മനാമ: ബഹ്റൈനിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി ഹോപ്പ് പ്രീമിയർ ലീഗ്, സീസൺ-4 ഈ വർഷം അരങ്ങേറുമ്പോൾ, പ്രൊഫഷണൽ ഫുട്‌ബോൾ ടൂർണമെന്റിനും ഈ വർഷം ഹോപ്പ് വേദിയൊരുക്കുന്നു. ഹോപ്പ് ചാമ്പ്യൻസ് കപ്പ് എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ടൂർണമെന്റ് ഒക്ടോബർ 28,29,30 തീയതികളിലും ഹോപ്പ് പ്രീമിയർ ലീഗ് ഒക്ടോബർ 29,30 തീയതികളിലുമാണ് അരങ്ങേറുക.

To advertise here,

സിഞ്ചിലെ അൽ അഹ്ലി ക്ലബ്ബിൽ സംഘടിപ്പിക്കുന്ന ഈ കായിക മാമാങ്കം ബി.എം.സി യുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനും ബ്രോസ് ആൻഡ് ബഡിസും ക്രിക്കറ്റ് ടൂർണമെന്റിൽ സഹകരിക്കും. കേരള ഫുട്‌ബോൾ അസോസിയേഷന്റെ സഹകരണത്തോടെയാണ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ജേഴ്‌സി സിഞ്ചിലെ അൽ അഹ്ലി ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

ഹോപ്പ് പ്രസിഡന്റ് മനോജ് സാമ്പൻ, കൺവീനർമാരായ അൻസാർ മുഹമ്മദിനും സിബിൻ സലീമിനും ജേഴ്‌സികൈമാറി. ഹോപ്പ് എക്‌സിക്യൂട്ടീവ് അംഗങ്ങളും ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. ബുധനാഴ്ച രാത്രി 9.00 മണിക്കും, വ്യാഴാഴ്ച രാത്രി 7.00 മണിക്കും മത്സരങ്ങൾ ആരംഭിക്കുമ്പോൾ അവസാന ദിവസമായ വെള്ളിയാഴ്ച രാവിലെ 8.00 മണി മുതൽ രാത്രി 12.00 വരെ മത്സരങ്ങൾ ഉണ്ടായിരിക്കും.