ജിദ്ദ: കോഴിക്കോടന്‍ ഫെസ്റ്റ് 2025 ജിദ്ദയില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. സാംസ്‌കാരിക പൈതൃകവും രുചി വൈവിധ്യവുമായി ജിദ്ദയിലെ മലയാളി സമൂഹത്തിന് മറക്കാനാവാത്ത അനുഭവം സമ്മാനിക്കാനായി ഇത് രണ്ടാം തവണയാണ് സംഘടിപ്പിക്കുന്നത്.
ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരുപാടി സംഘടിപ്പിക്കുന്നത്. 2025 ഒക്ടോബര്‍ 17 വെള്ളിയാഴ്ച ജിദ്ദയിലെ അല്‍ മഹ്ജര്‍ ഖുബ്ബ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടി വൈകീട്ട് 3 മണി മുതല്‍ വൈവിധ്യമാര്‍ന്ന കുടുംബമേളയോടെ അരങ്ങേറും.
കോഴിക്കോടിന്റെ തനത് സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടിയില്‍, ജില്ലയുടെ പ്രധാന അടയാളങ്ങളായ മാനാഞ്ചിറ സ്‌ക്വയറും ഹല്‍വാ ബസാറും മിഠായി തെരുവും നാദാപുരം പള്ളിയുമൊക്കെ പുനഃസൃഷ്ടിക്കുമെന്ന് സംഘാടക സമിതി ജിദ്ദയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിവിധങ്ങളായ കലാരൂപങ്ങളും, രുചിക്കൂട്ടുകളും ഒരുക്കിയിട്ടുണ്ട്. ഇതിനുമുമ്പ് കോഴിക്കോടന്‍ ഫെസ്റ്റ് സീസണ്‍ 1- 2020-ല്‍ ആണ് നടത്തിയത്. സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായ സീസണ്‍ 1 ന്റെ വിജയത്തിന്റെ ഊര്‍ജം ഉള്‍ക്കൊണ്ടാണ് സീസണ്‍ 2. ബാഫഖി തങ്ങള്‍ ഹാള്‍, സി.എച്ച് മുഹമ്മദ് കോയ സാഹിബ് ഹാള്‍, മാനഞ്ചിറ മൈതാനം എന്നീ നാമങ്ങളിലായി മൂന്ന് വേദികളിലായാണ് ഇത്തവണ വിവിധ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
കുട്ടികള്‍ക്കും, കുടുംബിനികള്‍ക്കും, ബാച്ച്ലേഴ്സിനുമായി വിവിധ കലാ കായിക മത്സരങ്ങള്‍ നടക്കും. ഒപ്പന, കോല്‍ക്കളി, വട്ടപ്പാട്ട് തുടങ്ങിയ കോഴിക്കോടിന്റെ തനത് കലാരൂപങ്ങളും ഒരുക്കിയിട്ടുണ്ട്. ബിരിയാണി മത്സരം, മൈലാഞ്ചി മത്സരം, കളറിംഗ് ആന്റ് ഡ്രോയിങ്, ക്വിസ്, വടംവലി, ഷൂട്ട് ഔട്ട്, പഞ്ചഗുസ്തി മത്സരം, ഫണ്‍ ഗെയിംസ് എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്. പ്രശസ്ത ഗാന രചയിതാവും ഗായകനുമായ കൊച്ചിന്‍ ഷമീറിന്റെ നേതൃത്വത്തില്‍ ജിദ്ദയിലെ അറിയപ്പെടുന്ന ഗായകരെ അണിനിരത്തികൊണ്ട് സംഗീത വിരുന്നും പരിപാടിക്ക് മാറ്റ് കൂട്ടും. ജിദ്ദയിലെ മുഴുവന്‍ മലയാളി സമൂഹത്തിനും വേണ്ടി ഒരുക്കുന്ന ഈ കുടുംബമേള, ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരനുഭവമായിരിക്കുമെന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത് എന്ന് പത്ര സമ്മേളനത്തില്‍ ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കൊല്ലി, ട്രഷറര്‍ ഒ പി അബ്ദുല്‍ സലാം പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സുബൈര്‍ വാണിമേല്‍, പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍ കീഴില്ലത്ത്, ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ ടി കെ അബ്ദുല്‍ റഹിമാന്‍, സൈതലവി രാമനാട്ടുകര, അബ്ദുല്‍ വഹാബ്, മുഹമ്മദ് ഷാഫി പുത്തൂര്‍, നൗഫല്‍ പറമ്പില്‍ ബസാര്‍, ഷബീര്‍ അലി, സാലിഹ് പൊയില്‍തൊടി, തഹദീര്‍ വടകര എന്നിവര്‍ പറഞ്ഞു.
Content Highlights: Kozhikodan Fest 2025 returns to Jeddah, showcasing Kozhikode`s rich heritage, diverse cuisine, and cultural performances. A must-attend family event!
Published: 13 Oct 2025, 11:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented