നെഞ്ചിലൊട്ടി വളര്‍ന്നവന്‍ യുവത്വം പിന്നിടും മുന്‍പേ കടലാഴങ്ങളില്‍ മറഞ്ഞുവെന്നറിയുമ്പോള്‍, സമുദ്രനീലിമയില്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍പോലും വഴിയില്ലാതെ ഉഴലുന്ന രക്ഷിതാക്കള്‍. പ്രിയപ്പെട്ടവന് അന്ത്യചുംബനമര്‍പ്പിക്കാന്‍, അവന്‍ അവസാനമണിഞ്ഞ ഒരു തുണിക്കഷണമെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന് പ്രാര്‍ഥിക്കുന്ന ഭാര്യമാര്‍.വീട്ടുകാരെയും ബന്ധുക്കളെയും കരയ്ക്കടിപ്പിക്കാമെന്ന സ്വപ്നവുമായി കപ്പലോട്ടക്കാരായവരില്‍ ചിലര്‍ പെട്ടെന്നൊരു നാള്‍ കടലാഴങ്ങളില്‍ മറയുന്നതോടെ ഇത്തരം അവസ്ഥയിലൂടെ കടന്നുപോകേണ്ടിവന്ന ഒട്ടേറെ കുടുംബങ്ങള്‍ ചുറ്റിലുമുണ്ട്. എന്നെങ്കിലും ഒരുനാള്‍ പ്രിയപ്പെട്ടവന്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയോടെ പ്രാര്‍ഥനയും നേര്‍ച്ചകളുമായി ഇവര്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. നമുക്ക് എത്തിപ്പെടാന്‍ കഴിയാത്ത എതോ പുറംകടലില്‍, പ്രിയപ്പെട്ടവരിലൊരാള്‍ കാണാതായെന്ന സന്ദേശവുമായി കപ്പല്‍ക്കമ്പനിയുടെ ദൂതന്‍ എത്തുമ്പോള്‍ നടുങ്ങി വിറങ്ങലിക്കുന്ന നാട് സഹായം തേടി ഏത് വാതിലില്‍ മുട്ടണമെന്നറിയാതെ പരക്കം പായും.

To advertise here,

ആല്‍ബര്‍ട്ട്, അമല്‍ സുരേഷ്, കെ.കെ.പ്രശാന്ത് പട്ടിക നീളുന്നു...

കള്ളാര്‍ പഞ്ചായത്തിലെ മാലക്കല്ല് അഞ്ചാലയിലെ കുഞ്ചറക്കാട്ട് ആല്‍ബര്‍ട്ട് ആന്റണിയെ (22) ഒക്ടോബര്‍ നാലിനാണ് ജോലിചെയ്യുന്ന കപ്പലില്‍നിന്ന് കാണാതായത്. ഹോങ് കോങ്ങില്‍നിന്ന് ബ്രസീലിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. സിനര്‍ജി മാരിടൈം കമ്പനിയുടെ എം.വി. ട്രൂ കോണ്‍റാഡ് ചരക്കു കപ്പലിലെ ഡെക്ക് ട്രെയിനി കാഡറ്റായിരുന്നു ആല്‍ബര്‍ട്ട്. ഡിസംബറില്‍ വീട്ടിലേക്ക് വരാനിരിക്കെയാണ് യുവാവിനെ കാണാതായെന്ന വിവരമെത്തുന്നത്.

മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എം.ആന്റണിയുടെയും പനത്തടി സര്‍വീസ് സഹകരണ ബാങ്ക് മാനേജര്‍ എം.എല്‍.ബീനയുടെയും മകനാണ് ആല്‍ബര്‍ട്ട്. കൊളംബോ തീരത്തുനിന്ന് 300 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ നടന്ന സംഭവത്തില്‍ തിരച്ചില്‍ തുടരുന്നുവെന്ന വിവരം മാത്രമാണ് പ്രതീക്ഷ നല്‍കുന്നത്.

സെപ്റ്റംബര്‍ ഒന്നിന് കുവൈത്ത് കടല്‍ത്തീരത്ത് മുങ്ങിയ ഇറാനിയന്‍ ചരക്ക് കപ്പല്‍ അറബക്തര്‍ -1 ലെ ജോലിക്കാരനായ അമല്‍ സുരേഷിനെ (26) ഇനിയും കണ്ടെത്തിയിട്ടില്ല. അമലിനൊപ്പം തൃശ്ശൂര്‍ മണലൂരിലെ ഒരു യുവാവിനെയും കാണാതായിരുന്നു. കണ്ണൂര്‍ ആലക്കോട് കാവുകുടിയിലെ കോട്ടയില്‍ സുരേഷിന്റെയും ഉഷയുടെയും മകനാണ് അമല്‍. എട്ട് മാസം മുന്‍പ് ഈ കപ്പലില്‍ ജോലിക്ക് കയറിയ അമല്‍ ഈ മാസം വീട്ടില്‍ വരാനിരിക്കെയാണ് കാണാതായത്.

ഉദുമ മുക്കുന്നോത്ത് കുണ്ടടുക്കത്തെ കെ.കെ.പ്രശാന്തിനെ (44) 2022 ഏപ്രില്‍ 30-നാണ് കപ്പല്‍ ജോലിക്കിടയില്‍ കാണാതായത്. സിനര്‍ജി കമ്പനിയുടെ ചരക്ക് കപ്പല്‍ ജെന്‍ കോ എന്റര്‍പ്രൈസസിലെ ജോലിക്കിടെയാണ് അപകടം. 2022 ഏപ്രില്‍ 24-നാണ് പ്രശാന്ത് സിങ്കപ്പൂരില്‍ എത്തി ജോലിക്ക് കയറിയത്. കപ്പല്‍ജോലിയില്‍ നിരവധി വര്‍ഷത്തെ പരിചയമുള്ള ആളായിരുന്നു. നാട്ടുകാരുടെയും ചങ്ങാതിക്കൂട്ടത്തിന്റെയും ഇഷ്ടമിത്രമായ 'പ്രസു' മുക്കുന്നോത്ത് തുടങ്ങിയ വീടുപണി അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് കപ്പലില്‍ ജോലിക്ക് കയറിയത്. വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകും മുന്‍പേ രണ്ട് പെണ്‍കുട്ടികളുടെ അച്ഛന്‍ കടലാഴങ്ങളിലെങ്ങോ മറഞ്ഞു.

2019 ഫെബ്രുവരി മൂന്നിന് ചെങ്കടലില്‍ വെച്ചാണ് തൃക്കണ്ണാട് കുന്നുമ്മലിലെ അമിത്കുമാറിനെ കാണാതായത്. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എസ്.സി.ഐ.) എണ്ണക്കപ്പല്‍ എം.ടി. സ്വര്‍ണകമലില്‍ ഏബിള്‍ സീമെന്‍ ആയി ജോലിക്ക് കയറി അഞ്ചാം മാസത്തിലാണ് അപകടം. മംഗളൂരു ബജ്‌പെയിലാണ് അമ്മ കെ.ലക്ഷ്മി ഇപ്പോള്‍ താമസം. ഈ അപകടത്തില്‍ അവകാശികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള വഴി ഇപ്പോഴാണ് തെളിയുന്നത്.

ഉദുമ ജന്മകടപ്പുറത്തെ നിഖിലിനെ (21) കപ്പല്‍ജോലിക്കിടെ കന്നിയാത്രയില്‍ കാണാതായത് 2016 ഓഗസ്റ്റ് 11-നാണ്. മുംബൈയിലെ ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പിങ് മാനേജ്‌മെന്റിന്റെ പുതിയ കപ്പല്‍ ബോഷം ബ്രുസെല്‍സില്‍ നിന്നാണ് കാണാതായത്. നിക്കാരഗ്വയില്‍നിന്ന് പാനമയിലെ ബല്‍ബുവയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം.

ദുരന്ത സാഗരം

എഴുപതുകളുടെ അവസാനം ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്.സി.ഐ.)യുടെ ചരക്കു കപ്പല്‍ ചന്ദ്രഗുപ്ത ആഴക്കടലില്‍ മുങ്ങിയപ്പോള്‍ 70 ജീവനും അതിനൊപ്പം ഇല്ലാതായിരുന്നു. തച്ചങ്ങാട്ടെ ഉക്കാരനും ബേക്കലിലെ പദ്മനാഭനും ഇതില്‍ ഉണ്ടായിരുന്നു. ബാര്‍ബര്‍ ഷിപ്പിങ് കമ്പനിയുടെ എണ്ണക്കപ്പല്‍ ബ്ലുറിവര്‍ 90-ല്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ കാണാതായ ഉദുമയിലെ പി.കുട്ട്യനും ഉറ്റവരുടെ ഓര്‍മ്മകളിലാണിന്ന് ജീവിക്കുന്നത്. കാസര്‍കോട് ആര്‍.ഡി. നഗര്‍ വിവേകാനന്ദനഗര്‍ ശ്രീസായി കൃഷ്ണയിലെ എന്‍.സി.പ്രദീപ് രാജ് വിദേശ കപ്പലില്‍നിന്നും കാണാതായത് 2009 ഏപ്രില്‍ 30-നാണ്. മേയ് ഒന്നിന് ഇതുസംബന്ധിച്ച വിവരം കമ്പനി ദൂതന്‍ വീട്ടുകാരെ അറിയിച്ചു. പാനമയിലെ കടലിടുക്കിലെവിടെയോ ജോലിക്കിടയില്‍ കാണാതായെന്നാണ് വീട്ടുകാരെ അറിയിച്ചത്. കാണാതാകുമ്പോള്‍ 26 വയസ്സായിരുന്നു. കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരനായിരുന്ന നാഗേഷിന്റെയും എം.ചന്ദ്രാവതിയുടെയും മൂന്ന് മക്കളില്‍ മൂത്തയാളും കുടുംബത്തിന്റെ അത്താണിയുമായിരുന്നു. മകനെ കാണാതായത് അംഗീകരിക്കാനാകാതെ അമ്മ 10 വര്‍ഷത്തിലധികം രാജ്യം മുഴുവനും സഹായം തേടിയലഞ്ഞു. 10 വര്‍ഷത്തിനുശേഷം നഷ്ടപരിഹാരം വാങ്ങി.

ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ് കോഴിക്കോട്ടെ സനോജ് ഗംഗാധരനെയും ആലപ്പുഴയിലെ സെവിന്‍ ജെയിംസിനെയുമെല്ലാം കപ്പല്‍ജോലിക്കിടയില്‍ കാണാതായത്. കോട്ടിക്കുളത്തെ ജി.നാരായണന്‍ 2007 ഡിസംബര്‍ നാലിന് നട്ടുച്ചനേരത്താണ് കടലില്‍ വീണത്. ഗള്‍ഫ് തുറമുഖം ലക്ഷ്യമിട്ട് യാത്രയിലായിരുന്ന നോര്‍ത്തേണ്‍ മറൈന്‍ കമ്പനിയുടെ കപ്പല്‍ സ്റ്റെന്ന കമ്പാസറിലെ ജീവനക്കാരനായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ അത്യാവശ്യജോലിക്ക് കപ്പലിന്റെ ഡെക്കിലേക്ക് പോയ നാരായണനെ പിന്നീടാരും കണ്ടിട്ടില്ലെന്നാണ് കമ്പനി അധികൃതര്‍ വീട്ടുകാരെ അറിയിച്ചത്. എങ്ങനെയാണ് ഉറ്റവര്‍ കടലാഴങ്ങളില്‍ മറയുന്നതെന്ന് കമ്പനിയുടെ ദൂതര്‍ വീട്ടുകാരോട് വിശദീകരിക്കാറില്ല.

(മൂന്ന് പതിറ്റാണ്ടിലേറെ കടല്‍പരിചയമുള്ളവര്‍ വിവരിച്ച അപകടവഴികളെക്കുറിച്ച് നാളെ...)