മനാമ : യുദ്ധക്കെടുതികൾ പ്രവാസ മേഖലയിൽ ആശങ്ക സൃഷ്ടിക്കുമ്പോൾ ജോലി നഷ്ടപ്പെട്ട് തിരികെയെത്തിയ മലയാളി കുടുംബത്തിന്റെ ആത്മഹത്യാ ശ്രമം ഏറെ ഗൗരവത്തിൽ എടുക്കേണ്ട ഒന്നാണെന്ന് ബഹ്‌റൈൻ എ കെ സി സി. ജോലി നഷ്ടം മൂലം ജീവിതോപാധികൾ പൂർണമായും അടയുമ്പോൾ, ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന പ്രവാസികൾ ഉണ്ടാകാതിരിക്കാൻ വളരെ ഗൗരവതരമായ ഇടപെടലുകൾ സർക്കാരുകളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് ബഹ്‌റൈൻ എ.കെ.സി. സി. അഭ്യർത്ഥിച്ചു. യുദ്ധഭീതിയുടെ നിഴലിൽ ജോലി നഷ്ടമാകുന്ന അവസ്ഥയിലൂടെയാണ് പ്രവാസികൾ മുന്നോട്ടുപോകുന്നത്. ജീവിതമാർഗം മുഴുവനായും അടഞ്ഞു പോവുകയും മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാൻ ആത്മാഭിമാനം അനുവദിക്കാതിരിക്കുകയും ചെയ്‌തോടെയാണ് സിബിയും കുടുംബവും കുന്നംകുളത്ത് ആത്മഹത്യയ്ക്ക് തുനിഞ്ഞത്. ഇനിയും പ്രവാസി കുടുംബങ്ങളെ ആത്മഹത്യയിലേക്ക് തള്ളി വിടാതിരിക്കാനുള്ള സത്വരമായ നടപടികളുമായി എത്രയും വേഗം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോട്ടുവരണമെന്ന് ബഹ്‌റൈൻ എ.കെ. സി.സി. അഭ്യർത്ഥിച്ചു.

To advertise here,

പ്രവാസ ലോകത്തെ മലയാളികൾ അനുഭവിക്കുന്ന സാമ്പത്തിക ദുരവസ്ഥ പരിഹരിക്കുന്നതിന് പ്രത്യേക പാക്കേജുകൾ ഒരുക്കണമെന്നും, കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തിന് സംവിധാനം ഉണ്ടാകണമെന്നും എ.കെ.സി.സി. ഗ്ലോബൽ സെക്രട്ടറിയും, ബഹ്‌റൈൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക ആവശ്യപ്പെട്ടു. തൊഴിൽ നഷ്ടത്തിലൂടെ, വിലവർദ്ധനവിലൂടെ, സാമ്പത്തിക അസ്ഥിരത അനുഭവിക്കുന്ന പ്രവാസികൾ നിരവധി മാനസിക ആരോഗ്യ പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരം സാഹചര്യങ്ങളെ സൂക്ഷ്മമായി വിലയിരുത്തി, പ്രവാസികൾക്കായി പ്രത്യേക സമാശ്വാസ പാക്കേജിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ കേന്ദ്ര- കേരള സർക്കാരുകൾ തയ്യാറാകണമെന്ന് ബഹ്‌റൈൻ എ.കെ.സി.സി. ജനറൽ സെക്രട്ടറി ജീവൻ ചാക്കോ ആവശ്യപ്പെട്ടു.

പ്രവാസലോകത്തെ ജോലി നഷ്ടം മൂലം ആത്മഹത്യ ചെയ്ത സിബിക്കും, മകൾക്കും ആദരാഞ്ജലികൾ അർപ്പിച്ച് ആരംഭിച്ച യോഗം, പ്രസിഡണ്ട് ചാൾസ് ആലുക്ക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതവും ഫൈനാൻസ് സെക്രട്ടറി ജിബി അലക്‌സ് നന്ദിയും പറഞ്ഞു.