പുനര്‍കയറ്റുമതി ഒഴികെയുള്ള ദേശീയ എണ്ണയിതര കയറ്റുമതി 18.2 ബില്യണ്‍ റിയാലിലെത്തി.

റിയാദ്: സൗദി അറേബ്യയുടെ വിദേശവ്യാപാരത്തിൽ സെപ്റ്റംബറിൽ മികച്ച നേട്ടം. 2026 സെപ്റ്റംബറിൽ രാജ്യത്തിന്റെ മൊത്തം വിദേശ ചരക്കുവ്യാപാരം 189 ബില്യൺ റിയാലിലെത്തി. കയറ്റുമതി 115 ബില്യൺ റിയാലും ഇറക്കുമതി 74 ബില്യൺ റിയാലും രേഖപ്പെടുത്തിയതോടെ വ്യാപാരമിച്ചം 41 ബില്യൺ റിയാലായി ഉയർന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
87.7 ബില്യൺ റിയാലിന്റെ ലോഹ ഉൽപന്നങ്ങളാണ് സൗദിയുടെ കയറ്റുമതിയിൽ ഏറ്റവും കൂടുതൽ വിഹിതം നേടിയത്. പ്ലാസ്റ്റിക്, റബർ ഉൽപന്നങ്ങൾ 6.2 ബില്യൺ റിയാലും രാസവസ്തുക്കൾ 5.5 ബില്യൺ റിയാലും നേടി. ഇറക്കുമതിയിൽ 18.7 ബില്യൺ റിയാലിന്റെ യന്ത്രങ്ങളും വൈദ്യുത ഉപകരണങ്ങളുമാണ് ഒന്നാം സ്ഥാനത്ത്. വാഹനങ്ങളും മറ്റ് ഗതാഗത ഉപകരണങ്ങളും 8.7 ബില്യൺ റിയാലിന്റെ ഇറക്കുമതിയുമായി രണ്ടാമതും രാസവസ്തുക്കൾ 7.4 ബില്യൺ റിയാലുമായി മൂന്നാമതുമെത്തി.
കയറ്റുമതി വിപണികളിൽ 21.8 ബില്യൺ റിയാലുമായി ദക്ഷിണ കൊറിയയാണ് ഒന്നാമത്. 16.5 ബില്യണിലധികം റിയാലിന്റെ കയറ്റുമതി സ്വീകരിച്ച ഇന്ത്യ രണ്ടാമതും 14.9 ബില്യൺ റിയാലുമായി ചൈന മൂന്നാമതുമുണ്ട്. അതേസമയം, സൗദിയിലേക്കുള്ള ഇറക്കുമതിയിൽ 18.4 ബില്യൺ റിയാലുമായി ചൈനയാണ് മുന്നിൽ. അമേരിക്കയും ഈജിപ്തുമാണ് തൊട്ടുപിന്നിൽ.
പുനർകയറ്റുമതി ഒഴികെയുള്ള ദേശീയ എണ്ണയിതര കയറ്റുമതി 18.2 ബില്യൺ റിയാലിലെത്തി. പുനർകയറ്റുമതി ഉൾപ്പെടെ കണക്കാക്കുമ്പോൾ ഇത് 28.3 ബില്യൺ റിയാലാണ്. ഇറക്കുമതിയുടെ 38.3 ശതമാനത്തിന് തുല്യമാണ് എണ്ണയിതര കയറ്റുമതിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
എണ്ണയിതര കയറ്റുമതിയിൽ 15.9 ബില്യൺ റിയാലുമായി കടൽമാർഗമാണ് പ്രധാന ഗതാഗത സംവിധാനം. കരമാർഗം 8.3 ബില്യൺ റിയാലിന്റെയും വ്യോമമാർഗം 4.1 ബില്യൺ റിയാലിന്റെയും ഉൽപന്നങ്ങൾ കയറ്റുമതി ചെയ്തു. ഇറക്കുമതിയിലും കടൽമാർഗത്തിനാണ് മുൻതൂക്കം. 45.2 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങളാണ് ഈ മാർഗത്തിലൂടെ രാജ്യത്തെത്തിയത്.
സൗദി ഉൽപന്നങ്ങൾക്ക് വിദേശ വിപണികളിൽ കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനും പുതിയ വിപണികൾ കണ്ടെത്തുന്നതിനും അന്താരാഷ്ട്ര വ്യാപാര രംഗത്തെ തടസ്സങ്ങൾ നീക്കുന്നതിനും ജനറൽ അതോറിറ്റി ഫോർ ഫോറിൻ ട്രേഡ് പ്രവർത്തിക്കുന്നുണ്ട്. ദേശീയ സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്ക് കരുത്തുപകരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Content Highlights: Saudi Exporting rate, Saudi Trading
Published: 27 Nov 2026, 12:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented