ഷാര്‍ജ: മലയാളി ഡോക്ടര്‍ക്ക് ഷാര്‍ജ എക്സലന്‍സ് പുരസ്‌കാരം. കോട്ടയം കുറുവിലങ്ങാട് സ്വദേശി ഡോ. സണ്ണി കുര്യനാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ഷാര്‍ജ എക്സ്പോ സെന്ററില്‍ നടന്ന ചടങ്ങില്‍ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സാലിം ആല്‍ഖാസിമിയാണ് ഈവര്‍ഷത്തെ ഷാര്‍ജ എക്സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. 

To advertise here,

ആരോഗ്യരംഗത്തെ സംരംഭക മികവിനുള്ള അംഗീകാരമായാണ് 36 വര്‍ഷമായി ഷാര്‍ജയില്‍ സേവനമനുഷ്ഠിക്കുന്ന ശിശുരോഗവിദഗ്ധന്‍ കോട്ടയം കുറുവിലങ്ങാട് സ്വദേശി ഡോ. സണ്ണി കുര്യന് പുരസ്‌കാരം നല്‍കിയത്. ഈവര്‍ഷം എക്സലന്‍സ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട 17 പേരിലെ ഏക ഇന്ത്യക്കാരന്‍ ഡോ. സണ്ണി കുര്യനാണ്. തനിക്ക് ലഭിച്ച അംഗീകാരം മുഴുവന്‍ ഇന്ത്യക്കാര്‍ക്കും മലയാളികള്‍ക്കുമുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടുതവണ ഇദ്ദേഹത്തിന്റെ സ്ഥാപനമായ സണ്ണീസ് ക്ലിനിക്കിനെ തേടി ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്സ് നല്‍കുന്ന എക്സലന്‍സ് അവാര്‍ഡ് എത്തിയിരുന്നു. ഇത്തവണ വ്യക്തിപരമായാണ് ആദരം. 2015 ല്‍ ഡോ. സണ്ണീസ് ക്ലിനിക്ക് ഒഴിവാക്കി. ശിശുരോഗ വിദ്ഗ്ധനില്‍നിന്ന് ഷാര്‍ജ ഹെല്‍ത്ത് കെയര്‍ സിറ്റി കേന്ദ്രീകരിച്ച് വൃദ്ധരെ പരിചരിക്കുന്ന ജീറിയാട്രിക്സ് മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. സണ്ണി വെല്‍നെസ് എന്ന പേരില്‍ ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വേദമുള്‍പ്പെടെ പാരമ്പര്യ ചികില്‍സാരീതികളും ചേര്‍ത്ത് ശുശ്രൂഷ നല്‍കുന്ന സ്ഥാപനം ആരംഭിച്ചു. ഭാര്യ: ഡോ. മീര ഗോപി കുര്യന്‍. മക്കള്‍: ഡോ. ശ്വേത കുര്യന്‍, ശിഖ കുര്യന്‍. മുന്‍ ധനമന്ത്രി കെ.എം. മാണിയുടെ കൊച്ചുമകന്‍ പോള്‍ മരുമകനാണ്.