മസ്കറ്റ്: നാം ജീവിച്ചിരിക്കുമ്പോള്‍ ഒരു വിളിക്കപ്പുറം അനേകായിരം സുഹൃദ്വലയങ്ങള് ഏതൊരാള്‍ക്കും അവകാശപ്പെടാനുണ്ടാവും. ആ സുഹൃദ്വലയമാണ് ജീവിതത്തിലെ അവന്റെ എല്ലാ സുഖ-ദുഃഖങ്ങളിലും താങ്ങും തണലുമായിട്ടുണ്ടാവുക. ഈ വലയം വര്‍ഷങ്ങളുടെ പരിചയത്തില്‍നിന്ന് ഉടലെടുത്തതാവാം. എന്നാല്‍ മുന്പരിചയമോ മറ്റോ ഇല്ലാതെ തന്റെ മൃതശരീരം നിയമതടസ്സങ്ങളില്നിന്ന് സ്വാതന്ത്രമാവുന്നത് വരെ കൂടെനില്‍ക്കുന്ന ഒരു ചങ്ങാതിയുടെ കഥയാണിത്. പരേതരുടെ ചങ്ങാതി ഇബ്രാഹിം ഒറ്റപ്പാലം. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം അമ്പലപ്പാറ ബാവയുടെയും മാറിയകുട്ടിയുടെയും മകനായി 1989 മെയ് 30-ന് ജനനം. ജീവിത യാത്രയിലെ പ്രാരബ്ധങ്ങള്‍ക്കിടയില്‍ 2007-ല്‍ മസ്ക്കറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പ്രവാസം ആരംഭിച്ച ഇബ്രാഹിം ഒറ്റപ്പാലം ഇന്ന് മസ്കറ്റിലെ എണ്ണപ്പെട്ട ജീവകാരുണ്യ പ്രവര്‍ത്തകരില്‍ ഒരാളാണ്.
2010 ല്‍ കെഎംസിസിയുടെ സാധാരണ പ്രവര്‍ത്തകനായാണ് തുടക്കം.പിന്നീട് വിവിധ ജീവകാരുണ്യപ്രവര്‍ത്തനരംഗത്ത് സജീവമായി. 2020 ല്‍ കോവിഡ് തണ്ഡവമാടിയ സമയത്ത് അദ്ദേഹത്തിന്റെ സേവനം വിലമതിക്കാനാവാത്തതായിരുന്നു. മരണപ്പെട്ടവരുടെ നിയമനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും സംസ്കരിക്കാനും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ കൊണ്ട് അവശ്യ രേഖകളോ മറ്റോ ഇല്ലാതെ ഒമാനില്‍ മരണപ്പെട്ടവരടക്കം നാനൂറോളം മൃതശരീരങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സ്വദേശത്തേക്ക് കേറ്റി അയച്ചത്.വ്യാഴാഴ്ച രാത്രി മരണപ്പെടുന്ന മൃതദേഹങ്ങള്‍ വെള്ളിയാഴ്ച്ച പകല്‍ നാട്ടിലെത്തിക്കാന്‍ പലവട്ടം അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നിസ്വാര്‍ത്ഥവും നിസ്തുലവുമായ സേവനപാതയില്‍ നിരവധി സ്ഥാനങ്ങളും ഉത്തരവാദിത്വങ്ങളും അദേഹഹത്തെ തേടിയെത്തി. ഇന്ന് മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റിയുടെ സെക്രട്ടറിയും മസ്കറ്റ് കെഎംസിസി പാലക്കാട് ജില്ലാ കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറിിയും മസ്കറ്റ് കെഎംസിസി കെയര്‍ വിങ് കണ്‍വീനര്‍, കൂടാതെ ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലബാര്‍ വിഭാഗത്തിന്റെ കണ്‍വീനറുമാണ് ഇബ്രാഹിം ഒറ്റപ്പാലം.
മബേല കെഎംസിസി, മബേല ശിഹാബ് തങ്ങള്‍ മദ്രസ്സ തുടങ്ങി ഒട്ടനേകം പ്രസ്ഥാനങ്ങളില്‍ ഉപദേശ നിരീക്ഷകനായും ഒറ്റപ്പാലത്തിന്റെ സാന്നിധ്യമുണ്ട്. ആര്‍ക്കും ഏതുസമയത്തും സമീപിക്കാവുന്ന ഇടനിലക്കാരന് ആവശ്യമില്ലാത്ത മസ്കറ്റില്‍ തുല്യതയില്ലാത്ത പൊതുപ്രവര്ത്തകന്. സ്ഥാനമാനങ്ങള്‍ എല്ലാം അലങ്കാരങ്ങള്‍ ആക്കാതെ തികഞ്ഞ അര്‍പ്പണ ബോധത്തോടെ സാമൂഹ്യ സേവനം ജീവിത ദൗത്യമാക്കി കൊണ്ടുനടക്കുന്ന ഇബ്രാഹിം ഒറ്റപ്പാലം, ഒമാനിലെ മലയാളികള്‍ക്കു മാത്രമല്ല, ഇന്ത്യന്‍ കമ്യൂണിറ്റിക്ക് ആകമാനം തണല്‍ വിരിക്കുന്ന ഒരു വന്മരമാണ് ഈ ജനസേവകന്. ആ വന്മരത്തിന്റെ തണലും സുഗന്ധവും ഏറ്റവരില്‍ അധികവും പരേതരും അവരുടെ ബന്ധുക്കളും ആണെന്നതും മറ്റൊരു യാഥാര്‍ഥ്യം. ഒരു മരണവാര്ത്തയാറിഞ്ഞാല് തന്റെ വിശ്രമ സമയവും കുടുംബത്തോടൊപ്പം ചെലവാക്കേണ്ട സമയവും പരേതന്് വേണ്ടി ചിലവാക്കും ഈ പരേതന്റെ ചങ്ങാതി. പരലോകത്തെവിടെയോ പലയിടങ്ങളിലായി ജാതി മത ഭാഷാ ഭേദമന്യേ നിരവധി ആത്മാക്കള്‍ തങ്ങളുടെ മൃതശരീരം നിയമ തടസ്സങ്ങളില്‍ നിന്ന് സ്വാതന്ത്രമാവുന്നത് വരെ കൂടെ നിന്ന ഉത്തരവാദിത്വത്തോടെ മറവുചെയ്യാന്‍ സൗകര്യം ചെയ്ത, നാട്ടിലേക്ക് കയറ്റി അയച്ച ഒരു ചങ്ങാതിയെ ഓര്‍ക്കുന്നുണ്ടാകാം. പ്രാര്ഥിക്കുന്നുണ്ടാവാം.
Content Highlights: oman news
Published: 06 Jun 2024, 11:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented