗ്സ്ക്രീനിൽ അങ്ങനെയൊരുദ്യമം നടത്തുക എന്നത് തന്നെ വെല്ലുവിളിയാണ്. ക്രിസ്റ്റഫർ എന്ന ചിത്രത്തിലൂടെ ബി. ഉണ്ണിക്കൃഷ്ണനും ഉദയകൃഷ്ണയും ആ വെല്ലുവിളി ഏറ്റെടുത്ത് വിജയിച്ചിരിക്കുകയാണ്.
ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ഇതേ വാചകം തന്നെ കടമെടുക്കുകയാണെങ്കിൽ ക്രിസ്റ്റഫർ ആന്റണി എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ജീവചരിത്രമാണ് ക്രിസ്റ്റഫർ എന്ന സിനിമയുടെ അടിസ്ഥാനം. ചരിത്രം, അല്ലെങ്കിൽ മുൻകാലാനുഭവങ്ങളായിരിക്കും ഒരാളുടെ വ്യക്തിജീവിതത്തെ കെട്ടിപ്പടുക്കുന്നതിൽ ഏറ്റവുമധികം പങ്കുവഹിക്കുന്നതെന്ന് പറയാറുണ്ടല്ലോ. ക്രിസ്റ്റഫറിനും പറയാനുണ്ട് അങ്ങനെയൊരു പശ്ചാത്തലത്തേക്കുറിച്ച്.
ഒറ്റയടിക്ക് കണ്ടുതീർക്കാവുന്ന ചിത്രമല്ല ക്രിസ്റ്റഫർ. ഒരു പോലീസുദ്യോഗസ്ഥന്റെ ജീവിതത്തിലെ പല സംഭവങ്ങളെയും ആളുകളേയും കുറിച്ച് വിവിധ ലെയറുകളിലൂടെ പറഞ്ഞുപോകുകയാണ് ഈ ഉണ്ണിക്കൃഷ്ണൻ-ഉദയകൃഷ്ണ ചിത്രം. സ്റ്റൈലിഷായിട്ടാണ് അവതരണം. യഥാർത്ഥത്തിൽ നടന്ന സംഭവത്തെ അടിസ്ഥാനമാക്കി നിർമിച്ച ചിത്രം എന്ന് പല ചിത്രങ്ങളുടെയും ടാഗ് ലൈനിൽ നമ്മൾ കണ്ടിരിക്കുന്നു. ഇവിടെ ക്രിസ്റ്റഫർ ഒന്നിലേറെ യഥാർത്ഥ സംഭവങ്ങളെയാണ് ഓർമിപ്പിക്കുന്നത്.
സമൂഹത്തിന്റെ പക്ഷത്തോട് ചേർന്നുനിന്ന് പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ക്രിസ്റ്റഫർ. ആർക്കെങ്കിലുമൊക്കെ അയാൾ ദൈവതുല്യനാവുന്നുണ്ട്. അയാൾ മുമ്പും ഇപ്പോഴും ഇടപെട്ടിട്ടുള്ള, ഇടപെട്ടുകൊണ്ടിരിക്കുന്ന കേസുകളിലൂടെ പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ഉണ്ണിക്കൃഷ്ണൻ-ഉദയകൃഷ്ണ-മമ്മൂട്ടി ടീം. സമ്പൂർണമായ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം എന്നതിലുപരി ക്രൈം ത്രില്ലർ എന്ന പേരായിരിക്കും ക്രിസ്റ്റഫറിന് കുറച്ചുകൂടി ഇണങ്ങുക. കാരണം കുറ്റാന്വേഷണവും പ്രതികളെ പിടിക്കലും മാത്രമായിരുന്നില്ല ക്രിസ്റ്റഫറിന്റെ ജീവിതം. പോലീസ് ഉദ്യോഗസ്ഥൻ എന്ന കുപ്പായം അഴിച്ചുവെച്ചാൽ വൈകാരികമായ ഒരുപാട് കെട്ടുപാടുകളുള്ള ജീവിതമാണ് അദ്ദേഹം നയിക്കുന്നത്.
ക്രിസ്റ്റഫർ ആന്റണി എന്ന നായകകഥാപാത്രമായി ഗംഭീരപ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചിരിക്കുന്നത്. ക്രിസ്റ്റഫറിന്റെ ശൗര്യവും നിസ്സഹായതയും ഒറ്റപ്പെടലുമെല്ലാം മലയാളികളുടെ സ്വന്തം മമ്മൂട്ടിയിൽ ഭദ്രമായിരുന്നു. തന്റെ കരിയറിൽ അദ്ദേഹം ചെയ്തതിൽ വ്യത്യസ്തമായ പോലീസ് വേഷങ്ങളിൽ മുൻപന്തിയിലുണ്ടാവും ക്രിസ്റ്റഫർ. മലയാളത്തിലേക്കുള്ള അരങ്ങേറ്റം വിനയ് റായ് മോശമാക്കിയില്ല. ശരത്കുമാർ, സ്നേഹ, ഐശ്വര്യലക്ഷ്മി, അമലാ പോൾ, ഷൈൻ ടോം ചാക്കോ, ജിനോ, കലേഷ് രാമാനന്ദ്, ഷഹീൻ സിദ്ദിഖ്, സിദ്ദിഖ് തുടങ്ങി താരനിരയിലെ എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
അണിയറപ്രവർത്തകരിലേക്ക് വരികയാണെങ്കിൽ സംഗീതവിഭാഗം കൈകാര്യം ചെയ്ത ജസ്റ്റിൻ വർഗീസിൽ നിന്നുതന്നെ തുടങ്ങാം. ടീസറിലൂടെ തന്നെ ഏവർക്കും സുപരിചിതമായ ആ പശ്ചാത്തലസംഗീതം തിയേറ്ററിലെത്തുമ്പോൾ മറ്റൊരനുഭവം പകരുന്നുണ്ട്. ക്രിസ്റ്റഫർ ആന്റണിയെന്ന നായകന്റെ രംഗങ്ങളെ മറ്റൊരു തലത്തിലെത്തിക്കുന്നുണ്ട് ജസ്റ്റിന്റെ സംഗീതം. തമാശ രംഗങ്ങൾ പേരിന് പോലുമില്ലാതെ, കാര്യഗൗരവമുള്ള ഒരു പ്രമേയം അണിയിച്ചൊരുക്കിയതിൽ ഉദയകൃഷ്ണയും ബി ഉണ്ണിക്കൃഷ്ണനും കയ്യടിയർഹിക്കുന്നു. ടിക്കറ്റെടുക്കാം ക്രിസ്റ്റഫറിന്.
Content Highlights: christopher review, mammootty new movie christopher first day first review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..