ഭൂസ്ഥിര ഭ്രമണപഥത്തില്‍ നിന്ന് ബ്രോഡ് ബാന്‍ഡ് സേവനം നല്‍കിവന്നിരുന്ന ഭീമന്‍ ഉപഗ്രഹം തകര്‍ന്നതിനെ തുടര്‍ന്ന് യൂറോപ്പ്, മധ്യആഫ്രിക്ക, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍, ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലെ ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെട്ടു. മാത്രമല്ല, ഈ ഉപഗ്രഹത്തകര്‍ച്ച വലിയ തോതിലുള്ള അവശിഷ്ടശേഖരമാണ് ബഹിരാകാശത്ത് സൃഷ്ടിച്ചിരിക്കുന്നത്. ഇന്റല്‍സാറ്റ് 33ഇ (Intelsat 33e) എന്ന വാര്‍ത്താവിനിമയ ഉപഗ്രഹമാണ് തകര്‍ന്നത്. ഉപഗ്രഹത്തിന്റെ തകര്‍ച്ചയുടെ കാരണം വ്യക്തമല്ല.
ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലായി മധ്യരേഖാതലത്തില്‍ ഏകദേശം 35,000 കിലോമീറ്റര്‍ ഉയരത്തിലാണ് ഭൂസ്ഥിര ഭ്രമണപഥം ( geostationary orbit) സ്ഥിതി ചെയ്യുന്നത്. ഇന്റല്‍സാറ്റ് 33ഇയില്‍ പൊടുന്നനെ വൈദ്യുതിതടസ്സം അനുഭവപ്പെട്ടതായി ഒക്‌ടോബര്‍ 20ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതാനും മണിക്കൂറുകള്‍ക്കുശേഷം ഉപഗ്രഹം തകര്‍ന്നതായി യുഎസ് സ്‌പേസ് ഫോഴ്‌സസ് സ്ഥിരീകരിക്കുകയും ചെയ്തു.
2016 ഓഗസ്റ്റിലാണ് ഇന്റല്‍സാറ്റ് 33ഇ വിക്ഷേപിച്ചത്. അമേരിക്കല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രി കമ്പനിയായ ബോയിങ്ങാണ് ഉപഗ്രഹം നിര്‍മിച്ചത്. സാങ്കേതികപ്രശ്‌നം കാരണം പ്രതീക്ഷിച്ചതിനേക്കാള്‍ മൂന്ന് മാസം വൈകിയാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയത്. കൂടാതെ മറ്റുചില പ്രശ്‌നങ്ങളും ഉപഗ്രഹപ്രവര്‍ത്തനത്തിലുണ്ടായിരുന്നു. 2027 ലാണ് ഇന്റല്‍സാറ്റ് 33ഇ പദ്ധതിയുടെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പുതന്നെ ഉപഗ്രഹം തകര്‍ന്നു. ബോയിങ് നിര്‍മ്മിച്ച ഇതിനുസമാനമായ മറ്റൊരു ഉപഗ്രഹം 2019 ല്‍ പ്രവര്‍ത്തനരഹിതമായിരുന്നു.
ഇതിനുമുമ്പും ഇത്തരത്തിലുള്ള ഉപഗ്രഹത്തകര്‍ച്ചകള്‍ സംഭവിച്ചിട്ടുണ്ട്. ഉപഗ്രഹങ്ങള്‍ ചിന്നിച്ചിതറുകയോ പരസ്പരം കൂട്ടിയിടിക്കുകയോ വഴിയാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ബഹിരാകാശത്ത് ഉപഗ്രഹാവശിഷ്ടങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. ഭൂമിയുടെ ഭ്രമണപഥത്തില്‍ മാത്രം ഏകദേശം 13,000 ടണ്‍ മനുഷ്യനിര്‍മ്മിത അവശിഷ്ടങ്ങളുണ്ടെന്നാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇഎസ്എ)യുടെ കണക്കുകൂട്ടല്‍.
ഇതിന്റെ മൂന്നിലൊരു ഭാഗം (4,300 ടണ്‍) റോക്കറ്റുകളുടെ ഭാഗങ്ങളാണ്. 10 സെന്റിമീറ്ററിലധികം വലിപ്പമുള്ള 40,000 അവശിഷ്ടഭാഗങ്ങളും ഒരു സെന്റിമീറ്ററില്‍ത്താഴെ വലിപ്പമുള്ള 13,00,00,000 ലധികം കഷണങ്ങളും ബഹിരാകാശത്തുണ്ടെന്നാണ് കരുതുന്നത്. ഇന്റല്‍സാറ്റ് 33ഇയുടെ തകര്‍ച്ചയുടെ ഭാഗമായി ബഹിരാകാശത്തെത്തുന്ന മാലിന്യത്തിന്റെ അളവ് നിലവില്‍ വ്യക്തമല്ല. 35,000 കിലോമീറ്റര്‍ ഉയരത്തിലായതിനാല്‍ത്തന്നെ അവശിഷ്ടഭാഗങ്ങള്‍ ട്രാക്ക് ചെയ്യുന്നതോ തിരച്ചറിയുന്നതോ പ്രായോഗികമല്ല.
ഭൂമിയുടെ ഭ്രമണപഥത്തില്‍ 'തിരക്കേറുന്നതിനാല്‍' തന്നെ ഇത്തരത്തിലുള്ള മാലിന്യങ്ങള്‍ വര്‍ധിക്കുന്നത് തടയാനായി കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കും മറ്റും ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിവരുന്നുണ്ട്. കുറഞ്ഞ ദൂരപരിധിയിലുള്ള ഉപഗ്രഹങ്ങളെ പദ്ധതികാലാവധി പൂര്‍ത്തിയാകുന്നതോടെ ഭ്രമണപഥം താഴ്ത്തി കൊണ്ടുവന്ന് (de-orbit) ബഹിരാകാശ അവശിഷ്ടങ്ങള്‍ കുറയ്ക്കുന്നതുള്‍പ്പെടെ ബഹിരാകാശ ഗവേഷണകേന്ദ്രങ്ങള്‍ ചെയ്തുവരുന്നു. ഇങ്ങനെ കൊണ്ടുവരുന്ന ഉപഗ്രഹങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ തിരികെ പ്രവേശിക്കുന്നതോടെ സുരക്ഷിതമായി കത്തിച്ചുകളയുന്ന മാര്‍ഗങ്ങളും സ്വീകരിച്ചുവരുന്നു.
Content Highlights: Intelsat 33e Satellite Breakup
Published: 23 Oct 2024, 02:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented