ദുബായ്: നിവര്‍ന്നുനില്‍ക്കാന്‍ കെല്‍പ്പില്ലാത്തത്ര പട്ടിണിയില്‍ അകപ്പെട്ട നിസ്സഹായരും നിരപരാധികളുമായ ഒരു ജനത കൊടുംദുരിതം അനുഭവിക്കുമ്പോള്‍ മതിമറന്ന സന്തോഷങ്ങളിലോ അതിരുവിട്ട ആഘോഷങ്ങളിലോ മുഴുകാതെ, പീഡിതര്‍ക്കുള്ള മനമറിഞ്ഞ പ്രാര്‍ഥന ഓരോ വിശ്വാസിയില്‍നിന്നും ഉയരണമെന്ന് മൗലവി അബ്ദുസ്സലാം മോങ്ങം പറഞ്ഞു. ദുബായ് മതകാര്യവകുപ്പിന്റെ സഹകരണത്തോടെ അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററില്‍ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ആള്‍ബലത്തിലോ ആയുധ ശേഷിയിലോ അല്ല അടിയുറച്ച വിശ്വാസവും മനമുരുകിയ പ്രാര്‍ഥനയും ദൈവത്തിന്റെ സഹായവും ഒന്നിച്ചപ്പോഴാണ് അതുല്യമായ വിജയങ്ങളുണ്ടായത്. റീല്‍സിലും സിനിമകളിലും സൈബര്‍ ഇടങ്ങളിലും മിന്നിമറയുന്ന ഫിക്ഷന്‍ ഹീറോകളെപ്പോലെ വൈറലാകാന്‍ കൊതിക്കുന്ന ഇന്നത്തെ കൗമാരത്തിന്, റിയൽ ഹീറോ ആയിരുന്ന ഇസ്മായില്‍ നബി(അ)യുടെ ചരിത്രം പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് ഉത്തരവാദിത്ത്വമുണ്ട്. 

ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴുന്ന ഇക്കാലത്ത്, കുടുംബ അയല്‍പക്ക ബന്ധങ്ങള്‍ വളര്‍ത്താനും മതസൗഹാര്‍ദ്ദവും നാടിന്റെ സമാധാനവും നിലനിര്‍ത്താന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങളിലും ഭാഗമാവണമെന്നും അദ്ദേഹം പ്രഭാഷണത്തില്‍ വ്യക്തമാക്കി. അല്‍മനാര്‍ ഇസ്ലാമിക് സെന്ററിന്റെ വിശാലമായ ഗ്രൗണ്ടില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ ഈദ് നമസ്‌കാരത്തിനായി എത്തിച്ചേര്‍ന്നു.