ദുബായ്: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു ആഘോഷിക്കാനൊരുങ്ങി യു.എ.ഇ.യിലെ പ്രവാസി മലയാളികൾ. കേരളത്തിലേതുപോലെതന്നെ ബുധനാഴ്ച പുലർച്ചെ വിഷുക്കണി കണ്ട് ഐശ്വര്യത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളിലാണ് പ്രവാസികൾ.

To advertise here,

മേഖലയിലെ സംഘർഷഭീതി അയഞ്ഞതോടെ കഴിഞ്ഞ വ്യാഴാഴ്ച മുതൽ തന്നെ യു.എ.ഇ.യിലെ സൂപ്പർമാർക്കറ്റുകളിൽ വിഷുവിപണി സജീവമായിട്ടുണ്ട്. വിഷുക്കണി ഒരുക്കുന്നതിനും വിഷുസദ്യ തയ്യാറാക്കുന്നതിനുമുള്ള സാധനങ്ങൾ വാങ്ങാൻ വിപണികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

കണി ഒരുക്കുന്നതിനാവശ്യമായ മൺചട്ടികൾ മിക്കയിടങ്ങളിലും ലഭ്യമാണ്. സദ്യയ്ക്ക് ആവശ്യമായ പഴങ്ങൾ, പച്ചക്കറികൾ, വാഴയില എന്നിവ കേരളത്തിൽ നിന്നും ശ്രീലങ്കയിൽ നിന്നുമായി വിപണിയിൽ എത്തിയിട്ടുണ്ട്. കേരളത്തിൽനിന്നുള്ള കൊന്നപ്പൂക്കളും വിപണിയിലെത്തിയിട്ടുണ്ട്. വിഷുവിനോടനുബന്ധിച്ച് ദുബായിലെ ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതുവസ്ത്രങ്ങൾ വാങ്ങുന്നതിനായി തുണിക്കടകളിലും ഹൈപ്പർമാർക്കറ്റുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വിഷുക്കോടിക്കായി പ്രത്യേക വിലക്കിഴിവുകളും പ്രമോഷനുകളും വിവിധ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരക്ക് പരിഗണിച്ച് ലുലു അടക്കമുള്ള പ്രമുഖ ഹൈപ്പർമാർക്കറ്റുകളിൽ വിഷുസദ്യയ്ക്ക് മുൻകൂട്ടി ഓർഡർ സ്വീകരിക്കുന്ന തിരക്ക് ഇപ്പോഴും തുടരുകയാണ്. സദ്യയ്‌ക്കൊപ്പം വിവിധ തരത്തിലുള്ള പായസങ്ങളും വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്.