റിയാദ്: എണ്ണയെ ആശ്രയിക്കാതെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങൾ ഫലം കാണുന്നു. രാജ്യത്തിന്റെ മൊത്തം സർക്കാർ ചെലവിന്റെ 37 ശതമാനവും ഇപ്പോൾ എണ്ണയിതര വരുമാനത്തിലൂടെ കണ്ടെത്താനാകുന്നുണ്ടെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ വ്യക്തമാക്കി. മുൻ വർഷങ്ങളിൽ ഇത് 16 ശതമാനം മാത്രമായിരുന്നു.
2027-ലെ ബജറ്റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകൾ സർക്കാർ ചെലവുകളെ ബാധിക്കുന്നത് കുറയ്ക്കാനും സാമ്പത്തിക ആസൂത്രണത്തിൽ സ്ഥിരത ഉറപ്പാക്കാനും എണ്ണയിതര വരുമാനത്തിലെ വർധന സഹായിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
വിഷൻ 2030 പ്രഖ്യാപനത്തിനു ശേഷമുള്ള പത്ത് വർഷത്തിനിടെ രാജ്യത്തിന്റെ സാമ്പത്തിക, സ്ഥാപനപരമായ ശേഷിയിൽ വലിയ പുരോഗതിയുണ്ടായി. ആഗോള സാമ്പത്തിക, ഭൗമരാഷ്ട്രീയ പ്രതിസന്ധികളെ കൂടുതൽ കാര്യക്ഷമമായി നേരിടാനും വേഗത്തിൽ തീരുമാനങ്ങളെടുക്കാനും സർക്കാറിന് ഇപ്പോൾ സാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള, പ്രാദേശിക വെല്ലുവിളികൾക്കിടയിലും സൗദിയുടെ എണ്ണയിതര മൊത്ത ആഭ്യന്തര ഉൽപാദനം, ഉപഭോഗം, സ്വകാര്യ മേഖലയുടെ നിക്ഷേപം എന്നിവയിൽ വളർച്ച തുടരുകയാണ്. പൗരന്മാരുടെ ക്ഷേമത്തിനും പ്രവാസികളുടെ അടിസ്ഥാന ആവശ്യങ്ങൾക്കും സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും സേവനങ്ങളുടെ ഗുണനിലവാരം, ജീവിതനിലവാരം, തൊഴിലവസരങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നത് പ്രധാന ലക്ഷ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 28ന് ആരംഭിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കിഴക്കൻ പ്രവിശ്യയിലെ തുറമുഖങ്ങളിൽനിന്നുള്ള ചരക്കുനീക്കം ചെങ്കടൽ തുറമുഖങ്ങളിലേക്ക് തിരിച്ചുവിടുകയും റെയിൽ, റോഡ് ശൃംഖലകളും വടക്കൻ അതിർത്തി കവാടങ്ങളും പ്രയോജനപ്പെടുത്തുകയും ചെയ്തു. സ്വകാര്യ മേഖലയുമായി സഹകരിച്ചുള്ള ഈ നീക്കം വിതരണ ശൃംഖലയുടെ തുടർച്ചയും അവശ്യവസ്തുക്കളുടെ ലഭ്യതയും ഉറപ്പാക്കാൻ സഹായിച്ചതായി മന്ത്രി വിശദീകരിച്ചു.
സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ ചെലവിനേക്കാൾ ഉയർന്നതാണെങ്കിൽ ബജറ്റ് കമ്മി അംഗീകരിക്കുന്ന നയമാണ് സർക്കാർ പിന്തുടരുന്നത്. കമ്മി നിലനിൽക്കുമ്പോഴും 2022- നുശേഷം രാജ്യത്തിന്റെ കരുതൽ ധനം 20 ശതമാനത്തോളം വർധിച്ചിട്ടുണ്ട്. നിലവിൽ കരുതൽ ധനം ഉപയോഗിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ പ്രതിരോധത്തിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കുമായി സൈനിക, സുരക്ഷാ മേഖലകൾക്ക് ആവശ്യമായ സാമ്പത്തിക പിന്തുണയ്ക്ക് പരിധിയുണ്ടാകില്ലെന്നും അൽജദ്ആൻ കൂട്ടിച്ചേർത്തു. ചെലവുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി ചില പദ്ധതികൾ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വികസന പ്രവർത്തനങ്ങൾക്കും അവശ്യ സേവനങ്ങൾക്കുമാണ് മുൻഗണന നൽകുന്നതെന്നും ധനമന്ത്രി പറഞ്ഞു.
Content Highlights: Saudi Arabia, Non Oil Revenue, Saudi Ministry
Published: 25 Nov 2026, 11:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented