ദുബായ്: എമിറേറ്റിലെ പാര്‍ക്കിങ് നിരക്ക് വര്‍ധന വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തിലാകും. രണ്ടുതരം പാര്‍ക്കിങ് ഫീസായിരിക്കും നാളെ മുതല്‍ ഈടാക്കുക. രാവിലെ എട്ട് മുതല്‍ 10 മണിവരെയും വൈകീട്ട് നാല് മുതല്‍ എട്ട് മണിവരെയും ഉയര്‍ന്ന പാര്‍ക്കിങ് ഫീസ് നല്‍കണം.

To advertise here,

ജുമൈര ലേക്ക്‌സ് ടവേഴ്‌സിലെ ഇ, ഐ, ജെ, കെ, എല്‍ സോണുകളിലും നോളജ് വില്ലേജ്, ദുബായ് മീഡിയാ സിറ്റി, ഇന്റര്‍നെറ്റ് സിറ്റി എന്നിവിടങ്ങളിലെ എഫ് സോണും ബുര്‍ജ് ഖലീഫ, മറാസി ബേ, ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റി, ദുബായ് ഹില്‍സ് എന്നിവിടങ്ങളിലെ ജി സോണും ദുബായ് സിലിക്കണ്‍ ഒയാസിസിലെ എച്ച് സോണ്‍, വേള്‍ഡ് ട്രേഡ് സെന്ററിലെ എക്‌സ് സോണ്‍, സൂപ്പര്‍ പ്രീമിയം സോണുകള്‍ എന്നീ സൂപ്പര്‍ പ്രീമിയം സോണുകളില്‍ പ്രത്യേക ഇവന്റുകള്‍ നടക്കുമ്പോള്‍ 25 ദിര്‍ഹമായിരിക്കും മണിക്കൂറില്‍ ഈടാക്കുക.

14 മണിക്കൂറാണ് പാര്‍ക്കിങ് ഫീസ് നല്‍കേണ്ടത്. ഇതില്‍ ആറ് മണിക്കൂര്‍ (രാവിലെ എട്ട് മുതല്‍ 10 വരെയും വൈകീട്ട് നാല് മുതല്‍ രാത്രി എട്ട് വരെയും) ഉയര്‍ന്ന ഫീസും, എട്ട് മണിക്കൂര്‍ (രാവിലെ 10 മുതല്‍ വൈകുന്നേരം നാല് വരെയും രാത്രി എട്ട് മുതല്‍ രാത്രി 10 വരെയും) സാധാരണ ഫീസും നല്‍കേണ്ടിവരും. ഉയര്‍ന്ന നിരക്ക് മണിക്കൂറിന് ആറ് ദിര്‍ഹമാണ്. അല്ലാത്ത സമയങ്ങളില്‍ സോണിന് അനുസരിച്ച് നിലവിലുള്ള നിരക്കും ഈടാക്കും. പീക്ക് അവര്‍ പാര്‍ക്കിങ് സമയത്ത് മണിക്കൂറിന് ആറ് ദിര്‍ഹം നല്‍കണം. അല്ലാത്ത സമയം പാര്‍ക്ക് ചെയ്യുമ്പോള്‍ മണിക്കൂറിന് രണ്ട് ദിര്‍ഹം, രണ്ട് മണിക്കൂറിന് അഞ്ച്, മൂന്ന് മണിക്കൂറിന് എട്ട്, നാല് മണിക്കൂറിന് 11 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്ക്. നാല് മണിക്കൂര്‍ ഒരുമിച്ച് പാര്‍ക്ക് ചെയ്യുമ്പോള്‍ 24 ദിര്‍ഹം നല്‍കണം. സോണ്‍ ബി, ഡി എന്നിവയില്‍ ദിവസം മുഴുവന്‍ പാര്‍ക്ക് ചെയ്യാന്‍ താരിഫും പുതുക്കി. സോണ്‍ ബിയില്‍ 40 ദിര്‍ഹവും ഡിയില്‍ 30 ദിര്‍ഹവുമാണ് ദിവസം മുഴുവന്‍ ഈടാക്കാനുള്ള നിരക്ക്. നേരത്തെ ഡിയില്‍ ഒരു ദിവസം വാഹനം പാര്‍ക്ക് ചെയ്യാന്‍ 10 ദിര്‍ഹം മതിയായിരുന്നു.

നിരക്ക് മാറ്റത്തോടൊപ്പം പാര്‍ക്കിങ് കോഡുകള്‍ മാറ്റുന്ന പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. നിലവിലെ കോഡിനൊപ്പം പ്രീമിയം എന്നതിനെ സൂചിപ്പിക്കുന്ന 'പി' എന്നുകൂടി ചേര്‍ക്കുന്നുണ്ട്. സോണുകളുടെ കൂടെ പി എന്ന് ചേര്‍ക്കുന്ന സ്ഥലത്ത് അടുത്തമാസം മുതല്‍ രണ്ടുതരം പാര്‍ക്കിങ് ഫീസ് ആയിരിക്കും ഈടാക്കുക. എ മുതല്‍ ഡി വരെയുള്ള സോണുകള്‍ക്കായിരിക്കും ഈ മാറ്റം. ഇവ ഇനി മുതല്‍ എപി, ബിപി, സിപി, ഡിപി എന്നിങ്ങനെയായിരിക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് മുന്‍പായി കോഡുകള്‍ ശ്രദ്ധിക്കണമെന്നും അല്ലെങ്കില്‍ പാര്‍ക്കിന്‍ വെബ്‌സൈറ്റോ ആപ്പോ പരിശോധിക്കണമെന്നും പാര്‍ക്കിന്‍ ഓപ്പറേറ്റര്‍ അഭ്യര്‍ഥിച്ചു.