മനാമ:ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ ഉപദേശങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ആർട്ട് ഓഫ് ലിവിംഗ് ബഹ്റൈൻ വോളന്റിയർമാർ ആരംഭിച്ച പ്രാണാസ് കഫറ്റീരിയ (സൈയാൽ കൂട്ട് കഫറ്റീരിയ) മനാമയിലെ റാസൽമാനിൽ പ്രവർത്തനം തുടങ്ങി.

To advertise here,

കോവിഡിനുശേഷം ആർട്ട് ഓഫ് ലിവിംഗ് ബഹ്റൈൻ ഡിപ്ലോമാറ്റിക് സെന്ററിൽ സംഘടിപ്പിച്ച ഹാപ്പിനസ് പ്രോഗ്രാമിലാണ് ഈ ഉദ്യമത്തിന്റെ തുടക്കം. വിവിധ മേഖലകളിൽനിന്നുള്ള പങ്കാളികൾ കോഴ്സിനിടെ സൗഹൃദത്തിലാവുകയും 'പ്രാണ' എന്ന പേരിൽ വോളന്റിയർ കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. പിന്നീട് ആർട്ട് ഓഫ് ലിവിംഗ് ബഹ്റൈനിലെ സജീവ വോളന്റിയർമാരായും സത്സംഗികളായും മാറിയ ഇവർ വിവിധ സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായി. ആ സേവനമനോഭാവത്തിന്റെ ഫലമാണ് പുതിയ കഫറ്റീരിയ.

ആർട്ട് ഓഫ് ലിവിംഗ് ബഹ്റൈൻ കുടുംബത്തിലെ അംഗങ്ങളും ഹാപ്പിനസ് പ്രോഗ്രാമിൽ പങ്കെടുത്തവരുമായ ഒരു കുടുംബം പ്രയാസകരമായ സാഹചര്യത്തിലൂടെ കടന്നുപോകുകയായിരുന്നു. ഭക്ഷണം തയ്യാറാക്കുന്നതിൽ പ്രാവീണ്യമുള്ള ഇവർ മെസ് സർവീസ് നടത്തിവരികയായിരുന്നു. ഈ കുടുംബത്തിന് പിന്തുണയുമായി ആർട്ട് ഓഫ് ലിവിംഗ് കുടുംബത്തിലെ വോളന്റിയർമാർ മുന്നോട്ടുവന്നു. കഫറ്റീരിയ ആരംഭിച്ച് അതിന്റെ നടത്തിപ്പ് വിശ്വാസപൂർവം കുടുംബത്തെ ഏൽപ്പിച്ചു.

ഇതിലൂടെ കുടുംബത്തിന് സുരക്ഷിതമായ ഉപജീവനമാർഗവും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയും ലഭിച്ചു. ആവശ്യഘട്ടങ്ങളിൽ പരസ്പരം താങ്ങായി നിൽക്കുന്ന, കരുതലും സമ്മർദരഹിതമായ ജീവിതവും അക്രമരഹിതമായ അന്തരീക്ഷവും ഉറപ്പാക്കുന്ന ഒരു സമൂഹം എന്ന ആർട്ട് ഓഫ് ലിവിംഗിന്റെ കാഴ്ചപ്പാടാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്.