രു അഭിഭാഷകന്റെ ജീവിതത്തിലെ നിർണായകമായ ഒരു ദിവസം അയാൾക്ക് ചുറ്റും നടക്കുന്ന അസാധാരണമായ സംഭവങ്ങൾ പറയുന്ന ചിത്രമാണ് വഴക്ക്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വഴക്കുകളുടെ ഒരു പരമ്പര തന്നെ ചിത്രത്തിൽ കാണാനാകും. ചിത്രം തുടങ്ങി ആദ്യ പതിനഞ്ചു മിനിറ്റ് സമയത്തോളം ഫ്രെയിമിയിൽ കാണാനാകുന്നത് പ്രപഞ്ചത്തിലൂടെയുള്ള ഒരു സഞ്ചാരമാണ്. നിരവധി നക്ഷത്ര സമൂഹങ്ങളിലൂടെ സഞ്ചരിച്ച് ഒടുവിൽ ഭൂമിയിൽ (അല്ലെങ്കിൽ ഭൂമിക്ക് സമാനമായ ഒരു ഗ്രഹത്തിൽ) എത്തിച്ചേരുന്നതോടെയാണ് ചിത്രം ശരിക്കും ആരംഭിക്കുന്നത്. പന്ത്രണ്ട് മിനിറ്റോളം വരുന്ന ആദ്യ ഷോട്ടിൽ തന്നെ അഡ്വക്കേറ്റ് സിദ്ധാർഥൻ എന്ന വ്യക്തി ആരാണെന്നും എങ്ങനെയുള്ള സ്വഭാവമുള്ളയാളാണെന്നും നമുക്ക് മനസിലാക്കി തരുന്നു. അയാൾ കടന്നു പോകുന്ന മാനസികാവസ്ഥയും അയാളുടെ പ്രശ്നങ്ങളും പ്രേക്ഷകനിൽ രജിസ്റ്റർ ചെയ്യാൻ ഈ ഒരു ഒറ്റ സീൻ കൊണ്ട് തന്നെ സംവിധായകന് സാധിച്ചിട്ടുണ്ട്.

To advertise here,

സിദ്ധാർഥൻറെ മാനസികാവസ്ഥ അതിഗംഭീരമായി അവതരിപ്പിച്ച ടോവിനോയുടെ പ്രകടനവും അഭിനന്ദനം അർഹിക്കുന്നു. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായി കോടതിയിൽ ഹാജരാകാമെന്ന് ഉറപ്പ് നൽകിയ ദിവസം അഭിഭാഷകൻ കൂടിയായ സിദ്ധാർഥൻ (ടോവിനോ) ഭാര്യ ലക്ഷ്മിയെ കബളിപ്പിച്ച് ടൗണിൽ നിന്നൊക്കെ മാറി ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് ഡ്രൈവിന് പോകുന്നു. മകൾ താരയുടെ ഭാവി ചൂണ്ടിക്കാട്ടി വിവാഹമോചനം മാറ്റിവയ്ക്കാൻ അയാൾ ഫോണിലൂടെ ലക്ഷ്മിയോട് ആവശ്യപ്പെടുന്നെങ്കിലും നിരാശയായിരുന്നു ഫലം. മടക്കയാത്രയിൽ സിദ്ധാർഥ് ദാമ്പത്യപ്രശ്‌നങ്ങൾ കാരണം വീടുവിട്ടിറങ്ങുന്ന സതി എന്ന സ്ത്രീയെയും ഊമയായ മകളെയും കണ്ടുമുട്ടുന്നു. ആ കൂടിക്കാഴ്ചയ്ക്ക് ശേഷം സംഭവിക്കുന്നത് യഥാർഥ്യമാണോ എന്ന് അയാൾക്ക് പോലും സംശയം തോന്നുന്ന കാര്യങ്ങളാണ്.

രഘു എന്ന കഥാപാത്രം അവതരിപ്പിച്ച അസീസ് നെടുമങ്ങാടിന്റെയും സതി ആയി എത്തുന്ന കനിയുടെയും പ്രകടനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഇരുവരും അവരുടെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നാണ് വഴക്കിൽ പുറത്തെടുത്തിരിക്കുന്നത്. താര എന്ന കഥാപാത്രം അവതരിപ്പിച്ച കുട്ടിയുടെ പ്രകടനവും മികച്ചതാണ്. ക്ലൈമാക്സിനോട് അടുക്കുമ്പോൾ എത്തുന്ന സുദേവ് അവതരിപ്പിക്കുന്ന കഥാപാത്രം ചിത്രത്തിന്റെ കഥയുടെ വേഗം കൂട്ടുന്നു. പിന്നീട് ഓരോ നിമിഷവും ഒരു ത്രില്ലെർ അനുഭവം ആണ് പ്രേക്ഷകർക്ക് ലഭിക്കുന്നു. ഒരു നോട്ടം കൊണ്ടും ചിരി കൊണ്ടും പ്രേക്ഷകന്റെ നെഞ്ചിടിപ്പ് കൂട്ടാൻ സുദേവിന് സാധിച്ചിട്ടുണ്ട് എന്നുള്ളത് അഭിനന്ദനമർഹിക്കുന്നു. മികച്ച എഡിറ്റിങ്ങും ചിത്രത്തിന്റെ ആസ്വാദനമികവ് നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ചില പ്രത്യേക എഫക്ടുകളും ആസ്വാദനത്തെ ഒരു തരത്തിലും ബാധിക്കാത്ത തരത്തിലുള്ള ട്രാൻസിഷനുകളും മികവുറ്റതായിരുന്നു. നിരവധി ചോദ്യങ്ങൾ ബാക്കി വെച്ചാണ് ചിത്രം അവസാനിക്കുന്നതെങ്കിലും അത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും. ഒരു തരത്തിലുമുള്ള സ്പൂൺ ഫീഡിങ്ങും ഇല്ലാതെ പ്രേക്ഷകരുടെ ഭാവനയ്ക്ക് വിട്ടുകൊണ്ടാണ് സംവിധായകൻ സനൽകുമാർ ശശിധരൻ ചിത്രം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും. അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചത്.