
രാവ് പുലര്‍ന്ന് തെളിയുമ്പോള്‍ താരകങ്ങള്‍ വിടപറയും. പക്ഷേ, പുതുപ്പള്ളിക്കാരുടെ മനസ്സില്‍ ഒരു നക്ഷത്രം രാവും പകലും തിളങ്ങിനില്‍ക്കും. ഭൂമിയില്‍വെച്ച് മനുഷ്യര്‍ സ്‌നേഹത്തോടെ ഉമ്മന്‍ചാണ്ടിയെന്ന് ആ വെളിച്ചത്തെ വിളിച്ചിരുന്നു. ഈ ക്രിസ്മസിലും അവര്‍ മോഹിക്കുന്നു. ഒരുമാത്ര അദ്ദേഹം അരികിലുണ്ടായിരുന്നെങ്കില്‍...
പുതുപ്പള്ളിക്ക് ഇത് ഉമ്മന്‍ചാണ്ടി ഒപ്പമില്ലാത്ത ക്രിസ്മസ്. രണ്ടു ചക്കരമാവുകള്‍ തണലിടുന്ന ഇത്തിരിയിടത്ത് ആറടിയിലൊതുങ്ങാത്ത വെള്ള റോസുകള്‍ അതിരിടുന്ന കബറിടം. സെയ്ന്റ് ജോര്‍ജ് പള്ളിയുടെ അങ്കണത്തിന് കിഴക്കേയറ്റം, വിടപറഞ്ഞ പുരോഹിതര്‍ക്കരികെ നിത്യനിദ്ര. ഉമ്മന്‍ചാണ്ടി മുമ്പെപ്പോഴോ നട്ട പൂമരങ്ങള്‍ പൂക്കള്‍കൊഴിച്ച് കൈകൂപ്പുംപോലെ. ഇപ്പോഴുമുണ്ട് ഉരുകും മെഴുകുതിരികള്‍, നിറമിഴികള്‍... മധ്യസ്ഥനോടുള്ള അപേക്ഷകള്‍. നിറവേറാന്‍ കാര്യങ്ങള്‍ ഉരുക്കഴിച്ച് അന്നത്തെപ്പോലെ ഇപ്പോഴും ആള്‍ക്കൂട്ടങ്ങള്‍. ഏത് തിരക്കിലും ചെവിയോര്‍ക്കാവുന്നത്ര അകലമേയുള്ളൂ, ആ അടുപ്പത്തിന്.
പ്രാവിന്‍കൂടിന്റെ തണല്‍പറ്റി ഒരാള്‍ നില്‍ക്കുന്നു. പേര് ഷെറിന്‍ കുരുവിള. മാവേലിക്കരയില്‍നിന്ന് കുടുംബവുമായി വന്നിരിക്കുന്നു. ''സാറ് വിടപറഞ്ഞപ്പൊള്‍ വരാനൊത്തില്ല. സൗദിയിലായിരുന്നു. ഡല്‍ഹിയില്‍ താമസിക്കവെ അദ്ദേഹവുമായി അടുത്തതാണ്. ഒരു കാര്യത്തിനുമല്ല, നേടാനുമല്ല. ജ്യേഷ്ഠനെപ്പോലൊരാള്‍'' -ഷെറിന്‍ പറയുന്നു.
ക്രിസ്മസ് ദിനത്തിലോ തലേന്നോ പുതുപ്പള്ളിയിലെത്തുന്നതാണ് ഉമ്മന്‍ചാണ്ടിയുടെ പതിവ്. ഏത് വിശേഷത്തിനും അദ്ദേഹം ഒപ്പമുണ്ടെന്ന വിശ്വാസമാണ് നാടിനും. അതിന് ആറു പതിറ്റാണ്ടും മങ്ങേലേറ്റില്ലെന്ന് സാക്ഷ്യംപറയാന്‍ ആയിരങ്ങളുണ്ട്. വന്നാല്‍, രണ്ടുദിവസവും വിശ്രമമില്ല. ക്രിസ്മസ് ചടങ്ങുകള്‍ക്ക് വിളക്കുവെക്കാന്‍ അദ്ദേഹം വരണം. ഏതു രാത്രിയായാലും വരും. അതൊരു ഉറപ്പാണെന്ന് അദ്ദേഹത്തിനൊപ്പം ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച ശ്രീകുമാര്‍ പറയും. ഈ ക്രിസ്മസിന് ആ വിളക്കുകള്‍ കാത്തിരിക്കുകയാണ്. ആര് തിരിതെളിയിക്കും.
പുലര്‍ച്ചെ രണ്ടിനാണ് പുതുപ്പള്ളി പള്ളിയില്‍ ക്രിസ്മസ് ശുശ്രൂഷ. അതില്‍ ഉമ്മന്‍ചാണ്ടി കൃത്യമായെത്തുമെന്ന് വികാരി ഫാ. വര്‍ഗീസ് വര്‍ഗീസ്. അകമ്പടിയില്ലാതെ ആള്‍ക്കൂട്ടത്തില്‍ ഒരുവനായി, കണ്ണടച്ച് അദ്ദേഹമുണ്ടാകും.
''രാവിലെ ഇവിടെ വന്നേ പോകൂ. കഴിഞ്ഞ 32 വര്‍ഷം ആ പതിവ് തെറ്റിയില്ല. എന്റെ മകന്‍ മരിച്ചതിനുശേഷം കുഞ്ഞൂഞ്ഞ് എന്നെ വിളിക്കാതൊരു ദിവസമുണ്ടായിരുന്നില്ല''. -ഉമ്മന്‍ചാണ്ടിയുടെ ചേച്ചി വല്‍സയുടെ കണ്ണുനിറഞ്ഞു. ''എന്നെ അമ്മാമ്മയെന്നാണ് വിളിക്കുക. അമ്മച്ചി മരിച്ചശേഷം കുഞ്ഞൂഞ്ഞിന് ഞാന്‍ അമ്മയായിരുന്നു. ഈ വര്‍ഷം ഒരാഘോഷവുമില്ല'. പുതുപ്പള്ളിക്കാരില്‍ പലരുടെയും മനസ്സാണ് ആ അമ്മയുടെയും.
പതിനായിരങ്ങളുടെ വാക്കും കടലാസും കൈമാറിയ പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീട്ടില്‍ ആ മുറിയും കസേരയും ഇപ്പോഴും അതേപോലെയുണ്ട്. ഉമ്മന്‍ചാണ്ടിയുടെ സഹോദരന്‍ അലക്‌സ് ചാണ്ടി അവ മിനുക്കി വെടിപ്പാക്കിവെച്ചിട്ടുണ്ട്. ഇക്കുറി പള്ളിയില്‍ പോകും. ക്രിസ്മസിന് ഇത്തവണ ആഘോഷമില്ല -അലക്‌സ് ചാണ്ടി.
അപ്പായുടെ വഴിയേ പുതുപ്പള്ളിയുടെ മണ്ണിലൂടെയുള്ള യാത്രയിലാണ് ചാണ്ടി ഉമ്മനും. ഒരിക്കലും അപ്പയ്ക്ക് പകരമാവില്ലെന്ന് ചാണ്ടിതന്നെ പറയും. പണ്ട് ക്രിസ്മസ് പുലരിയില്‍ കിടക്കയ്ക്കരികെ അപ്പ ഒളിപ്പിച്ചുവെച്ച കളിപ്പാട്ടങ്ങളുടെ നിറമുണ്ട് ആ മനസ്സില്‍. വിരല്‍ത്തുമ്പില്‍ ചേര്‍ത്ത അപ്പത്തിനൊപ്പം തൂവിയ കരുതലിന്റെ മണം അറിയുന്നുണ്ട് ചാണ്ടി.
Content Highlights: puthuppally's first christmas without ummen chandy
Published: 24 Dec 2023, 08:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented